നാടന്‍ ശീലിന്റെ ന്യൂജെൻ രുചിക്കൂട്ട്; മസാല കോഫിയുടെ പാട്ടുകൾക്ക് സ്വാദ് വേറെയാ!

masala-coffee-band
SHARE

നാടൻ ശീലുകളുടെ ന്യൂജെൻ മസാല കൂട്ടാണ് മസാല കോഫി ബാൻഡ്. എട്ടു വർഷം മുൻപ് തുടങ്ങിയ ബാൻഡ് ഇന്ന് പഞ്ചാബിയടക്കമുള്ള വിവിധ ഭാഷകളിലാണ് പാട്ടുകൾ ചെയ്യുന്നതും ആൽബം ഇറക്കുന്നതും. ഈയടുത്തു 'ലിറ്റിൽ തിങ്സ്' എന്ന നെറ്റ്ഫ്ലിക്സ് സീരീസിൽ ഉപയോഗിച്ച ഇവരുടെ 'കാന്താ... ഞാനും വരാം' പാട്ട് യു ട്യൂബിൽ അപ്‌ലോഡ് ചെയ്തു മൂന്നു ദിവസത്തിനുള്ളിൽ മൂന്നു ലക്ഷം പേരാണ് കേട്ടത്. പാട്ടിന്റെ പുതിയ രുചികൾക്കിടയിൽ ഇപ്പോഴും നാടൻ പാട്ടുകളുടെ ഈണം ഒളിപ്പിക്കുന്ന മസാല കോഫിയുടെ പുതിയ യാത്രകളെക്കുറിച്ച് ബാൻഡ് അംഗങ്ങൾ സംസാരിക്കുന്നു. 

കാന്താ... ഞാനും വരാം.

കൃത്യമായ ഒരു സ്ട്രക്ചർ ഇല്ലാത്ത പാട്ടായിരുന്നു 'കാന്താ... ഞാനും വരാം'. പലരും പലപ്പോഴായി പാടി പരിചിതമായ പാട്ട്. എന്നാൽ, കൃത്യമായ ഒരു ഫോർമാറ്റ്‌ ഇല്ല. അതുകൊണ്ടൊക്കെയാകാം ഞങ്ങളതു ചെയ്തപ്പോൾ സ്വീകരിക്കപ്പെട്ടത്. ഇപ്പോഴും ഒരുപാട് ആരാധകരുണ്ട് ആ പാട്ടിന്, ഉത്തരേന്ത്യയിൽ പോലും. ലിറ്റിൽ തിങ്‌സിലെ മിഥിലയും ധ്രുവുമൊക്കെ സീരീസിൽ എടുക്കുന്നതിന് മുൻപേ തന്നെ ഈ പാട്ട് കേട്ടിരുന്നു, ഇഷ്ടപ്പെട്ടിരുന്നു എന്നു പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. നമ്മുടെ സ്വന്തമായതിനെ ലോകം അംഗീകരിക്കുകയല്ലേ അത്. 

എട്ടു വർഷം ഒന്നിച്ച്

പ്രേക്ഷകർക്കു വേണ്ടത് നൽകണം. അതിനു മസാല കോഫി അംഗങ്ങൾ ഒരു കുടുംബമെന്ന പോലെ പ്രവർത്തിക്കണം. എങ്കിൽ മാത്രമേ നിലനിൽപ്പുള്ളൂ. വിജയിച്ചതും അതുകൊണ്ടാകാം. ദുൽഖർ സൽമാൻ നായകനായ 'കണ്ണും കണ്ണും കൊള്ളയടിത്താൽ' സിനിമയിൽ നാലു പാട്ടുകളാണ് ചെയ്തത്. ഏറ്റവും വെല്ലുവിളി നിറഞ്ഞത് ആ ചിത്രത്തിലെ പാട്ടുകൾ ചെയ്യുന്നതായിരുന്നു. തമിഴ് ചിത്രമായ ഉറിയടിയിൽ ചെയ്ത പാട്ടുകളും തെലുങ്കിലെ 'ഗുണ്ടേ കഥ വിന്റാരാ' ചിത്രത്തിനു പശ്ചാത്തല സംഗീതം ഒരുക്കിയതുമൊക്കെ ഏറ്റവും ആസ്വദിച്ചു ചെയ്ത ജോലികളാണ്. തെലുങ്ക് ഒട്ടും അറിയാത്തതിനാൽ സംവിധായകൻ ഒപ്പമിരുന്നു തിരക്കഥ മുഴുവൻ വായിച്ചു കേൾപ്പിച്ചിട്ടാണ് ജോലി ഏറ്റെടുത്തത്.

നാടൻപാട്ടിന്റെ ചിറകേറി

മസാല കോഫി ഫ്ലേവറിൽ‍ ഏറ്റവും പ്രധാനപ്പെട്ടതാണ് നാടൻ പാട്ടുകളും ശൈലികളും. ആദ്യ പാട്ടുകളൊക്കെ കഴി‍ഞ്ഞാണ് അത്തരമൊരു ഫ്ലേവർ കൊണ്ടു വരാനായത്. പിന്നീട്, വസ്ത്രധാരണത്തിൽ നിന്നു മുതൽ തീം തിരഞ്ഞെടുക്കുന്നതിലും അത് അവതരിപ്പിക്കുന്നതിലുമെല്ലാം ഒരു ബ്രാൻഡ് എന്ന നിലയിൽ ശ്രദ്ധിക്കാൻ തുടങ്ങി. വളരെ പതുക്കെ വന്ന മാറ്റമായിരുന്നു. പക്ഷേ, അതു വിജയിച്ചു. ‘തേരി ഉഡാൻ’ പാട്ടാണ് ഇനി വരാനുള്ളത്. പെൺ ഭ്രൂണഹത്യകളെ ചർച്ച ചെയ്യുന്ന പാട്ടാണിത്. എല്ലാ പാട്ടുകളിലും ആൽബങ്ങളിലും എപ്പോഴും വ്യത്യസ്തത നിലനിർത്താൻ ശ്രമിച്ചിട്ടുണ്ട്. വ്യത്യസ്ത ഭാഷകളിൽ കവർ ചെയ്യുന്നുണ്ട് ഇപ്പോൾ. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ പാട്ടുകൾ ഉൾ‍പ്പെടുത്തി 'റേഡിയോ ബ്ര്യു' എന്ന സീരീസ് ചെയ്യുന്നുണ്ട്. 'ഏക് താര' ആൽബത്തിലെ 5 പാട്ടുകളുടെ ജോലികൾ ഏകദേശം പൂർത്തിയായി. ബാക്കിയുള്ളവ ഉടനെ തീർക്കും. തമിഴ്, തെലുങ്ക് ഭാഷകളിലെ ചിത്രങ്ങളിലും മസാല കോഫി ഉടനെത്തും.

കോവിഡിനൊപ്പം, കോവിഡിനു ശേഷം

കോവിഡ് പ്രശ്നം തന്നെയായിരുന്നു. ഒരുപാട് സ്റ്റേജ് ഷോകൾ റദ്ദാക്കപ്പെട്ടു. അവസാന ഷോ നടന്നത് ഗോവയിലാണ്. പിന്നീട് ഒരു ഷോയും ചെയ്യാനായില്ല. അന്ന് ഒരുപാട് വിഷമിച്ചിരുന്നു. പക്ഷേ, ഇപ്പോൾ തിരിച്ചുവരവിന്റെ പാതയിലാണ്. സിനിമയിലടക്കം എത്തപ്പെട്ടു. യൂറോപ് ട്രിപ് വരുന്നുണ്ട്. ഒപ്പം സ്വദേശത്തും വിദേശത്തുമായി ഒട്ടേറെ ഷോകളും. കോവിഡാനന്തര കാലം തീർച്ചയായും പ്രതീക്ഷ നൽകുന്നതാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS