ADVERTISEMENT

ജനനത്തെക്കുറിച്ച് ദക്ഷിണാമൂർത്തി സ്വാമിയോടു ചോദിച്ചാൽ ഒരൽപം കാര്യവും അൽപം തമാശയും കൂട്ടിക്കലർത്തി അദ്ദേഹം പറയുന്നൊരു കാര്യമുണ്ട്. 'ജനിച്ചത് തന്നെ സപ്തസ്വരങ്ങളിൽ ഒന്നായിട്ടാണ്' എന്ന്! സത്യമാണ്. ആലപ്പുഴയിൽ ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന വെങ്കിടേശ്വരന്റെയും സംഗീതജ്ഞയായിരുന്ന പാർവതി അമ്മാളിന്റെയും ഏഴു മക്കളിൽ ഒരാളായിരുന്നു വി.ദക്ഷിണാമൂർത്തി സ്വാമി എന്ന സംഗീത ഇതിഹാസം. സംഗീതവും വൈക്കത്തപ്പനുമായിരുന്നു അദ്ദേഹത്തിന് എല്ലാം! ലാളിത്യം തുളുമ്പി നിന്ന ആ ജീവിതത്തെ അടയാളപ്പെടുത്തുന്ന ഓരോ ജന്മദിനവും സംഗീതാർച്ചനകളിലൂടെയാണ് അദ്ദേഹത്തിന്റെ ആരാധകരും ശിഷ്യരും ആഘോഷിക്കാറുള്ളത്. എല്ലാ വർഷവും ഡിസംബർ–ജനുവരി മാസങ്ങളിൽ നടക്കുന്ന ദക്ഷിണാമൂർത്തി സംഗീതോൽസവങ്ങൾ അതു സാക്ഷ്യപ്പെടുത്തുന്നു. ദക്ഷിണാമൂർത്തി സ്വാമിയുടെ ജന്മവാർഷികത്തിൽ അദ്ദേഹത്തെ ഓർക്കുകയാണ് മകളും സംഗീതജ്ഞയുമായ ഗോമതിശ്രീ. മനോരമ ഓൺലൈന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ നിന്ന്. 

 

 

അച്ഛന് എല്ലാം വൈക്കത്തപ്പൻ

 

 

അച്ഛന് എല്ലാം വൈക്കത്തപ്പനാണ്. ഒറ്റയ്ക്കൊരു പിറന്നാളാഘോഷം ഉണ്ടായിട്ടില്ല. അറുപതാമത്തെ പിറന്നാളിന് വൈക്കത്തപ്പന് സഹസ്രകലശം ചെയ്തു. പിന്നീട് 70,80,90 എന്നിങ്ങനെ നാഴികക്കല്ലായ എല്ലാ ജന്മനാളിലും വൈക്കത്തപ്പന് സഹസ്രകലശം നടത്തിയിരുന്നു. വൈക്കത്തപ്പന് വഴിപാട് നൽകുന്നതാണ് പിറന്നാൾ ദിവസത്തെ അച്ഛന്റെ സന്തോഷം. എൺപതാമത്തെയും തൊണ്ണൂറാമത്തെയും പിറന്നാളിന് ചെന്നൈയിൽ തന്നെ അച്ഛനു വേണ്ടി ഞങ്ങൾ സംഗീതാർച്ചന നടത്തിയിരുന്നു. എല്ലാം വളരെ ലളിതമായാണ് നടത്തിയത്. വലുതായൊരു ആഘോഷം അച്ഛനു തന്നെ താൽപര്യമില്ലായിരുന്നു. മക്കൾക്കും ചെറുമക്കൾക്കുമായിരുന്നു പിറന്നാളിന് എന്തെങ്കിലും വിശേഷമായൊന്നു നടത്തണമെന്നു തോന്നാറുള്ളത്. അങ്ങനെയാണ് സംഗീതാർച്ചന ഒരുക്കിയത്. വി.ദക്ഷിണാമൂർത്തി വിദ്യാലയ എന്ന പേരിൽ ചെന്നൈയിൽ ഒരു മ്യൂസിക് സ്കൂൾ ഞാൻ നടത്തുന്നുണ്ട്. അതിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയായിരുന്നു സംഗീതാർച്ചന. 

 

 

ദക്ഷിണാമൂർത്തി സംഗീതോൽസവം

 

 

എറണാകുളത്തപ്പന്റെ മുമ്പിൽ ദക്ഷിണാമൂർത്തി സംഗീതോൽസവം ഈ ദിവസങ്ങളിൽ നടക്കുന്നുണ്ട്. രണ്ടു വർഷം മുമ്പ് ഈ വേദിയിൽ പാടാൻ ഞാനും വന്നിരുന്നു. ഈ സംഗീതോൽസവത്തിന് ഒരു പ്രത്യേകതയുണ്ട്. അവിടെ ആലപിക്കുന്നതെല്ലാം അച്ഛന്റെ കൃതികളാണ്. അച്ഛന്റെ കുറെ കൃതികൾ ഞാൻ നേരിട്ടു പഠിച്ചിട്ടുണ്ട്. ത്യാഗരാജരെയും ദീക്ഷിതരെയും ഒന്നിച്ചിട്ടാൽ എങ്ങനെയാകും വരിക, ആ രീതിയാണ് അച്ഛന്റേതെന്ന് തോന്നിയിട്ടുണ്ട്. ദീക്ഷിതരുടെ കൃതികൾ അവസാന ഭാഗത്തേക്കു വരുമ്പോൾ അതു ധ്രുതകാലത്തിലാകും. അതുപോലെയാണ് അച്ഛന്റെ കൃതികളും. ത്യാഗരാജരുടെ കീർത്തനങ്ങളിലുള്ള ധ്രാക്ഷരസവും അച്ഛന്റെ കൃതികളിൽ കാണാം. അച്ഛന്റെ 'ഈശ്വരനുട്രെ ശാശ്വതം എൻട്രേ' എന്ന കീർത്തനം ഒരുപാടു പേർക്ക് ഇഷ്ടമാണ്. അയ്യപ്പനെക്കുറിച്ചുള്ള കീർത്തനങ്ങളും ഏറെ വിശേഷപ്പെട്ടതാണ്. തമിഴിലും മലയാളത്തിലും സംസ്കൃതത്തിലും അദ്ദേഹം എഴുതിയിട്ടുണ്ട്. മിക്കവാറും കീർത്തനങ്ങളിൽ അത് ഏതു രാഗത്തിലാണോ ചിട്ടപ്പെടുത്തിയിരിക്കുന്നത് അതിന്റെ പേരും ഉണ്ടാകും. അതൊരു പ്രത്യേകതയാണ്. ഡിസംബർ–ജനുവരി മാസങ്ങളിലാണ് മിക്കവാറും അച്ഛന്റെ പേരിലുള്ള സംഗീതോൽസവങ്ങൾ നടക്കുന്നത്. 

 

 

അച്ഛൻ പഠിപ്പിച്ചാൽ പിന്നെ എത്ര കഠിനമായതും പഠിക്കാം

 

 

അച്ഛൻ പഠിപ്പിക്കുന്നതിന് ഒരു ആഴമുണ്ട്. പാടുന്ന വ്യക്തിക്ക് ആ ആഴം കിട്ടുന്നതു വരെ അച്ഛൻ വിടില്ല. ഒരു വാക്ക് എടുത്ത് അതിന്റെ പൂർണമായ അർത്ഥം മനസിലാക്കി കൊടുത്താണ് പഠിപ്പിക്കുക. ഒരു പാട്ടിലെ ഒരു വാക്ക് എങ്ങനെ ഉച്ചരിക്കണം... ഏതു മീറ്ററിൽ പാടണം... അതു പഠിപ്പിക്കുന്ന രീതി സ്പെഷലാണ്. അച്ഛൻ ഒരു കീർത്തനം പഠിപ്പിച്ചാൽ മറ്റ് ഏതു കീർത്തനവും നമുക്ക് പെട്ടെന്ന് മനസിലാകുന്ന തരത്തിലേക്ക് നമ്മെ പാകപ്പെടുത്തിയെടുക്കും. അങ്ങനെയാണ് അച്ഛൻ പഠിപ്പിക്കുക. അച്ഛന്റെ വളരെ ചെറിയ പ്രായത്തിൽ തന്നെ അദ്ദേഹത്തിൽ നിന്നു പാട്ടു പഠിക്കാൻ ഭാഗ്യം ലഭിച്ചവരാണ് ദാസേട്ടനും (യോശുദാസ്) ജയേട്ടനുമൊക്കെ (പി.ജയചന്ദ്രൻ). അച്ഛന്റെ എത്രയോ പാട്ടുകൾ അവർ പാടിയിരിക്കുന്നു. അതൊരു ഭാഗ്യമാണ്. ഇക്കാര്യം അവർ തന്നെ പല വേദികളിലും പറഞ്ഞിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com