ADVERTISEMENT

തിയറ്ററുകൾക്കു പുത്തനുണർവ് പകർന്ന ‘കുറുപ്പ്’ എന്ന ദുൽഖർ ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം അഭിനന്ദിക്കുന്നത് കുറുപ്പിന്റെ സംഗീതസംവിധാനം നിർവഹിച്ച സുഷിൻ ശ്യാമിനെ കൂടിയാണ്. ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പാട്ടുകളും നൽകുന്ന അനുഭവം തികച്ചും വ്യത്യസ്തമാണെന്നു പ്രേക്ഷകർ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ലഭിക്കുന്ന പ്രതികരണങ്ങളിൽ സംതൃപ്തനും സന്തോഷവാനുമാണ് സുഷിൻ. ‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ചിത്രത്തിലൂടെ മികച്ച സംഗീതസംവിധായാകനുള്ള സംസ്ഥാന പുരസ്കാരം കരസ്ഥമാക്കിയിട്ടുണ്ട് സുഷിൻ ശ്യാം. വരത്തൻ, വൈറസ്, ട്രാൻസ്, അഞ്ചാം പാതിര, മാലിക് തുടങ്ങിയ സൂപ്പർഹിറ്റുകളിലേയ്ക്കു സംഗീതമഴ പെയ്യിച്ചതും ഈ 29കാരന്‍ തന്നെ. പുതിയ പാട്ടുവിശേഷങ്ങളുമായി സുഷിൻ ശ്യാം മനോരമ ഓൺലൈനിനൊപ്പം. 

 

 

 

പഴമ തെളിഞ്ഞ ‘കുറുപ്പ്’

 

 

കാലഘട്ടങ്ങളിലൂടെ സഞ്ചരിക്കുന്ന സിനിമയായ കുറുപ്പിൽ പാട്ടുകൾ ചെയ്യുമ്പോൾ പഴമയും വേണം എന്നാൽ പുതുമയും വേണം എന്നാണ് സംവിധായകൻ ശ്രീനാഥ് പറഞ്ഞത്. പഴയകാലത്തെ ഒരു കാര്യം ഇന്നത്തെ പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിക്കുമ്പോൾ എന്ത് തരം സംഗീതം ആയിരിക്കും അനുയോജ്യം എന്നാണ് ആദ്യം ചിന്തിച്ചത്. പാട്ടുകൾ ചെയ്യുമ്പോൾ ചെറിയ ആവർത്തനവിരസതയുണ്ടാകും. എന്നാൽ അതിനു മുകളിൽ വേറെ ഒരു ശബ്ദക്രമീകരണം കൊണ്ടുവരുക എന്നതായിരുന്നു ലക്ഷ്യം. പണ്ട് എന്നെ സ്വാധീനിച്ച പാട്ടുകൾ 90കളിലെ റോക്ക് ഗാനങ്ങളും ഈഗിൾസ് ബാൻഡും ഒക്കെയാണ്. കുറുപ്പിൽ സണ്ണി വെയ്ൻ എപ്പിസോഡ് വന്നപ്പോൾ 80കളിലെ റോക്ക് ഗാനങ്ങളാണ് അവർ കേൾക്കുന്നതായി കാണിക്കുന്നത്. ഞാൻ ഉപയോഗിച്ച രീതിയും അതുതന്നെ.  സിനിമയിൽ പഴമയെ അതുപോലെ പുനസൃഷ്ടിക്കാനല്ല നോക്കിയത്. ഇപ്പോൾ ഉപയോഗിക്കുന്ന ഇലക്ട്രോണിക് സംഗീതവും ഉപയോഗിച്ചിട്ടുണ്ട്. ഒരു രംഗത്തിൽ "യേ മീരാ ദിൽ" എന്ന പാട്ട് ഉപയോഗിച്ചു. അത് പുതിയ കാലത്ത് റീമിക്സ് ചെയ്താൽ എങ്ങനെയിരിക്കും എന്നാണ് നോക്കിയത്. ഞാൻ പാട്ട്  ചെയ്യുന്നതു വളരെ ആസ്വദിച്ചാണ്. പുതുതായി എന്താണു ചെയ്യാൻ പറ്റുക എന്ന് എപ്പോഴും പരീക്ഷിക്കാറുണ്ട്. അതുകൊണ്ട് എനിക്ക് അതൊരു ബുദ്ധിമുട്ടായി തോന്നിയതേയില്ല.

 

 

 

സംവിധായകനും ഞാനും പിന്നെ പാട്ടും

 

 

 

സിനിമ എങ്ങനെയായിരിക്കുമെന്നും അതിന്റെ രീതി എന്താണെന്നും ശ്രീനാഥ് ആദ്യമേ പറഞ്ഞിരുന്നു. പക്ഷേ ഒരുപാട് പറഞ്ഞു കുഴപ്പിച്ചില്ല. എന്റെ ഇഷ്ടമനുസരിച്ച് ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു. ശ്രീനാഥിന് സുലൈമാൻ ഇക്ക എന്നൊരു സുഹൃത്തുണ്ട്. ശ്രീനാഥ് വയനാട്ടിൽ പോകുമ്പോഴൊക്കെ അവർ പാടി ആസ്വദിച്ച് ആഘോഷിക്കുന്ന പാട്ടാണ് ‘ഡിങ്കിരി ഡിങ്കാലെ’. ആ പാട്ട് ഈ സിനിമയിൽ ഉപയോഗിക്കാൻ പറ്റുമോ എന്ന് ശ്രീനാഥ് ചോദിച്ചു. സുലൈമാൻ ഇക്കയെ സ്റ്റുഡിയോയിൽ കൊണ്ടുവന്ന് ഗിറ്റാർ വായിച്ച് പഠിപ്പിച്ചാണ് ആ പാട്ട് ചെയ്തത്. സിനിമയിൽ ഒരു തത്സമയ പരിപാടിയിൽ ദുൽഖർ പാടുന്ന പാട്ടാണത്. അതുകൊണ്ട് സ്റ്റേജിൽ ഉണ്ടാകുന്ന ട്രംപെറ്റ്, ഗിറ്റാർ തുടങ്ങിയവയൊക്കെ സജ്ജീകരിച്ചു കൊടുത്തു. വേദിയിൽ പാടുന്ന രംഗത്തിൽ ദുൽഖര്‍ ആയതുകൊണ്ട് യഥാർഥത്തിൽ അദ്ദേഹം തന്നെ അതു പാടട്ടെയെന്നു തീരുമാനിക്കുകയായിരുന്നു. ദുൽഖർ നല്ലൊരുഗായകനാണ്. അദ്ദേഹം സന്തോഷപൂർവം അത് പാടുകയും ചെയ്തു.  

 

 

 

കുറുപ്പിന് കിട്ടുന്ന പ്രതികരണം

 

 

 

കുറുപ്പിലെ സംഗീതത്തിനു മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. സംഗീതം സിനിമയെ ഒരുപാടു സഹായിച്ചു എന്നൊക്കെ ചിലർ പറയുന്നു. ഞാൻ ഫോൺ അധികം ഉപയോഗിക്കാറില്ല. ചുരുക്കും ചില ഫോൺകോളുകൾ മാത്രമേ എടുക്കാറുള്ളു. എങ്കിലും മികച്ച പ്രതികരണം അറിയാന്‍ കഴിഞ്ഞതിൽ ഒരുപാടൊരുപാട് സന്തോഷം. കുറുപ്പിനു വേണ്ടി സംഗീതമൊരുക്കിയിട്ട് രണ്ട് വർഷത്തിലേറെയായി. ചിത്രത്തിന്റെ റിലീസിനു വേണ്ടി ഞാനും കാത്തിരിക്കുകയായിരുന്നു. തിയറ്ററിൽ റിലീസ് ചെയ്യാൻ പറ്റുമോയെന്നു സംശയിച്ചു. തിയറ്ററിൽ എല്ലാവർക്കുമൊപ്പമിരുന്നു സിനിമ കാണുമ്പോഴുള്ള അനുഭവം ഒറ്റയ്ക്കിരിക്കുമ്പോൾ കിട്ടില്ല. ആദ്യ ദിവസം തന്നെ തിയറ്ററിൽ പോയി കുറുപ്പ് കണ്ടു. ഇത്രയും നാൾ കാത്തിരുന്നത് വെറുതെയായില്ല എന്ന സന്തോഷം തോന്നി. ആ ഒരു സന്തോഷവും കൊണ്ട് ഞാൻ വീട്ടിലേക്കു മടങ്ങി.

 

 

 

എന്നെന്നും എല്ലാം പ്രിയം

 

 

 

പാട്ടുകൾ പാടാനും ചിട്ടപ്പെടുത്താനും പശ്ചാത്തലസംഗീതമൊരുക്കാനും എനിക്ക് ഇഷ്ടമാണ്. ഞാൻ സംഗീതമൊരുക്കിയ പാട്ടുകളാണ് ഞാൻ പാടിയിട്ടുള്ളത്.  ചില പാട്ടുകൾ ഞാൻ പാടിയാൽ നന്നാകും എന്ന് എനിക്കു തന്നെ തോന്നാറുണ്ട്. അത്തരം പാട്ടുകളാണ് ഞാൻ പാടുന്നത്. പശ്ചാത്തല സംഗീതം ചെയ്യാൻ എനിക്കു കൂടുതൽ എളുപ്പമാണ്. അത് യഥാർഥത്തിൽ ഒരു രസകരമായ അനുഭവവും ആസ്വാദനവുമാണ്. 

 

 

 

മറക്കാനാകാത്ത കുമ്പളങ്ങി

 

 

 

വളരെ ആസ്വദിച്ച് സംഗീതമൊരുക്കിയ ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്സ്’. അതിൽ ഭാഷയുടെ പരിമിതിയില്ല. എന്ത് വേണമെങ്കിലും ചെയ്യാമെന്നുള്ള അവസ്ഥയായിരുന്നു. അതൊരു ആസ്വാദ്യകരമായ സിനിമയായതുകൊണ്ട് പാട്ടുകൾ വളരെ സോഫ്റ്റ് ആയാണ് ചെയ്തത്. ഒരുപാട് സമയമെടുത്താണ് ഞാൻ പാട്ടുകൾ ചെയ്യുക. ചില ട്രാക്കുകൾ പെട്ടെന്ന് ചെയ്യാറുണ്ട്. "ചെരാതുകൾ" വളരെ പെട്ടെന്നു ചെയ്ത പാട്ടാണ്. എന്നാൽ "ഇരുൾ തൊടും" ഒരുക്കാൻ ഒരുപാട് സമയം വേണ്ടിവന്നു. സർഗ്ഗാത്മക സ്വാതന്ത്ര്യത്തിന്റെ അങ്ങേയറ്റമായിരുന്നു ‘കുമ്പളങ്ങി നൈറ്റ്സ്’.

 

 

 

ത്രസിപ്പിച്ച അഞ്ചാം പാതിര

 

 

 

ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ മൂഡിലേയ്ക്ക് ഞാനും വഴിമാറും. മാലിക്കിനു വേണ്ടി സംഗീതമൊരുക്കിയ ശേഷം ആ മാനസികാവസ്ഥയിൽ നിന്നു തിരികെയെത്താൻ കുറച്ചു സമയം വേണ്ടിവന്നു. ‘കുമ്പളങ്ങി നൈറ്റ്സ്’ ചെയ്തപ്പോൾ മൃദുലമായിരുന്നു. ‘അഞ്ചാം പാതിര’യുടെ ജോലിക്കിടെ ആശങ്കയാണു തോന്നിയത്. ചിത്രം ത്രില്ലർ വിഭാഗത്തില്‍പ്പെട്ടതായിരുന്നല്ലോ. എല്ലാവരെയും പിടിച്ചിരുത്തുന്ന പശ്ചാത്തലസംഗീതമായിരുന്നു ചെയ്യേണ്ടിയിരുന്നത്. പ്രേക്ഷകർക്ക് ഒരു നിമിഷം പോലും വിരസത തോന്നാൻ പാടില്ല. പരിമിതമായ സമയത്തിനുള്ളിൽ നിന്നാണ് അഞ്ചാം പാതിരയ്ക്കായി സംഗീതമൊരുക്കിയത്. അത്തരത്തിൽ ആത്മാവ് തൊടുന്ന ഈണങ്ങളൊരുക്കുന്നത് വേറിട്ട അനുഭവം തന്നെയാണ്. 

 

 

 

അഭിനയം വശമില്ല

 

 

 

ഞാൻ അഭിനയമോഹി അല്ല.‘തട്ടത്തിൻ മറയത്ത്’ പുറത്തിറങ്ങിയിട്ട് പത്തുവർഷത്തോളമായി. ഞാൻ അന്ന് വളരെ ചെറുപ്പമാണ് അന്നത്തെ ഒരു ആവേശത്തിൽ ആണ് ആ സിനിമയിലെ ഒരു രംഗത്തിൽ അഭിനയിച്ചത്. എനിക്ക് അഭിനയം ഒട്ടും വശമില്ല. ‘തട്ടത്തിൻ മറയത്ത്’ എന്ന സിനിമയിൽ മുഖത്ത് യാതൊരു ഭാവവും വേണ്ടാത്ത ഒരു കഥാപാത്രമായിട്ടാണ് ചെയ്തത്. ഭാവങ്ങൾ ഇല്ലാത്തതായിരുന്നു ആ രംഗത്തിന്റെ ഏറ്റവും വലിയ തമാശയും. അതുകൊണ്ടാണ് ചിത്രത്തിൽ അഭിനയിച്ചത്. 

 

 

 

പഠനം ഉപേക്ഷിച്ച് സംഗീതത്തിലേയ്ക്ക്

 

 

 

എനിക്ക് ഓർമ്മയുള്ള കാലം മുതൽ എന്റെ ഉള്ളിൽ സംഗീതമുണ്ട്. ചെറുപ്പം മുതൽ കീബോർഡ് വായിച്ചിരിക്കുന്ന എന്റെ മുഖമാണ് എനിക്ക് ഓർമ വരുന്നത്.  നാലാം വയസ്സിൽ പപ്പ എന്നെ സ്റ്റേജിൽ കൊണ്ടുചെന്ന് ഇരുത്തിയിട്ടുണ്ട്. പപ്പ പറയുന്ന എല്ലാ സംഗീതപരിപാടിയ്ക്കും പോകുമായിരുന്നു. അദ്ദേഹം ഒരു സംഗീതജ്ഞനാണ്. ഒരുപാട് പാട്ടുകൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അതൊരു പ്രഫഷൻ ആക്കാതെ പപ്പ ബിസിനസിൽ ശ്രദ്ധിച്ചു. അദ്ദേഹത്തിന്റെ കൂടി ആഗ്രഹമാണ് ഞാൻ ഇപ്പോൾ പ്രാവർത്തികമാക്കുന്നത്.  

 

പ്ലസ് ടൂ കഴിഞ്ഞപ്പോൾ ഞാൻ എൻജിനീയറിങ്ങിനു ചേർന്നു. കാരണം, സംഗീതത്തിൽ എല്ലാവർക്കും വിജയിക്കാൻ പറ്റില്ലല്ലോ. ചിലർക്കു രക്ഷപെടാനുള്ള ഭാഗ്യമുണ്ടാകും. ബാക്കിയുള്ളവർക്ക് അത് ഉണ്ടാകില്ല. ഒരു ജോലി കിട്ടാനുള്ള വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണമെന്ന് വീട്ടുകാർക്കു നിർബന്ധമായിരുന്നു. പക്ഷേ പഠനം തുടങ്ങി ഒരു വർഷം പൂര്‍ത്തിയാക്കും മുൻപ് തന്നെ ഇത് എനിക്ക് പറ്റിയ പരിപാടിയല്ലെന്നു ബോധ്യമായി. 

 

കോളജിൽ എത്തിയ ഞാൻ ആദ്യം തേടിക്കണ്ടുപിടിച്ചത് ഒരു സംഗീത ബാൻഡ് ആണ്. ഡ്രമ്മർ ഇല്ലാതിരുന്ന ആ ബാൻഡിൽ ഞാൻ ഡ്രമ്മറായി. അങ്ങനെ ബാന്‍ഡിൽ സജീവമാവുകയും ചെയ്തു. ക്ലാസിൽ കയറുകയോ പരീക്ഷകൾ എഴുതുകയോ ചെയ്തില്ല. പഠനം എനിക്കു പറ്റില്ലെന്നു വീട്ടിൽ പറഞ്ഞപ്പോൾ പപ്പയ്ക്ക് എന്നെ മനസ്സിലായി. കാരണം, അദ്ദേഹവും സമാനമായ അവസ്ഥയിലൂടെ കടന്നുപോയതാണ്. പപ്പ പഠിക്കുന്ന സമയത്ത് വീട്ടിൽ നിന്നും രാത്രി മതിൽ ചാടി കടന്ന് സംഗീതപരിപാടികളിലൊക്കെ പങ്കെടുക്കുമായിരുന്നു. അമ്മയ്ക്കും എന്റെ താല്പര്യമായിരുന്നു വലുത്. എൻജിനീയറിങ് പഠനത്തിന് എന്നെ നിർബന്ധിച്ചിരുന്ന ആന്റിക്ക് ഞാൻ പഠനം ഉപേക്ഷിച്ചത് വലിയ വിഷമമായി. സംഗീതരംഗത്തു നിലയുറപ്പിച്ചതോടെ ആ വിഷമം ഇല്ലാതാവുകയും ചെയ്തു. 

 

 

 

ഞാനും എന്റെ രീതികളും

 

 

 

എന്റെ പാട്ടുകൾ വിജയിച്ചോ ഇല്ലയോ എന്നു ഞാൻ നോക്കാറില്ല, സംഗീതം ചെയ്തുകൊണ്ടിരിക്കുക എന്നതു മാത്രമാണു ലക്ഷ്യം. മുന്നോട്ടു പോകുന്ന അത്രയും പോകട്ടെയെന്നും നിർത്തണം എന്നു തോന്നുമ്പോൾ അങ്ങനെ ചെയ്യാം എന്നുമാണ് മനസ്സിൽ. അല്ലാതെ വലിയ പദ്ധതികളൊന്നുമില്ല. നൂറുശതമാനവും താത്പര്യം തോന്നുന്ന പ്രൊജക്ടുകൾ മാത്രമേ ഞാൻ ഏറ്റെടുക്കാറുള്ളു. കാരണം ഞാൻ ഓരോ പാട്ടുമായും മാനസികമായി ഒരുപാട് അടുക്കും. ഒരു പാട്ട് ചെയ്തു തുടങ്ങിയാൽ പിന്നെ ഉറങ്ങുമ്പോഴും ഉണരുമ്പോഴും മനസ്സിൽ അതു മാത്രമായിരിക്കും. അതുകൊണ്ടുതന്നെ ഒരുപാട് പ്രോജക്ടുകൾ ഏറ്റെടുക്കുകയല്ല, എനിക്ക് വേണമെന്നു തോന്നുന്നവ മാത്രം സ്വീകരിക്കുകയാണു ചെയ്യുക. ഞാൻ ചെയ്ത പാട്ടുകൾ എല്ലാം എനിക്ക് ഇഷ്ടമാണ്. എങ്കിലും പ്രിയപ്പെട്ടത് ഏതാണന്നു ചോദിച്ചാൽ ‘കുമ്പളങ്ങി നൈറ്റ്സി’ലെ ‘ചെരാതുകൾ’ ആണ്. ആ പാട്ടിന് ഒരുപാട് ആഴമുള്ളതായി തോന്നിയിട്ടുണ്ട്. മാലിക്കിലെ ‘തീരമേ’ എന്ന പാട്ടും എനിക്ക് ഒരുപാട് ഇഷ്ടമാണ്.  

 

 

 

കുടുംബം 

 

 

 

പപ്പയാണ് എന്റെ പ്രധാന വിമർശകൻ. നല്ല പാട്ടുകൾ ആണെങ്കിൽ അത് പറയും. മോശം ആണെങ്കിൽ അതും പറയും. ചിലപ്പോൾ ഞാൻ പാട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ അയച്ചുകൊടുക്കും അപ്പോൾ ചില മാറ്റങ്ങളൊക്കെ അദ്ദേഹം നിർദ്ദേശിക്കാറുണ്ട്. അമ്മയും പപ്പയും തലശ്ശേരിയിൽ ആണ് താമസം. ഞാനും പാർട്ണറും കൊച്ചിയിലും. 

 

 

ഭാവി ചിത്രങ്ങൾ

 

 

മമ്മൂട്ടി ചിത്രമായ ‘ഭീഷ്മപർവ’ത്തിനു വേണ്ടിയാണ് ഇപ്പോൾ സംഗീതമൊരുക്കുന്നത്. കുറുപ്പ് പുറത്തിറങ്ങിയ ശേഷം ഭീഷ്മപർവത്തിൽ കൂടുതൽ പ്രതീക്ഷ വയ്ക്കുന്നതായി സിനിമാപ്രേമികളിൽ നിന്നും അറിഞ്ഞു. സിനിമ ചെറുതായാലും വലുതായാലും പുതുമയുള്ള സംഗീതം നൽകാൻ എന്റെ കഴിവിന്റെ പരമാവധി ശ്രമിക്കാറുണ്ട്. ആ ശ്രമം ഭീഷ്മപർവത്തിലും ഉണ്ടാകും. പുതുമയുള്ള പാട്ടുകളായിരിക്കും ചിത്രത്തിൽ ഉണ്ടാവുക. വികൃതിയുടെ സംവിധായകൻ എം.സി ജോസഫിന്റെ ‘എന്നിട്ടവസാനം’ എന്ന ചിത്രത്തിലെ പാട്ടുകളുടെ ജോലിയും പുരോഗമിക്കുകയാണ്. മറ്റു ചില ചിത്രങ്ങളുടെ ചർച്ചകൾ നടക്കുന്നുമുണ്ട്.

 

English Summary: Music director Sushin Shyam talks about the Kurup movie songs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com