‘ടെൻഷൻ മൂലം ഉറങ്ങാതിരുന്ന രാത്രികൾ, സമ്മര്‍ദ്ദം നേരിട്ടത് പലവിധം’; മരക്കാറിന്റെ പാട്ടുവഴികൾ പറഞ്ഞ് റോണി റാഫേൽ

marakkar-ronnie
SHARE

ലോകമലയാളികൾ കാത്തിരുന്ന ബിഗ് ബജറ്റ് ചിത്രം ‘മരക്കാർ’ തിയറ്ററുകളിലെത്തിക്കഴിഞ്ഞു. ആവേശത്തോടെയും ആകാംക്ഷയോടയുമാണ് ഓരോ പ്രേക്ഷകനും ചിത്രത്തെ വരവേൽക്കുന്നത്. കഴിഞ്ഞ കുറച്ചു കാലമായി ചെറിയ തോതിലൊന്നുമല്ല മരക്കാർ ചർച്ച ചെയ്യപ്പെട്ടത്. ചിത്രത്തിലെ പാട്ടുകളും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിച്ചത്. മികച്ച സ്വീകാര്യതയോടെ ട്രെൻഡിങ്ങിൽ ഇടം പിടിച്ച പാട്ടുകളോരോന്നും വേറിട്ട അനുഭവങ്ങളും ആസ്വാദകർക്കു സമ്മാനിച്ചു. റോണി റാഫേൽ ആണ് മരക്കാറിലെ പാട്ടുകൾക്കു പിന്നിൽ. കരിയറിലെ ഏറ്റവും വലിയ പ്രൊജക്ടിന്റെ പാട്ടുവഴികളെക്കുറിച്ച് റോണി റാഫേൽ മനോരമ ഓൺലൈനിനോടു മനസ്സു തുറന്നപ്പോൾ. 

മരക്കാറിലേയ്ക്ക്

‘മരക്കാർ’ ചിത്രത്തിനു വേണ്ടി പാട്ടൊരുക്കാൻ അവസരം ലഭിച്ചതു തികച്ചും അപ്രതീക്ഷിതമായാണ്. രണ്ടു പാട്ടുകളാണ് ചിത്രത്തിനു വേണ്ടത് എന്നായിരുന്നു ധാരണ. ഇങ്ങനെയൊരു ചിത്രത്തിൽ പാട്ട് ചെയ്യണമെന്നു ഞാൻ ആഗ്രഹിച്ചിരുന്നു. വേറെയും സംഗീതസംവിധായകർ ഉണ്ടാകും എന്ന് അണിയറപ്രവർത്തകർ പറഞ്ഞു. മരക്കാറിനു വേണ്ടി രണ്ട് പാട്ടുകൾ ചെയ്തു വളരെ സന്തോഷത്തോടെ തിരിച്ചെത്തിയപ്പോഴാണ് പ്രിയൻ സാറിന്റെ (പ്രിയദർശൻ) ഫോൺ കോൾ വന്നത്. ബാക്കി പാട്ടുകൾ കൂടി ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേട്ടപ്പോൾ എനിക്കതു വിശ്വസിക്കാനായില്ല. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ചിത്രത്തിനു വേണ്ടി മറ്റു പാട്ടുകൾ കൂടി ചെയ്യുകയായിരുന്നു.   

പാട്ടുവഴികൾ വ്യത്യസ്തം

‘കുഞ്ഞു കുഞ്ഞാലി’ എന്ന പാട്ടാണ് ആദ്യം ഒരുക്കിയത്. മുസ്‌ലിം പശ്ചാത്തലത്തിൽ ഒരു താരാട്ടുപാട്ട് അധികം വന്നിട്ടില്ല. പ്രിയൻ സർ തന്നെയാണ് ‘കുഞ്ഞു കുഞ്ഞാലി’ എന്ന വാക്ക് വച്ചു തുടങ്ങാമെന്നു പറഞ്ഞത്. അന്ന് ഞാൻ ചെയ്ത ട്യൂൺ കേട്ട് പ്രിയൻ സർ കൈ തന്നു. പ്രിയൻ സാറിന്റെ തന്നെ ‘നിമിർ’ എന്ന തമിഴ് സിനിമയ്ക്കു വേണ്ടി ചെയ്ത ചെറിയൊരു ഭാഗമാണ് മരക്കാറിലെ ‘ഇളവെയില്‍’ എന്ന പാട്ടിനു വേണ്ടി ഉപയോഗിച്ചത്. പിന്നീടാണ് ഒരു സൂഫി പ്രണയ ഗാനം ചെയ്യണമെന്നു പറഞ്ഞത്. അദ്ദേഹം ഫാസ്റ്റ് നമ്പർ ആണ്‌ ആവശ്യപ്പെട്ടത്. പക്ഷേ എന്റെ മനസ്സിൽ മായാതെ ഒരു മെലഡി ഈണം നിന്നു. അത് അദ്ദേഹത്തെ മറ്റ് ഈണങ്ങളുടെ കൂടെ കേൾപ്പിക്കാനും തോന്നി. അപ്പോൾ തന്നെ അദ്ദേഹം അത് തന്നെ മതി എന്നും പറഞ്ഞു. അങ്ങനെയാണ് ‘കണ്ണിൽ എന്റെ’ എന്ന പാട്ട് ഉണ്ടായത്. നാലാമത്തെ പാട്ടായ ‘നീയേ എൻ തായേ’ ലൊക്കേഷനിൽ നേരിട്ടു പോയാണ് ചെയ്തത്. ചിത്രീകരണം പൂർത്തിയാക്കി എഡിറ്റ് നടക്കുന്ന സമയത്താണ് ഒരു പാട്ട് കൂടി വേണം എന്ന് ആവശ്യപ്പെട്ടത്. അങ്ങനെ അവസാന പാട്ടും ഒരുക്കുകയായിരുന്നു. 

സമ്മർദ്ദങ്ങൾ പലവിധം

മരക്കാറില്‍ പങ്കാളി ആയ നിമിഷം മുതൽ സമ്മർദ്ദവും ആശങ്കയും അനുഭവിച്ചു തുടങ്ങി. ഓരോ പാട്ട് പുറത്തിറങ്ങുമ്പോഴും അത് സ്വീകരിക്കപ്പെട്ടു കഴിയുമ്പോഴും ടെൻഷൻ ആണ്. വളരെ അപൂർവമായേ ഇങ്ങനെ ഒരു ചിത്രം ഉണ്ടാകൂ. ഇനി ഇത്തരത്തിൽ ഒരു സിനിമ സംഭവിക്കുമോ എന്നു പോലുമറിയില്ല. വലിയ ബജറ്റ്, വിഖ്യാത കലാകാരന്മാർ, സാങ്കേതിക വിദഗ്ദർ തുടങ്ങിയവരൊക്കെയുള്ള സിനിമയിൽ ഭാഗമാവുക എന്നതു വലിയ കാര്യമാണ്. അതു നൽകുന്ന ഉത്തരവാദിത്തവും വലുതാണ്. എല്ലാം നന്നാക്കണം, എല്ലാവർക്കും ഇഷ്ടപ്പെടണം എന്നതൊക്കെ എന്നും മനസ്സിലുള്ള ആഗ്രഹങ്ങൾ തന്നെ. പ്രിയദർശൻ സർ നൽകിയ പിന്തുണയാണ് ഈ സമ്മർദ്ദഘട്ടങ്ങളിൽ എനിക്കു തുണയായത്. എങ്കിലും ടെൻഷൻ കാരണം, ഉറങ്ങാതിരുന്ന രാത്രികൾ ഏറെ.

സംഗീതസൗന്ദര്യം

മരക്കാറിലെ പാട്ടിൽ പല പരീക്ഷണങ്ങളും നടത്താൻ ശ്രമിച്ചിട്ടുണ്ട്. ‘നീയേ എൻ തായേ’ എന്ന പാട്ടിൽ വലിയ ഒരു കൂട്ടം കലാകാരന്മാർ വീണ വായിക്കുന്ന ദൃശ്യങ്ങൾ ഉണ്ട്. ഇതിനായി വ്യത്യസ്ത വീണകൾ തന്നെയാണ് ഉപയോഗിച്ചിട്ടുള്ളത്. പരമാവധി ലൈവ് ഓർക്കസ്‌ട്രേഷൻ ഉപയോഗിക്കാൻ ശ്രദ്ധിച്ചിരുന്നു. ചൈനീസ് ട്യൂണിനു വേണ്ടി യൂക്കലേലയും ഉപയോഗിച്ചിട്ടുണ്ട്.

സന്ദർഭങ്ങൾ പാട്ടിലായപ്പോള്‍

സാഹചര്യത്തിനനുസരിച്ച് പാട്ടുകൾ ചെയ്യാനാണു ശ്രമിച്ചത്. ഇത് ഒരു പാൻ ഇന്ത്യൻ സിനിമയാണല്ലോ. എല്ലാ ഭാഷയിലും പാട്ട് കേൾക്കുന്ന പ്രേക്ഷകർക്ക് ആ പാട്ടിനോട് ആത്മബന്ധം തോന്നണം. അത് വലിയ വെല്ലുവിളി ആയിരുന്നു. പിന്നെ ഓരോ കഥാ സന്ദർഭത്തിനും ഇണങ്ങുന്ന പാട്ടുകൾ ഒരുക്കണം. കേട്ടു മടുത്ത ഈണങ്ങൾ പാടില്ല. ഇക്കാര്യങ്ങളെല്ലാം പരമാവധി ശ്രദ്ധിച്ചാണ് പാട്ടൊരുക്കിയത്. ചിത്രത്തിൽ അനാവശ്യമായി പാട്ടുകൾ കുത്തി നിറച്ചിട്ടില്ല. പലരും ‘അടിപൊളി’ പാട്ടില്ലേ എന്നൊക്കെ ചോദിച്ചു. അങ്ങനെ ഒരു സാഹചര്യം ഈ സിനിമയിൽ ഇല്ലാത്തതു കൊണ്ട് അത്തരം പാട്ടുകൾ തയ്യാറാക്കിയില്ല. 

പ്രിയദർശൻ ചിത്രങ്ങളും പാട്ടുകളും

പ്രിയദർശൻ സാറിന്റെ ചിത്രത്തിലെ പാട്ടുകൾ ചെയ്യാൻ അവസരം കിട്ടുന്നതു തന്നെ ചിന്തിക്കാവുന്നതിലും അപ്പുറമാണ്. ആദ്യ സിനിമ ചെയ്ത ശേഷം നടത്തിയ അഭിമുഖത്തിൽ, പ്രിയൻ സാറിന്റെ ചിത്രത്തിനു വേണ്ടി പാട്ടൊരുക്കാൻ ആഗ്രഹിക്കുന്നു എന്നു ഞാൻ പറഞ്ഞിരുന്നു. അത് സാധിക്കുമെന്നോ അദ്ദേഹത്തെ പരിചയപ്പെടാൻ പറ്റുമെന്നോ കരുതിയല്ല അന്ന് അക്കാര്യം പറഞ്ഞത്. പക്ഷേ അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും ഒരുമിച്ചു ജോലി ചെയ്യാനും സാധിച്ചു. ഇപ്പോൾ ഇങ്ങനെയൊരു അവസരവും ലഭിച്ചു. എല്ലാത്തിലും ഒരുപാട് സന്തോഷം. 

പാട്ടുപിറന്ന തൂലികകൾ

ബി.കെ. ഹരിനാരായണൻ, പ്രഭ വർമ, പ്രിയദർശൻ സർ എന്നിവരാണ് മരക്കാറിലെ പാട്ടുകൾക്കു വേണ്ടി വരികൾ കുറിച്ചത്. എഴുത്തുകാർ എപ്പോഴും പല തവണ തിരുത്തിയും മാറ്റിക്കുറിച്ചുമൊക്കെയാണ് വരികൾ പൂർത്തിയാക്കുന്നത്. വരികളുടെ ഭ‌ംഗിയും ഗായകരുടെ ആലാപനവുമാണ് പാട്ടിനെ പൂർണ ഭംഗിയിലേയ്ക്ക് എത്തിക്കുക. മറ്റു ഭാഷകളിലേയ്ക്കു ഡബ്ബ് ചെയ്യുമ്പോൾ പാട്ടുകളുടെ വരികൾക്കും വലിയ പ്രാധാന്യമുണ്ട്. പലപ്പോഴും ഗാനരചയിതാക്കളെ ചിലയിടങ്ങളിൽ അവഗണിക്കുന്നതു പോലെ തോന്നിയിട്ടുണ്ട്. അത് വളരെ മോശം പ്രവണതയാണ്. ഭംഗിയുള്ള വാക്കുകളാണ് ഭംഗിയുള്ള പാട്ടുകൾ സൃഷ്ടിക്കുന്നത്. 

പല തലമുറ ഗായകർ

താരാട്ടു പാട്ടുകൾ പാടാന്‍ ചിത്ര ചേച്ചിയെ (കെ.എസ്.ചിത്ര) കഴിഞ്ഞേ മറ്റൊരു ആളുള്ളു. ‘കുഞ്ഞ് കുഞ്ഞാലി’ എന്ന പാട്ടിനു വേണ്ടി ചിത്ര ചേച്ചിയുടെ ശബ്ദമല്ലാതെ മറ്റൊന്നും ഞാൻ ആലോചിച്ചില്ല. അതുപോലെയാണ് ‘ഇളവെയിൽ’ എന്നു തുടങ്ങുന്ന പാട്ടിനു വേണ്ടി എം.ജി.ശ്രീകുമാർ ചേട്ടനെയും ശ്രേയ ഘോഷാലിനെയും വിളിച്ചത്. അവരുടെ സ്വരങ്ങൾക്കും പകരക്കാർ ഇല്ലല്ലോ. സിനിമയിലെ തലമുറ മാറ്റം പാട്ടിലും സംഭവിച്ചു എന്നതാണ് യാഥാർഥ്യം. പ്രണവ് മോഹൻലാലിനും കല്യാണി പ്രിയദർശനും വേണ്ടി ‘കണ്ണിൽ എന്റെ’ എന്ന പാട്ട് പാടിയത് വിനീത് ശ്രീനിവാസനും ശ്വേത മോഹനും ചേർന്നാണ്. രേഷ്മ രാഘവേന്ദ്രയും വിഷ്ണു രാജും ട്രാക്ക് പാടാൻ വന്നതായിരുന്നു. പാടിയത് പ്രിയദർശൻ സാറിന് ഇഷ്ടപ്പെട്ടതോടെ സിനിമയിൽ പാടാൻ അവർക്ക് അവസരം നൽകുകയായിരുന്നു. എല്ലാ ഗായകരും മികച്ച രീതിയിൽ തന്നെയാണ് പാടി പൂർത്തീകരിച്ചത്. 

പാട്ടുകൾ വൈറൽ ആകുമ്പോൾ

മരക്കാറിലെ പാട്ടുകൾ പുറത്തിറങ്ങിയപ്പോൾ തന്നെ നിരവധി സ്നേഹിതർ വിളിച്ചു പ്രശംസയറിയിച്ചു. അതിൽ ഒരുപാട് സന്തോഷം തോന്നുന്നു. എല്ലാത്തിലുമുപരിയായി, എന്നെ പരിചയമില്ലാത്ത പലരും നമ്പർ തേടിക്കണ്ടുപിടിച്ചു വിളിച്ചു എന്നതാണു പ്രധാന കാര്യം. പലരും മെസേജുകൾ അയക്കുന്നുണ്ട്. മലയാളികൾ മാത്രമല്ല, തമിഴ്‌നാട്ടിൽ നിന്നും കർണാടകയില്‍ നിന്നുമുൾപ്പെടെ നിരവധി പേർ വിളിച്ചു. ആ പ്രശംസകളൊക്കെ നൽകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല. 

ഭാവി പദ്ധതികൾ

രണ്ട് തമിഴ് സിനിമകളുടെ ജോലികൾ പുരോഗമിക്കുകയാണ്. കില്ലാടി രാജ എന്ന കന്നട സിനിമ റിലീസിനൊരുങ്ങുന്നു. കുറച്ചു മലയാള സിനിമകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ നടക്കുന്നുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA