‘വെറുപ്പിക്കൽ’ എന്നു പറയുന്നവർ അത് തുടരട്ടെ, ഞങ്ങളുടെ വിഡിയോ കാണണ്ട: നിത്യ ദാസ്

nithya-das-naina
SHARE

വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണെങ്കിലും സീരിയലുകളിലും ടെലിവിഷൻ പരിപാടികളിലും സജീവമാണ് നടി നിത്യ ദാസ്. ഇപ്പോഴിതാ ‘പള്ളിമണി’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാളത്തിലേയ്ക്ക് എത്തുകയാണ് താരം. സമൂഹമാധ്യമങ്ങളിലും ഏറെ സജീവമായ നിത്യ ഇടയ്ക്ക് മകൾ നൈനയ്ക്ക് ഒപ്പമുള്ള ഡാൻസ് വിഡിയോകൾ പങ്കുവയ്ക്കാറുണ്ട്. നിത്യയുടെ തനി പകർപ്പാണ് മകൾ നൈന. ഇരുവരെയും ഒരുമിച്ച് ഒരു സ്ക്രീനിൽ കാണുമ്പോൾ ‘ചേച്ചിയെയും അനിയത്തിയെയും പോലെ ഉണ്ടല്ലോ’ എന്നാണ് ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. റീൽ വിഡിയോയിലൂടെ ഇരുവരും നിരവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അതെല്ലാം കൊച്ചുകൊച്ചു സന്തോഷങ്ങൾക്കു വേണ്ടി ചെയ്യുന്നതാണെന്നു വെളിപ്പെടുത്തുകയാണ് നിത്യ. വലിയ തയ്യാറെടുപ്പുകളൊന്നും നടത്താതെയാണ് അമ്മയും മകളും നൃത്തച്ചുവടുകളുമായി എത്തുന്നത്. റീൽ വിഡിയോ വിശേഷങ്ങള്‍ നിത്യ ദാസ് മനോരമ ഓൺലൈനിനോടു പങ്കുവച്ചപ്പോൾ. 

 

അവൾക്കൊപ്പം ഞാൻ

ഞാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്ന ആളായിരുന്നില്ല. ഇപ്പോഴും ഫേസ്‌ബുക്ക് ഉപയോഗിക്കാറില്ല. ഇത്രയും നാൾ എനിക്ക് ഇൻസ്റ്റാഗ്രാമിനെപ്പറ്റി വലിയ ധാരണ ഇല്ലായിരുന്നു. മകൾ നൈനയ്ക്ക് നൃത്തത്തിൽ വലിയ താല്പര്യമാണ്. ചെറുപ്പത്തിൽ അവളെ കുറച്ചു നൃത്തം പഠിപ്പിച്ചിട്ടുമുണ്ട്. അവൾ ഇൻസ്റ്റാഗ്രാം റീൽ വിഡിയോകൾ ചെയ്യാൻ താല്പര്യം പ്രകടിപ്പിച്ചപ്പോഴാണ് എനിക്കും അവളുടെ കൂടെ നൃത്തം ചെയ്യാനും വിഡിയോകൾ പോസ്റ്റ് ചെയ്യാനും തോന്നിയത്. തുടങ്ങിക്കഴിഞ്ഞപ്പോൾ എവിടെനിന്നോ ധൈര്യം കിട്ടി. പിന്നെ അതങ്ങു തുടരുകയായിരുന്നു. 

വീട്ടുകാര്യം പ്രധാനം 

ഞാൻ നൃത്തം ചെയ്യുമ്പോഴും അടുത്തതായി എന്ത് ഭക്ഷണം ഉണ്ടാക്കും എന്ന ചിന്തയാണ് എന്റെ മനസ്സിൽ. കുട്ടികളുടെ കാര്യം നോക്കണം അവർക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കികൊടുക്കണം. അതേക്കുറിച്ചാണു ഞാൻ ചിന്തിക്കുക. റീൽ വിഡിയോകൾ ചെയ്യുമ്പോൾ മോൾക്ക് വലിയ ഉത്സാഹമാണ്. പക്ഷേ അത് കഴിഞ്ഞു വരുമ്പോൾ അവൾക്ക് വിശക്കും, അപ്പോൾ ഇഷ്ടമുള്ള ആഹാരം കിട്ടണം, അല്ലെങ്കിൽ വഴക്കുണ്ടാക്കും. റീൽ'വിഡിയോ ചെയ്യാൻ അധികം സമയം എടുക്കാറില്ല. രണ്ടു മിനിറ്റ് കൊണ്ട് പ്രാക്ടീസ് കഴിഞ്ഞു വിഡിയോ ഷൂട്ട് ചെയ്യും. ഞാൻ കുറച്ച് മടിയുള്ള ആളാണ്. അവളോടൊപ്പം കൂടുമ്പോഴാണ് എല്ലാകാര്യത്തിനും ഉത്സാഹം തോന്നുന്നത്. ഞാൻ അങ്ങനെ വലിയ രീതിയിൽ നൃത്ത വിഡിയോ ഒന്നും ചെയ്തിട്ടില്ല.  റീൽ വിഡിയോ മാത്രമേ ഉള്ളു. ആകെ കുറച്ചു ചുവടുകൾ വയ്ക്കും. അതിനു വേണ്ടി ഒരുപാട് സമയം ചിലവഴിക്കാൻ എനിക്കു പറ്റില്ല. 

nithya-naina-1
നിത്യ ദാസും മകൾ നൈനയും

പ്രതികരിക്കാൻ ഞാനില്ല

ഞങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കുന്ന നൃത്ത വിഡിയോകൾ മറ്റുള്ളവർ മോശമായ രീതിയിൽ തലക്കെട്ട് കൊടുത്ത് മറ്റു പേജുകളിൽ പോസ്റ്റ് ചെയ്യാറുണ്ട്. പിന്നാലെ ‘ഓ ഇവൾ എന്താ ഈ കാണിക്കുന്നത്’ എന്ന രീതിയിൽ ചിലർ പ്രതികരിക്കും. ഞാൻ എന്റെ ചെറിയ സന്തോഷങ്ങൾ സമൂഹമാധ്യമ പേജിലൂടെയാണ് പങ്കുവയ്ക്കുന്നത്. അത് എടുത്തുകൊണ്ടുപോയി മോശമായി പ്രചരിപ്പിക്കുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഞാൻ നൃത്തം ചെയ്യുന്നതും വിഡിയോ പോസ്റ്റ് ചെയ്യുന്നതും എന്റെ സന്തോഷത്തിനു വേണ്ടിയാണ്. അത് മോശമായി പ്രചരിപ്പിച്ച് മോശം കമന്റുകൾ കാണുകയും വായിക്കുകയും ചെയ്യുന്നത് അവർക്കു സന്തോഷം നൽകുമെങ്കിൽ അത് തുടരട്ടെ. എനിക്കു കുഴപ്പമില്ല. മുൻകൂട്ടി തയ്യാറെടുത്ത ശേഷമല്ല ഞാൻ സമൂഹമാധ്യമങ്ങളിലും മറ്റും എത്തിയത്. മകൾ റീൽസ് ചെയ്യാൻ ഇഷ്ടം കാണിച്ചപ്പോൾ അതിൽ പങ്കുചേർന്നു എന്നു മാത്രം. മോശം കമന്റുകൾ എന്നെ വിഷമിപ്പിക്കാറില്ല, അതിനൊന്നും മറുപടി പറയാൻ താത്പര്യവുമില്ല. എന്നെ ചീത്ത പറഞ്ഞ് സന്തോഷം കണ്ടെത്തുന്നവർ അങ്ങനെ ചെയ്യട്ടെ. എന്തായാലും റീൽ വിഡിയോകൾ ഞാൻ ഒഴിവാക്കില്ല. ഇതൊക്കെയല്ലെ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ. സന്തോഷമായിരിക്കുകയെന്നതാണു പ്രധാനം. ‘എന്ത് വെറുപ്പിക്കലാണ് ഈ അമ്മയും മോളും’ എന്നു പറയുന്നവരോട് ഞങ്ങളുടെ വിഡിയോ കാണാതിരിക്കുക എന്നു മാത്രമേ പറയാനുള്ളൂ.

എന്റെ നൈന

മകൾ അത്യാവശ്യം മികച്ച രീതിൽ പഠിക്കുന്ന കുട്ടിയാണ്. അതുകൊണ്ട് ഇപ്പോൾ അവൾ പഠിക്കട്ടെ. മകൾ അഭിനയിക്കുന്നതിനെക്കുറിച്ചൊന്നും ഇപ്പോൾ  തീരുമാനിച്ചിട്ടില്ല. കലാപരമായ കാര്യങ്ങളിലൊക്കെ അവൾക്കു വലിയ താത്പര്യമാണ്. സ്കൂളിൽ എല്ലാ മത്സരങ്ങളിലും പങ്കെടുക്കും. സ്കൂൾ ബാൻഡിൽ അംഗമാണ്. പാട്ട് പാടാനും നൃത്തം ചെയ്യാനും അവൾ മുന്നിലുണ്ടാകും. അവൾ ആണ് എന്നെ നിർബന്ധിച്ചു നൃത്തം ചെയ്യിക്കുന്നതു പോലും. 

‘നിത്യ’യൗവനവും ഭക്ഷണക്രമവും

മകൾക്കൊപ്പമുള്ള ചിത്രങ്ങളും വിഡിയോകളും പങ്കുവയ്ക്കുമ്പോൾ ‘അമ്മയും മകളും ചേച്ചിയും അനുജത്തിയും പോലെയാണ്’ എന്നുള്ള കമന്റുകൾ ലഭിക്കാറുണ്ട്. അത് കാണുമ്പോൾ വലിയ സന്തോഷം തോന്നും. ചെറുപ്പമായിരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?. അത്തരം കമന്റുകൾ കേൾക്കുമ്പോൾ സൗന്ദര്യത്തെക്കുറിച്ചു കുറച്ചുകൂടി ശ്രദ്ധിക്കാൻ തോന്നും. ഇഷ്ടമുള്ള ആഹാരം കൂടുതൽ കഴിക്കുമ്പോൾ ഒന്നുകൂടി ആലോചിക്കും. യുവത്വം നിലനിർത്തുക എന്നത് വലിയ പ്രയാസമാണ്. രാവിലത്തെ വ്യായാമങ്ങൾ ഞാൻ ഒരിക്കലും മുടക്കാറില്ല. പക്ഷേ മകൾക്ക് അതൊക്കെ മടിയാണ്. രാവിലെ ഉറങ്ങണമെന്നു വാശി പിടിച്ചാലും നിർബന്ധിച്ച് ഞാൻ അവളെ കൂട്ടിക്കൊണ്ടു പോകും. ഭക്ഷണക്രമം വളരെയേറെ ശ്രദ്ധിക്കാറുണ്ട്. ഇഷ്ടമുള്ളതെല്ലാം കഴിക്കും. പക്ഷേ അളവ് നിയന്ത്രിക്കും. നല്ല ആഹാരം കിട്ടുന്ന സ്ഥലമാണല്ലോ കോഴിക്കോട്? എല്ലാ ആഴ്‌ചയിലും പുറത്തുപോയി ആഹാരം കഴിക്കും. അപ്പോഴും അളവ് അധികം കൂടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കും. മധുരപലഹാരങ്ങൾ കഴിക്കാൻ താല്പര്യമില്ല. ബിരിയാണി ഒരുപാട് ഇഷ്ടമാണ്. ഭക്ഷണക്രമം പാലിക്കാറുണ്ടെങ്കിലും ‍ചോറും കറിയും തോരനും മീൻപൊരിച്ചതുമൊക്കെ ചേർത്ത് കഴിക്കുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. രാത്രി ചിലപ്പോൾ പഴങ്ങൾ മാത്രമേ കഴിക്കൂ. ഇതൊക്കെയാണ് ആഹാരരീതി. 

nithya-naina-2
നിത്യ ദാസും മകൾ നൈനയും

കുടുംബവും സിനിമയും പിന്നെ ഞാനും

ഞാൻ കോഴിക്കോട് ആണ് താമസം. ഇടയ്ക്കിടെ ചെന്നൈയിൽ പോകും. ഒരു തമിഴ് സീരിയലിൽ അഭിനയിക്കുന്നുണ്ട്. അതിനു വേണ്ടി ദിവസങ്ങളോളും ചെന്നൈയിൽ താമസിക്കേണ്ടി വരും. മക്കൾ രണ്ടുപേരും കോഴിക്കോട് ദേവഗിരി സ്കൂളിൽ ആണ് പഠിക്കുന്നത്. മകൾ എട്ടാം ക്ലാസിലെത്തി. ഇതുവരെ ഓൺലൈൻ ക്ലാസ് ആയിരുന്നതുകൊണ്ട് വലിയ ബുദ്ധിമുട്ടുണ്ടായില്ല. ഞാൻ ചെന്നൈയിൽ പോകുമ്പോൾ അവരെയും കൂട്ടും. ഞാൻ വീട്ടിലില്ലാത്തപ്പോൾ അവരുടെ അച്ഛൻ അവരോടൊപ്പം ഉണ്ടാകും അദ്ദേഹവും തിരക്കിലാണെങ്കിൽ എന്റെ മാതാപിതാക്കൾ ഉണ്ടാകും. ഇപ്പോൾ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ ചെറിയ ബുദ്ധിമുട്ടുണ്ട്. എങ്കിലും അവരുടെ പഠനത്തിൽ വീഴ്ചയുണ്ടാകാതെയാണ് ഞാൻ കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോകുന്നത്. 

nithya-naina-3
നിത്യ ദാസും മകൾ നൈനയും

 

അഭിനയം എന്നും മോഹം

ഞാൻ അഭിനയം നിർത്തി എന്ന് ഒരിക്കലും തോന്നിയിട്ടില്ല. അഭിനയം എന്നും എനിക്ക് പാഷൻ ആണ്. വിവാഹം കഴിഞ്ഞപ്പോൾ തിരക്കുകൾ കൊണ്ടു മാറി നിന്നു എന്നു മാത്രം. മക്കൾ ചെറുതായിരിക്കുമ്പോൾ അവരെ നോക്കുന്നതിനൊപ്പം മറ്റൊന്നിനും സമയം ഉണ്ടാകില്ലല്ലോ. ഇപ്പോള്‍ അവർ കുറച്ചു വലുതായതുകൊണ്ടാണ് അഭിനയിക്കാൻ അവസരം കിട്ടിയപ്പോൾ വീണ്ടും സ്വീകരിച്ചത്. മുൻപും ഒരുപാട് അവസരങ്ങൾ ലഭിച്ചിരുന്നു. പക്ഷേ മനസ്സിന് ഇഷ്ടപ്പെട്ട കഥാപാത്രങ്ങൾ കിട്ടാത്തതുകൊണ്ട് ഒന്നും ഏറ്റെടുത്തില്ല. ‘പള്ളിമണി’ ആണ് ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്ന ചിത്രം. ഉടൻ തന്നെ അതിന്റെ ചിത്രീകരണം ആരംഭിക്കും. എനിക്ക് പൊതുവേ ത്രില്ലർ ചിത്രങ്ങളോടു വലിയ ഇഷ്ടമാണ്. അത്തരം സിനിമകൾ കൂടുതലായി കാണാറുണ്ട്. ‘പള്ളിമണി’ ഒരു ത്രില്ലർ സിനിമയാണ്. രാഷ്ട്രീയം പശ്ചാത്തലമാക്കിയുള്ള മറ്റൊരു ചിത്രവും ചർച്ചയിലുണ്ട്. നല്ല കഥാപാത്രമാണെന്നു തോന്നിയതുകൊണ്ടാണ് സ്വീകരിച്ചത്.  ഭർത്താവിന് അഭിനയിക്കുന്നതിൽ എതിർപ്പില്ല. എല്ലാ കാര്യത്തിലും അദ്ദേഹം മികച്ച പിന്തുണയാണു നൽകുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA