‘എനിക്ക് ആരാധകർ ഉണ്ടായിരുന്നോ? അറിയാൻ വൈകി’; മനസ്സു തുറന്ന് ബാബു ആന്റണി

babu-antony-new
SHARE

ബാബു ആന്റണി എന്നാൽ നമുക്ക് കാലാതീതമായ ഒരാവേശമാണ്. വില്ലത്തരങ്ങളും ആക്‌ഷനും സംസാരവും എന്നു വേണ്ട അദ്ദേഹത്തെ സംബന്ധിക്കുന്നതെന്തും നമുക്ക് വിരസതയില്ലാത്ത ഒരു അനുഭവമാണ്, അന്നും ഇന്നും. എങ്കിലും സിനിമയിലെ ആക്‌ഷൻ ഹീറോ ഒരു മൈക്കിനു മുന്നിലിരുന്നു കൊണ്ട് എന്നെന്നും പ്രിയപ്പെട്ട മെലഡി ഗാനങ്ങൾ പാടിയപ്പോൾ പ്രേക്ഷകർക്ക് തെല്ലൊരു കൗതുകമാണ് തോന്നിയത്. യൂട്യൂബിൽ അദ്ദേഹത്തിന്റെ പാട്ടുകൾ ശ്രദ്ധ നേടുമ്പോൾ, പാട്ടനുഭവങ്ങളും പാട്ടുവഴികളും പങ്കുവച്ച് ബാബു ആന്റണി മനോരമ ഓൺലൈനിനൊപ്പം ചേരുന്നു. 

അത് തെറ്റിദ്ധാരണ

പാട്ടുകളോട് വല്ലാത്ത ഇഷ്ടമാണ് എനിക്ക്. വില്ലൻ, ആക്‌ഷൻ ഹീറോ വേഷങ്ങളാണ് അധികവും ചെയ്തതെങ്കിലും പ്രേക്ഷരുടെ മുന്നിൽ ഇടികളുടെ നടനാണെങ്കിലും മനസ്സിൽ മെലഡികളെ അങ്ങേയറ്റം ഇഷ്ടപ്പെടുന്ന ഒരു വലിയ പാട്ട് പ്രേമിയാണ് ഞാൻ. ബാബു ആന്റണിക്ക് തട്ടു പൊളിപ്പൻ ഗാനങ്ങളായിരിക്കും ഇഷ്ടം എന്ന് ആരെങ്കിലും ചിന്തിച്ചാൽ അത് വെറും തെറ്റിദ്ധാരണയാണ്.

‘ഇത്രയും നാൾ എവിടെയായിരുന്നു’

വലിയൊരു പാട്ടുകാരനൊന്നമല്ല ഞാൻ. പക്ഷേ പാടാനൊരു ആത്മവിശ്വാസമുണ്ട് തരക്കേടില്ലാതെ പാടാൻ കഴിയുമെന്ന ചിന്തയുള്ളതുകൊണ്ടാണ് അത് ആളുകളിലേയ്ക്ക് എത്തിക്കാൻ വേണ്ടി യൂട്യൂബിൽ അപ്‌ലോഡ് ചെയ്തത്. പാട്ടിനു താഴെ വന്ന കമന്റുകൾ എനിക്ക് ഒരുപാട് സന്തോഷം നൽകുന്നവയായിരുന്നു. ‘ഇത്രയും നാൾ എവിടെയായിരുന്നു ചേട്ടൻ’ എന്നൊക്കെയായിരുന്നു പലരും ചോദിച്ചത്. ആളുകൾക്ക് പാട്ട് ഇഷ്ടമായി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം തോന്നുന്നു. സമയം കിട്ടുന്നതു പോലെ ഇനിയും യൂട്യൂബിൽ ഇഷ്ടപ്പെട്ട ഗാനങ്ങൾ പാടി പോസ്റ്റ് ചെയ്യണമെന്നാണ് ആഗ്രഹം. 

അത് ഞാൻ അറിഞ്ഞിരുന്നില്ല

സിനിമയിൽ തിരക്കിലായിരുന്ന സമയത്തൊന്നും എനിക്ക് ഇത്രയും ആരാധകർ ഉണ്ടെന്ന് അറിയില്ലായിരുന്നു. കുറെ ആളുകൾ എന്നെ കാണാൻ കാത്തിരുന്നുവെന്നും അവർക്ക് അതൊരു ആവേശമായിരുന്നുവെന്നും ഞാനറഞ്ഞില്ല. ആളുകൾ നടന്നും സൈക്കിള്‍ ചവിട്ടിയും ബസ്സിൽ കയറിയുമൊക്കെ കിലോമീറ്ററുകൾ താണ്ടി തിയറ്ററിൽ പോയി, ബാബു ആന്റണി അഭിനയിക്കുന്ന സിനിമകൾ കാണാൻ കാത്തിരുന്ന കാര്യവും എനിക്ക് അറിയില്ലായിരുന്നു. അന്നൊന്നും ഒരു താര പരിവേഷവും അനുഭവിച്ചിട്ടില്ല, അതിനുവേണ്ടി ശ്രമിച്ചിട്ടുമില്ല. ആളുകൾ തിരിച്ചറിയുന്നത് സന്തോഷം നൽകിയിരുന്നെങ്കിലും അതിന് ഇങ്ങനെയൊരു വശമുണ്ടെന്ന് എനിക്ക് ബോധ്യമില്ലായിരുന്നു. പിന്നീട്  വർഷങ്ങൾക്കു ശേഷം, സമൂഹമാധ്യമങ്ങൾ വഴിയാണ് ആളുകൾ എന്നെ ഇത്രമാത്രം ഇഷ്ടപ്പെട്ടിരുന്നതും ആരാധിച്ചിരുന്നതുമൊക്കെ മനസ്സിലായത്. എന്റെ പോസ്റ്റുകൾക്കു താഴെ അവർ എഴുതുന്ന കമന്റുകളിൽ കൂടി ആ സ്നേഹം ഞാൻ തിരിച്ചറിഞ്ഞു. വലിയ അത്ഭുതമാണ് ആദ്യം തോന്നിയത്. 

അന്നൊക്കെ ഒരു സിനിമ ഹിറ്റ്‌ ആയി കഴിഞ്ഞാൽ മാസികകളിലും പത്രത്തിലുമൊക്കെയായി ചിത്രത്തിന്റെ സംവിധായകന്റേയോ ഏതാനും താരങ്ങളുടെയോ ചില അഭിമുഖങ്ങൾ വരും. അപൂർവമായി റേഡിയോ പരിപാടിയും. അത്തരം കാര്യങ്ങളിൽ മാത്രം ഒതുങ്ങിയതുകൊണ്ട് പ്രേക്ഷകപ്രതികരണങ്ങളോ അവർക്കുള്ള സ്നേഹമോ ആരാധനയോ അറിയാൻ മറ്റു വഴികളില്ലായിരുന്നു. മാത്രമല്ല, അന്ന് സമയവും കുറവായിരുന്നു. സിനിമാ തിരക്കുകളൊഴിയുമ്പോൾ കരാട്ടെ പഠിപ്പിക്കലും മറ്റുമായി ഞാൻ വീണ്ടും തിരക്കിലായിരുന്നു. എന്തുതന്നെയായാലും സിനിമയിലെ വില്ലനെയും അദ്ദേഹത്തിന്റെ ആക്‌ഷനെയും ഇത്രയധികം ആരാധിച്ചിരുന്നുവെന്നറിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ട്. 

