ബാങ്ക് ഉദ്യോഗസ്ഥനാണ് പക്ഷേ, സംഗീതജ്ഞനുമാണ്; ശ്രീനേഷ് പ്രഭുവിന്റെ കഥ ഇങ്ങനെ

sreenesh-1
SHARE

ഏറ്റവും തിരക്ക് പിടിച്ചതും സൂക്ഷ്മത ആവശ്യമുള്ളതുമായ ഉദ്യോഗങ്ങളിൽ ഒന്നാണ് ബാങ്കിലെ ജോലി. അതിനിടയിൽ കലാപരമായ കഴിവുകളെ പോഷിപ്പിക്കാൻ മിക്കവർക്കും സമയം കിട്ടാറുമില്ല. എന്നാൽ ആ ചിന്തയിൽ വേറിട്ട് നിർത്താവുന്ന കലാകാരനാണ് ശ്രീനേഷ് ലക്ഷ്മൺ പ്രഭു എന്ന ബാങ്ക് ജീവനക്കാരൻ. ധനലക്ഷ്മി ബാങ്കിലെ ജീവനക്കാരനായ ഇദ്ദേഹം വിവിധ ഭാഷകളിൽ പതിനഞ്ചിലധികം പാട്ടുകൾക്കു സംഗീതം ചെയ്ത് പ്രേക്ഷക-മാധ്യമ ശ്രദ്ധ നേടിയ വ്യക്തിയാണ്.

"എല്ലാം താളമാണ്. സംഗീതമാണെങ്കിലും ബാങ്കിലെ കണക്കുകളാണെങ്കിലും എല്ലാം കൃത്യമായ ക്രമത്തിലാണ്. കണക്കിൽ, ഒറ്റ സംഖ്യകൾ, ഇരട്ട സംഖ്യകൾ, അവയെ അതിന്റെതായ രീതിയിൽ തന്നെ ചേർത്ത് വച്ചില്ലെങ്കിൽ തെറ്റിപ്പോകും. സംഗീതവും അതുപോലെ കണക്ക് തന്നെ. അതുകൊണ്ട് തന്നെ ഇതിന്റെ രണ്ടിന്റെയും താളം ഞാൻ ചേർത്ത് പിടിക്കുന്നു. സംഗീതം എനിക്ക് പണമുണ്ടാക്കാനുള്ള ഒരു വഴിയല്ല. അതുകൊണ്ട് ജോലി ഉപേക്ഷിക്കാൻ എളുപ്പവുമല്ല. രണ്ടും ഒന്നിച്ച് കൊണ്ടു പോകാനാണു താൽപര്യം." - ശ്രീനേഷ് പറയുന്നു.

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങൾ

സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളാണ് പൊതുവെ ശ്രീനേഷ് സംഗീതത്തിനു വേണ്ടി ഉപയോഗിക്കുന്നത്. ഡൽഹിയിൽ നടന്ന നിർഭയ കേസിൽ നിന്നാണ് "we need supreme law" എന്ന ടാഗ് ലൈനിൽ അദ്ദേഹം സംഗീതം ചെയ്തത്. "അത് ഒരുപാട് ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത ഒന്നാണ്. മനസിന്റെ ഒരു യാത്രയാണ് ഇത് പറയുന്നത്. ഒരു അവസ്ഥയിൽ ഒരു പെൺകുട്ടിയുടെ മനസ് സഞ്ചരിക്കുന്ന വഴികൾ.", ശ്രീനേഷ് പറയുന്നു. "ഹത കുഞ്ചര" എന്ന സംഗീതം വന നശീകരണത്തിനെതിരെ ഉള്ള ഒന്നായിരുന്നു. കൂട്ടുകാരൻ അനൂപ് കുമാർ പാടിയ "വിസ്മയകേരളം", പ്രശസ്ത പിന്നണി ഗായകൻ സുദീപ് കുമാർ പാടിയ തമിഴ് പാട്ട് "അമ്മ", വിക്ടിം തീം മ്യൂസിക് "നിർഭയ", ജയദേവൻ ദേവരാജൻ പാടിയ "ഹത കുഞ്ജര ", ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി റിലീസ് ചെയ്ത "വൈറ്റ് ഡോവ് ആൻഡ് ബ്ലാക്ക് ബെറിസ്" ജാസി ഗിഫ്റ്റ് പാടിയ "അരമതിലിലെ കൂനനുറുമ്പ് ", എന്നിവ പ്രേക്ഷക-മാധ്യമ ശ്രദ്ധ നേടി.

sreenesh-family
ശ്രീനേഷ് ലക്ഷ്മൺ പ്രഭു കുടുംബത്തോടൊപ്പം

അച്ഛനും അമ്മയും സംഗീതവും

അച്ഛനും അമ്മയും പാടും. അച്ഛനും ബാങ്ക് ജീവനക്കാരനായിരുന്നു. ഇളയരാ‍ജ പാട്ടുകളോടായിരുന്നു അച്ഛന് ഏറ്റവും ഇഷ്ടം. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതൽക്ക് തമിഴ് പാട്ടുകൾ സ്ഥിരമായി കേൾക്കാറുണ്ട്. അവരുടെ രണ്ടു പേരുടെയും സംഗീതത്തിന്റെ സ്പർശമാണ് ശ്രീനേഷിനും ലഭിച്ചത്. ഗുരുക്കന്മാരും അവർ തന്നെ. ഫാദർ തോമസ് ഡി തൈക്കാട്ടുശേരിയിൽ ആണ് കീബോർഡ് ഗുരു.

സംഗീതമാണ് പ്രധാനം ഭാഷയല്ല

വിഷയം അനുസരിച്ച് സംഗീതം ചെയ്യാനുള്ള ഭാഷ തിരഞ്ഞെടുക്കും. ആദ്യം ചെയ്തത് കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട ഒന്നായിരുന്നു, അനുജൻ ഗണേഷ് പ്രഭു തന്ന പിന്തുണ കൊണ്ട് ചെയ്ത ആൽബത്തിനു ‘വിസ്മയ കേരളം’ എന്നായിരുന്നു പേര്. തുടർന്ന്, അമ്മമാരുടെ സ്നേഹത്തെക്കുറിച്ചൊരെണ്ണം ചെയ്തത് തമിഴിലാണ്. അവരുടെ സ്നേഹത്തെക്കുറിച്ചും വാത്സല്യത്തെക്കുറിച്ചും പറയാൻ തമിഴ് നല്ലതാണെന്നു തോന്നി. അതുകൊണ്ടു തന്നെ തമിഴിൽ വരികളെഴുതി ആണ് സംഗീതം ചെയ്തത്. മറ്റൊന്ന് വന നശീകരണത്തെക്കുറിച്ച്. ഒരു ആനയെ കേന്ദ്ര കഥാപാത്രമാക്കി ആനിമേറ്റഡ് ആയാണ് ‘ഹത കുഞ്ചര’ എന്ന ആ ഗാനം അവതരിപ്പിച്ചത്. പിന്നെ അമേരിക്കയിൽ ഒരു കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയ്ഡ്നെ പോലീസ് കൊലപ്പെടുത്തിയ സംഭവം ആസ്പദമാക്കി ഇംഗ്ലീഷ് പാട്ട് ചെയ്തു.

"ഞങ്ങൾ ഗൗഢ സാരസ്വത വിഭാഗക്കാരാണ് അതുകൊണ്ട് തന്നെ സംസ്കൃതം പഠിച്ചിട്ടുണ്ട്. കുറച്ചുകാലം പഠിച്ചത് തമിഴ്നാട്ടിലാണ്, അവിടുന്നാണ് തമിഴ് ഭാഷ സ്വായത്തമാക്കിയത്. ചെയ്തതിൽ ഹത കുഞ്ചര സംസ്കൃതമാണ്. അത് വെൽഡ് വൈൽഡ് ലൈഫ് ഫണ്ട് എടുത്തിരുന്നു. അവരൊക്കെ അത് തിരഞ്ഞെടുക്കുക എന്നത് തന്നെ വലിയ കാര്യമാണ്. ഏറ്റവും വലിയ സന്തോഷമുണ്ടാക്കിയ ഒരു കാര്യം. ഞാനേറ്റവും ബഹുമാനിക്കുന്ന റസൂൽ പൂക്കുട്ടി സർ ഞാൻ ചെയ്ത ഇംഗ്ലിഷ് പാട്ട് ഇഷ്ടപ്പെട്ടു അതിന്റെ പോസ്റ്റർ റിലീസ് ചെയ്തു. അദ്ദേഹത്തെയും എ.ആർ റഹ്മാൻ സാറിനെയും ഏറെ ഇഷ്ടമാണ്, അതുപോലെ മലയാളത്തിൽ ഇപ്പോൾ ഉള്ളവരിൽ ബിജിബാൽ സാറിന്റെയും എം.ജയചന്ദ്രൻ സാറിന്റെ സംഗീതവും ഏറെ ഇഷ്ടം." ശ്രീനേഷ് പറയുന്നു.

സംഗീതം എല്ലായ്പ്പോഴും കൂടെയുണ്ട്. യാത്രകൾക്കിടയിലാണ് കൂടുതൽ പ്ലാനിങ്ങുകൾ നടക്കുക. മനസിൽ വരുന്നത് കുറിച്ചു വയ്ക്കും. പാട്ടു നിർമിച്ചെടുക്കാൻ വേണ്ടി ഉപകരണങ്ങളുടെ മുന്നിലിരിക്കുന്ന ശീലം കുറവാണ്. കലയെ സാമൂഹിക ഉത്തരവാദിത്വത്തിന്റെ കൂടി ഭാഗമാക്കണം എന്നാഗ്രഹിക്കുന്ന ആളാണ് ശ്രീനേഷ്. തന്റെ സംഗീതത്തിലൂടെ സ്വന്തം നിലപാടുകളാണ് മിക്കവാറും പുറത്തെത്തുന്നതെന്നും ശ്രീനേഷ് വ്യക്തമാക്കുന്നു.

സിനിമ മനസ്സിലില്ല

എആർ റഹ്മാൻ സാറിനെ കാണണം എന്നതാണ് ഏറ്റവും വലിയ സ്വപ്നം. സംഗീതത്തിനും ജീവിതത്തിനും ഒരുപാട് പേര് കൂടെയുണ്ട്. അച്ഛൻ ലക്ഷ്മണ പ്രഭു, അമ്മ ജയശ്രീ, ഭാര്യ സ്നേഹപ്രഭ ഇവരുടെയും അനുജൻ ഗണേഷ് പ്രഭു, ഇവരെല്ലാം തരുന്ന പിന്തുണ വാക്കുകളിൽ പറഞ്ഞാൽ തീരാത്തതാണ്. മകൾ നാല് വയസുകാരി സാൻവികയും സംഗീതം പഠിക്കുന്നുണ്ട്. പുതിയ രണ്ട് ആൽബത്തിന്റെ തിരക്കുകളിൽ കൂടിയാണ് ശ്രീനേഷ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA