ADVERTISEMENT

ഈ ജാതിക്കാ തോട്ടം... എജ്ജാതി നിന്റെ പാട്ട്!!! ജസ്റ്റിൻ വർഗീസെന്ന പുതിയകാലത്തിന്റെ സംഗീത സംവിധായകനെ മുന്നിൽ കിട്ടിയാൽ ആദ്യം ഇങ്ങനെയങ്ങ് പാടിപ്പോകും. ജാതിക്കയുടെ ചെറിയ പുളിയും മധുരവുമുള്ള ഈണങ്ങളുമായി മലയാളി മനസ്സിലേക്ക് കയറിപ്പറ്റിയ ഈ അങ്കമാലിക്കാരൻ ചെയ്യുന്ന പാട്ടുകളൊക്കെ ഒരു ജ്ജാതി പൊളിയാണിഷ്ടാ!! കക്ഷിയുടെ അടുത്ത സിനിമ ‘മ്യാവൂ’വിലെ ഹിജാബി പാട്ടും ഹിറ്റ് ചാർട്ടിലെത്തിക്കഴിഞ്ഞു. പേരുപോലെ തന്നെ ഈ സിനിമയുടെ സംഗീതത്തിനും ഒരുപാട് പ്രത്യേകതകളുണ്ടെന്ന് ജസ്റ്റിൻ പറയുന്നു. സംവിധായകൻ ലാൽ ജോസിനൊപ്പം ഭാരതപ്പുഴയുടെ തീരത്തിരുന്നു ഈണമിട്ട ‘മ്യാവു’വിലെ ഗാനങ്ങളെക്കുറിച്ച്, അനുഭവങ്ങളെക്കുറിച്ച് മനോരമ ഓൺലൈനിലൂടെ പങ്കുവച്ച് ജസ്റ്റിൻ വർഗീസ്.. 

 

‘മികച്ച സംവിധായകരുടെ ഒപ്പം ജോലി ചെയ്യാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ സന്തോഷം. ലാൽ ജോസ് സാറിന്റെ സിനിമ ആയതിനാൽ തുടക്കത്തിൽ നല്ല ടെൻഷൻ ഉണ്ടായിരുന്നു. കാരണം സാറിന്റെ സിനിമകളിലെ ഗാനങ്ങളെല്ലാം തന്നെ ഹിറ്റുകളാണ്. എന്നാൽ ആ ആശങ്കകളൊക്കെ വെറുതായിയരുന്നു, അദ്ദേഹം നമ്മളെ ഏറ്റവും കംഫർട്ട് ആക്കാൻ ശ്രമിക്കും. ഇൗ സിനിമയുടെ വർക്കിനായി അദ്ദേഹം എന്നെ വീട്ടിൽ കൊണ്ടുപോയി, കൂടുതൽ അടുത്തറിയാൻ സാധിച്ചു. ഞങ്ങളൊരുമിച്ച് ഭാരതപ്പുഴയുടെ തീരത്തൊക്കെ ഇരുന്ന് വളരെ സമാധാനത്തോടെ ചിട്ടപ്പെടുത്തി എടുത്തതാണ് ചിത്രത്തിെല ഗാനങ്ങളെല്ലാം.’–ജസ്റ്റിൻ പറഞ്ഞുതുടങ്ങുന്നു...

 

 

‘മ്യാവൂ’വിലേക്ക് 

 

 

നിർമാതാവ് വിനോദ് വഴിയാണ് ഇൗ സിനിമയിലെത്തുന്നത്. അദ്ദേഹം നിർമാതാവാകുന്ന മറ്റൊരു സിനിമയിലേക്കുള്ള ഗാനങ്ങൾ ചിട്ടപ്പെടുത്തിയത് ഞാനാണ്. ആ സിനിമയിലെ ഗാനങ്ങൾ അദ്ദേഹം ലാൽ ജോസിനെ കേൾപ്പിച്ചു. ആ പാട്ടുകൾ അദ്ദേഹത്തിന് ഇഷ്ടമായി. അങ്ങനെയാണ് വിനോദേട്ടൻ വിളിച്ച്, ലാൽജോസ് സാറിന്റെ സിനിമയിൽ സംഗീതം സംവിധാനം ചെയ്യാൻ താൽപ്പര്യമുണ്ടോ എന്ന് ചോദിക്കുന്നത്. ഇക്കാര്യത്തിൽ  രണ്ടാമതൊന്ന് ആലോചിക്കേണ്ടത് പോലും എനിക്കില്ലായിരുന്നു.

 

 

ഗാനരചയിതാവും കൂട്ടുകാരൻ

 

 

തണ്ണീർ മത്തൻ ദിനങ്ങളുടെ സമയത്താണ് സുഹൈൽ കോയയുമായി പരിചയത്തിലാകുന്നത്. വരികൾ കിട്ടിയതിന് ശേഷം പാട്ടുകൾ ചിട്ടപ്പെടുത്തുന്നതാണ് കൂടുതൽ കംഫർട്ട്. തണ്ണീർ മത്തനിലെ വരികൾ കേട്ടപ്പോഴെ സുഹൈലുമായി വളരെ സിങ്ക് ആയി. പിന്നെ നമുക്ക് പറ്റുന്ന ഒരു സൗഹൃദവും. ഇൗ സിനിമയുടെ കാര്യം വന്നപ്പോളും ഞാനും സുഹൈലും കൂടിയിരുന്നാൽ ഒാക്കെ ആകുമെന്ന് തോന്നി. ഏതെങ്കിലും വരികളോ സംഗീതമോ മാറ്റണമെന്ന് തോന്നിയാലും അപ്പോൾ ഞങ്ങൾ മാറ്റും. രണ്ടുപേർക്കും പരസ്പരം മനസിലാക്കാൻ സാധിച്ചുകൊണ്ട് കുറച്ചുകൂടി എളുപ്പമായിരുന്നു. സിനിമയുടെ പ്രമേയം ലാൽ സാർ പറഞ്ഞപ്പോൾ ആദ്യം വരികൾ സുഹൈൽ തന്നു. പിന്നീട് ഞാൻ സംഗീതം ചെയ്തു. ആദ്യം കേൾപ്പിച്ചപ്പോൾ തന്നെ സാറിന് ഇഷ്ടമായി,  നന്നായിട്ടുണ്ട് എന്നായിരുന്നു പ്രതികരണം.

 

 

ആദ്യപാട്ടിന്റെ പ്രതികരണം

 

 

‘ഹിജാബി’ ഗാനത്തിന് നല്ല പ്രതികരണമാണ് ലഭിക്കുന്നത്. വിനീത് ശ്രീനിവാസൻ, സംവിധായകൻ എബ്രിഡ് ഷൈൻ തുടങ്ങിയവരൊക്കെ വിളിച്ച് അഭിനന്ദിച്ചു. എല്ലാവരുടെയും സഹകരണം കൊണ്ട് മാത്രമാണ് നല്ല പാട്ടുകൾ ചിട്ടപ്പെടുത്താൻ സാധിക്കുന്നത്.

 

 

മൂന്ന് പാട്ടുകൾ

 

 

മൂന്ന് പാട്ടുകളാണ് പ്രധാനമായും ‘മ്യാവൂ’ സിനിമയിൽ ഉള്ളത്. കുടുംബബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഒരു ഗാനം,ഇമോഷനലായുള്ള മറ്റൊന്നും പിന്നെ ഹിജാബിയും. ഗാനരചയിതാവുമായുള്ള കെമിസ്ട്രിയിൽ നിന്നാണ് നല്ല പാട്ടുകൾ ഉടലെടുക്കുന്നത്. നല്ലവരികൾ കേൾക്കുമ്പോൾ മനസ്സ് അറിയാതെ തന്നെ ഉണരും.  കടുത്ത വിദ്യാസാഗർ ആരാധാകനാണ് ഞാൻ. ലാൽ ജോസ് സാറിന്റെ പാട്ടുകളിൽ മിക്കതിലും വിദ്യാസാറിന്റെ സംഗീതമുണ്ട്. എന്റെയൊക്കെ കൗമാരകാലങ്ങളിലൊക്ക മനസ്സിനെ ഒത്തിരി സന്തോഷിപ്പിച്ച ഗാനങ്ങളായിരുന്നു മീശമാധവനിലെ കരിമിഴിക്കുരുവിയൊക്കെ. കാലങ്ങളോളം ഫോണിന്റെ റിങ്ങ്ടോൺ വരെ അതായിരുന്നു. അതേ ആളിന്റെ സിനിമയിലെ ഗാനം ഞാൻ സംവിധാനം ചെയ്യുന്നു എന്നറിഞ്ഞപ്പോളുണ്ടായ സന്തോഷം വിവരിക്കാനാകുന്നില്ല. ഗാനങ്ങൾ ചിട്ടപ്പെടുത്തുമ്പോൾ എവിടെയെങ്കിലും ഒരു തടസ്സം വരികയാണെങ്കിൽ ലാൽ സാർ പറയും"എന്റെ സിനിമകളിലെ പാട്ട് പോലെ തന്നെ വേണം എന്ന് നീ ചിന്തിക്കണ്ട ,നീ നിന്റെ പാട്ട് ചെയ്യൂ’ എന്ന്. അത്രമാത്രം പിന്തുണ സർ തന്നിരുന്നു.

 

ഇതൊക്കെയാണെങ്കിലും വർക്കിൽ എന്തെങ്കിലും ബുദ്ധിമുട്ടു വരുമ്പോൾ ലാൽജോസ്-വിദ്യാസാഗർ കൂട്ടുകെട്ടിലെ പാട്ടുകൾ ഞാൻ കേൾക്കും. അപ്പോൾ ഒരു പ്രത്യേക ഉൗർജ്ജം ലഭിക്കും. അങ്ങനെ വീണ്ടും ഇരിക്കും. പിന്നെ നമ്മുടെ പാട്ട് ചെയ്യും. സാറിന്റെ മുൻസിനിമകളിലെ പാട്ടുകളൊക്കെ എനിക്ക് എപ്പോഴും ഒരു പ്രചോദനമായിരുന്നു

 

 

സംഗീതം പഠിച്ചിട്ടില്ല

 

 

പള്ളിയിലെ ക്വയറിൽ കീബോർഡ് വായിക്കുമായിരുന്നു. ചിലപ്പോൾ മാത്രം ഭക്തിഗാനങ്ങൾ അല്ലെങ്കിൽ ചില പൈങ്കിളി പാട്ടുകൾ ചിട്ടപ്പെടുത്തുമായിരുന്നു. അത്രമാത്രം. അതിനപ്പുറം ഒരു സംഗീതസംവിധാനത്തിലേക്ക് കടക്കുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ശബ്ദം ,സംഗീതം തുടങ്ങിയ ഇഷ്ടങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് സൗണ്ട് എൻജിനീയറിങ്ങാണ് പഠിച്ചത്. അങ്ങനെയാണ് സംഗീതത്തിനോടെക്കെ കൂടുതൽ താൽപര്യം വന്നുതുടങ്ങിയത്. പിന്നെ ബിജിപാൽ ചേട്ടന്റെ കൂടെ കൂടി. അങ്ങനെ ഇവിടെവരെയെത്തി.

 

 

സെമിനാരിയിൽ നിന്നും കിട്ടിയ കർണ്ണാട്ടിക്ക് സംഗീതം

 

 

പ്ലസ്ടു കഴിഞ്ഞ് കുറച്ചുനാൾ സെമിനാരിയിൽ പോയിരുന്നു. അവിടെ നമ്മളെ നിർബന്ധമായും ഏതെങ്കിലുമൊക്കെ സംഗീതം പഠിപ്പിക്കുമായിരുന്നു. അങ്ങനെ കർണ്ണാടക സംഗീതത്തിന്റെ കുറച്ച് പാഠങ്ങൾ അവിടെ നിന്നും പഠിച്ചു. പിന്നീട് എനിക്ക് അതിലേക്കുള്ള കൂടുതൽ അറിവ് നൽകിയത് എൻറെ സുഹൃത്തുക്കളായിരുന്നു. അവർ വഴിയാണ് കൂടുതൽ സംഗീതം പഠിക്കാൻ സാധിച്ചത്.

 

 

ബിജിബാലിലേക്ക്

 

 

സംഗീതസംവിധായകൻ അഫ്സൽ യൂസഫ് വഴിയാണ് ബിജിച്ചേട്ടനിലേക്ക് എത്തുന്നത്, ഞാൻ ചെയ്ത കുറച്ചു പാട്ടുകൾ അദ്ദേഹം ചേട്ടനെ കേൾപ്പിച്ചു. അങ്ങനെ 2009-ൽ ലൗഡ് സ്പീക്കർ എന്ന സിനിമയിൽ ബിജിച്ചേട്ടന്റെ അസിസ്റ്റന്റായി തുടങ്ങി. ഇന്ന് ഇവിടെവരെ എത്തിയിട്ടുണ്ടെങ്കിൽ അതിൽ ഏറ്റവും കൂടുൽ ഞാൻ കടപ്പെടുന്നത് ബിജിച്ചേട്ടനോടാണ്. അദ്ദേഹം മുൻപ് ഉപയോഗിച്ചിരുന്ന സ്റ്റുഡിയോ തന്നെ എനിക്ക് മുഴുവനായി വിട്ടുതന്നു, നീ ഇവിടെയിരുന്ന് ചെയ്തോളൂ എന്ന് പറഞ്ഞ്. അതിനപ്പുറം എന്താണ് വേണ്ടത്... പിന്നെ കൂടെയുണ്ടായിരുന്ന എല്ലാവരോടും. അവർ ഇല്ലെങ്കിൽ ഞാനുമില്ല.

 

ബിജിച്ചേട്ടനെ ഞാൻ ചെയ്ത പാട്ടുകൾ കേൾപ്പിക്കാൻ എനിക്ക് പേടിയാണ്.  ഇൗ സിനിമയ്ക്കായി ചെയ്ത പാട്ടുകൾ ഞാൻ കേൾപ്പിച്ചിരുന്നില്ല, എന്നാൽ ലാൽ ജോസ് സാർ ബിജിച്ചേട്ടനെ എല്ലാപാട്ടുകളും കേൾപ്പിച്ചു. ‘നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. ആ അഭിനന്ദനം തന്നെ വലുതാണ് എനിക്ക്.

 

 

ജോജി, തണ്ണീർമത്തൻ എല്ലാത്തിലും പുതുമകൾ

 

 

വ്യത്യസ്തമായ സംഗീതം ചെയ്യാനാണ് താൽപര്യം. എല്ലാവിധത്തിലുമുള്ള നിമിഷങ്ങളെ കോർത്തിണക്കണമെന്നാണ് ആഗ്രഹം.ഇനി പുറത്തിറങ്ങാനുള്ള ‘അജഗജാന്തരം’ എന്ന ചിത്രത്തിൽ മറ്റൊരു രീതിയിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

 

 

 

ഹിറ്റ് വേണമെന്ന് സംവിധാകർ ആവശ്യപ്പെടാറുണ്ടോ?

 

 

 

തണ്ണീർമത്തൻ ദിനങ്ങളിലെ നിർമാതാവ് പറഞ്ഞിരുന്നു, ‘ജസ്റ്റിൻ നമ്മുടെ ഒരു ചെറിയ പടമാണ്. അതുകൊണ്ട് ആദ്യപാട്ട് തന്നെ ഹിറ്റ് ആക്കിത്തരണം. കൂടുതൽ പരസ്യപരിപാടികളൊന്നുമില്ല നമുക്ക്. പാട്ട് ഹിറ്റായിട്ടു വേണം ആളുകൾ നമ്മുടെ ചിത്രത്തെ ശ്രദ്ധിക്കാൻ’. അപ്പോൾ ഞാൻ ചെറുതായി സമ്മർദ്ദത്തിലായി. എങ്കിലും നന്നായിതന്നെ ചെയ്തു. ജാതിക്കാത്തോട്ടം എന്ന ഗാനം ആളുകൾ ഏറ്റെടുത്തു. എല്ലാപാട്ടുകളും അതുപോലെ തന്നെ വിജയിക്കണമെന്നാണ് ആഗ്രഹം. എന്നാൽ എപ്പോഴും അങ്ങനെയാകണമെന്നില്ല. ആളുകൾക്ക് എങ്ങനെയാണ് ഇഷ്ടമാകുന്നതെന്ന് മുൻകൂട്ടി നിശ്ചയിക്കാൻ സാധിക്കില്ലല്ലോ. പിന്നെ ഞാൻ ചെയ്ത എല്ലാ ചിത്രത്തിലും നല്ല ഒരു ടീമിനെകിട്ടി എന്നതാണ് എന്റെ സന്തോഷം. 

 

 

 

പശ്ചാത്തലസംഗീതമാണോ പാട്ടുകളാണോ കൂടുതലിഷ്ടം?

 

 

 

രണ്ടിനും രണ്ടുതരത്തിലുള്ള പരിശ്രമമാണ് വേണ്ടത്. എനിക്ക് കൂടുതൽ ആത്മവിശ്വാസം കിട്ടുന്നത് പശ്ചാത്തലസംഗീതം ചെയ്യുമ്പോഴാണ്. ഏകദേശം എൺപത്തിയഞ്ചോളം ചിത്രങ്ങളിൽ ബിജിച്ചേട്ടനൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. സിനിമയിലെ ഒരു രംഗം പശ്ചാത്തലസംഗീതത്താൽ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പഠിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആത്മവിശ്വാസം കുറച്ചു കൂടുതലുണ്ട്. 

 

പാട്ടുകൾ ചെയ്യുന്നതാണ് രസകരം. എന്നാൽ കുറച്ച് പേടിയുമുണ്ട്. ഒരു പാട്ട് ചെയ്യുമ്പോൾ അത് വിജയിക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുക. ഹിറ്റായില്ലെങ്കിൽ വിഷമമാകും. പശ്ചാത്തലമെന്നാൽ ഒരു രംഗത്തെ സംഗീതമുപയോഗിച്ച് പിൻതാങ്ങുക എന്നതാണ്. കൂടുതൽ പരിശ്രമം വേണ്ടി വരുന്നതും പശ്ചാത്തലസംഗീതം ഒരുക്കാനാകും. പാട്ടുകൾ ചിട്ടപ്പെടുത്തുമ്പോൾ കൂടുതൽ വേണ്ടത് ക്രിയാത്മകതയാണ്. കാരണം ആളുകളുമായി ഇടപെടാൻ എളുപ്പം കഴിയുന്നത് പാട്ടിലൂടെയാണ്.

 

 

 

മ്യാവൂവിന് എത്രനാൾ എടുത്തു?

 

 

 

അതോർക്കുമ്പോൾ ചിരി വരും.  ‘ഒരു കൊച്ചിനെ പ്രസവിക്കാൻ പത്തുമാസം എടുക്കുന്നതുപോലെയാണ്’ ഞാൻ ഒരു പാട്ടുചെയ്യുന്നതെന്ന് ലാൽ ജോസ് സർ കളിയാക്കി പറയുമായിരുന്നു.  ഒരു പാട്ട് കേൾപ്പിച്ച ശേഷം സാറിന് ഒാക്കെ ആണെങ്കിലും ഞാൻ ഒന്നുകൂടി ചോദിക്കും സാർ ഇത് മതിയോ ഒന്നുകൂടി ചെയ്യണോ എന്ന്, അപ്പോൾ സാറിന്റെ പതിവ് ശൈലിയിൽ പറയും ‘നീ ഈ സംശയരോഗം ഒന്നു നിർത്തെന്ന്.’

 

 

 

സ്വതന്ത്രസംഗീത ആൽബങ്ങൾ 

 

 

 

ഇതുവരെ ഒന്നും ചെയ്തിട്ടില്ല. എല്ലാം സിനിമയിൽ തന്നെയാണ് ചെയ്തത്. ഒരുപാടിഷ്ടമാണ് സ്വതന്ത്രമായി ചെയ്യാൻ. ഭാവിയിൽ ഒരു യൂട്യൂബ് ചാനൽ തുടങ്ങി പാട്ടുകൾ ചെയ്യാൻ ആഗ്രഹമുണ്ട്്. 

 

 

 

പുതിയ ചിത്രങ്ങൾ

 

 

 

അജഗജാന്തരം, മ്യാവൂ എന്നിവയാണ് പൂർത്തിയായ സിനിമകൾ. അജഗജന്തരത്തിൽ ഫോക്സ് ഗാനങ്ങൾ റീമിക്സ് ചെയ്താണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. സൂപ്പർ ശരണ്യ, വോയിസ് ഒാഫ് സത്യനാഥൻ, ഒരു പോലീസുകാരന്റെ മരണം, വിശുദ്ധ മെജോ, ഒരു തെക്കൻ തല്ല്കേസ്, കാപ്പ എന്നിവയാണ് ഏറ്റെടുത്തിരിക്കുന്ന മറ്റ് ചിത്രങ്ങൾ.

 

 

 

കുടുംബം

 

 

 

അങ്കമാലിയാണ് സ്വദേശം. ഇപ്പോൾ എറണാകുളത്താണ്. അച്ഛൻ വർഗ്ഗീസ് ഇപ്പോൾ ജീവിച്ചിരിക്കുന്നില്ല, അമ്മ മേരി, ഭാര്യ മീര, മകൾ നാലുവയസ്സുകാരി തൻവി, സഹോദരൻ, ഭാര്യ, കുട്ടികൾ എന്നിവർ അടങ്ങുന്നതാണ് കുടുംബം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com