എന്നും ഇഷ്ടം പഴയ പാട്ടുകൾ 

90കളിലെ മലയാളം പാട്ടുകളോടാണ് എനിക്കെന്നുമിഷ്ടം. ആ പാട്ടുകൾ ആണ് എന്നും കേൾക്കാറ്. അതുപോലെ ആ കാലഘട്ടത്തിലെ തമിഴ്, ഹിന്ദി ഗാനങ്ങളും. എന്നും  മനസ്സിൽ തങ്ങിനിൽക്കുന്നതും അവ തന്നെ. പുതിയ കാലത്തെ പാട്ടുകളും ശ്രദ്ധിക്കാറുണ്ട്. പക്ഷേ പഴയ പാട്ടുകൾ കേൾക്കുന്ന ഒരു ആവേശം ആ പാട്ടുകളോട് എനിക്കില്ല. അതുപോലെ അവ മനസ്സിൽ തങ്ങി നിൽക്കാറില്ല. ഒരു കേൾവിക്കപ്പുറം പിന്നാലെ വീണ്ടും തിരഞ്ഞുപോയി കേട്ട പുതിയ പാട്ടുകൾ കുറവാണ്. അത് മാത്രമല്ല ഇന്നത്തെ ഗായകരുടെ ശബ്ദം, പ്രത്യേകിച്ച് പുരുഷന്മാരുടെ ശബ്ദം എടുത്താൽ അതിനു പലപ്പോഴും ഗാംഭീര്യം ഉള്ളതായിട്ട് എനിക്കു തോന്നിയിട്ടില്ല. പൗരുഷമുള്ള, ഗാംഭീര്യമുള്ള ശബ്ദത്തോടാണ് കുറച്ചുകൂടി താല്പര്യം. അങ്ങനെയുള്ള പുരുഷശബ്ദം ഇന്നത്തെ പുതിയ പാട്ടുകളിൽ വളരെ ചുരുക്കമാണ്. എന്റെ പ്രിയപ്പെട്ട ഗായകൻ ദാസേട്ടൻ (കെ.ജെ.യേശുദാസ്) തന്നെയാണ്. മുഹമ്മദ് റഫി, കിഷോർ കുമാർ, ലതാ മങ്കേഷ്കർ, എസ്.പി ബാലസുബ്രഹ്മണ്യം കെ.എസ് ചിത്ര ഇങ്ങനെ നീളുന്ന മറ്റു പ്രിയ ഗായകരുടെ നിര. ദാസേട്ടനും ഞാനും താമസിക്കുന്ന സ്ഥലങ്ങൾ തമ്മിൽ രണ്ടര മണിക്കൂർ ദൂരമേയുള്ളു. സംഗീതം കൊണ്ടും സാന്നിധ്യം കൊണ്ടും അത്ര അടുത്തുണ്ട് അദ്ദേഹം. നേരിൽ കാണാനും ഒരുപാട് തവണ അദ്ദേഹത്തിന്റെ ലൈവ് പരിപാടികൾ കാണാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. 

ജീവിതം സംഗീതമയം

ഹൂസ്റ്റണിൽ ആണ് ഞാനിപ്പോൾ താമസിക്കുന്നത്. ഇവിടെ ആയോധനകലകൾ പഠിപ്പിക്കുന്ന ഒരു അക്കാദമിയും നടത്തുന്നുണ്ട്. ഭാര്യ പിയാനോ വാദകയും മ്യൂസിക്  കണ്ടക്ടറുമാണ്. ക്വയറിൽ പാടുന്നുമുണ്ട്. അതുപോലെ രണ്ടു മക്കൾക്കും പാട്ടിനോട് ഏറെ ഇഷ്ടമാണ്. ഇരുവരും പാടും. വീട് എപ്പോഴും സംഗീതസാന്ദ്രമാണെന്നു പറയാം. എങ്കിലും ഞങ്ങളങ്ങനെ വീട്ടിൽ സംഗീത കച്ചേരിയൊന്നും സംഘടിപ്പിക്കാറില്ല. എല്ലാവരെയും പോലെ ജീവിതം വളരെ സാധാരണമായി തന്നെ മുന്നോട്ടു പോകുന്നു. ഇവിടെ നടക്കുന്ന സംഗീതപരിപാടികൾ സമയം കിട്ടുന്നതുപോലെ പോയി കാണാറുണ്ട്. സിനിമ കാണാൻ പോകുന്നത് പോലെ സംഗീതപരിപാടികൾ ആസ്വദിക്കാന്‍ പോകുന്നു. 

അങ്ങനെയൊരു പഠനം ഇല്ല 

 

പഠിക്കുന്ന സമയത്തു പാടാറുണ്ടെങ്കിലും പാട്ട് പഠിക്കാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. കോളേജില്‍ പഠിക്കുമ്പോൾ വോളിബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്നു അതിനോടൊപ്പം കളരിപ്പയറ്റ് പഠിക്കുകയും കരാട്ടേ പഠിപ്പിക്കുന്നുണ്ടായിരുന്നു. അതുകൊണ്ട് പാട്ടിനു തീരെ സമയം കിട്ടിയിരുന്നില്ല. പിന്നെ സിനിമയിലേക്കു വന്നു, അതുകഴിഞ്ഞ് ജീവിതത്തിന്റെ തിരക്കുകളായി. പിന്നീട് ഇപ്പോൾ രണ്ടു മക്കളുടെ പിതാവായി സംഗീതജ്ഞയുടെ നല്ലപാതിയായി ഒരു അക്കാദമിയുമൊക്കെയായി ജീവിതം സ്ഥിരതയാർന്നപ്പോൾ പതിയെ പണ്ടു മാറ്റിവെച്ച ഇഷ്ടത്തിലേക്കുപോയി.

പ്രിയപ്പെട്ട ഗാനം

പ്രിയപ്പെട്ട പാട്ടുകൾ ഒരുപാടുണ്ടെങ്കിലും എന്നും ഇഷ്ടമുള്ളത് ‘സ്വാമി’ എന്ന ഹിന്ദി ചിത്രത്തിലെ ‘ക്യാ കരൂം സജിനി’ എന്ന ഗാനത്തോടാണ്. മലയാളത്തിൽ ഒരുപാട് ഗാനങ്ങൾ ഉണ്ടെങ്കിലും പെട്ടെന്ന് മനസ്സിലേക്കു വരുന്നത് ‘സുഖമോദേവി’ എന്ന പാട്ടാണ്. ഇത് രണ്ടും ഞാൻ പാടി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അടുപ്പമുള്ളവർക്കൊക്കെ ഞാൻ പാടുന്ന ആളാണെന്നും പാട്ടുകൾ ഇഷ്ടമാണെന്നും അറിയാം. പക്ഷേ അല്ലാത്തവർക്ക് ഞാൻ പാടുന്നത് ഒരു അത്ഭുതമായിരുന്നു. യൂട്യൂബിൽ പാട്ട് എത്തിയപ്പോൾ അതിശയത്തോടെയാണ് ചിലർ പ്രതികരിച്ചത്.

ജീവിതം ഇതുവരെ 

അമേരിക്കയിലും കൊച്ചിയിലുമായാണ് എന്റെ ജോലി മുന്നോട്ടു പോകുന്നത്. സിനിമയുള്ള സമയത്ത് കൊച്ചിയിലേക്കു വരും. അല്ലാത്തപ്പോൾ കുടുംബവുമായി ഹൂസ്റ്റണിൽ താമസം. നാട്ടിൽ നിന്നോ സിനിമയിൽ നിന്നോ അകലെയാണെന്ന് ഒരിക്കലും തോന്നിയിട്ടില്ല. കാരണം, ഒരു ദിവസത്തെ യാത്രയേയുള്ളു ഒരിടത്തു നിന്ന് മറ്റൊരിടത്തെത്താൻ. ദൂരങ്ങളെ മായ്ച്ചു കളഞ്ഞാണല്ലോ കാലത്തിന്റെ വളർച്ച. ഇവിടെയാണെങ്കിലും എന്നെ എല്ലാവർക്കും അറിയാം. ഇന്നത്തെ കാലത്ത് നമ്മൾ എന്തിന് ഇറങ്ങിപ്പുറപ്പെടുന്നതിനും മുന്‍പേ നെറ്റിൽ തിരയുമല്ലോ. അക്കാദമിയിൽ വരുന്ന  കുട്ടികൾ എന്നെക്കുറിച്ച് എല്ലാം പഠിച്ചിട്ടാണ് അവിടേയ്ക്കെത്തുന്നത്. ഞാനാരാണെന്നും എന്റെ സിനിമകൾ എന്താണെന്നും അതിലെ രംഗങ്ങൾ എന്താണെന്നും വരെ അവർക്കറിയാം.

എന്റെ സിനിമ പാട്ടുകൾ 

സിനിമയിൽ അധികം പാട്ട് സീനുകളിലൊന്നും അഭിനയിക്കാൻ എനിക്കു കഴിഞ്ഞിട്ടില്ല. മിക്കപ്പോഴും ഞാൻ പ്രതിനായകൻ ആയിരുന്നല്ലോ. എങ്കിലും നല്ല പാട്ടുകളുള്ള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിട്ടുണ്ട്. എണ്ണത്തിൽ വളരെ കുറവാണെങ്കിലും ‘വൈശാലി’ എന്ന സിനിമയിലെ ക്ലൈമാക്സ് രംഗത്തിലെ ഗാന ചിത്രീകരണമൊക്കെ ഇപ്പോഴും മനസ്സിൽ മായാതെ നിൽപ്പുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA