ADVERTISEMENT

എട്ട് പതിറ്റാണ്ടുകൾ നീളുന്ന മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ വിരലിലെണ്ണാവുന്ന പാട്ടെഴുത്തുകാരികൾക്കു മാത്രമേ ചലച്ചിത്ര ഗാനങ്ങൾക്കു വേണ്ടി തൂലിക ചലിപ്പിക്കാൻ കഴിഞ്ഞിട്ടുള്ളു എന്നു ബോധ്യമാകും. ഇതിൽ തന്നെ ഒന്നോ രണ്ടോ സിനിമകൾക്കു വേണ്ടി മാത്രം പാട്ടെഴുതിയവരാണ് കൂടുതലും. ‘മഴ’ സിനിമയിലെ ‘ആരാദ്യം പറയും’ എന്ന ഗാനത്തിലൂടെ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ഒ.വി. ഉഷ മാത്രമാണ് ഏതെങ്കിലും വിധത്തിൽ അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഒരു സിനിമയിൽ കേവലം ഒരു പാട്ട് മാത്രം എഴുതാൻ നിയോഗിക്കപ്പെടുന്നവരാണ് ഭൂരിഭാഗം വനിതാ ഗാനരചയിതാക്കളും. അതുകൊണ്ടു തന്നെ ഒരു സിനിമയിൽ ഒന്നിലെറെ പാട്ടെഴുത്തുകാരികളുണ്ടാകുന്നത് മലയാള സിനിമയിലൊരു അപൂർവതയാണ്. ആർ.ജെ. മാത്തുക്കൂട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെൽദോ’ അത്തരത്തിലുള്ള ഒരു ചരിത്ര കൗതുകത്തിനു സാക്ഷിയാകുകയാണ്. അവതാരക, എഴുത്തുകാരി, അഭിനേത്രി, റേഡിയോ ജോക്കി എന്നീ നിലകളിൽ ശ്രദ്ധേയയായ അശ്വതി ശ്രീകാന്തും മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമാ ഗാനങ്ങൾ എഴുതിയിട്ടുള്ള പാട്ടെഴുത്തുകാരിയെന്ന റെക്കോർഡിന് ഉടമയായ അനു എലിസബത്ത് ജോസുമാണ് കുഞ്ഞെൽദോയിലെ പാട്ടെഴുത്തുകാരികൾ. ഇരുവരും രണ്ടു ഗാനങ്ങളാണ് സിനിമയ്ക്കു വേണ്ടി എഴുതിയിട്ടുള്ളത്. ഷാൻ റഹ്മാൻ ഈണമിട്ട കുഞ്ഞെൽദോയിലെ പാട്ടുകളിലൂടെ ഒരു പറ്റം റിയാലിറ്റി ഷോ താരങ്ങൾ ഗായകരായി വരവറിയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പാട്ടുവഴികളെക്കുറിച്ച് അശ്വതിയും അനുവും സംസാരിക്കുന്നു. 

 

 

‘ഠാ’യില്ലാത്ത മുട്ടായികള്‍ എന്ന ഓർമ്മകഥകളുടെ പുസ്തകത്തിലൂടെ 

 

 

ശ്രദ്ധേയായ എഴുത്തുകാരി കൂടിയായ അശ്വതി ശ്രീകാന്ത് മലയാള സിനിമയിൽ പാട്ടെഴുത്തുകാരിയായി അരങ്ങേറ്റം കുറിക്കുന്നത് വി.കെ. പ്രകാശിന്റെ ‘റോക്ക് സ്റ്റാർ’ എന്ന ചിത്രത്തിലൂടെയാണ്. സുഹൃത്തും പഴയ സഹപ്രവർത്തകനുമായിരുന്ന ആർ.ജെ. മാത്തുക്കുട്ടിയുടെ കന്നി ചിത്രം കുഞ്ഞെൽദോയിലൂടെ പാട്ടെഴുത്തിലേക്ക് ഒരു തിരിച്ചുവരവ് നടത്തുകയാണ് അശ്വതി. സിനിമയിൽ ഒരു ചെറിയ വേഷത്തിലും അശ്വതി അഭിനയിച്ചിട്ടുണ്ട്. 

 

 

‘പാട്ടിന്റെ കാര്യത്തിൽ വീട്ടുവീഴ്ചയില്ല, സൗഹൃദത്തിന് അവിടെ പ്രസക്തിയില്ല’

 

 

സൗഹൃദമാണ് കുഞ്ഞെൽദോയിലെ പാട്ടുകൾ എഴുതാനുള്ള അവസരമൊരുക്കിയതെന്നു പറയാം. എന്റെയും മാത്തുവിന്റെയുമൊക്കെ റേഡിയോ കാലത്ത് ഞാൻ ജിംഗിൾസിനു വേണ്ടി പാട്ടുകളെഴുതുമായിരുന്നു. കവിതകളുടെ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതാ സമാഹാരത്തിന്റെ പ്രകാശനവേളയിലൊക്കെ മാത്തുക്കുട്ടി അവിടെ ഉണ്ടായിരുന്നു. ഞാൻ എഴുതുമെന്ന് അവന് അറിയാമായിരുന്നു. എന്നെങ്കിലും സിനിമ ചെയ്യുമ്പോൾ എനിക്ക് പാട്ടെഴുതാൻ അവസരം തരുമെന്നൊക്കെ മാത്തുക്കുട്ടി പറഞ്ഞിരുന്നത് ഞാൻ എഴുതുമെന്നു അറിഞ്ഞു തന്നെയാണ്. വർഷങ്ങൾക്കു ശേഷം അവൻ ആദ്യമായി സിനിമ സംവിധാനം ചെയ്തപ്പോൾ അത് ഓർത്തുവച്ചു വിളിച്ചു.

 

സിനിമയുടെ തിരക്കഥയുടെ ചർച്ചകളൊക്കെ നടക്കുമ്പോൾ ഞങ്ങൾ തമ്മിൽ നിരന്തരം ആശയ വിനിമയം നടത്തിയിരുന്നു. ഫെയർവെൽ സോങാണ് ആദ്യം എഴുതുന്നത്. ഒരു ദിവസം  മാത്തുക്കുട്ടി വിളിച്ചിട്ടു പറഞ്ഞു, ‘നമ്മുക്കൊരു ഫെയർവെൽ സോങ് വേണം. സ്കൂളിലും കോളജിലുമൊക്കെ പിള്ളേർക്കു   ഫെയർവെൽ ആന്തമായിട്ടൊക്കെ കൊണ്ടു നടക്കാൻ പറ്റുന്ന ഒരു ഫീലുള്ള പാട്ടു വേണം. നീയൊന്നു എഴുതാൻ ശ്രമിച്ചു നോക്കൂ’ എന്ന്. അങ്ങനെയാണ് ഞാൻ എഴുതിയത്. 

 

ഇഷ്ടപ്പെട്ടാൽ മാത്രമേ സിനിമയിൽ ഉൾപ്പെടുത്തുവെന്നു പാട്ടെഴുതുന്നതിനു മുമ്പേ അവൻ പറഞ്ഞിരുന്നു. അവിടെ സൗഹൃദത്തിനു പ്രസക്തിയില്ലല്ലോ. വർക്ക് നന്നാകുക എന്നതാണല്ലോ പ്രധാനം. അത് മനസ്സിൽവച്ചാണ് ഞാനും പാട്ടെഴുതിയത്. അങ്ങനെയാണ് ‘ഇടനാഴി’യിൽ എന്ന ഗാനം പിറക്കുന്നത്. വരികളെഴുതിയതിനു ശേഷം ട്യൂണിട്ട ഗാനമാണത്. സിനിമയിൽ ഞാനെഴുതിയ പാട്ടിൽ തന്നെ അഭിനയിക്കാനുള്ള അവസരവും എനിക്ക് ലഭിച്ചുവെന്ന പ്രത്യേകതയും ഉണ്ട്. 

 

 

കൊടൈകനാൽ യാത്രക്കിടെ പിറന്ന ‘പെൺപൂവേ കണ്ണിൽ മഴ തോർന്നുവോ’

 

 

സന്തോഷ് വർമ്മയും അനു എലിസബത്തും ചേർന്നു മറ്റു പാട്ടുകളും എഴുതി. കുഞ്ഞെൽദോയ്ക്കു വേണ്ടി രണ്ടാമത് എഴുതിയ പാട്ട് യാദൃച്ഛികമായി എന്നിലേക്കു വന്നു ചേരുകയായിരുന്നു. സിനിമയുടെ ഒരു നിർണ്ണായക ഘട്ടത്തിൽ വരുന്ന ഗാനമാണ് അത്. ആ സന്ദർഭത്തിനു വേണ്ടി ഒന്നു-രണ്ട് ആളുകൾ പാട്ടെഴുതി നോക്കിയിരുന്നെങ്കിലും അത് അനുയോജ്യമായി വന്നില്ല.

 

ഞാനൊരു കൊടൈകനാൽ യാത്രയിലിരിക്കെ അവിചാരിതമായിട്ടാണു വീണ്ടും മാത്തുക്കുട്ടിയുടെ ഫോൺ കോൾ എത്തുന്നത്. ‘ഞങ്ങൾക്ക് ഏറ്റവും പ്രതീക്ഷയുള്ളൊരു പാട്ടാണിത്. സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു സന്ദർഭത്തിൽ വരുന്ന പാട്ട്. നീയൊന്നു ശ്രമിച്ചു നോക്കു. ഈ പാട്ട് ശരിയാകുവാണെങ്കിൽ ഈ സിനിമയിലെ ഏറ്റവും നല്ല പാട്ടായിരിക്കും ഇത്’ എന്നു പറഞ്ഞു മാത്തു ഫോൺ കട്ട് ചെയ്തു. അങ്ങനെ യാത്രക്കിടയിൽ വണ്ടിയിലിരുന്നാണ് ഞാൻ ആ പാട്ടിന്റെ ആദ്യത്തെ നാലുവരികൾ എഴുതുന്നത്. അത് ഞാൻ മാത്തുക്കുട്ടിക്ക് അയച്ചുകൊടുത്തു. 

‘ഈ ട്രാക്ക് കൊള്ളം, നീ അത് എഴുതി പൂർത്തിയാക്കൂ’ എന്നു പറഞ്ഞു മാത്തു പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് ‘പെൺപൂവേ’ എന്ന പാട്ടിന്റെ ജനനം. 

സിനിമയിൽ വളരെ വൈകാരികമായ ഒരു മുഹൂർത്തത്തിൽ കടന്നുവരുന്ന പാട്ടാണ് അത്. ഇപ്പോൾ കേൾക്കുന്നതിനേക്കാൾ സിനിമയിലെ ആ കഥാസന്ദർഭത്തിൽ ആ ഗാനം കൂടുതൽ തീവ്രമായി അനുഭവപ്പെടും. ‘പെൺപൂവേ’ ട്യൂണിട്ടതിനു ശേഷം വരികളെഴുതിയ പാട്ടാണ്. 

 

 

‘പാട്ടെഴുത്തുകാർക്കു വേണ്ടത്ര അംഗീകാരം ലഭിക്കാറില്ല’

 

 

സിനിമയിൽ പണ്ടൊക്കെ പൂർണ്ണമായും സൗഹൃദ കൂട്ടായ്മകളിൽ നിന്നാണല്ലോ പാട്ടുകളും ഉണ്ടായിരുന്നത്. പാട്ടെഴുത്തുകാരനും സംഗീതസംവിധായകനുമൊക്കെ ഒരുമിച്ചു താമസിച്ചൊക്കെയാണല്ലോ പാട്ടുകൾ എഴുതിയിരുന്നത്. സിനിമ ചർച്ചകളും കൂടുതലും നടന്നിരുന്നത് ആണിടങ്ങളിലായിരുന്നല്ലോ. അതുകൊണ്ടൊക്കെയാകാം പാട്ടെഴുത്തിൽ സ്ത്രീകൾക്കു കാര്യമായി അവസരങ്ങൾ ലഭിക്കാതെ പോയത്. ഇപ്പോൾ അതിനു മാറ്റം വന്നിട്ടുണ്ട്. സ്ത്രീകളും സജീവമായി ചലച്ചിത്ര ചർച്ചകളിൽ പങ്കെടുക്കാൻ തുടങ്ങി. സിനിമയുടെ സാങ്കേതിക മേഖലകളിലേക്ക് ഒട്ടേറെ സ്ത്രീകൾ കടന്നുവരുന്നുണ്ട്. എവിടെ ഇരുന്നു വേണമെങ്കിലും പാട്ടുകളെഴുതാനുള്ള സൗകര്യവും ഇപ്പോഴുണ്ട്. പൊതുവേ പുരുഷന്റെ കാഴ്ചപ്പാടിൽ നിന്നുകൊണ്ടു സ്ത്രീകളെ വർണ്ണിക്കുന്ന എഴുത്തുകളാണല്ലോ സാഹിത്യത്തിലും ഉള്ളത്. അതിന്റെ പ്രതിഫലനം സിനിമ ഗാനങ്ങളിലും ഉണ്ട്. വളരെ അപൂർവമായിട്ടാണ് പുരുഷനെ വർണ്ണിച്ചു കൊണ്ടുള്ള എഴുത്തുകൾ സാഹിത്യത്തിലും സിനിമയിലുമൊക്കെ കടന്നുവരാറുള്ളത്. പാട്ടെഴുത്തുകാരികൾ കുറയാൻ അതും ഒരു കാരണം ആകാം. 

 

പാട്ടെഴുതുന്നത് സ്ത്രീയായാലും പുരുഷനായാലും വളരെ കുറച്ച് ആളുകൾ മാത്രമാണ് ആരാണ് പാട്ടെഴുതിയത് എന്നു ശ്രദ്ധിക്കുക. ഒന്നോ രണ്ടോ പാട്ടുകൾ ഹിറ്റായാൽ സംഗീതസംവിധായകരും ഗായകരും ശ്രദ്ധിക്കപ്പെടും. പാട്ടിന്റെ കമന്റ് ബോക്സൊക്കെ പോയി നോക്കിയാൽ കാണാം വളരെ കുറച്ചു പേരെ പാട്ടെഴുത്തുകാരെ കുറിച്ചു സംസാരിക്കൂ. പാട്ടെഴുത്തുകാരി എന്ന നിലയിൽ ശ്രദ്ധിക്കപ്പെടുക എളുപ്പമല്ല. മലയാളത്തിലാണെങ്കിൽ പാട്ടെഴുത്തുകാർക്ക് ഒരു ക്ഷാമവും ഇല്ലല്ലോ. എങ്കിലും പാട്ടുകൾ എഴുതാൻ കൂടുതൽ അവസരം ലഭിച്ചാൽ സന്തോഷമാണ്. എഴുത്ത് എന്നു പറയുന്നത് എപ്പോഴും നമ്മുടെ ഹൃദയത്തോടു ചേർന്നു നിൽക്കുന്ന ഒന്നാണല്ലോ. 

 

 

‘വർഷങ്ങൾക്കു മുമ്പ് കേട്ട കുഞ്ഞെൽദോയുടെ കഥ, അതെ ആവേശത്തോടെ സിനിമക്കായി കാത്തിരിക്കുന്നു’

 

 

പത്ത്-പതിനൊന്നു വർഷങ്ങൾക്കു മുമ്പ് എഫ്.എം. റേഡിയോയിൽ ഒരുമിച്ചു ജോലി ചെയ്തിരുന്ന സമയത്ത് മാത്തുക്കുട്ടിയും മിഥുനുമൊക്കെ അവരുടെ കോളജിൽ നടന്നൊരു സുഹൃത്തിന്റെ യഥാർഥ ജീവിതകഥ പറഞ്ഞിട്ടുണ്ട്. അന്ന് ഓഫിസ് വരാന്തയിൽ നിന്ന് ആ കഥ കേൾക്കുമ്പോൾ ഇങ്ങനെയൊക്കെ യഥാർഥ ജീവിതത്തിൽ സംഭവിക്കുമോ എന്നൊക്കെ ആലോചിച്ചു ഞാൻ അന്തംവിട്ടു നിന്നിട്ടുണ്ട്. വർഷങ്ങൾ കടന്നുപോയി സിനിമ ചെയ്യാൻ പോകുന്നുവെന്നു പറഞ്ഞു മാത്തു വിളിച്ചു. ‘സിനിമയുടെ പേര് എന്താണെന്ന് അറിയാമോ?’ എന്നു ചോദിച്ചു. ‘കുഞ്ഞെൽദോ’ എന്നാണെന്നു പറഞ്ഞു. ഏത് അന്ന് പറഞ്ഞ കഥയോ എന്നു ഞാൻ ചോദിച്ചു. അന്ന് ആ കഥ കേട്ടപ്പോഴുള്ള ആശ്ചര്യം ഇപ്പോഴും ഉണ്ട്. തീർച്ചയായും ഇത് പ്രേക്ഷകരിലേക്കു റീച്ചാകുമെന്നു എനിക്കുറപ്പുണ്ട്. 

 

 

സിനിമയിൽ പാട്ടുകൾക്കു കഥ പറയുക എന്നൊരു ഉദ്യമം കൂടിയുണ്ടല്ലോ. നമ്മുടെ വരികളിലൂടെ അത് സാക്ഷാത്കരിക്കപ്പെടുന്നു എന്നതിൽ വലിയ സന്തോഷമുണ്ട്. പിന്നെ നമ്മൾ മലയാള സിനിമയുടെ ഭാഗമാകുകയാണല്ലോ. എവിടെങ്കിലുമൊക്കെ നമ്മുടെ പേരും അടയാളപ്പെടുത്തുകയാണല്ലോ. തിയറ്റർ റിലീസിനായി കാത്തിരിക്കുന്നു. പാട്ടു വരുന്ന രംഗങ്ങളിലൊക്കെ അഭിനേതാക്കൾ എങ്ങനെ പെർഫോം ചെയ്തു എന്ന് അറിയാനുള്ള കൗതുകവും ആവേശവുമൊക്കെയുണ്ട്.

 

 

 

തട്ടത്തിന്‍ മറയത്തിലൂടെ മലയാളത്തിൽ പാട്ടെഴുത്തുകാരിയായി അരങ്ങേറ്റം കുറിച്ച എഴുത്തുകാരിയാണ് അനു എലിസബത്ത് ജോസ്. മലയാളത്തിൽ ഏറ്റവും കൂടുതൽ ചലച്ചിത്ര ഗാനങ്ങൾക്കു തൂലിക ചലിപ്പിച്ചതും അനു തന്നെ. ചെറിയൊരു ഇടവേളയ്ക്കു ശേഷം പാട്ടെഴുത്തിൽ വീണ്ടും സജീവമാകുകയാണ് അനു.

 

 

‘എനിക്കു മുമ്പേ എഴുതിയവരുടെ വരികളാണ് എന്നും പാട്ടെഴുത്തിൽ പ്രചോദനം’

 

 

കുഞ്ഞെൽദോയുടെ ക്രീയേറ്റീവ് ഡയറക്ടർ വിനീത് ശ്രീനിവാസനും സംഗീതസംവിധായകൻ ഷാൻ റഹ്മാനും വഴിയാകാം എനിക്ക് ഈ സിനിമയിലേക്കു പാട്ടെഴുതാനുള്ള അവസരമുണ്ടായതെന്നു ഞാൻ കരുതുന്നു. ഈ സിനിമയ്ക്കു വേണ്ടി എഴുതിയ രണ്ടു ഗാനങ്ങളും സ്വിറ്റുവേഷണൽ സോങ്സാണ്. അതുകൊണ്ടു തന്നെ സിനിമക്കൊപ്പം ആ പാട്ടുകൾ കേൾക്കുമ്പോഴാകും അതിനു പൂർണ്ണത ലഭിക്കുക. ഇപ്പോൾ പുറത്തിറങ്ങിയ ‘താനേ പെയ്തു’ എന്നു തുടങ്ങുന്ന ഗാനത്തിനു പുറമെ സിനിമയുടെ ക്ലൈമാക്സിനൊപ്പം വരുന്ന പാട്ടിന്റെ വരികളാണ് ഞാൻ എഴുതിയിരിക്കുന്നത്. 

 

പാട്ടെഴുത്തിൽ വായനയുടെ സ്വാധീനം നന്നേ കുറവാണ്. ഞാൻ കൂടുതലും വായിച്ചിരുന്നത് ഇംഗ്ലിഷ് പുസ്തകങ്ങളായിരുന്നു. ഇപ്പോൾ തിരക്കുകൾ കാരണം അതും കൃത്യമായി നടക്കാറില്ല. പഴയ പാട്ടുകളുടെ വരികൾ എപ്പോഴും എന്റെ മനസ്സിലുണ്ട്. ചെറുപ്പം മുതൽ പാട്ടുകൾ കേൾക്കുകയും ഇഷ്ടപ്പെട്ട വരികൾ പകർത്തിവയ്ക്കുകയും ചെയ്യുന്നൊരു ശീലം ഉണ്ടായിരുന്നു. ഒരുപാട് പ്രിയപ്പെട്ട പാട്ടുകളുടെ വരികൾ എപ്പോഴും മനസ്സിലുണ്ട്. പാട്ടെഴുതാൻ എന്നെ സഹായിച്ചിട്ടുള്ളതും കൃത്യമായ മീറ്ററിൽ വരികളൊപ്പിച്ച് എഴുതാനുമൊക്കെ അത് സഹായിച്ചിട്ടുണ്ട്. പാട്ടുമായി ബന്ധപ്പെട്ട ചിന്തകളെ ദൃശ്യവത്കരിച്ചു നോക്കുമ്പോഴും പഴയ പാട്ടുകളിലെ ഇമേജറികളും ബിംബങ്ങളുമൊക്കെ തന്നെയാണ് എഴുതാൻ പ്രചോദിപ്പിക്കുന്നത്. പാട്ടെഴുത്തിൽ ചെറിയൊരു ഇടവേള എടുത്തിരുന്നു. ഞാൻ അങ്ങനെ ഇടവിടാതെ പാട്ടുകൾ എഴുതിയിരുന്ന ഒരാൾ അല്ലാത്തതുകൊണ്ടു തന്നെ അതിനെയൊരു ഇടവേള എന്നു പറയാൻ കഴിയുമോ എന്നറിയില്ല. 

 

‘ആനന്ദം’ സിനിമ ഇറങ്ങി കഴിഞ്ഞ സമയത്തായിരുന്നു വിവാഹം. ഭർത്താവിനു കപ്പലിലാണ് ജോലി. അദ്ദേഹത്തൊടൊപ്പം യാത്ര ചെയ്യുമ്പോൾ സമയത്തിന്റെ പരിമിതികളും എന്നെ ബന്ധപ്പെടാനും ആശയവിനിമയം നടത്താനും സാങ്കേതികമായ ബുദ്ധിമുട്ടുകളും പരിമിതികളും ഉണ്ടായിരുന്നു. ഒരു പ്രൊജക്ടിൽ പാട്ടെഴുതാമെന്നു പറയുകയും സാങ്കേതിക കാരണങ്ങളാൽ സമയ ബന്ധിതമായി പാട്ടെഴുതി നൽകാൻ കഴിയാതെ വരുകയും ചെയ്യുന്നത് ശരിയല്ലല്ലോ. അത്തരത്തിലുള്ളൊരു ആശയകുഴപ്പം ഉണ്ടാകാതെ ഇരിക്കാനാണ് പാട്ടെഴുത്തിൽ നിന്നൊരു ബ്രേക്ക് എടുക്കുന്നു എന്നു പറയാൻ കാരണം. പാട്ടെഴുത്തിലേക്കു തിരിച്ചു വരാൻ കഴിയുമെന്നു കരുതിയിരുന്നില്ല. കോവിഡിന്റെ പ്രത്യേക സാഹചര്യത്തിൽ യാത്രകൾക്കൊക്കെ നിയന്ത്രണങ്ങൾ വരികയും എനിക്ക് കൂടുതൽ സമയം നാട്ടിൽ ചിലവിടാൻ കഴിയുകയും ചെയ്തതു കൊണ്ടാണ് വീണ്ടും പാട്ടെഴുതാനുള്ള അവസരങ്ങൾ ലഭിച്ചത്. 

 

 

‘പാട്ടെഴുത്തുകാർക്ക് അർഹിക്കുന്ന അംഗീകാരം ലഭിക്കാറില്ല’

 

 

പൊതുവെ പാട്ടെഴുത്തുകാർക്ക് അംഗീകാരം ലഭിക്കുന്നതു കുറവാണ്. ‘രചന’ എന്ന പേരിൽ മലയാളത്തിലെ പാട്ടെഴുത്തുകാരുടെ ഒരു കൂട്ടായ്മയുണ്ട്. അവിടെയൊക്കെ ഇത്തരം കാര്യങ്ങൾ ചർച്ചയാകാറുണ്ട്. വരികൾ ആദ്യം എഴുതിയാലും ട്യൂൺ ഇട്ടതിനു ശേഷം എഴുതിയാലും ഒരു പാട്ടിന്റെ യഥാർഥ സൃഷ്ടാക്കൾ എപ്പോഴും ഗാനരചയിതാവും സംഗീത സംവിധായകനുമാണെന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ പാട്ടിന്റെ സൃഷ്ടാക്കൾ എന്ന നിലയിൽ ഒരിക്കലും പാട്ടെഴുത്തുകാർക്കു വേണ്ടത്ര അംഗീകാരം ലഭിച്ചതായി തോന്നിയിട്ടില്ല. ഗാനരചയിതാക്കളുടെ പേര് പലപ്പോഴും അവഗണിക്കപ്പെടുകയും അല്ലെങ്കിൽ പാട്ടിന്റെ ക്രെഡിറ്റ് ലിസ്റ്റിൽ ഏറ്റവും താഴെയായി രേഖപ്പെടുത്തുകയുമാണ് പതിവ്. ഓന്നോ രണ്ടോ പാട്ടുകൾ ഹിറ്റാകുമ്പോൾ സംഗീതസംവിധായകർക്കു വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. അത്തരത്തിലുള്ള അംഗീകാരവും സ്വീകാര്യതയും തീർച്ചയായും പാട്ടെഴുതുന്നവരും അർഹിക്കുന്നുണ്ട്. 

 

 

എനിക്ക് താരതമ്യേന മറ്റുള്ള പാട്ടെഴുത്തുകാരികളേക്കാൾ കൂടുതൽ പാട്ടുകൾ എഴുതാൻ അവസരം ലഭിച്ചതുകൊണ്ടും അതിൽ കുറച്ചു പാട്ടുകൾ ഹിറ്റായതു കൊണ്ടും ഇങ്ങനെ ഒരാൾ ഉണ്ടെന്നു കുറച്ചുപേർക്ക് അറിയാം. അശ്വതി ശ്രീകാന്ത് എഴുതിയ രണ്ടു പാട്ടുകളും നല്ല നിലവാരം പുലർത്തുന്നവയാണ്. അപ്പോഴും പാട്ടെഴുത്തുകാരിയെന്ന നിലയിൽ അല്ല ആ പാട്ടുകളെ ആളുകൾ തിരിച്ചറിയുന്നത്. ആർട്ടിസ്റ്റ് എന്ന നിലയില്‍ അശ്വതിക്കു സ്വീകാര്യതയുള്ളതുകൊണ്ടാണ്. ആ സ്ഥിതി മാറി പാട്ടെഴുത്തുകാരി എന്ന നിലയിൽ തന്നെ അംഗീകരിക്കപ്പെടണം. നേരേ മറിച്ച് ഈ മേഖലയിൽ തീർത്തും പുതിയ ഒരാളാണ് പാട്ടെഴുതുന്നതെങ്കിൽ പാട്ട് നന്നായാലും ഗാനരചയിതാവിനെ ആരും ശ്രദ്ധിച്ചെന്നു വരില്ല. 

 

 

‘ചിലരുടെ ഈണങ്ങൾ നമ്മിലെ എഴുത്തുകാരെ പ്രചോദിപ്പിക്കും’

 

 

ട്യൂണിട്ടതിനു ശേഷമാണ് ഇതുവരെ പാട്ടുകളെഴുതിയിരിക്കുന്നത്. ചിത്രീകരണം ആരംഭിക്കുന്ന ഒരു സിനിമയ്ക്കു വേണ്ടി പതിവു തെറ്റിച്ച് ആദ്യം വരികളെഴുതി ഒരു പരീക്ഷണം നടത്തിയിട്ടുണ്ട്. അതിന്റെ കംപോസിങ്ങൊക്കെ പുരോഗമിക്കുന്നതേയുള്ളു. പാട്ടെഴുത്തിൽ പുതിയ വാക്കുകൾ കൊണ്ടുവരാൻ ശ്രമിക്കുന്നതിനേക്കാൾ ഒരേ സന്ദർഭത്തെ തന്നെ പലരീതിയിൽ സമീപിക്കാനും പലരീതിയിൽ വരികളിലൂടെ ദൃശ്യവത്ക്കരിക്കാനുമുള്ള ശ്രമങ്ങൾ നടത്താറുണ്ട്. ഒരു സംഗീതസംവിധായകനൊപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹിച്ചിട്ടില്ല. ഒരു പാട്ട് ഹിറ്റാകുമോ ഇല്ലയോ എന്നതിനപ്പുറത്ത് ചില സംഗീതസംവിധായകരുടെ ട്യൂണുകൾ കേൾക്കുമ്പോൾ എഴുതാന്‍ തോന്നും. അത്തരം ട്യൂണുകൾ എഴുത്തിനെ വല്ലാതെ പ്രചോദിപ്പിക്കും. അത്തരം പാട്ടുകൾ കൂടുതലായി കിട്ടണമെന്ന് ആഗ്രഹിക്കാറുണ്ട്. പ്രശാന്ത് പിള്ളയുടെ സംഗീതത്തിൽ പുറത്തിറങ്ങാനിരിക്കുന്ന ഒരു സിനിമയ്ക്കു വേണ്ടി എഴുതിയ പാട്ട് അത്തരത്തിൽ എനിക്കു വലിയ സംതൃപ്തി നൽകിയതാണ്

 

സിനിമേതര ഗാനങ്ങളിൽ അടുത്ത കാലത്ത് ഏറ്റവും തൃപ്തി നൽകിയ ഗാനം ‘തിരുവോണ പൊന്നൂഞ്ചൽ’ എന്ന സംഗീത വിഡിയോയ്ക്കു വേണ്ടി സജ്ന വിനീഷിന്റെ സംഗീതത്തിൽ എഴുതിയ പാട്ടാണ്. ആദ്യമായിട്ടാണ് ഞാനൊരു ഓണപ്പാട്ട് എഴുതുന്നത്. സാധാരണഗതിയിൽ എല്ലാവരും പാട്ടിന്റെ സന്ദർഭം മാത്രമാണ് പറഞ്ഞു തരാറുള്ളത്. കുഞ്ഞെൽദോയിലേക്കു വന്നപ്പോൾ മാത്തുക്കുട്ടി സിനിമയുടെ കഥയും സന്ദർഭങ്ങളുമെല്ലാം എനിക്ക് വിശദമായി വിവരിച്ചു തന്നിരുന്നു. 

 

അശ്വതിയേയും അനുവിനെയും പോലെ കൂടുതൽ പാട്ടെഴുത്തുകാരികൾ മലയാളത്തിൽ സജീവമാകുമെന്നും അവരുടെ പുതിയ വീക്ഷണങ്ങൾ മലയാള ചലച്ചിത്ര സംഗീത ശാഖയ്ക്കു കൂടുതൽ വൈവിധ്യവും ബഹുസ്വരതയും നൽകുമെന്നും പ്രത്യാശിക്കാം. 

 

 

English Summary: Interview with Aswathy Sreekanth and Anu Elizabeth Jose

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com