‘റാഗിങ്ങിലൂടെ പരിചയപ്പെട്ടു, ലാൻഡ് ഫോണിലൂടെ പ്രണയിച്ചു, 17 വർഷങ്ങൾ’; പാട്ടും പറച്ചിലുമായി വിനീതിന്റെ ദിവ്യ

divya-vineeth
SHARE

ഒരു ഉണക്കമുന്തിരിയിലൂടെ കിട്ടിയ ചെറുമധുരവും പുളിയുമെല്ലാം നുണഞ്ഞു നടക്കുകയാണ് ഇപ്പോൾ കേരളത്തിലെ കുറച്ചു പേർ. കുറച്ച് അല്ല, കുറച്ചധികം പേർ. ഹൃദയത്തിലെ ഉണക്കമുന്തിരപ്പാട്ടാണ് മലയാളിയുടെ ചുണ്ടിലെത്തിയ ആ സ്വാദ്. പാട്ട് ഇപ്പോഴും ട്രെൻഡിങ്ങിൽ തുടരുമ്പോൾ ഉണക്കമുന്തിരിക്ക് രുചി ഇത്തിരി കൂടും. 

‘ഒണക്ക മുന്തിരി പറക്ക പറക്ക

മടുക്കുവോളം തിന്നോക്ക്യാ

തേങ്ങാ കൊതോനു കൊരിക്ക്യാ

വെറ്റിലേം പാക്കും ചാവക്യ ചാവക്യാ...’

ഹൃദയത്തിനു വേണ്ടി രസിപ്പിച്ച്, ചിരിപ്പിച്ച് ഈ വരികൾ പാടിത്തീർത്തപ്പോൾ അത് ഹിറ്റാകുമെന്നോ കമന്റ്ബോക്സിൽ നിറയെ തന്നെത്തേടി അഭിനന്ദനമെത്തുമെന്നോ ദിവ്യ വിചാരിച്ചതേയില്ല. ദിവ്യ എന്നു മാത്രം പറഞ്ഞാൽ ഒരുപക്ഷേ എല്ലാവർക്കും മനസ്സിലാകണമെന്നില്ല. നടനും സംവിധായകനും അഭിനേതാവുമായ വിനീത് ശ്രീനിവാസന്റെ ഭാര്യയാണ് ദിവ്യ. വിനീതിന്റെ ഏറ്റവും പുതിയ ചിത്രമായ ഹൃദയത്തില്‍ ആകെയുള്ള 15 പാട്ടുകളിൽ ഒരെണ്ണമാണ് ദിവ്യ വിനീതിന്റെ ശബ്ദത്തിൽ പ്രേക്ഷകർക്കരികിലെത്തിയത്. വരികൾ കുറിച്ചതാകട്ടെ വിനീതും. അപ്രതീക്ഷിതമായാണ് ദിവ്യയ്ക്കു പാടാൻ അവസരം കിട്ടിയത്. താൻ പാടിയിട്ടു ശരിയായില്ലെങ്കിൽ മറ്റൊരാൾ പാടിക്കോളുമെന്ന ഒറ്റ ഉറപ്പിന്മേലാണ് ദിവ്യ മൈക്കിനു മുന്നിലെത്തിയത്. എന്തായാലും പാടിയതു വെറുതെയായില്ല. പാട്ട് പ്രേക്ഷകർ ഹൃദയം നിറഞ്ഞങ്ങു സ്വീകരിച്ചു. ആസ്വാദകരുടെ പ്രശംസ തന്നെ തേടിയെത്തുമ്പോഴും സംഗീതഭാവിയെക്കുറിച്ചു ചിന്തിക്കാതെ ചെന്നൈയിലെ ഫ്ലാറ്റിൽ വിനീതിനും മക്കളായ വിഹാനും ഷനായക്കുമൊപ്പം കുംടുംബജീവിതത്തിന്റെ രുചി നുകരുകയാണ് ദിവ്യ. അതു മാത്രമാണു താന്‍ ഇഷ്ടപ്പെടുന്ന ലോകമെന്നു പറയുമ്പോൾ സംതൃപ്തമായ പുഞ്ചിരി നിറയുന്നു ദിവ്യയുടെ ചുണ്ടിൽ. വിശേഷങ്ങൾ പങ്കുവച്ച് ദിവ്യ വിനീത് മനോരമ ഓണ്‍ലൈനിനൊപ്പം. 

ഹൃദയവും ഞാനും

ഹൃദയത്തിന്റെ സംഗീതസംവിധായകൻ ഹിഷാം അബ്ദുൽ വഹാബ് ആണ് പാടാനുള്ള അവസരം നല്‍കിയത്. പാട്ട് ചിട്ടപ്പെടുത്തുന്ന സമയത്ത് അദ്ദേഹം വിനീതിനോടു ചോദിച്ചു, ദിവ്യ ചേച്ചിയെ കൊണ്ടു പാടിപ്പിച്ചാലോ എന്ന്. വിനീത് എന്നോട് അക്കാര്യം പറഞ്ഞു. ശ്രമിച്ചു നോക്കാം ശരിയായില്ലെങ്കിൽ മറ്റൊരാളെക്കൊണ്ടു പാടിപ്പിക്കാമെന്നും വിനീത് പറഞ്ഞു. ആ ഒറ്റ ഉറപ്പിന്മേലാണു ഞാൻ സ്റ്റുഡിയോയിലെത്തിയത്. പാടിക്കഴിഞ്ഞപ്പോൾ വിനീതിനും ഹിഷാമിനും ഒരുപാടിഷ്ടമായി. അങ്ങനെ ആ ട്രാക്ക് സിനിമിയിൽ ഉപയോഗിക്കുകയായിരുന്നു. ഹൃദയത്തിനു വേണ്ടി ഈയൊരു പാട്ട് മാത്രമേ പാടിയിട്ടുള്ളു. അതിനു ശേഷം അന്ന ബെൻ നായികയായെത്തിയ സാറാസിനു വേണ്ടിയും പാടി. ഹൃദയത്തിലെ പാട്ടാണ് ആദ്യം റെക്കോർഡ് ചെയ്തത്. പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം തോന്നുന്നു. വിഡിയോയുടെ താഴെ വരുന്ന കമന്റുകൾ എന്റെ മനസ്സു നിറയ്ക്കുകയാണ്.

എനിക്ക് അവർ മതി

വിനീത് പറഞ്ഞതുകൊണ്ടു മാത്രമാണു ഞാൻ പിന്നണി പാടിയത്. അല്ലാതെ അവസരം വേണമെന്നോ ഗായികയാകണമെന്നോ ഒരിക്കൽ പോലും ഞാൻ ആഗ്രഹിച്ചിട്ടില്ല. എന്റെ മനസ്സിൽ എപ്പോഴും എന്റെ കുടുംബം മാത്രമേയുള്ളു. എന്റെ കുഞ്ഞുങ്ങളെ നോക്കി അവർക്കൊപ്പം സമയം ചിലവഴിച്ച് അവരുടെ കൂടെ നടക്കുക. അതാണ് എനിക്ക് ഏറ്റവും സന്തോഷം പകരുന്ന കാര്യം. കുടുംബത്തിനപ്പുറത്തേയ്ക്ക് എനിക്കു വേറൊന്നും വേണ്ട. ഓരോ ദിവസവും രാത്രി ഉറങ്ങുന്നതിനു മുൻപ് എന്റെ മക്കളുടെ കൂടെ എത്ര സമയം ചിലവഴിച്ചു എന്നാണു ‍ഞാൻ കണക്കുകൂട്ടുന്നത്. അവർക്കൊപ്പം നടക്കുമ്പോൾ കിട്ടുന്ന സന്തോഷം മാത്രം മതി എനിക്ക്. ജീവിതത്തിൽ ഞാൻ വളരെ സംതൃപ്തയാണ്. എന്റെ മക്കൾക്കും ഭർത്താവിനുമാണ് ഞാൻ ഏറ്റവുമധികം വില നൽകുന്നത്. പാട്ടൊക്കെ ഒരു വശത്തുകൂടെ പോകുന്നുവെന്നു മാത്രം, അവസരങ്ങൾ കിട്ടിയാൽ ഇനിയും പാടും. അല്ലാതെ അതിനു വേണ്ടി ശ്രമിക്കില്ല. 

divya-vineeth2
ദിവ്യ വിനീതിനും മക്കൾക്കുമൊപ്പം

അന്നത്തെ ആ വിഡിയോ

ഞാൻ പാടാറുണ്ട്. അതുപക്ഷേ വിനീത് മാത്രമേ കേട്ടിട്ടുള്ളു. എന്റെ ശബ്ദം മികച്ചതാണെന്ന് ഇതുവരെ തോന്നിയിട്ടില്ല. ശബ്ദത്തെക്കുറിച്ചു യാതൊരു ആത്മവിശ്വാസും എനിക്കില്ല. പാട്ട് പാടിയപ്പോൾ ആളുകൾക്ക് ഇഷ്ടമാകുമോ എന്ന പേടി ഉണ്ടായിരുന്നു. ഞാൻ വെറുതെയിരിക്കുമ്പോൾ പാടുന്നത് റെക്കോർഡ് ചെയ്യാൻ വിനീതിനെ ഇതുവരെ അനുവദിച്ചിട്ടില്ല. ഒരു ദിവസം വീട്ടിൽ സുഹൃത്തുക്കൾക്കൊപ്പമിരുന്നപ്പോൾ പാടിയതിന്റെ വിഡിയോ വിനീത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. അതു ഞാന്‍ തീരെ പ്രതീക്ഷിച്ചില്ല. എന്നെ അറിയിക്കാതെ അതു ചെയ്തപ്പോൾ സങ്കടം തോന്നി. പക്ഷേ അന്നത്തെ ആ പാട്ട് ആളുകൾക്ക് ഇഷ്ടമായി എന്നു മനസ്സിലായപ്പോൾ ഒരുപാട് സന്തോഷിച്ചു. 

വിനീത് എപ്പോഴും പാട്ടിൽ

വീട്ടിലും അല്ലാത്തപ്പോഴും പാട്ട് കേൾക്കുന്നതും കേൾപ്പിക്കുന്നതും പാടുന്നതുമൊക്കെ വിനീത് ആണ്. റെക്കോർഡിങ് കഴിഞ്ഞു വന്നാലും പാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കും. പാട്ടുകൾ തിരഞ്ഞെടുത്തു കേൾക്കാനോ പാടി നോക്കാനോ ഞാൻ ഇതുവരെ മുതിർന്നിട്ടില്ല. പിന്നെ ചില പാട്ടുകളൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടാൽ അതേക്കുറിച്ചു സംസാരിക്കാറുണ്ട്. യാത്ര ചെയ്യുമ്പോഴും വിനീതിനാണു പാട്ടു കേൾക്കാനൊക്കെ കൂടുതലിഷ്ടം. 

ഞാൻ ‘ആക്ടീവ്’ അല്ല

സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതിനോടു തീരെ താത്പര്യമില്ലാത്തയാളാണു ഞാൻ. ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടെങ്കിലും ഉപയോഗിക്കാറില്ല. ഇൻസ്റ്റഗ്രാമിൽ വല്ലപ്പോഴും മാത്രം എന്തെങ്കിലും ചെയ്യും. അല്ലാതെ സമൂഹമാധ്യമങ്ങളിലൂടെ എന്തെങ്കിലും പങ്കുവയ്ക്കണമെന്നോ എഴുതണമെന്നോ ഒന്നും ഇതുവരെ തോന്നിയിട്ടില്ല. 

പെൺകൂട്ടുകൾ

വിനീതിലൂടെ ഒരുപാട് സൗഹൃദങ്ങൾ കിട്ടിയിട്ടുണ്ട്. സംഗീതസംവിധായകൻ ഷാന്‍ റഹ്മാന്റെ ഭാര്യ സൈറ, സംവിധായകൻ നോബിളിന്റെ ഭാര്യ ബോണി, അജു വർഗീസിന്റെ ഭാര്യ ടീന ഇവരൊക്കെയായി സൗഹൃദമുണ്ട്. വിളിക്കുകയും വിശേഷങ്ങൾ പങ്കുവയ്ക്കുകയുമൊക്കെ ചെയ്യും. പക്ഷേ അത് പതിവായി നടക്കുന്ന കാര്യമല്ല. എല്ലാവരും കുടുംബവും കുട്ടികളുമൊക്കെയായി തരിക്കുപിടിച്ച ജീവിതത്തിലല്ലേ. കുട്ടികളുടെ കൂടെയായിരിക്കുമ്പോൾ വേറെ ഒന്നിനും സമയം കിട്ടില്ല. 

divya-vineeth5
ദിവ്യയും വിനീതും

പ്രണയവർണ കാലം

ഞാനും വിനീതും വളരെ യാദൃച്ഛികമായി പരിചയപ്പെട്ടവരാണ്. ചെന്നൈയിലെ കെസിജി കോളജ് ഓഫ് എൻജിനീയറിങ്ങിലാണു ഞങ്ങൾ പഠിച്ചത്. കോളജിലെ ആദ്യ ദിനങ്ങളിൽ ഒരു പരിപാടിയ്ക്കായി ഓഡിറ്റോറിയത്തിലേയ്ക്കു പോകുന്ന വഴി വിനീതിന്റെ ക്ലാസ്സിലെ വിദ്യാർഥി എന്നെ റാഗ് ചെയ്തു. മലയാളം പാട്ട് പാടണമെന്നായിരുന്നു ആവശ്യപ്പെട്ടത്. പക്ഷേ ഞാൻ ജനിച്ചതും വളർന്നതും കോയമ്പത്തൂരിൽ ആയിരുന്നതിനാൽ എനിക്കു മലയാളം അത്ര വശമില്ലായിരുന്നു. മലയാളം പാട്ടുകൾ അറിയില്ലെന്നു പറഞ്ഞപ്പോൾ അവർ വിനീതിനെ വിളിച്ച് പാട്ടു പഠിപ്പിച്ചു കൊടുക്കാൻ പറഞ്ഞു. അങ്ങനെയാണ് ഞങ്ങൾ തമ്മിൽ ആദ്യമായി കാണുന്നത്. അന്ന് വിനീത് എന്നോടു കുറേ കാര്യങ്ങൾ ചോദിച്ചു പറഞ്ഞുവിട്ടു. പിന്നെ ഒരിക്കൽ കോളജിൽ വച്ച് ഒരു പരിപാടിയ്ക്കിടെ വിനീത് പാടിയപ്പോൾ എനിക്കൊരുപാട് ഇഷ്ടമായി. അന്നു മുതൽ ഞാൻ ശ്രദ്ധിച്ചു തുടങ്ങി. അങ്ങനെ വളരെ വേഗം ഞങ്ങൾ സുഹൃത്തുക്കളായി. പിന്നീടു ഫോണ്‍ വിളിയും പതിവായി. അന്ന് വിനീതിന്റെ കയ്യിൽ മാത്രമേ മൊബൈൽ ഫോൺ ഉണ്ടായിരുന്നുള്ളു. ഞാൻ ലാൻഡ് ഫോണിൽ നിന്നാണു വിളിച്ചിരുന്നത്. നിരന്തരമായുള്ള വർത്തമാനത്തിലൂടെ ഞങ്ങൾ ഒരുപാട് അടുത്തു. പ്രണയിച്ചു തുടങ്ങി. 8 വർഷത്തെ ഡേറ്റിങ്ങിനു ശേഷമാണു വിവാഹിതരായത്. വിവാഹം കഴിഞ്ഞിട്ട് ഇപ്പോൾ 9 വർഷം.  

ജോലി വേണ്ട

പഠനം കഴിഞ്ഞ് ഞാൻ ഇൻഫോസിസിൽ ജോലിയിൽ പ്രവേശിച്ചതാണ്. പക്ഷേ ജോലിയുടെ സ്വഭാവവുമായി പൊരുത്തപ്പെട്ടുപോകാൻ പറ്റാത്തതുകൊണ്ട് രാജിവച്ചു. എനിക്ക് ഐടി മേഖലയിൽ ജോലി ചെയ്യുന്നതിനോടു താത്പര്യമില്ലായിരുന്നു. പിന്നെ വിവാഹ ജീവിതത്തിലേയ്ക്ക് എത്തിയതോടെ ഉത്തരവാദിത്തങ്ങൾ കൂടി. ജോലിക്കു വേണ്ടി ശ്രമിക്കണമെന്നു പിന്നീടു തോന്നിയിട്ടേയില്ല. എനിക്ക് എപ്പോഴും കുടുംബത്തിനു വേണ്ടി ജീവിക്കാനാണ് ഇഷ്ടം. അങ്ങനെ വീട്ടിൽ തന്നെ ഒതുങ്ങി. ഇപ്പോൾ ജീവിതത്തിലെ ഓരോ ദിനവും ഞാൻ സന്തോഷവതിയാണ്. 

divya-vineeth1
ദിവ്യ വിനീത്

അമ്മയായപ്പോൾ‌...

ആദ്യ കുഞ്ഞ് ജനിക്കുന്നതിനു മുൻപു തന്നെ അമ്മയാകുന്ന ആ മഹത്തായ നിമിഷത്തെക്കുറിച്ചു ഞാൻ ചിന്തിച്ചു തുടങ്ങിയിരുന്നു. അതിനു വേണ്ടി എങ്ങനെയാണു തയ്യാറെടുപ്പുകൾ നടത്തേണ്ടതെന്നും ആലോചിച്ചു. പ്രസവശേഷം വിഹാനെ ആദ്യമായി എന്റെ കയ്യിലേയ്ക്കു കിട്ടിയ ആ നിമിഷം മുതൽ അമ്മ എന്ന നിലയില്‍ എനിക്ക് എല്ലാം ചെയ്യാൻ സാധിക്കുന്നുണ്ടായിരുന്നു. കുഞ്ഞിനെ എടുക്കുന്ന രീതിയും കയ്യിൽ പിടിക്കുന്ന രീതിയുമെല്ലാം സ്വഭാവികമായും ഞാൻ സ്വായത്തമാക്കി. അതൊന്നും ഒരുപാട് തയ്യാറെടുപ്പുകളിലൂടെ കൈവന്ന കാര്യമല്ല.

divya-vineeth4
ദിവ്യ വിനീതിനും മക്കൾക്കുമൊപ്പം

അടുക്കളയിലെ ‘കൂൾ’ വിനീത്

വിനീത് വീട്ടിലിരിക്കുമ്പോഴും തിരക്കിലാണ്. പക്ഷേ പാചകം ചെയ്യുമ്പോൾ ആൾ വളരെ ശാന്തനാണ്. ഞാനും കുട്ടികളും സസ്യവിഭവങ്ങളേ കഴിക്കൂ. വിനീത് അങ്ങനെയല്ല. അദ്ദേഹം ഇഷ്ട വിഭവങ്ങളൊക്കെ തയ്യാറാക്കി പരീക്ഷിക്കാറുണ്ട്. ഇവിടെ ചെന്നൈയിൽ ഞങ്ങളുടെ ഫ്ലാറ്റിന്റെ തൊട്ടടുത്തായി വേറൊരു ഫ്ലാറ്റ് വാടകയ്ക്കെടുത്തിട്ടുണ്ട്. വിനീതിന്റെ ജോലിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് അത്. അവിടുത്തെ അടുക്കള വിനീതിന്റെ കൈവശമാണ്. അവിടെ വച്ചാണ് അദ്ദേഹത്തിന്റെ പാചകപരീക്ഷണങ്ങൾ. പാചകക്കുറിപ്പിൽ പറയുന്ന അതേ അളവ് മാത്രമായിരിക്കും ഉപയോഗിക്കുക. നമ്മളൊക്കെ കയ്യിൽ കിട്ടുന്നതു പോലെയല്ലേ ചേരുവകൾ ചേർക്കുക. പക്ഷേ അളവ് കൃത്യമായിരിക്കണമെന്നു വിനീതിനു നിർബന്ധമാണ്. അടുക്കളയിൽ കയറുമ്പോൾ വിനീത് വളരെ സന്തോഷവാനാണ്. സിനിമ കഴിഞ്ഞാൽ പിന്നെ വിനീതിന് ഏറ്റവും പ്രിയമുള്ള കാര്യം പാചകമാണ്. ഇരുന്നൂറു ശതമാനം ആത്മാർഥതയും ശ്രദ്ധയുമാണ് അക്കാര്യത്തിൽ. ഞാൻ പിന്നെ സസ്യാഹാരം മാത്രം കഴിക്കുന്നതുകൊണ്ടു ഒരുപാട് വിഭവങ്ങൾ ഉണ്ടാക്കി പരീക്ഷിക്കാറില്ല. 

എന്റെ വിനി

ഞാനും വിനീതും ഞങ്ങളുടെ ജീവിതത്തിൽ തുല്യമായ സ്ഥാനങ്ങളാണു വഹിക്കുന്നത്. പലപ്പോഴും വീട്ടുകാര്യങ്ങളിൽ എനിക്കു ചെയ്യാൻ പറ്റാത്തത് വിനീത് ചെയ്യും. വിനീതിനു പറ്റാത്തതു ഞാനും ചെയ്യും. രണ്ടുപേരും ഒരുപോലെയാണ് കുടുംബത്തെ മുന്നോട്ടു നയിക്കുന്നത്. വിനീത് വളരെ സ്വീറ്റ് ആണ്. പുറത്തുള്ളതു പോലെയല്ല വീട്ടിലെ പെരുമാറ്റം. ഒരുപാട് തമാശകൾ പറയും. മക്കൾക്കൊപ്പം കുട്ടിത്തത്തോടെ പെരുമാറും. വളരെ ക്ഷമാശീലനാണ്. പെട്ടെന്നൊന്നും ദേഷ്യപ്പെടില്ല. പക്ഷേ അതിനു നേര്‍ വിപരീതമാണ് എന്റെ സ്വഭാവം. എനിക്കു പെട്ടെന്നു ദേഷ്യം വരും. ഒരു പരിധി കഴിഞ്ഞാൽ വിനീതും ദേഷ്യപ്പെടുമെന്നറിയാവുന്നതുകൊണ്ട് ആ ഘട്ടത്തിലേയ്ക്ക് അദ്ദേഹം എത്താതിരിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കും. 

divya-vineeth3
ദിവ്യയും വിനീതും

അവർ എനിക്ക് അനുഗ്രഹം

വിനീതിന്റെ അച്ഛനെയും അമ്മയെയും (ശ്രീനിവാസന്‍, വിമല) എന്റെ ജീവിതത്തിലേയ്ക്കു കിട്ടിയതിൽ ഞാൻ വളരെ അനുഗ്രഹീതയാണ്. ഒപ്പമുള്ളവരെ ഒരുപാടു മനസ്സിലാക്കുന്ന ആളുകളാണ് അവർ. ഞാൻ എത്തരത്തിലുള്ള ജീവിതമാണോ ഇഷ്ടപ്പെട്ടത് അത് ജീവിച്ചുകാണിക്കുകയാണ് അച്ഛനും അമ്മയും. രണ്ടുപേരും പൂർണ പിന്തുണയോടെ കൂടെ നിൽക്കും. അതുകൊണ്ടു തന്നെ വിവാഹം കഴിഞ്ഞു വീട്ടിൽ വന്ന കാലം മുതൽ എനിക്കു യാതൊരുവിധ ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. ഞങ്ങളുടെ വീട്ടിൽ അമ്മയാണ് എല്ലാ കാര്യങ്ങളും ഏകോപിപ്പിച്ചു കൊണ്ടുപോകുന്നത്. കാരണം അച്ഛനും വിനീതും ധ്യാനും (ധ്യാൻ ശ്രീനിവാസൻ) എപ്പോഴും സിനിമയുമായി ബന്ധപ്പെട്ടു തിരക്കിലായിരിക്കും. അപ്പോഴൊക്കെ കുടുംബത്തെ ചേർത്തു നിർത്തുന്നതും എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതും അമ്മയാണ്. എല്ലാവർക്കും ഒരുമിച്ചു യാത്രകൾ പോകണമെന്ന് ആഗ്രഹമുണ്ടെങ്കിലും തിരക്കുകൾ കാരണം അതു സാധിച്ചിട്ടില്ല. ഞാനും വിനീതും കുട്ടികളും യാത്ര പോകാറുണ്ട്. പക്ഷേ അച്ഛനും അമ്മയ്ക്കുമൊപ്പം ഇതുവരെ സാധിച്ചിട്ടില്ല. 

കോവിഡിലെ അകലം

ധ്യാനും ഭാര്യയും അച്ഛന്റെയും അമ്മയുടെയും കൂടെ കൊച്ചിയിലുമാണു താമസം. ഇപ്പോൾ തമ്മിൽ കണ്ടിട്ടു കുറേ കാലമായി. കോവിഡ് കാരണം എവിടേയ്ക്കും പോകാൻ പറ്റില്ലല്ലോ. അവർക്ക് ഇങ്ങോട്ടും ഞങ്ങൾക്ക് അങ്ങോട്ടും വരാനോ പോകാനോ പറ്റാത്ത അവസ്ഥയാണുള്ളത്. എനിക്ക് ഒരു ചേച്ചിയുണ്ട്. കുടുംബത്തോടൊപ്പം അമേരിക്കയിലാണ്. കോവിഡ് വഴിമുടക്കിയതോടെ അവരെയും അടുത്തകാലത്തൊന്നും കാണാൻ സാധിച്ചില്ല. ഇപ്പോൾ നിയന്ത്രണങ്ങളിൽ മാറ്റം വന്നതോടെ വല്ലപ്പോഴും ഇവിടെ അടുത്തുള്ള ബന്ധു വീടുകളിലും സുഹൃത്തുക്കളുടെ അടുത്തും പോകാറുണ്ട്. പൊതുസ്ഥലങ്ങളിലേയ്ക്കിറങ്ങാറില്ല. പിന്നെ വിനീത് ഹൃദയത്തിന്റെ ജോലികൾ പൂർത്തിയാക്കി ചെന്നൈയിൽ തിരികെയെത്തിയിട്ട് ഏതാനും . ദിവസങ്ങളേ ആയിട്ടുള്ളു. തിരക്കുകളൊതുങ്ങിയിട്ടു വേണം അടുത്ത ചില സ്ഥലങ്ങളിലൊക്കെ പോകാൻ. 

English Summary:  Special interview with Divya Vineeth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിന്നൽ മുരളി 2 ഉണ്ടാകും: ആദ്യമായി പ്രതികരിച്ചു ബേസിലും ടോവിനോയും| Tovino, Basil, Guru| Minnal Murali

MORE VIDEOS
FROM ONMANORAMA