ജോലി നഷ്ടപ്പെട്ടപ്പോൾ എഴുതിത്തുടങ്ങി; പ്രവാസിയായ അഭിലാഷ് പാട്ടെഴുത്തുകാരനായത് ഇങ്ങനെ

abhilash-lyricist
SHARE

ആത്മാവിലെ ആനന്ദമേ എന്ന പാട്ട് ഏറ്റുപാടാത്ത മലയാളികൾ കുറവായിരിക്കും. സജീർ കൊപ്പത്തിന്റെ ഈ ആൽബം സോങ് ഇതിനിടെ കണ്ടത്  മൂന്ന് കോടി ആളുകൾ. കോവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതോടെ പാട്ട് എഴുത്തിലേക്ക് തിരിഞ്ഞു മലയാളികളുടെ സ്നേഹം പിടിച്ചു പറ്റിയ കെ.സി.അഭിലാഷിന്റെ തൂലികയിൽ പിറന്നതാണ് ഈ ഹിറ്റ് പാട്ട്. സമൂഹമാധ്യമങ്ങളിലും യുവതലമുറയുടെ മൊബൈൽ റിങ് ടോണായും ഈ വരികൾ അലയടിക്കുന്നു. പാട്ടെഴുത്തിനെക്കുറിച്ച് കെ.സി.അഭിലാഷ് സംസാരിക്കുന്നു.

ആ 20 മിനിറ്റ് ജീവിതത്തെ മാറ്റിമറിച്ചു

ആൽബം ഗാനങ്ങൾക്കു പുതിയ ശൈലി നൽകിയ ആളാണ് യുവ ഗായകൻ സജീർ കൊപ്പം. ട്യൂൺ തന്നിട്ട് എഴുതാൻ ആവശ്യപ്പെട്ട പാട്ടാണിത്. പെട്ടെന്ന് മനസ്സിലേക്കു‌ വരികൾ എത്തി. 20 മിനിറ്റു കൊണ്ട് എഴുതിയ പാട്ടാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായത്. ഇപ്പോഴും പാട്ട് കേട്ട് ധാരാളം ആളുകൾ അഭിനന്ദിക്കാറുണ്ട്. നല്ല പാട്ടുകളെ മലയാളികൾ എന്നും ഇരു കൈയും നീട്ടി സ്വീകരിക്കുന്നു.

കോവിഡ് കാലം എഴുത്തിലേക്കു തിരിഞ്ഞു

13 വർഷമായി വിദേശത്താണ് ജോലി. കോവിഡ് കാലത്ത് ദുബായിൽ നിന്നും നാട്ടിലെത്തിയിട്ട് തിരികെ പോകാൻ കഴിഞ്ഞില്ല. ചെറുപ്പം മുതലെ സംഗീതവുമായി ബന്ധമുണ്ട്. സ്കൂളിൽ പാട്ട് മത്സരത്തിനൊക്കെ പങ്കെടുക്കുമായിരുന്നു. അമ്മയും അമ്മയുടെ കുടുംബവും സംഗീത പാരമ്പര്യമുള്ളവരാണ്. വെറുതെ കുത്തി കുറിച്ച വരികൾ സുഹൃത്തുക്കളെ കാണിച്ചപ്പോൾ അവർക്ക് ഇഷ്ടമായി.

ചവറ തെക്കുംഭാഗം ഗ്രാമമാണ് സ്വദേശം. ലക്ഷണമൊത്ത ആദി മഹാ കാവ്യമെഴുതിയ അഴകത്തു പദ്മനാഭക്കുറുപ്പിനും കഥാപ്രസംഗ കുലപതിയായ സാംബ ശിവനും ജന്മം നൽകിയ നാടാണ്. കലാകാരൻമാരെ പ്രോത്സാഹിപ്പിക്കുന്ന പാരമ്പര്യം നാട്ടിൽ പണ്ടേയുണ്ട്. നാട്ടിലെ സുഹൃത്തുക്കൾ നൽകിയ ആത്മ ധൈര്യത്തിലാണ് പാട്ട് എഴുത്തിലേക്ക് എത്തിയത്. പാട്ട് എഴുതുന്നതിന് മുൻപ് കഥകൾ എഴുതിയിരുന്നു. തിരുനെല്ലൂർ കരുണാകരൻ അവാർഡിനോട് ബന്ധപ്പെട്ട്  ബഹുജന കലാസാഹിത്യ മേളയിൽ ചെറുകഥാ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. ക്ഷേത്രങ്ങളിലെ ഉത്സവങ്ങൾക്കായി പാട്ടുകൾ എഴുതിയാണ് പാട്ടെഴുത്തിലേക്ക് എത്തിയത്.

സിനിമയ്ക്ക് പാട്ട് വേണ്ടാതായി

ലോക്ഡൗണും കോവിഡ് പ്രതിസന്ധിയും ഒക്കെ ആയതോടെ പാട്ടു കേൾക്കുവാനും വായിക്കുവാനും ധാരാളം സമയം കിട്ടി. ദുബായിൽ ആയിരുന്നപ്പോൾ ഇതിനൊന്നും സമയം കിട്ടിയിരുന്നില്ല. പുറത്തിറങ്ങാനിരിക്കുന്ന സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടെ പന്ത്രണ്ടോളം ഗാനങ്ങൾ എഴുതി. ആദ്യം പാട്ട് എഴുതി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുമായിരുന്നു. ഇത് ഷെയർ ചെയ്താണ് പല അവസരങ്ങളും കിട്ടിയത്. സജീർ കൊപ്പം മ്യൂസിക് ചെയ്ത് ആലപിച്ച ആത്മാവിലെ ആനന്ദമേ എന്ന ആൽബം പാട്ടും തുടർന്നു വന്ന നിനവാകെ, നെഞ്ചോരമേ എന്നീ ഗാനങ്ങളും മലയാള ചലച്ചിത്ര ലോകത്തു തന്നെ ശ്രദ്ധയാകർഷിച്ചു. മലയാള സിനിമയിൽ പാട്ടുകൾ കുറഞ്ഞതോടെ നല്ല പാട്ടുകൾ കേൾക്കാനായി ഒരുപാട് പേർ ആഗ്രഹിക്കുന്നുണ്ട്. ആൽബം ഗാനങ്ങൾക്ക് ഇക്കാലത്തു വലിയ സ്വീകാര്യതയാണു കിട്ടിയത്. പശ്ചാത്തല സംഗീതം മാത്രമായി പല സിനിമകളിലും പാട്ടുകൾ മാറി. നല്ല പാട്ടുകൾക്കു മലയാളികളുടെ ഹൃദയത്തിൽ എന്നും സ്ഥാനമുണ്ട്. പാട്ടുകൾക്കു പ്രാധാന്യമുള്ള സിനിമകളും കുറഞ്ഞു. ഒരു കാലത്ത് പാട്ടുകളിലൂടെയായിരുന്നു സിനിമ സൂപ്പർ ഹിറ്റായി മാറിയിരുന്നത്.

സമൂഹമാധ്യമങ്ങൾ അവസരങ്ങൾ നൽകുന്നു

അറിയപ്പെടാത്ത കലാകാരൻമാരെ വളർത്തുന്നതിൽ സമൂഹമാധ്യമങ്ങൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. നമ്മുടെ കലാസൃഷ്ടികൾ മറ്റുള്ളവർ കാണുന്നതിനും കഴിവുള്ളവർക്ക് അവസരങ്ങൾ ലഭിക്കുന്നതിനും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ സഹായമാണ്.

പുതു വർഷം പ്രതീക്ഷകളുടെ കാലം

സംവിധായകൻ ഒമർ ലുലു ഉൾപ്പെടെയുള്ളവർ പാട്ടെഴുത്തിനെ അഭിനന്ദിച്ചിരുന്നു. മലയാള സിനിമയിലെ ഗാനരചന സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നല്ല സിനിമയുടെ ഭാഗമാകാൻ കഴിയുമെന്ന വിശ്വാസമുണ്ട്. വെൺമേഘമേ എൻ മോഹമേ എന്ന ആൽബം ഗാനം ഉടൻ പുറത്തിറങ്ങും. മധു ബാലകൃഷ്ണൻ, ശ്രേയ ജയദീപ്, അർജുൻ അയ്‌റാൻ തുടങ്ങിയ ചലച്ചിത്ര പിന്നണി ഗായകർ എന്റെ വരികൾ ആലപിച്ചിട്ടുണ്ട്. 

പുതുവർഷം പുറത്തിറങ്ങാനിരിക്കുന്ന ഒരു പിടി നല്ല ഗാനങ്ങൾ ശ്രോതാക്കൾ നെഞ്ചിലേറ്റട്ടെ എന്ന പ്രാർഥനയിലാണ് അഭിലാഷ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA