ബാബുരാജിന്റെ ട്യൂൺ മാറ്റിയപ്പോൾ കിട്ടിയത് ഒരടി!

sreekumaran-thampi-baburaj2
SHARE

ശ്രീകുമാരൻ തമ്പിയുമായുള്ള അഭിമുഖപരമ്പരയുടെ മൂന്നാം ഭാഗം 

∙ സാറിനെ തകർക്കാൻ പലരും ശ്രമിച്ചിട്ടുള്ളതായി സാർ പറഞ്ഞിട്ടുണ്ട്. ഉദാഹരണത്തിന് ‘വിഷുക്കണി’ എന്ന സിനിമ. സലിൽ ചൗധരിയുടെ സംഗീതത്തിൽ സാർ ആദ്യം ചെയ്ത പടമാണ്. ആ പടം ചെയ്യാൻ സലിൽ ചൗധരിയുമായി സഹകരിക്കുമ്പോൾ, ‘ഇവന്റെ കൂടെ പാട്ടു ചെയ്യരുത്. ചെയ്താൽ താങ്കളുടെ പേരു മോശമാവും’ എന്ന് ഒരു കവി പറഞ്ഞതായി പറഞ്ഞിട്ടുണ്ട്. മനപ്പൂർവം ബുദ്ധിമുട്ടിക്കാനാണ് ‘മലർക്കൊടിപോലെ...’ എന്ന പാട്ടിന്റെ വളരെ നീളമുള്ള പല്ലവി ട്യൂൺ ചെയ്തുതന്നതെന്നും അങ്ങ് ഓർമിച്ചിട്ടുണ്ട്... 

അദ്ദേഹം എന്നോടു പറഞ്ഞതിങ്ങനെയാണ്: ‘I don't know. We have never worked together. ഞാനിപ്പോൾ തരുന്നതു വളരെ പ്രയാസമുള്ളൊരു ട്യൂണാണ്. വളരെ നീളമുള്ള പല്ലവിയാണിത്. താങ്കൾ ശ്രമിക്കുക. താങ്കൾക്കു സാധിക്കുന്നില്ലെങ്കിൽ ഞാൻ മറ്റൊരു ഈണത്തെക്കുറിച്ചു ചിന്തിക്കാം’. 

അദ്ദേഹത്തിനു വരികൾ ട്യൂൺ ചെയ്യാൻ പറ്റില്ല. അദ്ദേഹത്തിന്റെ ഒരേ ട്യൂൺ പല ഭാഷകളിൽ ഉപയോഗിച്ചിട്ടുണ്ട്. ഇതേ ട്യൂൺ അദ്ദേഹം ഹിന്ദിയിലെ പ്രശസ്ത ഗാനരചയിതാവ് മജ്‌രൂഹ് സുൽത്താൻപുരിക്കു കൊടുത്തിരുന്നു. ഇത്രയും നീളമുള്ള പല്ലവി എഴുതാൻ അദ്ദേഹം തയാറായില്ല എന്നാണു സലിൽ ചൗധരി എന്നോടു പറഞ്ഞത്. പാട്ടെഴുത്തിനു ദാദാ സാഹെബ് ഫാൽക്കെ കിട്ടിയയാളാണു സുൽത്താൻപുരി! 

ഞാൻ പറഞ്ഞു: ‘പല്ലവിയുടെ നീളത്തെക്കുറിച്ച് അങ്ങ് വിഷമിക്കേണ്ടതില്ല. എനിക്ക് എഴുതാൻ കഴിയും’. 

ചെറിയൊരു ടേപ്പ് റെക്കോർഡർ എന്റെ കയ്യിലുണ്ട്. പാട്ടു മുഴുവനും ട്യൂണായി അദ്ദേഹത്തോടു മൂളിക്കൊള്ളാൻ പറഞ്ഞു. പുള്ളിക്ക് അദ്ഭുതമായിരുന്നു. കാരണം, എനിക്ക് ഒരു വിവരവുമില്ലെന്നാണു നേരത്തേ പറഞ്ഞ കവി അദ്ദേഹത്തോടു പറഞ്ഞിരിക്കുന്നത്. 

അദ്ദേഹം കസെറ്റിൽ പാടിത്തന്നു. വരികൾ എഴുതിക്കഴിഞ്ഞ ശേഷം കസെറ്റിന്റെ മറുസൈഡിൽ ഞാൻ ഈ പാട്ടു വരികൾ ചേർത്തു പാടി. ടേപ്പ് റെക്കോർഡർ ഞാൻ അദ്ദേഹത്തിന്റെ മുന്നിൽ കൊണ്ടുവച്ചു. വരികൾ ചോദിച്ചപ്പോൾ ഞാൻ റെക്കോർഡർ ഓൺ ചെയ്ത് പാട്ടു കേൾപിച്ചുകൊടുത്തു. അദ്ദേഹം അദ്ഭുതപ്പെട്ടുപോയി. വരികളുടെ അർഥം ഇംഗ്ലിഷിൽ പറഞ്ഞുകൊടുക്കാൻ ആവശ്യപ്പെട്ടു. അർഥവും പറഞ്ഞുകൊടുത്തപ്പോൾ അദ്ദേഹം എഴുന്നേറ്റു. അതൊരു മറക്കാനാവാത്ത നിമിഷമാണ്. എന്റെ രണ്ടു കയ്യിലും പിടിച്ചിട്ടു സലിൽദാ പറഞ്ഞു: ‘I think you are the fastest writer I have ever met in my life’. 

പിന്നീട് ഞാൻ നിർമിച്ച സിനിമയിൽ പ്രതിഫലം വേണ്ടെന്നു പറഞ്ഞ് സലിൽദാ സംഗീതം ചെയ്തു. അതാണു കാര്യം. നിങ്ങൾക്കു മെറിറ്റും പ്രതിഭയുമുണ്ടെങ്കിൽ ആർക്കും നിങ്ങളെ നശിപ്പിക്കാൻ പറ്റില്ല. 

∙സംഗീതസംവിധായകരുമായുള്ള സാറിന്റെ ബന്ധങ്ങളിൽ മറ്റൊരു രസകരമായ സംഭവമാണ്, ആദ്യ ഗാനത്തിന് ഈണമിട്ട ബാബുരാജുമായി ഉള്ളത്. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ഗാനങ്ങളിലൊന്ന് ‘മിടുമിടുക്കി’യിലെ ‘അകലെ അകലെ നീലാകാശം...’. വാസ്തവത്തിൽ ഈ പാട്ടിന് അദ്ദേഹം നൽകിയ ഈണം ഇതല്ലായിരുന്നു. ആകാശം അകലെയാണെന്നും അതു തോന്നിപ്പിക്കുന്ന സംഗീതം നൽകണമെന്നും പറഞ്ഞതു സാറാണ്... 

എന്റെ എല്ലാ സൂപ്പർ ഹിറ്റ് ഗാനങ്ങളിലും സംഗീതത്തിൽ ഞാൻ ഇടപെട്ടിട്ടുണ്ട്. ഇടപെടാവുന്ന തലത്തിൽ ഞാൻ ഇടപെടും. ദേവരാജൻ മാഷുടെയടുത്തു പറ്റില്ല. പക്ഷേ, അദ്ദേഹത്തെക്കൊണ്ടുപോലും ഞാനൊരു ട്യൂൺ മാറ്റിച്ചു. ‘മോഹിനിയാട്ട’ത്തിലെ ‘സ്വന്തമെന്ന പദത്തിനെന്തർഥം...’ എന്ന ഗാനത്തിന് അദ്ദേഹം ഇപ്പോഴുള്ള ട്യൂണല്ല ആദ്യം ഇട്ടത്. 

‘എങ്ങനെയുണ്ട്?’ എന്നു മാഷ് ചോദിച്ചപ്പോൾ ഞാൻ പറഞ്ഞു: ‘സ്വന്തമെന്ന പദം...’ മാത്രം എന്നെ കേൾപ്പിക്കണം’. അപ്പോഴേക്ക് അദ്ദേഹം ഒരുപാടു മാറിയിട്ടുണ്ട്. ‘മാഷേ എന്റെ മനസ്സിലുള്ള ഭാവം വന്നില്ല’ എന്നു പറഞ്ഞ് ഞാൻ ആദ്യത്തെ ഷോട്ട് വിവരിച്ചുകൊടുത്തു. ഉടനെ അദ്ദേഹം പറഞ്ഞു: ‘അതു ശരി. എന്നാൽ, ഞാൻ ഇതിൽ വീണയ്ക്കു പകരം ഗോട്ടുവാദ്യം ഉപയോഗിക്കാം’. കാരണം, ഓരോ കണ്ണുനീർത്തുള്ളിയും വീഴുമ്പോൾ ഓരോ സ്വരം വരണം. അടുത്ത ദിവസം എന്നെ ഇന്നത്തെ ട്യൂൺ കേൾപ്പിക്കുകയാണ്. 

∙ ദക്ഷിണാമൂർത്തി സ്വാമിക്കും ഇതുപോലെ ട്യൂൺ കൊടുത്ത സംഭവമുണ്ട്. നിങ്ങൾ ഒന്നിച്ചു ചെയ്ത ഏറ്റവും പ്രശസ്തമായ ഗാനമെന്നു പറയപ്പെടുന്നത് ‘ഹൃദയസരസ്സിലെ...’ ആണ്. പക്ഷേ, ‘ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം...’ എന്ന പാട്ട് മോഹനരാഗത്തിൽ ഇന്ന ട്യൂൺ ആകാമെന്നു സാർ നിർദേശിക്കുകയായിരുന്നു. നേരത്തേ ദേവരാജൻ മാഷ് ചുരുട്ടിക്കൂട്ടി എറിഞ്ഞതുപോലെത്തന്നെ ഈ വരികൾ സ്വാമിയും എറിഞ്ഞതായിട്ടു കേട്ടിട്ടുണ്ട്... 

അത് എന്നോടുള്ള ദേഷ്യമല്ല, വാസുസാറിനോട് (നിർമാതാവ് ടി.ഇ.വാസുദേവൻ) ഉള്ള ദേഷ്യമാണ്. കാരണം, എട്ടൊൻപതു ട്യൂണിട്ടിട്ടും വാസുസാറിന് ഇഷ്ടപ്പെട്ടില്ല. 

∙‘തന്റെ പാട്ട് കൊള്ളത്തില്ല’ എന്നു പറഞ്ഞിട്ടാണല്ലോ സ്വാമി ആ കടലാസ് ചുരുട്ടിക്കൂട്ടി എറിയുന്നത്... 

ട്യൂണുകൾ നിർമാതാവിന് ഇഷ്ടപ്പെടാതിരുന്നപ്പോൾ അദ്ദേഹം എന്നോടു ചോദിച്ചു. ‘നല്ലതാണ് സ്വാമി. പക്ഷേ, ഒന്നുകൂടി മാറ്റിയാലോ...’ എന്നു പറഞ്ഞപ്പോൾ മറുപടി: ‘തന്റെ വരികൾ കൊള്ളത്തില്ല. താൻ വേറെ മാറ്റി എഴുതിത്താ’. 

‘വരിക്കൊന്നും ഒരു കുഴപ്പവുമില്ല സ്വാമി. നല്ല വരികളാ. ഈ പാട്ട് eternal hit ആകും. ട്യൂൺ മാറ്റിയാൽ മതി’–ഞാൻ ഉറപ്പിച്ചു പറഞ്ഞു. ‘താൻ വരി മാറ്റ്’ എന്നുതന്നെ സ്വാമി വീണ്ടും. ഞാൻ പറഞ്ഞു: ‘വരി മാറ്റാൻ പറ്റില്ല. നിർമാതാവും സംവിധായകനും അംഗീകരിച്ച വരികളാണ്’. ഇതു കേട്ടപ്പോഴാണ് അദ്ദേഹം വരികളെഴുതിയ കടലാസ് ചുരുട്ടിക്കൂട്ടി എറിഞ്ഞ് മുറിക്കു പുറത്തുപോയത്. ഞാനത് എടുക്കാൻ പോയില്ല. കുറച്ചുകഴിഞ്ഞ് സ്വാമി തിരിച്ചുവന്ന് കടലാസ് നിലത്തുനിന്നെടുത്ത് ചുളിവൊക്കെ മാറ്റി ചോദിച്ചു: ‘എന്താ തമ്പീ, തന്റെ മനസ്സിൽ? അതു പറ’. അങ്ങനെയൊരു ഗുണം ദക്ഷിണാമൂർത്തി സ്വാമിക്കുണ്ടായിരുന്നു, അർജുനൻ മാസ്റ്റർക്കുണ്ടായിരുന്നു. 

സ്വാമിയുടെ സ്റ്റൈൽ ശാസ്ത്രീയസംഗീത രീതിയാണ്. പാട്ടു നല്ലതായിരിക്കും. യേശുദാസിന്റെ ശബ്ദത്തിൽ വന്നാൽ മനോഹരമാകും. ഞാനും സ്വാമിയും ഇങ്ങനെ തർക്കം തുടരുന്നതിനിടെ, ഭാസ്കരൻ മാഷ് ആ വഴി വന്നു. ‘ആദ്യം എന്നെ കേൾപ്പിച്ചില്ലേ സിംപിളായൊരു സാധനം? അതു സ്വാമിയെ കേൾപ്പിച്ചുകൊടുക്ക്’ എന്നു പറഞ്ഞ് മാഷ് പോയി. 

ഞാൻ സ്വാമിയോടു പറഞ്ഞു: ‘സ്വാമീ, നമുക്ക് ഒരുപാടു പാട്ടുകൾ വേറെയുണ്ടല്ലോ. കാട്ടിലെ പാഴ്മുളമൊക്കെ വന്നുകഴിഞ്ഞു. നമുക്കിതു വളരെ സിംപിളാക്കാം’. 

‘സിംപിളാക്കാൻ എന്തു ചെയ്യണം? താൻ പറ’–സ്വാമി. 

‘സ്വാമി, ഗമഗം വേണ്ട’–എന്നു ഞാൻ. 

‘എടോ ഗമഗമില്ലാതെ സംഗീതമുണ്ടോ?’–സ്വാമി. 

ഒടുവിൽ ഞാൻ പറഞ്ഞ ലളിതശൈലിതന്നെ അദ്ദേഹം സഹായി ആർ.കെ.ശേഖറിനു പാടിക്കൊടുക്കുകയായിരുന്നു. പക്ഷേ, അതിലും സ്വാമിയുടേതായ ചില സ്പർശങ്ങൾ ഉണ്ടായിരുന്നു. 

∙‘അകലെ... അകലെ...’യിലെ ഇടപെടൽ എങ്ങനെയായിരുന്നു? 

ഞാനും ബാബുക്കയുമായി ഒരു പടം അതിനുമുൻപേ ചെയ്തിട്ടുണ്ട്, ‘കാട്ടുമല്ലിക’. എന്റെ ആദ്യ സിനിമയാണത്. ആ സിനിമയിൽ ഞാനെഴുതുന്ന പാട്ടൊക്കെ പി.സുബ്രഹ്മണ്യം മുതലാളി തള്ളി. ‘ഞാൻ പോവുകയാ ബാബുക്ക, എന്നെക്കൊണ്ട് ഇതു പറ്റില്ല. എനിക്കു കവിതയേ എഴുതാൻ പറ്റൂ. പാട്ടു പറ്റില്ല’ എന്നു പറഞ്ഞ് ഞാൻ പോകാനൊരുങ്ങി. 

ബാബുക്ക എന്നെ ആശ്വസിപ്പിച്ചു: ‘അങ്ങനെയൊന്നും പറയരുത്. ഭാസ്കരൻ മാഷ് എത്ര മോശം പാട്ടെഴുതിയിട്ടുണ്ട്. ‘എന്തൊരു തൊന്തരവ്...’ എന്നെഴുതിയ ഭാസ്കരൻ മാഷല്ലേ, താമസമെന്തേ വരുവാനും പ്രാണസഖിയുമൊക്കെ എഴുതിയത്? സിനിമയ്ക്കു പാട്ടെഴുതാൻ വന്നാൽ രണ്ടും എഴുതാൻ അറിയണം. ഇതു കാട്ടുജാതിക്കാരുടെ പടമാണ്. അവരുടെ ഭാഷയാണിതിൽ. അതിൽ വലിയ കവിതയെഴുതിയാൽ എങ്ങനെ ശരിയാകും?’. 

പിന്നെയാണു ‘താമരത്തോണിയിൽ താലോലമാടി...’ എഴുതുന്നതും ഇതു കേട്ടയുടൻ, ‘എന്റെ ജീവിതത്തിൽ എനിക്ക് ഒരു കവിയും ഇങ്ങനെയൊരു പാട്ട് എഴുതിത്തന്നിട്ടില്ല’ എന്നു പി.സുബ്രഹ്മണ്യം മുതലാളി സർട്ടിഫൈ ചെയ്തതും. ‘കാണാതിരിക്കുമ്പോൾ കൺനിറയും നീയെൻ കൺമുന്നിൽ വന്നാലോ കരൾ നിറയും, കണ്ണടച്ചിരുന്നാലോ കനവു കാണും നിന്റെ കാലൊച്ച കേട്ടാൽ ഞാൻ ആകെ മാറും...’ ഇതിൽക്കൂടുതൽ എന്തു പ്രണയം പറയാൻ പറ്റുമെന്നാണു മുതലാളി ചോദിച്ചത്. പിൽക്കാലത്ത് ഞാൻ എത്രയോ സൂപ്പർ ഹിറ്റ് പാട്ടുകൾ എഴുതിയിട്ടും മുതലാളി ദേവരാജൻ മാഷോടു പറയും: ‘നിങ്ങളിതൊക്കെ പറഞ്ഞാലും, തമ്പി എനിക്ക് ആദ്യമൊരു പാട്ട് എഴുതിത്തന്നിട്ടുണ്ട്, താമരത്തോണിയിൽ. അതിലെ ‘കാണാതിരിക്കുമ്പോൾ കൺനിറയും...’, അതാണ് അയാൾ എഴുതിയ ഏറ്റവും നല്ല വരികൾ’. 

∙ബാബുരാജിനോടൊപ്പമുള്ള രണ്ടാമത്തെ സിനിമയാണ് ‘മിടുമിടുക്കി’... 

‘അകലെ അകലെ നീലാകാശം...’ വന്നപ്പോൾ, സാധാരണ രീതിയിലൊരു ട്യൂണാണു ബാബുക്ക കൊടുത്തിരുന്നത്. ‘മാമലകൾക്കപ്പുറത്ത്...’ പോലൊരു രീതിയായിരുന്നു അതിന്. അത് അദ്ദേഹത്തിന്റെ ഒരു സ്റ്റൈലാണ്. മറ്റൊന്ന് ‘പ്രാണസഖി ഞാൻ വെറുമൊരു...’ പോലുള്ള ഗസൽ സ്റ്റൈൽ. പെട്ടെന്നു ഹിറ്റാകാനായി അദ്ദേഹം ‘മാമലകൾക്കപ്പുറത്ത് സ്റ്റൈൽ’ അകലെ അകലെയ്ക്കും കൊടുത്തു. 

ആർ.കെ.ശേഖറാണ് അന്നു ബാബുരാജിന്റെ അസിസ്റ്റന്റ്. എന്റെ മുഖഭാവം കണ്ടിട്ട് ശേഖർ എന്നോടു ചോദിച്ചു: ‘എന്താ’. ഞാൻ പറഞ്ഞു: ‘ഇതല്ല വേണ്ടത്. ഇത്രയും സ്പീഡ് ഈ പാട്ടിനു പാടില്ല. വരികൾക്ക് ഈ വേഗം ചേരില്ല’. 

ഞങ്ങളുടെ സംസാരം കേട്ടിട്ട് ബാബുക്ക ചോദിച്ചു: ‘എന്താ ശേഖർ?’. 

‘കവിക്ക് ട്യൂൺ പിടിച്ചിട്ടില്ല’ എന്നു ശേഖർ. 

‘എന്താ കുഴപ്പം, നല്ല ട്യൂണല്ലേ?’ എന്നു ബാബുക്ക. 

ഞാൻ ചോദിച്ചു: ‘ബാബുക്ക, ആകാശം വളരെ അകലെയല്ലേ? ബാബുക്കയുടെ ആകാശം വളരെ അടുത്തുപോയില്ലേ?’ 

ചോദ്യത്തിന് അംഗീകാരമായി അദ്ദേഹം എന്റെ തുടയിൽ ഒരൊറ്റ അടി തന്നു. വല്ലാത്ത വേദനയായിരുന്നു. അത് അഭിനന്ദനത്തിന്റെ അടിയായിരുന്നു. എന്നിട്ട് അദ്ദേഹം ഹാർമോണിയത്തിന്റെ മേൽത്തട്ടിലേക്കു പോയി കയ്യോടെ സൃഷ്ടിച്ചതാണ് ഇപ്പോൾ നമ്മൾ കേൾക്കുന്ന ട്യൂൺ. ആകാശം അടുത്തുപോയില്ലേ എന്നു ഞാൻ ചോദിച്ചപ്പോഴേക്കു ബാബുക്കയ്ക്കു കാര്യം മനസ്സിലായി. 

∙ആ തിരുത്തിനുപോലും ഒരു കവിത്വമുണ്ട്. എം.എസ്.വിശ്വനാഥന്റെയടുത്ത് ഇങ്ങനെയൊരു തിരുത്ത് ഉണ്ടായതായി കേട്ടിട്ടില്ല. നിങ്ങൾ തമ്മിൽ ഒരിക്കലും ശ്രുതിഭംഗം ഉണ്ടായിട്ടില്ലേ? 

ആദ്യത്തെ പാട്ടിൽ തിരുത്തലുണ്ടായി. ‘ഈശ്വരനൊരിക്കൽ വിരുന്നിനു പോയി...’ ആണു ഗാനം. സാധാരണ മീറ്ററിലൊരു ട്യൂണാണ് അദ്ദേഹം ചെയ്തത്. 

യേർക്കാട് എന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ വീട്ടിൽവച്ചാണു കംപോസിങ്. അന്നെനിക്കു 30 വയസ്സുണ്ടെങ്കിലും കണ്ടാൽ വളരെ കൊച്ചുപയ്യനെപ്പോലെ തോന്നും. എന്നെ കണ്ടപ്പോൾ വിശ്വേട്ടനു പിടിച്ചില്ല. ‘ഇവനാലെ മുടിയുമാ?, ചിന്നപ്പയ്യൻ...’–നിർമാതാവ് കെ.പി.കൊട്ടാരക്കരയോടു വിശ്വേട്ടൻ ചോദിച്ചു. 

‘മട്ട് (ട്യൂൺ) തന്നാൽ എഴുതാമോ?’–വിശ്വേട്ടൻ ചോദിച്ചു. 

ഞാൻ പറഞ്ഞു: ‘ചേട്ടാ അതു വേണ്ട. എന്റെ മനസ്സിൽ ഏകദേശം ഒരു രൂപമുണ്ട്’. 

‘പാടുമോ?’ എന്നു വീണ്ടും ചോദ്യം. 

‘എന്റെ ട്യൂൺ ചേട്ടൻ എടുക്കണമെന്നല്ല പറയുന്നത്. ഈശ്വരനൊരിക്കൽ വിരുന്നിനു പോയി രാജകൊട്ടാരത്തിൽ വിളിക്കാതെ എന്നു വേറിട്ടു പറഞ്ഞാലേ മലയാളികൾക്ക് ഇഷ്ടപ്പെടൂ. മലയാളഭാഷയുടെ പ്രത്യേകത അതാണ്’. 

‘ഓഹോ അങ്ങനെയാണല്ലേ? ഞാനൊന്നു നോക്കാം’ എന്നു പറഞ്ഞ് അദ്ദേഹം പിടിച്ചത് ഇന്നു നമ്മൾ കേൾക്കുന്ന ട്യൂണാണ്. ശിവരഞ്ജിനി രാഗമാണത്. ആ ട്യൂണിൽ ഞങ്ങൾ ക്ലിക്കായി. ഞങ്ങൾ ടീമായി. 

∙നിങ്ങളുടെ ടീമിന്റെ ഏറ്റവും മനോഹരമായ ഗാനമായി എപ്പോഴും ഓർക്കുന്നത് ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ...’ ആണ്. ‘മലയാളത്തിലെ ഏറ്റവും നല്ല പാട്ട്’ എന്നാണു ഗിരീഷ് പുത്തഞ്ചേരി ഇതിനെക്കുറിച്ചു പറഞ്ഞിട്ടുള്ളത്... 

എന്റെ സ്വന്തം പടമാണത്, ‘ചന്ദ്രകാന്തം’. ‘നീ എങ്ങനെ വേണമെങ്കിലും എഴുതിക്കോ. ഞാൻ അതിനനുസരിച്ചു ട്യൂണിടാം’ എന്നാണു വിശ്വേട്ടൻ പറഞ്ഞത്. ഞാൻ പറഞ്ഞു: ‘ചേട്ടാ എനിക്കിത് ഗസൽ സ്റ്റൈലിൽ വേണം. കവിതയാണിത്, പാട്ടല്ല’. 

‘ആ നിമിഷത്തിന്റെ നിർവൃതിയിൽ ഞാനൊരാവണിത്തെന്നലായ് മാറി...’ എന്നു പറഞ്ഞാൽ എന്താണർഥമെന്ന് അദ്ദേഹം ചോദിച്ചു. ‘ആവണി എന്നാൽ ചിങ്ങമാസം. ചിങ്ങമാസത്തിലെ കാറ്റിനൊരു പ്രത്യേകതയുണ്ട്. പൂക്കൾ ഒരുപാടുണ്ട്. പൂവിന്റെ മണം കൂടുതലാണ്. എന്റെ ജീവിതത്തിൽ പ്രണയം തുടങ്ങിയ ആ നിമിഷമാണത്’... ഇങ്ങനെയൊക്കെ പറഞ്ഞ് മനസ്സിലാക്കിക്കൊടുത്തപ്പോൾ വിശ്വേട്ടൻ പറഞ്ഞു: ‘കണ്ണദാസൻ പോലും ഇതുപോലെ എനിക്ക് അർഥം പറഞ്ഞുതരാറില്ല’. 

‘കവിതയല്ലേ, നമുക്കു കല്യാണിയിൽ തുടങ്ങാം. നീ ഗസൽ വേണമെന്നു പറഞ്ഞില്ലേ? കല്യാണി ഉത്തരേന്ത്യയിൽ യമൻ രാഗമാണ്. അതുകൊണ്ടു കല്യാണി രാഗം യമൻ ടച്ചിൽ ചെയ്യാം’ എന്നു പറഞ്ഞ് അദ്ദേഹം ട്യൂൺ പിടിച്ചു. ‘നീ പറയുന്ന സ്റ്റൈലിൽ വരണമെങ്കിൽ ജാനകി പാടണം’ എന്നു പറഞ്ഞ് ജാനകിയമ്മയെക്കൊണ്ടു പാടിക്കുകയായിരുന്നു. 

∙സാറിന്റെ ഏറ്റവും വലിയ പാട്ടുകൂട്ടുകാരൻ എം.കെ.അർജുനനാണ്. നിങ്ങൾ തമ്മിലാണ് ഏറ്റവും കൂടുതൽ പാട്ടുകൾ ചെയ്തിട്ടുള്ളതും... 

എനിക്ക് അദ്ദേഹത്തെ മുൻപ് അറിയില്ലായിരുന്നു. ദേവരാജൻ മാഷുടെ നാടകത്തിലെ ഹാർമോണിസ്റ്റാണെന്നൊക്കെ ഞാൻ പിന്നീടാണ് അറിയുന്നത്. പക്ഷേ, എന്നെക്കുറിച്ച് അർജുനൻ മാഷ് കേട്ടിട്ടുണ്ട്. ‘നമ്മളും കുറച്ചൊക്കെ പാടുമല്ലോ, അല്ലേ?’ എന്നു ചോദിച്ചു. ‘അങ്ങനെയൊന്നുമില്ല, പാടാറൊന്നുമില്ല’ എന്നു ഞാൻ. ‘അപ്പോൾ ഒരു കാര്യം ചെയ്യ്. നമ്മടെ ട്യൂണൊന്നു പാട്’ എന്ന് അർജുനൻ മാഷും. ആദ്യം മുതൽ ഞങ്ങൾ അങ്ങനെയാ. 

‘പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു...’ ഞാൻ എന്റെ രീതിയിൽ പാടി. ഇപ്പോൾ കേൾക്കുന്ന അതേ ട്യൂണല്ല. പാടിയപ്പോൾ അർജുനൻ: ‘മോഹനം വലിയ ഇഷ്ടമാ, അല്ലേ?’ ഞാൻ പറഞ്ഞു: ‘ദേവരാജൻ മാഷുടെ രാഗമോ. നമുക്കു മോഹനത്തിൽ തന്നെ ഇടാം’. അങ്ങനെ ആദ്യം ചെയ്ത ട്യൂണാണ് ഇന്നു നമ്മൾ കേൾക്കുന്നത്. 

ദേവരാജൻ മാഷ് എന്റെ പാട്ട് ട്യൂൺ ചെയ്യില്ലെന്നു പറഞ്ഞിരിക്കുന്ന സമയമാണത്. പകരം ഞാൻ കൊണ്ടുവന്നതാണ് അർജുനനെ. പക്ഷേ, അർജുനൻ മാഷ് ചെന്ന് തമ്പിയാണു പാട്ടെഴുതുന്നതെന്നു പറഞ്ഞപ്പോൾ ദേവരാജൻ മാഷ് ചോദിച്ചു: ‘തമ്പി എവിടെ?’ ‘കാറിൽ ഇരിപ്പുണ്ട്’ എന്ന് അർജുനൻ പറഞ്ഞപ്പോൾ ചോദിച്ചു: ‘എന്താ അയാൾ അകത്തേക്കു വരാത്തെ. വിളിക്കയാളെ’. 

ദേവരാജൻ മാഷ് താഴെ ഇറങ്ങിവന്നു: ‘എന്താ താൻ കാറിലിരുന്നേ? പിണക്കമാണോ എന്നോട്? എടോ അതു വേറെ കാര്യം, ഇതു വേറെ കാര്യം. എന്നെ കാണാൻ വരുമ്പോൾ അകത്തു കയറാതെ പുറത്തിരിക്കരുത്. നമ്മൾ ശത്രുക്കളൊന്നുമല്ല’. 

ചായ കുടിപ്പിച്ചു. അർജുനൻ മാഷോടു പറഞ്ഞു: ‘നീ വർക്ക് ചെയ്യ്. തമ്പി നന്നായി എഴുതും’. അതാണ് അദ്ദേഹത്തിന്റെ മഹത്വം. അന്നു പല കാരണങ്ങൾകൊണ്ടും മറ്റു പല സ്വാധീനങ്ങൾകൊണ്ടുമൊക്കെയാണു ഞങ്ങൾ അകന്നത്. 

‘ആദ്യ പാട്ടിന്റെ റെക്കോർഡിങ്ങിനു ഞാൻ വരാം’–ദേവരാജൻ മാഷ് പറഞ്ഞു. യേശുദാസ് അകത്തു പാടുകയാണ്. യേശുദാസിനന്നു ജലദോഷമുണ്ട്. ജലദോഷപ്പാട്ട് എന്നാണു ഞങ്ങൾ അതിനെ തമാശയായി പറയാറുള്ളത്. 

‘പൗർണമി ചന്ദ്രിക തൊട്ടുവിളിച്ചു’ എന്നു കഴിഞ്ഞ് തുടർച്ചയായിത്തന്നെ ‘പത്മരാഗം പുഞ്ചിരിച്ചു’ എന്നാണ് അർജുനൻ മാഷ് ആദ്യം ട്യൂണിട്ടത്. ‘എടാ നീയെന്തിനാ കിടന്നു ബഹളം വയ്ക്കുന്നേ. തള്ളിയെടുക്കെടാ, പത്മരാഗം’–ദേവരാജൻ മാഷ് റെക്കോർഡിങ്ങിനിടെ വിളിച്ചുപറഞ്ഞു. അതാണു ഗുരുവും ശിഷ്യനും തമ്മിലുള്ള വ്യത്യാസം. അപ്പോൾ ഞാൻ പഠിച്ചു, ഗുരു ഗുരുവാണെന്ന്. പത്മരാഗത്തിനു മുൻപ് ഒരു ബീറ്റ് വന്നപ്പോൾ പാട്ട് പാടേ മാറി. 

∙‘പാടാത്ത വീണയും പാടും...’ എന്ന പാട്ടിൽ അവസാനം ചേർക്കാൻ രണ്ടു വരികൾ അർജുനൻ മാഷ് ചോദിച്ചുവാങ്ങിയതായി കേട്ടിട്ടുണ്ട്... 

‘പാടാത്ത വീണയും പാടും...’ ചെയ്യുമ്പോൾ, രണ്ടുമൂന്നു ട്യൂണിട്ടിട്ടും സംവിധായകൻ ശശികുമാർ സാറിന് ഇഷ്ടപ്പെടുന്നില്ല. അർജുനൻ മാഷ് എന്നോടു ചോദിച്ചു: ‘‍ഞാനൊരു തെറ്റ് ചെയ്തോട്ടെ? ഞാൻ പണ്ടു ചെയ്തൊരു നാടകപ്പാട്ടുണ്ട്. അതൊന്നു പിടിക്കട്ടെ?’. ഞാൻ പറഞ്ഞു: ‘ഇഷ്ടംപോലെ ചെയ്യ്. പാട്ടു നന്നായാൽ മതി’. അങ്ങനെയാണ് ആ പാട്ടുണ്ടാവുന്നത്. 

‘നീലമലർമിഴി തൂലികയാലെത്ര നിർമലമന്ത്രങ്ങൾ നീയെഴുതി...’ എന്നുവരെയാണു ഞാൻ എഴുതിയിരുന്നത്. ട്യൂൺ ചെയ്തശേഷം അദ്ദേഹം പറഞ്ഞു: ‘എനിക്ക് ഇവിടെയൊരു രണ്ടു വരി കിട്ടിയാൽ കൊള്ളാം’. ‘മറക്കുകില്ല, മറക്കുകില്ല, ഈ ഗാനം നമ്മൾ മറക്കുകില്ല...’ എന്ന് അങ്ങനെ ചേർക്കുകയായിരുന്നു. അങ്ങനെയാണു പാട്ടു സൃഷ്ടിക്കേണ്ടത്, രണ്ടു പേരും ചേർന്നാണ്. സംഗീതത്തിൽ രചയിതാവും വരികൾ സംഗീതകാരനും തിരുത്തലുകൾ വരുത്താൻ പരസ്പരം പറഞ്ഞുകൊടുക്കുകയും അതു രണ്ടു പേരും സ്വീകരിക്കുകയും ചെയ്താൽ പാട്ടു നന്നാവും. 

∙അത് എല്ലായ്പോഴും നടക്കില്ല. എല്ലാവരുടെയടുത്തും നടക്കില്ല... 

അതെ. ഈഗോ പ്രശ്നമുണ്ട്. ‘ഇവനാരാ എനിക്കു ട്യൂൺ പറഞ്ഞുതരാൻ?’ എന്നു വിചാരിക്കുന്ന സംഗീതസംവിധായകനാണെങ്കിൽ പറ്റില്ല. 

∙‘ചന്ദ്രക്കല മാനത്തി’ൽ തുടക്കത്തിലാണു വരികൾ ചേർക്കാൻ അർജുനൻ മാഷ് ആവശ്യപ്പെട്ടത്... 

‘ഇതിലെ പെണ്ണിന്റെ പേരെന്താ?’–അർജുനൻ മാഷ് ചോദിച്ചു. ഞാൻ പറഞ്ഞു: ‘മാല’. ‘എന്നാൽപ്പിന്നെ നമുക്കു ‘മാലേ’ എന്നു വിളിച്ചിട്ടു തുടങ്ങിയാലോ?’–മാഷ് ചോദിച്ചു. എന്റെ ട്യൂൺ മറ്റൊന്നായിരുന്നു. ഇതു പുള്ളി റെക്കോർഡ് ചെയ്തുപോയിട്ട് ടോട്ടലായി മാറ്റം വരുത്തും. അതാണ് അദ്ദേഹത്തിന്റെ കഴിവ്. 

അച്ഛനും അമ്മയും ചേർന്നു കുട്ടിയുണ്ടാവുന്നതുപോലെയാണു പാട്ടിന്റെയും പിറവി. രണ്ടു പേർക്കും തുല്യ അവകാശമാണ്. സംഗീതസംവിധായകൻ മേലെയാണോ പാട്ടെഴുത്തുകാരൻ മേലെയാണോ എന്നു പറയുന്നതിൽ അർഥമില്ല. അതു നടക്കുന്നില്ല എന്നതാണ് ഇപ്പോഴത്തെ മാറ്റം. 

∙‘റസ്റ്റ് ഹൗസി’ൽ തുടങ്ങി ‘ഭയാനകം’ വരെ നീണ്ടുനിന്ന ബന്ധമാണ് സാറും അർജുനൻ മാഷും തമ്മിൽ. ‘ഭയാനക’ത്തിന് ഒരു പ്രത്യേകതയുണ്ട്. അർജുനൻ മാഷുടെ ജീവിതത്തിലെ ഏക സംസ്ഥാന അവാർഡ് ആ സിനിമയിലെ പാട്ടുകൾക്കായിരുന്നു. അതിന്റെ യാദൃച്ഛികത, ആ പാട്ടുകൾ സാർ എഴുതിയതാണ് എന്നതാണ്. അതേ വർഷം സാറിനു ജെ.സി.ഡാനിയേൽ അവാർഡും കിട്ടുന്നു. നിങ്ങൾ രണ്ടു പേരും ഒരേ വേദിയിൽ ബഹുമതികൾ ഏറ്റുവാങ്ങുന്നു... 

അതു കാലത്തിന്റെ തീരുമാനമാണ്. മനുഷ്യർക്കു തോൽപിക്കാൻ പറ്റും. പക്ഷേ, കാലം അതു കണ്ടുനിൽക്കില്ല; ആ തോൽവി ജയമാക്കി മാറ്റും. ‘കുയിലിന്റെ മണിനാദം കേട്ടു...’, ‘കസ്തൂരി മണക്കുന്നല്ലോ...’ ‘വാൽക്കണ്ണെഴുതി വനപുഷ്പം ചൂടി...’... ഇതിനൊന്നും അവാർഡ് കിട്ടിയിട്ടില്ല. പകകൊണ്ടും മറ്റും മനപ്പൂർവം വ്യക്തികൾ തടഞ്ഞതാണിതൊക്കെ. ‘ദേവരാജൻ മാഷുടെയത്രയൊന്നും ആകേണ്ട അർജുനൻ. അവിടെ നിന്നാൽ മതി’ എന്നു ചിന്തിക്കുന്ന ആളുകളായിരുന്നു അവാർഡ് ജൂറികളിൽ വന്നിരുന്നത്. 

∙നിങ്ങൾ ചെയ്ത സിനിമകളുടെ പ്രശ്നവുമുണ്ട്. സ്റ്റണ്ട് പടങ്ങൾ എന്നാണു സാർ ആ സിനിമകളെക്കുറിച്ചു പറഞ്ഞിട്ടുള്ളത്... 

്അതു ശരിയാണ്. ഞങ്ങൾ ചെയ്ത സിനിമകളെല്ലാം തനി കൊമേഴ്സ്യൽ സിനിമകളായിരുന്നു. ആക്‌ഷൻ പടങ്ങൾ ആയിരുന്നു മിക്കവയും. അടിപ്പടങ്ങൾ കാണുമ്പോഴേ, നിർത്താം എന്നു ജൂറിയിലുള്ളവർ പറയും. കാരണം അവർ സിനിമയേ നോക്കുന്നുള്ളൂ. 

∙ആ സിനിമകളൊക്കെ അവാർഡിനു പോയിട്ടുണ്ടോ എന്നുപോലും അറിഞ്ഞുകൂടാ... 

പലതും ഞാൻ പറഞ്ഞ് അയപ്പിച്ചിട്ടുണ്ട്. ‘പിക്നിക്’ അങ്ങനെ അയപ്പിച്ചതാണ്. അതിന് അവാർഡ് തന്നില്ലല്ലോ? 

ഞങ്ങൾക്ക് അവാർഡ് കിട്ടിയില്ലായിരിക്കാം. പക്ഷേ, ആ പാട്ടൊക്കെ ഇപ്പോഴും സൂപ്പർ ഹിറ്റാണ്. രണ്ടു കാരണങ്ങളാണ്. ഒന്ന്–ലജനങ്ങൾ കണ്ട പടം, പാട്ടുകളും നല്ലത്. രണ്ട്–ലമിക്ക പാട്ടുകൾക്കും പ്രേംനസീറാണു ചുണ്ടനക്കിയത്. 

ഇന്നിപ്പോൾ ‘ഡേഞ്ചർ ബിസ്കറ്റ്’ എന്ന സിനിമ നമ്മൾ ഓർക്കുന്നുപോലുമില്ല. എന്താ കഥയെന്നുപോലും അറിയില്ല. ‘കൊച്ചിൻ എക്സ്പ്രസ്’ ഓർക്കുന്നില്ല, ‘പാടുന്ന പുഴ’ ഓർക്കുന്നില്ല. പക്ഷേ, ‘പാടുന്ന പുഴ’യിലാണു ‘ഹൃദയസരസ്സിലെ പ്രണയപുഷ്പമേ...’. 

‘മനോഹരി നിൻ മനോരഥത്തിൽ...’ എന്ന ഗാനം ‘ലോട്ടറി ടിക്കറ്റ്’ എന്ന സിനിമയിലാണ്. ‘കുംഭമാസനിലാവുപോലെ...’ എന്ന പാട്ടും ഈ സിനിമയിലേതാണ്. ഇതൊക്കെ എന്റെ ആദ്യകാല സിനിമകളാണ്. അന്ന് എന്റെ മനസ്സിൽ പി.ഭാസ്കരനും വയലാറുമാണ്. ‘ഇവരുടെ പാട്ടുകളോട് എന്റെ പാട്ടുകൾ നിൽക്കണം’ എന്നാണ് എന്റെ മനസ്സിൽ. ഇവർ എഴുതുന്നതെല്ലാം ‘വാഴ്‌വേമായം’ പോലെയും ‘അരനാഴിക നേരം’ പോലെയുമുള്ള സാഹിത്യകൃതികൾക്കാണ്. ഞാൻ ഇടിപ്പടങ്ങൾക്കാണു പാട്ടെഴുതുന്നത്. വാസുസാറും (ടി.ഇ.വാസുദേവൻ) കെ.പി.കൊട്ടാരക്കരയുമൊക്കെയാണ് എന്റെ സിനിമകളുടെ നിർമാതാക്കൾ. പാട്ടെഴുതിക്കൊടുക്കുമ്പോൾ അവർ ചോദിക്കും: ‘തമ്പീ, ഇത്രയും വേണോ?’. ഞാൻ പറയും: ‘വേണം സാർ, പാട്ടെങ്കിലും നിലവാരം പുലർത്തട്ടെ!’. 

‘അപ്പോൾ ഞങ്ങടെ പടം തല്ലിപ്പൊളിയെന്നാണോ തമ്പി പറയുന്നത്’ എന്നവർ ചോദിക്കും. ‘അങ്ങനെ ഞാൻ പറഞ്ഞില്ല. എന്നാലും, നമ്മളുദ്ദേശിക്കുന്ന സിനിമയുടെ നിലവാരത്തിലേക്കു പടം ഉയരുന്നില്ല. പാട്ടെങ്കിലും ഉയരട്ടെ’. 

(തുടരും) 

ഈ അഭിമുഖത്തിന്റെ പൂർണരൂപം മനോരമ മ്യൂസിക്കിന്റെ യുട്യൂബ് പേജിലൂടെ വിഡിയോയിൽ കാണാൻ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 

https://www.youtube.com/watch?v=4iUDRluSI8c&feature=youtu.be

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA