അഭിനയിച്ചു കുളമാക്കണോ എന്ന് ഭാര്യ; എല്ലാം ശരിയാകുമെന്ന് സംവിധായകൻ; വില്ലനായ കഥ പറഞ്ഞ് ഔസേപ്പച്ചൻ

ouseppachan-movie-scene
SHARE

ജിബു ജേക്കബ് സംവിധാനം ചെയ്ത എല്ലാം ശരിയാകും എന്ന സിനിമയുടെ ഷൂട്ട് നടക്കുന്ന സമയം. കരിയറിലെ ഇരുന്നൂറാമത്തെ സിനിമയ്ക്കായി പാട്ടുകൾ ചെയ്തു കൊടുത്തതിന്റെ സംതൃപ്തിയിൽ സംഗീതസംവിധായകൻ ഔസേപ്പച്ചൻ തൃശൂരിലെ വീട്ടിലിരിക്കുമ്പോൾ അപ്രതീക്ഷിതമായി സംവിധായകന്റെ ഫോൺ വിളി. 'പാട്ടുകൾ ഒരു വട്ടം കൂടി കേൾക്കണം. ‍ഞങ്ങൾ തൃശൂരിലേക്ക് വരുന്നു.' അതെന്താ പെട്ടെന്നൊരു പാട്ടു കേൾക്കലെന്നൊക്കെ തോന്നിയെങ്കിലും ഔസേപ്പച്ചൻ അതു പുറത്തു പറഞ്ഞില്ല. ഒടുവിൽ സംവിധായകനും തിരക്കഥാകൃത്തും കൂടി ഔസേപ്പച്ചന്റെ വീട്ടിലെത്തി. സ്റ്റുഡിയോയിൽ ഇരുന്ന് പാട്ടുകൾ ഒരു വട്ടം കൂടി കേട്ടു. അതിനുശേഷം സംസാരിച്ചത് പക്ഷേ, പാട്ടുകളെക്കുറിച്ചായിരുന്നില്ല; ഔസേപ്പച്ചനെക്കുറിച്ചായിരുന്നു. 'സർ വീണ്ടും ചെറുപ്പം ആയി വരുവാണല്ലോ' എന്ന് സംവിധായകന്റെ കമന്റ്. 

ആ കമന്റിനു പിന്നിലെ അർത്ഥം ഔസേപ്പച്ചന് വെളിപ്പെട്ടത് പിന്നെയും കുറച്ചു മണിക്കൂറുകൾക്കു ശേഷമാണ്. സംവിധായകനും തിരക്കഥാകൃത്തും തൃശൂരിൽ നിന്നു തിരിച്ച് കൊച്ചിയിൽ എത്തിയതിനു പിന്നാലെ, ഔസേപ്പച്ചന് സംവിധായകന്റെ ഫോൺ വിളിയെത്തി. 'സാറെ... നമ്മുടെ പടത്തിൽ ഒന്ന് അഭിനയിക്കണം'! സിനിമയിൽ സംഗീതജ്ഞന്റെ വേഷമൊന്നും ഇല്ലല്ലോ എന്നു സംശയിച്ച ഔസേപ്പച്ചനോട് സംവിധായകൻ കഥയിൽ വഴിത്തിരിവുണ്ടാക്കുന്ന ആ കഥാപാത്രത്തെക്കുറിച്ചു പറഞ്ഞു. അതൊക്കെ എന്നെക്കൊണ്ടു പറ്റുമോ? വീണ്ടും ഔസേപ്പച്ചന് സംശയം! ഒടുവിൽ സംവിധായകൻ പറഞ്ഞു, 'എല്ലാം ശരിയാകും'!! അങ്ങനെയാണ് തന്റെ പാട്ടുജീവിതത്തിലെ ഇരുന്നൂറാമാത്തെ സിനിമയിൽ അഭിനേതാവിന്റെ വേഷം കൂടി ഔസേപ്പച്ചൻ എടുത്തണിഞ്ഞത്. പാട്ടിലെ ഔസേപ്പച്ചൻ മാജിക്, അഭിനയത്തിലും ആവർത്തിച്ചു! എല്ലാം ശരിയാകും എന്ന സിനിമ തിയറ്ററിൽ കണ്ടവർ നായകനെയും നായികയെയും കുറിച്ചു പറയുന്നതിനു മുമ്പെ പറഞ്ഞു, 'നമ്മുടെ ഔസേപ്പച്ചൻ സർ അല്ലേ അത്? കക്ഷി എന്തൊരു ആക്ടിങ്ങാ! തകർത്തു!!!'  

ellam-sheriyakum-scene
‘എല്ലാം ശരിയാകും’ സിനിമയിലെ രംഗം

അരങ്ങേറ്റം ഭരതന്റെ ആരവത്തിൽ

സിനിമ മികച്ച പ്രതികരണം നേടി അടുത്ത വാരത്തിലേക്ക് കുതിക്കുമ്പോൾ തൃശൂരിലെ ഔസേപ്പച്ചന്റെ വീട്ടിലേക്ക് സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ഫോൺവിളികളെത്തുകയാണ്. വിളിക്കുന്നവർക്കെല്ലാം ഒന്നേ പറയാനുള്ളൂ, 'ഞെട്ടിച്ചു കളഞ്ഞല്ലോ സാറേ...!' തേടിയെത്തുന്ന അഭിനന്ദനങ്ങളെ പുഞ്ചിരിയോടെ സ്വീകരിച്ചുകൊണ്ട് ഔസേപ്പച്ചൻ തന്റെ അഭിനയജീവിതത്തെക്കുറിച്ചു പറഞ്ഞു തുടങ്ങി. "ആദ്യമായല്ല ഞാൻ സിനിമയിൽ അഭിനയിക്കുന്നത്. ഞാൻ ആദ്യം പശ്ചാത്തലസംഗീതം നിർവഹിച്ചത് ഭരതന്റെ ആരവത്തിനു വേണ്ടിയായിരുന്നു. അതിൽ ഞാനൊരു വേഷവും അവതരിപ്പിച്ചിട്ടുണ്ട്. ഒരു വയലിനിസ്റ്റിന്റെ! സംഗീതസംവിധായകനായ സിനിമയിൽ തന്നെ അഭിനയിച്ചുകൊണ്ടാണ് എന്റെ തുടക്കം. അതിനുശേഷം പലരും ചോദിക്കും, ഔസേപ്പച്ചാ... സിനിമയിൽ അഭിനയിച്ചു കൂടെ? സത്യത്തിൽ വയലിൻ വായിക്കാൻ തന്നെ സമയം തികയാതിരുന്ന കാലത്താണ് ഈ ചോദ്യം. എനിക്ക് അഭിനയത്തോട് ഒട്ടും താൽപര്യം ഇല്ലാതിരുന്നതുകൊണ്ടു തന്നെ, ഞാൻ സംഗീതത്തിന്റെ വഴിയിലൂടെയാണ് നടന്നത്. സംഗീതസംവിധായകനായി തന്നെ ചില സിനിമകളിൽ അഭിനിയച്ചിട്ടുണ്ട്. അതു ചെയ്യാൻ പ്രശ്നമില്ല. കാരണം, അവിടെ അഭിനയിക്കണ്ടല്ലോ!"

അഭിനയത്തിന്റെ ഔസേപ്പച്ചൻ ടെക്നിക്

സംവിധായകൻ ജിബു ജേക്കബ് അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ ഭാര്യയ്ക്കും മക്കൾക്കും ഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്ന് ഔസേപ്പച്ചൻ. സംഗീതജ്ഞൻ എന്ന രീതിയിൽ തരക്കേടില്ലാത്ത പേര് സമ്പാദിച്ചിട്ടുണ്ട്. അത് ഇനി അഭിനയിച്ചു കുളമാക്കണോ എന്നതായിരുന്നു ഭാര്യയുടെ ചോദ്യം. പക്ഷേ, മറ്റൊരു രീതിയിലായിരുന്നു ഔസേപ്പച്ചന്റെ ചിന്ത. "എനിക്കിപ്പോൾ 66 വയസുണ്ട്. ഇത്രയും പ്രായമുള്ള എന്നെക്കൊണ്ട് അവർ സംഗീതം ചെയ്യിപ്പിച്ചല്ലോ! അവർക്കു വേണമെങ്കിൽ ചെറുപ്പക്കാരെ തേടി പോകാമായിരുന്നു. അവരോട് എനിക്ക് കൃതാർത്ഥതയുണ്ട്. അവർ വളരെ ഗൗരവമായാണ് സിനിമയിലെ വേഷത്തെക്കുറിച്ചു സംസാരിച്ചത്. അതുകൊണ്ട്, ഭാര്യ എതിർത്തെങ്കിലും ഞാൻ അവരോട് സമ്മതിച്ചു," ഔസേപ്പച്ചൻ ഓർത്തെടുത്തു.  

'ഞാൻ മനസ്സിൽ നിന്നാണ് സംസാരിക്കുക. അതിപ്പോൾ റിയാലിറ്റി ഷോ ആയാലും ടോക്ക് ഷോ ആയാലും അഭിമുഖങ്ങൾ ആയാലും മനസ്സിൽ നിന്നു സംസാരിക്കാനേ എനിക്ക് അറിയൂ. അതാണ് എന്റെ ശീലം. ആത്മാവു കൊണ്ടും മനസ്സു കൊണ്ടുമാണ് ഞാൻ സംഗീതം ചെയ്യുന്നത്. അതുകഴിഞ്ഞേ ബുദ്ധി പ്രയോഗിക്കൂ. ആദ്യം ആത്മാവിൽ നിന്നു വരണം. അവിടെ നിന്നാണ് ഭാവങ്ങൾ വരുന്നത്. സംസാരത്തിലും ഇതു തന്നെയാണ് എന്റെ രീതി. പാട്ടു പാടുമ്പോൾ ആ കഥാപാത്രമായാണല്ലോ ഞാൻ പാടുന്നത്. അതുപോലെ ആ വേഷവും ചെയ്തു', ഔസേപ്പച്ചൻ തന്റെ അഭിനയത്തിന്റെ ടെക്നിക് വെളിപ്പെടുത്തി.  

വെറും വില്ലനല്ലെന്ന് അറിഞ്ഞപ്പോൾ

"കൊച്ചിയിൽ വച്ചായിരുന്നു ക്യാമറ ടെസ്റ്റ്. സിനിമയിൽ ഒരു മധ്യസ്ഥ ചർച്ചയുടെ സീനുണ്ട്. അതാണ് അഭിനയിക്കാൻ തന്നത്. അവർ പറഞ്ഞു തന്ന ഡയലോഗ് ഒന്നുമല്ല ഞാൻ പറഞ്ഞത്. എന്റേതായ രീതിയിൽ ഞാൻ അതു മാറ്റിയെടുത്തു. എനിക്ക് സഭാകമ്പമൊന്നുമില്ല. പറയാനുള്ളത് ആരുടെ മുഖത്തു നോക്കിയാണെങ്കിലും ഞാൻ പറയും. ഞാൻ ആ ഡയലോഗ് അതുപോലെയങ്ങ് പറഞ്ഞു. 'റോണീ... മിണ്ടാതിരിക്ക്. ഇവിടെ, ഞങ്ങളുണ്ട് സംസാരിക്കാൻ... മുതിർന്നവർ!' ഡയലോഗ് തീർന്നതും എല്ലാവരും കയ്യടിച്ചു. അതു കഴിഞ്ഞാണ് അടുത്ത ട്വിസ്റ്റ് സംഭവിക്കുന്നത്. സംവിധായകൻ എന്റെ അടുത്തു വന്നു പറഞ്ഞു, സാറെ, സിനിമയിൽ സർ... ഒരു വില്ലൻ കഥാപാത്രത്തെയാണ് അവതരിപ്പിക്കേണ്ടത് എന്ന്! അപ്പോൾ ഞാനൊന്നു ഞെട്ടി. തീർന്നില്ല... വെറും വില്ലൻ കഥാപാത്രമല്ല, ഒരാളെ കുത്തിമലർത്തുന്ന വില്ലനാണെന്നു കൂടി കേട്ടപ്പോൾ ഞാൻ ശരിക്കും വിരണ്ടു പോയി," ചെയ്യേണ്ട കഥാപാത്രത്തിന്റെ റേഞ്ച് കേട്ടപ്പോൾ ഞെട്ടിപ്പോയ കഥ അദ്ദേഹം പങ്കുവച്ചു. 

ക്യാമറ ടെസ്റ്റുണ്ടാക്കിയ പുലിവാല്

ക്യാമറ ടെസ്റ്റ് കയ്യടികളോടെ പൂർത്തിയാക്കിയപ്പോൾ ഔസേപ്പച്ചന് ആത്മവിശ്വാസമായി. അപ്പോഴെടുത്ത വിഡിയോ ക്ലിപ് വാട്ട്സാപ്പ് വഴി സംവിധായകൻ ഔസേപ്പച്ചന് അയച്ചു കൊടുക്കുകയും ചെയ്തു. ഈ വിഡിയോ ഭാര്യയ്ക്ക് കാണിച്ചു കൊടുത്തിട്ട് ഔസേപ്പച്ചൻ ചോദിച്ചു, 'എങ്ങനെയുണ്ട്'? പുഞ്ചിരിയോടെ അവർ പറഞ്ഞു, 'നന്നായിട്ടുണ്ട്'! വീട്ടുകാരുടെ സംശയങ്ങൾ കൂടി മാറിയതോടെ ഔസേപ്പച്ചൻ ഡബിൾ ഹാപ്പി! ആ സന്തോഷം പങ്കിടാൻ പ്രിയ സുഹൃത്തും ആരാധകനും ഗായകനുമായ ചാർളിക്ക് താൻ ഡയലോഗ് പറയുന്ന വിഡിയോ ഔസേപ്പച്ചൻ അയച്ചു കൊടുത്തു. വിഡിയോ മാത്രമേ അയച്ചുള്ളൂ; എന്താണ് സംഭവമെന്നത് സസ്പെൻസ് ആക്കി വച്ചു. ചാർളിയെ ഞെട്ടിക്കാൻ കാത്തിരുന്ന ഔസേപ്പച്ചനെ വെട്ടിലാക്കി ദുബായിൽ നിന്ന് ചാർളിയുടെ ശബ്ദസന്ദേശങ്ങൾ തുരുതുരാ എത്തിക്കൊണ്ടിരുന്നു. ഇത് സിനിമയാണെന്നോ ഔസേപ്പച്ചൻ അഭിനയിക്കുകയാണെന്നോ ചാർളിക്ക് മനസിലായില്ല. വിഡിയോയിൽ അദ്ദേഹം കണ്ടത് എന്തോ പ്രശ്നത്തിന് മധ്യസ്ഥം പറയാൻ ശ്രമിക്കുന്ന ഔസേപ്പച്ചനെ! അതും സ്വതവേയുള്ള സൗമ്യഭാവം വെടിഞ്ഞ് കട്ട കലിപ്പിൽ ഇരുന്നു ഡയലോഗ് കാച്ചുകയാണ് അദ്ദേഹം. ഔസേപ്പച്ചൻ എന്തോ പ്രശ്നത്തിലാണെന്നു തന്നെ ചാർളി ധരിച്ചു. സംഭവം കൈവിട്ടു പോകുമെന്നു തോന്നിയപ്പോൾ ഔസേപ്പച്ചൻ വേഗം ചാർളിയെ വിളിച്ചു കാര്യം പറഞ്ഞു. അല്ലായിരുന്നെങ്കിൽ അടുത്ത ഫ്ലൈറ്റിൽ ചാർളി നാട്ടിലെത്തിയേനേ! എന്തായാലും എന്റെ അഭിനയം ഏറ്റല്ലോ.... പൊട്ടിച്ചിരികളോടെ ഔസേപ്പച്ചൻ പറയുന്നു. 

ellam-sheriyakum-new

ആ രംഗം ഏറെ വേദനിപ്പിച്ചു

സെറ്റിൽ പക്ഷേ, ഔസേപ്പച്ചൻ വിഷമത്തിലായത് മറ്റൊരു സീനിലായിരുന്നു. ചെളിയിൽ വീണു കിടക്കുന്ന ബാലു വർഗീസിനെ കഴുത്തിൽ ചവിട്ടി ഞെരിക്കുന്ന രംഗമുണ്ട് സിനിമയിൽ. പല തവണ ചെയ്തിട്ടും അതു ശരിയായില്ല. "ബാലുവിന്റെ കഴുത്തിൽ ചവിട്ടാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല. എനിക്കത് വളരെ വേദനയുണ്ടാക്കി. ഫൈറ്റ് വേണമെങ്കിൽ സിനിമാറ്റിക് സാധ്യത വച്ചടുക്കാം. പക്ഷേ, ചവിട്ടുന്നത് സിനിമാറ്റിക് അല്ല. കോരിച്ചൊരിയുന്ന മഴയത്താണ് രംഗം ചിത്രീകരിക്കേണ്ടത്. നിന്നാൽ കാലു വഴുക്കുന്ന സ്ഥലമാണ്. ഐസു പോലെയുള്ള വെള്ളമാണ് ദേഹത്ത് വീണുകൊണ്ടിരിക്കുന്നത്. എനിക്ക് ആർത്രൈറ്റിസ് ഉണ്ട്. ഞാൻ ജീവിതത്തിൽ പച്ചവെള്ളത്തിൽ കുളിക്കാത്ത ആളാണ്. എനിക്ക് ശരീരവേദന വരും. വയലിനിസ്റ്റ് ആയതുകൊണ്ട് ശരീരവേദന വന്നാൽ പിന്നെ വയലിൻ വായിക്കാൻ കഴിയില്ല. അതുകൊണ്ട്, ഞാൻ വളരെയേറെ ശ്രദ്ധിക്കാറുണ്ട്. പക്ഷേ, ഷൂട്ടിനു ക്യാമറ റോൾ എന്നു പറയുമ്പോൾ എല്ലാവരും നനയുന്ന കൂട്ടത്തിൽ എനിക്കും നനഞ്ഞേ തീരൂ. 'സാറെ, ചവിട്ടു സാറെ' എന്ന് സംവിധായകൻ വിളിച്ചു പറഞ്ഞു. 'സർ ധൈര്യമായി ചവുട്ടിക്കോ'യെന്ന് ബാലു വർഗീസ്. ഇനി ആ ചവുട്ടിനിടയിൽ ശ്വാസം മുട്ടിയാൽ ഞാൻ സാറിന്റെ കാലിൽ പിടിച്ചോളാമെന്നും ബാലു പറഞ്ഞു. രണ്ടു ടേക്ക് പോയിട്ടും അതു ഓകെ ആയില്ല. ഒടുവിൽ ബാലു എന്നോടു സംസാരിച്ച് എന്നെ സമാധാനപ്പെടുത്തിയെടുത്തു. അങ്ങനെ സീൻ ഓകെ ആയി. അതു കഴിഞ്ഞ ഉടനെ ഞാൻ ബാലുവിനെ കെട്ടിപ്പിടിച്ച് സോറി പറഞ്ഞു," ഷൂട്ടിനിടയിലെ മറക്കാനാവാത്ത നിമിഷം ഔസേപ്പച്ചൻ പങ്കുവച്ചു. 

സാറെ, ആ ജുബ്ബ ഇനി കളയണ്ട

സിനിമ റിലീസായതോടെ നിറയെ അഭിനന്ദനങ്ങളാണ് തേടിവരുന്നത്. പലർക്കും വലിയ സർപ്രൈസ് ആയിരുന്നു. തിയറ്ററിൽ ഷോ കണ്ടിറങ്ങിയപ്പോൾ തന്നെ കാണികളിൽ പലരും നേരിട്ടു വന്ന് അക്കാര്യം പങ്കുവച്ചു. ചില സംവിധായകർ വിളിച്ചിട്ടു പറഞ്ഞു, 'സാറെ, ആ ജുബ്ബ ഇനി കളയണ്ട. നമുക്ക് ഇനിയും ആവശ്യം വരും!' പൊട്ടിച്ചിരിയോടെ ഔസേപ്പച്ചൻ പറയുന്നു. അഭിനയത്തെ ആദ്യം എതിർത്ത ഭാര്യയും മക്കളും കട്ട സപ്പോർട്ട് പ്രഖ്യാപിച്ച് കഴിഞ്ഞു. തിരക്കഥാകൃത്ത് രൺജി പണിക്കരും സംവിധായകൻ ജോണി ആന്റണിയും തകർത്താടുന്ന അഭിനയരംഗത്തേക്ക് ആത്മവിശ്വാസത്തോടെ ചുവടു വയ്ക്കാൻ സംഗീതസംവിധായകൻ ഔസേപ്പച്ചന് ഇതിലും മികച്ചൊരു ഓപ്പണിങ് കിട്ടാനില്ലല്ലോ!  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA