‘പാട്ടെഴുത്തുകാർ ഇപ്പോൾ തടവറയിൽ’

sreekumaran-thampi-interview
SHARE

ശ്രീകുമാരൻ തമ്പിയുമായുള്ള അഭിമുഖത്തിന്റെ അവസാനഭാഗം 

ഒരിക്കൽ സാർ പറഞ്ഞിട്ടുണ്ട്, എന്റെ താളം ഒരു സംഗീതസംവിധായകനും തിരുത്താൻ പറ്റില്ല. തിരുത്തേണ്ട ആവശ്യം വരാറില്ല. എന്നു മാത്രമല്ല, എന്റെ സ്വന്തം താളത്തിൽ ഞാൻ പാട്ടെഴുതാറുണ്ട്. അങ്ങന എഴുതിയൊരു പാട്ടാണ്, അർജുനൻ മാഷ് ഈമണിട്ട ‘നിൻ മണിയറയിലെ...’. അതിനു സാറിന്റേതായുള്ള ഒരു താളമാണ്. 

ഇപ്പോഴത്തെ ഗാനരചയിതാക്കളിൽ ഏറ്റവും കൂടുതൽ ഞാൻ അംഗീകരിക്കുന്ന റഫീക്ക് അഹമ്മദ് ഒരിക്കൽ ചോദിച്ചു: ‘സർ ഈ നിൻ മണിയറയിലെ എന്ന ഗാനം ഏതു വൃത്തത്തിലാണ് എഴുതിയിരിക്കുന്നത്?’. ഞാൻ വൃത്തങ്ങൾ ഉണ്ടാക്കുകയാണ്. അത് എന്നിലെ സംഗീതമാണ്. ഓരോ പാട്ടും ഞാൻ പാടിയാണ് എഴുതുന്നത്. എന്റെ പാട്ടിലൂടെ ഒരു പുതിയ വൃത്തം ഉണ്ടാവുകയാണ്. അതിനു പേരൊന്നുമില്ല. അതുകൊണ്ടാണ് എന്റെ പാട്ടുകൾക്ക് താളത്തിൽപ്പോലും വ്യത്യസ്തത വരുന്നത്. അതേ സമയം, ഞാൻ വൃത്തത്തിൽ എഴുതിയ പാട്ടുകളുമുണ്ട്. മാകന്ദമഞ്ജരി എന്നൊരു വൃത്തമുണ്ട്. മഹാകവി വള്ളത്തോൾ ‘മഗ്ദലനമറിയം’ എഴുതിയിരിക്കുന്നത് ഈ വൃത്തത്തിലാണ്. മഞ്ജരിയിൽനിന്നു കുറച്ചു വ്യത്യാസമേയുള്ളൂ. ‘കാവ്യവൃത്തങ്ങളിലോമനേ നീ നവമാകന്ദമഞ്ജരിയായിരിക്കും...’ എന്ന് ‘താരകരൂപിണി...’ എന്ന ഗാനത്തിൽ ഞാൻ എഴുതിയിട്ടുള്ളത് അങ്ങനെയാണ്. 

ഭാഷയോടുള്ള വ്യാകരണപരമായ ബന്ധം മാത്രമല്ല. മലയാളഭാഷയെക്കുറിച്ചും കേരളത്തെക്കുറിച്ചും ഓർക്കുമ്പോൾ നമ്മൾ ആദ്യം ഓർക്കുന്ന രണ്ടു ഗാനങ്ങൾ സാറിന്റേതാണ്. ‘കേരളം കേരളം കേളികൊട്ടുയരുന്ന കേരളം...’ എന്ന പാട്ടും ‘മലയാളഭാഷതൻ മാദകഭംഗി...’ എന്ന പാട്ടും. 

‘മലയാളിപ്പെണ്ണേ നിന്റെ മനസ്സ് മലർമേഖത്തിരനീന്തും നഭസ്സ്...’ എന്നും ഞാൻ എഴുതിയിട്ടുണ്ട്. ‘മലരമ്പനെഴുതിയ മലയാളകവിതേ മാലേയക്കുളിർതാവും മായാശിൽപമേ...’–കാമദേവൻ എഴുതിയ കവിതയാണ് മലയാളിപ്പെണ്ണ് എന്നൊക്കെ എഴുതി എങ്ങനെയൊക്കെ മലയാളത്തെ ഉയർത്താമോ അതൊക്കെ ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ സ്ഥാനം എന്റെ പാട്ടുകളിലൂടെ..., ഞാൻ മരിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞാലും മലയാളഭാഷ എന്താണ്, അതിന്റെ പ്രത്യേകത എന്താണ് എന്നൊക്കെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ഭാഷയ്ക്കുവേണ്ടി ചെയ്ത ഈ സംഭാവനകളുടെ മറുവശം ചോദിക്കട്ടെ. ഭാഷയ്ക്കുവേണ്ടി പാട്ടിൽ വിട്ടുവീഴ്ചകൾ ചെയ്യേണ്ടിവന്നിട്ടുണ്ടോ? അതായത് ഭാഷയെ ഒന്നു മാറ്റിനിർത്തണണെന്ന് ആരെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകുമോ? 

തീർച്ചയായും ഉണ്ടല്ലോ. നിലവാരമുള്ള പാട്ടുകൾ എഴുതണമെന്ന മനോഭാവത്തിൽ എഴുതിയപ്പോഴാണല്ലോ ആദ്യ സിനിമയായ ‘കാട്ടുമല്ലിക’യിൽത്തന്നെ പി.സുബ്രഹ്മണ്യം ഓരോ പാട്ടുകളും മാറ്റിച്ചത്? ഇത്രയും നിലവാരം വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. നിദ്രാവിഹീന, നിശീഥി എന്നൊക്കെ പറഞ്ഞാൽ ആർക്കും മനസ്സിലാവില്ല. കാട്ടുജാതിക്കാർക്ക് അതു പറ്റുകയുമില്ല. ‘അമ്മായിയപ്പനു പണമുണ്ടെങ്കിൽ സംബന്ധം പരമാനന്ദം... അമ്മായിയപ്പൻ പെഴയാണെങ്കിൽ സംബന്ധം അസംബന്ധം...’–ഇതു ഭാസ്കരൻ മാഷ് എഴുതിയതാണ്. ഭാസ്കരൻ മാഷിന് ഇങ്ങനെ എഴുതാമെങ്കിൽ എനിക്ക് എന്തുകൊണ്ട് എഴുതിക്കൂടാ എന്നു ചിന്തിച്ച ചില അവസരങ്ങളുണ്ട്. ‘പൈനാപ്പിൾ പോലൊരു പെണ്ണ്, പാൽപായസം പോലൊരു പെണ്ണ്, പഞ്ചാരച്ചിരികൊണ്ട് പഞ്ചായത്താകെ പലിശയ്ക്കു വാങ്ങിയ പെണ്ണ്...’ എന്നൊക്കെ എഴുതിയപ്പോഴും അക്ഷരപ്രാസം ഞാൻ കൊണ്ടുവന്നിട്ടുണ്ട്. അങ്ങനെ ‘പ’ വന്നപ്പോഴാണ് ആ പാട്ട് ഹിറ്റായത്. പലപ്പോഴും എന്തുകൊണ്ടാണ് എന്റെ പാട്ടുകൾ ഇത്രയും ഹിറ്റാകുന്നതെന്ന് അസൂയയോടെ ചോദിക്കുന്നവരോടു ഞാൻ പറയുന്ന ഉത്തരം ഇതാണ്. ‘ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു, ഇന്ദ്രിയങ്ങളിലതു പടരുന്നു...’ എന്ന ഗാനത്തിൽ ‘പകൽക്കിനാവിൻ പനിനീർമഴയിൽ പണ്ടു നിൻ മുഖം പകർന്ന ഗന്ധം...’ എന്നിങ്ങനെ ‘പ’ ടകടകെ എന്നു വന്നുവീഴുമ്പോൾ അക്ഷരങ്ങളുടെ ഒരു താളം വരും. അക്ഷരങ്ങളുടെ താളവും സംഗീതത്തിന്റെ താളവും ലയിച്ച് ആസ്വാദകന്റെ മനസ്സിലേക്കു കയറുമ്പോൾ അതവിടെ ഉറയ്ക്കും. ‘വൈക്കത്തഷ്ടമി നാളിൽ ഞാനൊരു വഞ്ചിക്കാരിയെ കണ്ടു... വാകപ്പൂരച്ചോട്ടിൽ നിന്നപ്പോൾ വളകിലുക്കം കേട്ടു...’ എന്നാണ് എഴുതിയത്. ‘വൈക്കത്തഷ്ടമിനാളിൽ ഞാനൊരു തോണിക്കാരിയെ കണ്ടു...’ എന്നെഴുതിയാൽ ഈ സുഖം വരില്ല. ഇങ്ങനെ അക്ഷരങ്ങളുടെ താളം ഞാൻ സൃഷ്ടിക്കുന്നതല്ല, എനിക്കു വരുന്നതാണ്. അതങ്ങനയേ വരികയുമുള്ളൂ. ‘ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം... നിൻ ചിരിയിലലിയുന്നെൻ ജീവരാഗം...’ എന്ന പാട്ടിൽ ‘അം’ എന്നു രണ്ടു വരികളും അവസാനിക്കുന്നു. എന്റെ മകൾ കവിതയുടെ മകൾ വരദ ഒന്നാന്തരമായി ഇംഗ്ലിഷിൽ കവിതയെഴുതും. അദ്ഭുതമെന്തെന്നാൽ, അവളുടെ എല്ലാ കവിതകളും അന്ത്യപ്രാസമാണ് എന്നതാണ്. 

എനിക്കു തോന്നുന്നത് മലയാളത്തിൽത്തന്നെ ‘ത്ത്’ എന്നവസാനിക്കുന്ന അന്ത്യപ്രാസം എഴുതിയതു സാറാണ്. ‘ചന്ദ്രക്കല മാനത്ത് ചന്ദനനദി താഴത്ത്...’ എന്ന ഗാനത്തിൽ... 

ഞാൻ സംവിധാനം ചെയ്ത ‘തിരുവോണം’ എന്ന സിനിമ. കമൽ ഹാസനും പ്രേംനസീറും ഒന്നിച്ച് അഭിനയിച്ച ഏക സിനിമയാണത്. അതിൽ ‘താരം തുടിച്ചു, നീലവാനം ചിരിച്ചു, മേലേ മേലേ... മേലേ മേലേ... ഭൂമി കോരിത്തരിച്ചു, നിഴലാടിത്തിമിർത്തു, താഴെ താഴെ... താഴെ താഴെ...’ എന്നെഴുതിയിട്ടുണ്ട്. ഇതും അർജുനൻ മാസ്റ്ററുടെ ഗാനമാണ്. 

സാറിന്റെ ഗുരുവായ ഭാസ്കരൻ മാഷുടെ പേരിൽ സാറിന്റെ പാട്ടുകൾ അധികം അറിയപ്പെടുന്നില്ല. പക്ഷേ, വയലാറിന്റെ പേരിൽ ഒരുപാടു പാട്ടുകൾ അങ്ങനെയുണ്ട്. സർ കുറേ പഠിച്ചശേഷം അതിനു കണ്ടുപിടിച്ച ഒരു കാരണം ദേവരാജൻ മാഷുടെ സംഗീതത്തിന്റെ സാമ്യമാണെന്നാണ്. 

അതെ. ദേവരാജൻ മാഷിന്റെ കൂടെ ഞാൻ ചെയ്ത പാട്ടുകളാണ് പലതും വയലാറിന്റേതായി അറിയപ്പെടുന്നത്. അതിന്റെ കാരണം, ദേവരാജൻ മാഷിന്റെ ഇൻട്രൊഡക്ടറി മ്യൂസിക് കേൾക്കുമ്പോൾത്തന്നെ ഇതു മാഷാണെന്നു മനസ്സിലാകും. അതുപോലെ വ്യക്തിത്വമുള്ളൊരു സംഗീതസംവിധായകൻ വേറെയില്ല. ഈ മ്യൂസിക് തുടങ്ങുമ്പോഴേ ആസ്വാദകർ പാട്ടു തിരിച്ചറിഞ്ഞിട്ടു പറയും–‘ഇതു വയലാർ’. ദേവരാജൻ മാഷാണെങ്കിൽ വയലാർ ആണെന്നാണ് വയ്പ്. മലയാളികൾക്കു വയലാറിനോടുള്ള അഭിനിവേശം വളരെ വലുതാണ്. നല്ല പാട്ടാണോ അതു വയലാർ എഴുതിയതായിരിക്കും. അത്രമാത്രം വിശ്വാസമാണ്. മഹാഭാഗ്യവാനാണു വയലാർ. 

സാറിന്റെ ‘ഇലഞ്ഞിപ്പൂമണം...’ എന്ന പാട്ടു കേട്ടിട്ട് ഒരു ജർമൻ യുവതി മലയാളം പഠിക്കുകയും അവരുടെ ശരീരത്തിൽ ഇലഞ്ഞി എന്ന വാക്ക് പച്ചകുത്തുകയും ചെയ്തതായൊരു സംഭവമുണ്ട്. മലയാളികൾ മാത്രമല്ല, മലയാളഭാഷയെ സ്നേഹിച്ച് ഇങ്ങോട്ടു വരുന്ന വിദേശികളും പാട്ടിനെ സ്നേഹിക്കുന്നു. 

ജെന്നിഫർ നൗഷ് എന്നാണ് അവരുടെ പേര്. അവർ തിരുവനന്തപുരത്തു ജർമൻ ഭാഷ പഠിപ്പിക്കാൻ വന്നതാണ്. അവരോടു ഞാൻ ചോദിച്ചു, എന്താണ് ഈ പാട്ടിന്റെ പ്രത്യേകതയെന്ന്. ‘അതൊരു ഇന്ദ്രജാലമാണ്’ എന്നായിരുന്നു അവരുടെ മറുപടി. ‘ആ പാട്ടിലൊരു മാജിക്കുണ്ട്. അതുകൊണ്ടു ഞാൻ വരികൾ പഠിക്കാൻ ആഗ്രഹിച്ചു. അർഥമറിയാൻ ശ്രമിച്ചു. എന്റെ മലയാളി സുഹൃത്തിനോടു ചോദിച്ചു മനസ്സിലാക്കി. ടിവിയിൽ വരുമ്പോൾ ഈ പാട്ട് ഞാൻ റിക്കോർഡ് ചെയ്തുവച്ചു. ഞാനതു കേട്ടുകൊണ്ടേയിരിക്കും’. അവർ യേശുദാസിനെ പരിചയപ്പെടുകയും ചെയ്തു. ദേവരാജൻ മാഷ് അപ്പോഴേക്കു മരിച്ചുപോയി. 

വിദേശത്തുള്ളൊരാൾ സാധാരണഗതിയിൽ പാട്ടിലേക്ക് ആകൃഷ്ടനോ ആകൃഷ്ടയോ ആവണമെങ്കിൽ അതിന്റെ മ്യൂസിക്കിലായിരിക്കും ആദ്യം മനസ്സുടക്കുന്നത്. അതിന്റെ വരികളിലേക്കു പോകാനുള്ള താൽപര്യം അവർക്കു വന്നത് എങ്ങനെയായിരിക്കും? 

അവർ പറയുന്നത് ആ വരികളുടെ അർഥം അറിയണമെന്ന് എനിക്ക് ആഗ്രഹം വന്നു എന്നാണ്. കാൽപനികമായ കവിത ഇപ്പോൾ ഒരു ഭാഷയിലും വരുന്നില്ലല്ലോ. കാൽപനികത വന്നാൽ പഴഞ്ചൻ എന്നു പറയും. പക്ഷേ, സംഗീതവും കാൽപനികതയുമായി വലിയ ബന്ധമുണ്ട്. ഇപ്പോൾ അച്ചടിച്ചു വരുന്ന ഗദ്യകവിതകൾ സംഗീതം ചെയ്താൽ എങ്ങനെയിരിക്കും? സംഗീതം ചെയ്യാൻ പറ്റില്ല എന്നതു വേറെ കാര്യം. എന്നെപ്പോലെ ആരെങ്കിലും എടുത്ത് കുറച്ചു വരികളൊക്കെ മാറ്റി സംഗീതം ചെയ്താൽത്തന്നെ എങ്ങനെയിരിക്കും? സംഗീതമെന്നു പറഞ്ഞാൽ, ജെന്നിഫർ പറഞ്ഞതുപോലെ ഒരു മാജിക്കാണ്. നമ്മളെ അത് എങ്ങോട്ടു കൊണ്ടുപോകുമെന്ന് അറിയില്ല. ഏതോ ഒരു ലോകത്തേക്കു സംഗീതം നമ്മളെ കൊണ്ടുപോകും. 

സർ ആദ്യമായി നിർമിച്ചതും സംവിധാനം ചെയ്തതും ചിത്രമാണ്–‘ചന്ദ്രകാന്തം’. എനിക്കു സ്വതന്ത്രമായി പാട്ടെഴുതാനാണ് ഞാൻ സ്വന്തമായി സിനിമയെടുത്തതെന്നു സർ പിന്നീടു പറഞ്ഞിട്ടുണ്ട്. ആ സിനിമയിൽ സാറിന്റെ അതിമനോഹരമായ ഗാനങ്ങളാണ്. ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ...’, ‘ഹൃദയവാഹിനീ...’, ‘സ്വർഗമെന്ന കാനനത്തിൽ...’, ‘രാജീവനയനേ...’ ഒക്കെ.

എന്നിട്ടും ഗാനരചനയ്ക്കു പുരസ്കാരം തന്നില്ല. ‘ആ നിമിഷത്തിന്റെ നിർവൃതിയിൽ...’ നല്ല രചനയല്ല, ‘പുഷ്പാഭരണം...’ നല്ല രചനയല്ല, ‘സ്വർഗമെന്ന കാനനത്തിൽ... സ്വർണമുഖി നദിക്കരയിൽ...’ നല്ല രചനയല്ല. അങ്ങനെ എല്ലാത്തിനും പുരസ്കാരം കൊടുക്കേണ്ടെന്നാണു ജൂറിയുടെ മനസ്സിലിരിപ്പ്. ‘സംഗീതത്തിന് എം.എസ്.വിശ്വനാഥനു പുരസ്കാരം കൊടുത്തില്ലേ? എസ്.ജാനകിക്കു കിട്ടിയില്ലേ? അങ്ങനെ എല്ലാത്തിനും കൊടുത്ത് അയാളെ അങ്ങനെ ആളാക്കേണ്ട എന്നുള്ളതാണ്. ശ്രീകുമാരൻ തമ്പി അങ്ങനെ വലുതാവേണ്ട. അയാൾ സംവിധാനം ചെയ്യും, പാട്ടെഴുതും, നിർമാണം ചെയ്യും... എല്ലാംകൂടി അങ്ങനെ കളിക്കേണ്ട. അതു മതി, അത്രയൊക്കെ മതി’ എന്നു പറയുന്ന ഭൂരിപക്ഷമാണ് മലയാളികൾ. മലയാളിയുടെ അടിസ്ഥാനപരമായ വികാരം അസൂയയാണ്. ഞാനടക്കമുള്ള മലയാളികളുടെ അടിസ്ഥാനസ്വഭാവം അതാണ്. ധാരാളം പുരസ്കാര കമ്മിറ്റികളിൽ അംഗമായിരുന്നയാളാണു ഞാൻ. ചെയർമാനുമായിട്ടുണ്ട്. എനിക്കറിയാം, സിനിമ തുടങ്ങി രണ്ടു റീലാകുമ്പോഴേ കമ്മിറ്റിയിലെ ചില ബുദ്ധിജീവികൾ ‘നിർത്താം സാറേ, കൊള്ളില്ല. കണ്ടതു മതി’ എന്നു പറയും. ‘പറ്റില്ല. പടം മുഴുവൻ കണ്ടേ പറ്റൂ. അതാ നമ്മുടെ ജോലി. നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ നിങ്ങൾ മൂത്രമൊഴിക്കാൻ പൊക്കോ. പക്ഷേ, സിനിമ കണ്ടേ പറ്റൂ’ എന്നു ഞാൻ പറയും. ഒരു തവണ ഞാൻ ദേശീയ പുരസ്കാര കമ്മിറ്റിയിലുള്ളപ്പോൾ ഒറ്റയ്ക്കിരുന്ന് ഒരു സിനിമ കണ്ടിട്ടുണ്ട്. ചിലപ്പോൾ അവസാനത്തെ ഷോട്ടിലായിരിക്കും സംവിധായകന്റെ മികവുണ്ടാവുക. അതുകൊണ്ട് എനിക്കു സിനിമ കണ്ടേ പറ്റൂ എന്നു പറഞ്ഞു. ഒറീസക്കാരനും ബംഗാളുകാരനുമൊക്കെ പുച്ഛത്തിൽ എഴുന്നേറ്റുപോയി. ഞാൻ ഒറ്റയ്ക്കിരുന്നു കണ്ടു. പ്രൊഡക്‌ഷൻ നിർത്താൻ പറ്റില്ലെന്നു ഞാൻ പറഞ്ഞു. 

സ്വതന്ത്രമായി പാട്ടെഴുതാനാണ് എന്നു പറഞ്ഞാണ് സർ ആദ്യം സിനിമ നിർമിച്ചതും സംവിധാനം ചെയ്തതും. ഇപ്പോഴും പാട്ടെഴുത്തുകാർ തടവറയിലാണോ? 

തീർച്ചയായും. എം.എസ്.വിശ്വനാഥൻ പറഞ്ഞിട്ടുള്ളത്, ‘കണ്ണദാസനും വാലിയുമൊക്കെ 60 ശതമാനം, ഞാൻ 40 ശതമാനം’ എന്നാണ്. കാരണം, വരികളാണു പ്രധാനം. ‘വരിയില്ലെങ്കിൽ പിന്നെ എന്തു പ്രയോജനം? ആലാപനം ഹമ്മിങ് ചെയ്താൽ മതിയോ, വരി വേണ്ടേ? വരികളല്ലേ അർഥം? ഞാനിപ്പോൾ കല്യാണി രാഗത്തിൽ അകാരം പാടിവച്ചാൽ ആരെങ്കിലും കേൾക്കുമോ?’ എന്നു ദക്ഷിണാമൂർത്തി സ്വാമി പറയും. പക്ഷേ, ഇന്നത്തെ സംഗീതസംവിധായകർ അങ്ങനെയല്ല. പറയുന്നത്. ഇപ്പോൾ പാട്ടു വേണ്ട, വാക്കുകൾ മതി. പണ്ട് പാട്ടെഴുത്തുകാരനും സംഗീതസംവിധായകനും തുല്യരായിരുന്നു. ഇന്ന് സംഗീതസംവിധായകൻ മേൽശാന്തിയും പാട്ടെഴുത്തുകാരൻ കീഴ്ശാന്തിയുമാണ്.

∙പക്ഷേ, തിരിച്ചു പറയുന്നവരുമുണ്ട്. എം.ജയചന്ദ്രനെപ്പോലുള്ളവർ പറയുന്നത് 70% വരികളും 30% മ്യൂസിക്കുമാണെന്നാണ്...

അദ്ദേഹം അങ്ങനെ പറയുമ്പോഴും എം.ജയചന്ദ്രനാണു പാട്ടെഴുത്തുകാരെ തീരുമാനിക്കുന്നത്. അദ്ദേഹമാണു ശരിക്കു പറഞ്ഞാൽ മലയാള സിനിമയിൽ മുഴുവൻ സംഗീതം ഏറ്റെടുക്കുന്ന പരിപാടി കൊണ്ടുവന്നത്. അതായത്, ഒരു സിനിമയിൽ ഇത്ര പാട്ടുകൾ ഇത്ര ലക്ഷം രൂപയ്ക്കു ഞാൻ ചെയ്തുതരാം എന്നു പറയുകയാണ്. 

നിങ്ങൾ ഒരു സിനിമയിൽ ഒന്നിച്ചു പാട്ടു ചെയ്തിട്ടില്ലേ? 

ഇല്ല. ഒരു പാട്ടു ചെയ്തത്, ഞാൻ സീരിയലിനുവേണ്ടി എഴുതിയതാണ്. സീരിയലുകാർക്കു ട്യൂൺ ഇഷ്ടപ്പെടാതെ ഉപയോഗിക്കാതിരുന്നതാണ്. ഈ പാട്ട് സിനിമയിൽ ഉപയോഗിച്ചോട്ടേ എന്നു ജയചന്ദ്രൻ ചോദിച്ചു. ചെയ്തോളാൻ പറഞ്ഞു. ഞങ്ങൾ ഒന്നിച്ചു കംപോസ് ചെയ്തതൊന്നുമല്ല. പക്ഷേ, ജയചന്ദ്രന്റെ ആദ്യത്തെ ആൽബമായ ‘തിരുവോണപ്പാട്ട്’ എന്റെ വരികളാണ്. 

പാട്ടെഴുത്തുകാർ അത്ര മോശക്കാരാണെങ്കിൽ, എന്തുകൊണ്ടാണ് ദേവരാജൻ–വയലാർ എന്നു പറയാത്തത്, വയലാർ–ദേവരാജൻ എന്നല്ലേ പറയാറുള്ളൂ...?

അത് ആ കാലത്തല്ലേ?

∙എന്നുപറഞ്ഞാൽ ഇപ്പോൾ ഹരിനാരായണൻ–ജയചന്ദ്രൻ എന്നല്ലേ പറയുക? 

ഒരിക്കലും പറയില്ല. എന്നു മാത്രമല്ല, സിനിമയുടെ പരസ്യങ്ങളിൽപോലും പാട്ടെഴുത്തുകാരന്റെ പേരില്ല. ഞാൻ എഴുതിയ കാലത്ത് എല്ലാ പോസ്റ്ററിലും പാട്ടെഴുത്തുകാരന്റെ പേരുണ്ട്. ഇപ്പോൾ ഏതെങ്കിലും സിനിമയുടെ പോസ്റ്ററിൽ പാട്ടെഴുത്തുകാരന്റെ പേരു കാണിക്കാമോ? 

അങ്ങനെയൊരു കാലം ഇനി വരില്ലേ? 

ഒരിക്കലും വരില്ല. അന്നു രാഗങ്ങൾ അടിസ്ഥാനമാക്കി വരികൾ ട്യൂൺ ചെയ്യുകയായിരുന്നു. വരികൾ വായിച്ച് അതിനു ചേരുന്ന രാഗം ദേവരാജൻ മാഷൊക്കെ കണ്ടുപിടിച്ച് അതിൽ വരികൾ സന്നിവേശിപ്പിക്കുകയായിരുന്നു. ഇപ്പോൾ അതല്ല. ഇപ്പോൾ കീ ബോർഡിൽ, വിരൽത്തുമ്പിലാ മ്യൂസിക് വരുന്നത്. കീ ബോർഡ് വായിക്കുന്നു, പലപല സ്വരങ്ങൾ വരുന്നു. ഉടനെ അടുത്തിരിക്കുന്ന അസിസ്റ്റന്റ് പറയും: ‘ഇവൻ കൊള്ളാം. ഇതു കൊള്ളാം കേട്ടോ. പല്ലവി കൊള്ളാം’ എന്നു പിടിക്കുകയാണ്. ആത്മാവിൽനിന്നു വരുന്നതല്ലല്ലോ. വിരൽത്തുമ്പിൽനിന്നു വരുമ്പോൾ ഇത്രയൊക്കെയേ വരൂ. 

സംഗീതസംവിധായകർ ഗായകരല്ലാതായതോടെയാണ് ഈ പ്രശ്നങ്ങളൊക്കെ തുടങ്ങിയതെന്നു സർ നിരീക്ഷിച്ചിട്ടുണ്ട്... 

എം.ജയചന്ദ്രൻ പാടും. ഒന്നോ രണ്ടോ പേരുണ്ടാകും. പക്ഷേ, ഇപ്പോഴത്തെ സംഗീതസംവിധായകരിൽ ഭൂരിപക്ഷം പേരും ഗായകരല്ല. അന്ന് അങ്ങനെയല്ല, എല്ലാം ഗായകരാണ്. രാഘവൻ മാഷ് ക്ലാസിക്കൽ കച്ചേരി നടത്തുന്നയാളാണ്, സംഗീതപണ്ഡിതനാണ്. ദക്ഷിണാമൂർത്തി സ്വാമി സിനിമയിൽ വരാതെ പോയിരുന്നെങ്കിൽ ശെമ്മാങ്കുടി ശ്രീനിവാസയ്യരെപ്പോലെയോ ചെമ്പൈ വൈദ്യനാഥഭാഗവതരെപ്പോലെയോ ആവേണ്ട ആളാണ്. ആ കാലഘട്ടത്തിൽ രാഗം–വരി–കവിത ചേർച്ചയായിരുന്നു പാട്ട്. ഇന്നൊരു താളം കൊടുക്കുന്നു, അതിനു വരികളിട്ടു കൊടുക്കുന്നു. 

സാറിന്റെ ഏറ്റവും സവിശേഷമായൊരു മേഖലയാണ് സാറിന്റെ ഓണപ്പാട്ടുകൾ. ‘ഉത്രാടപ്പൂനിലാവേ വാ...’ എന്ന പാട്ടറിയാത്ത ഒരു മലയാളിയുമില്ല. ഓണപ്പാട്ടുകൾക്കുവേണ്ടി ഓണപ്പാട്ട് ഉണ്ടാക്കിയതല്ല, സിനിമയിൽ ‘പൂവിളി പൂവിളി പൊന്നോണമായി...’ പോലുള്ള പാട്ടുകളുമെഴുതി. ‘തിരുവോണം’ എന്ന പേരിൽത്തന്നെ സിനിമയെടുത്തിട്ടുണ്ട്. ഓണപ്പാട്ടുകളിലേക്കു മലയാളികൾക്ക് ഇത്രയേറെ ആകർഷണീയത ഉണ്ടാക്കിയതിൽ വലിയൊരു ഉത്തരവാദിത്തം സാറിനുണ്ട്.

‘തിരുവോണ’ത്തിൽ ‘തിരുവോണപ്പുലരിതൻ തിരുമുൽക്കാഴ്ച വാങ്ങാൻ...’ എന്നൊരു ഓണപ്പാട്ടുമുണ്ട്. ഓണത്തെക്കുറിച്ചു കവിതകളുമുണ്ട്. പക്ഷേ, ഓണപ്പാട്ടുകൾ കൂടുതൽ വന്നത് തരംഗിണിയുടെ ‘ഫെസ്റ്റിവൽ സോങ്സി’നുവേണ്ട് യേശു (യേശുദാസ്) എന്നെക്കൊണ്ടു പറഞ്ഞ് എഴുതിച്ചപ്പോഴാണ്. ‘ഉത്രാടപ്പൂനിലാവേ...’ ഒക്കെ അങ്ങനെ വന്നതാണ്. മലയാളിയുടെ ഫെസ്റ്റിവൽ ഓണമാണ്. ‘ഫെസ്റ്റിവൽ സോങ്’ എന്നു പറയുമ്പോൾ, നമ്മുടെ ഏറ്റവും വലിയ ഫെസ്റ്റിവലിനെക്കുറിച്ചു ഞാൻ എഴുതി. പ്രണയത്തെ ഓണവുമായി ഇത്രയേറെ അടുപ്പിച്ച വേറെ പാട്ടെഴുത്തുകാരൻ ഉണ്ടാവില്ല. ഓണം ഉത്സവമാണ്, പ്രണയവും ഉത്സവമാണ്. 

∙‘പൂക്കളം കാണുന്ന പൂമരം പോലെ...’ ഒക്കെ അതിന്റെ മനോഹര ഉദാഹരണങ്ങളാണ്... 

പ്രണയത്തിനും ഓണത്തിനും കൊടിയേറ്റവും കൊടിയിറക്കവുമുണ്ട്. അങ്ങനെ സമന്വയിപ്പിച്ചപ്പോഴാണ്, ‘പൂക്കളം കാണുന്ന പൂമരം പോലെ’യും ‘പാതിരാമയക്കത്തി’ലും ‘മുടിപ്പൂക്കൾ വാടിയാലും’ ‘എൻ ഹൃദയപ്പൂത്താലവും’ ‘ഒരു നുള്ളു കാക്കപ്പൂവു’മൊക്കെ പിറന്നത്. ‘പഴയ പടിപ്പുര താണ്ടി ഞാൻ നിൻമുറ്റത്തതിഥിയെപ്പോൽ വന്നുനിന്നു... മണ്ണിൽ മനസ്സിലെ ഓർമപോൽ നിൻ പാദഭംഗി കുഴിഞ്ഞുകിടന്നു...’ എന്നെഴുതിയത് പ്രണയഭംഗിയിലാണ്. ‘നിൻ പാദമുദ്രകൾ കുഴിഞ്ഞുകിടന്നു...’ എന്നു പറഞ്ഞാൽ കവിതയാവില്ല. ‘നിൻ പാദഭംഗി കുഴിഞ്ഞുകിടന്നു...’ എന്നു പറഞ്ഞാലേ കവിതയാകൂ. ‘നിർമിച്ച കൈകളാൻ തന്നെനിൻ പൊൻമകൻ പിന്നെയാ പൂക്കളം മായ്ച്ചു..., ഉണ്ണിതൻ സ്ഥാനത്തു നീയായി, പൂക്കളം എൻ നഷ്ടയൗവനമായി...’ എന്ന ഒറ്റ വരിയിൽ ഞാനാ പ്രണയകഥ കൊണ്ടുവന്നു. 

മലയാളത്തിന്റെ പാട്ടുപൂക്കളത്തിനു ചുറ്റും പാറിനടക്കുന്ന വളരെ പ്രിയപ്പെട്ടൊരു പാട്ടുതുമ്പി എന്ന് ശ്രീകുമാരൻ തമ്പി സാറിനെ പലരും പലപ്പോഴും വിശേഷിപ്പിച്ചിട്ടുണ്ട്. പാടാത്ത വീണയെയും പാടിക്കുന്ന, ചന്ദനനദിയിൽ ചന്ദ്രരശ്മി വീഴ്ത്തുന്ന, ഇന്ദ്രിയങ്ങളിൽ പൂമണം പടർത്തുന്ന ഒരു സുഗന്ധമാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ. അദ്ദേഹവുമായി പാടിയും പറ‍ഞ്ഞുമിരുന്നാൽ, പാടിക്കഴിഞ്ഞ പാട്ടുകളേക്കാൾ പാടാൻ ഇനി ബാക്കിയുള്ള മധുരവും സുഗന്ധവുമൊക്കെ നമുക്ക് ഒരുപാട് അനുഭവിക്കാൻ കഴിയും. വീണ്ടും അദ്ദേഹത്തിൽനിന്ന് മലയാളത്തിന് അമൃതാകുന്ന ഒരുപാടു ഗാനങ്ങളും മനോഹരമായ സർഗവിശേഷങ്ങളും ഇനിയുമുണ്ടാകട്ടെ എന്ന ആഗ്രഹത്തോടെ ഈ പാട്ടുവർത്തമാനം നിർത്തുകയാണ്. 

(അവസാനിച്ചു) 

ഈ അഭിമുഖത്തിന്റെ പൂർണരൂപം മനോരമ മ്യൂസിക്കിന്റെ യുട്യൂബ് പേജിലൂടെ വിഡിയോയിൽ കാണാൻ ഇതോടൊപ്പമുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക. 

https://www.youtube.com/watch?v=u5OzDQZ6QBQ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA