ADVERTISEMENT

കുറുക്കന്മൂലയില്‍ നിന്നും ലോകസിനിമയിലേക്ക് മോളിവുഡ് ഒരു സൂപ്പർ ഹീറോയെ വച്ചുനീട്ടിയപ്പോൾ, മിന്നൽ മുരളിയെ പശ്ചാത്തല ശബ്ദങ്ങൾകൊണ്ട് സൂപ്പർ ഹീറോയാക്കി മാറ്റിയ പ്രതിഭയിപ്പോൾ, വീണ്ടും ബോളിവുഡ് തിരക്കുകളില്‍ മുഴുകി കഴിഞ്ഞു. ഒരു സാധാരണ തൃശ്ശൂരുകാരനിൽ നിന്നും രണ്ടു ദേശീയ പുരസ്കാരങ്ങളും മുന്നൂറോളം സിനിമകളും കൈപിടിയിലൊതുക്കി ഇന്ത്യന്‍ സിനിമയുടെ ശബ്ദമായി മാറിയ ജസ്റ്റിൻ ജോസാണ് മിന്നൽ മുരളിക്കും ശബ്ദമിശ്രണം ചെയ്തിരിക്കുന്നത്. മലയാളത്തിൽ നിന്നും ഇന്ത്യൻ സിനിമയുടെ തലപ്പത്തേയ്ക്കും അവിടെ നിന്നും ഇപ്പോൾ മിന്നൽ മുരളി വഴി ലോക സിനിമയുടെ തലപ്പത്തേയ്ക്കും കടന്നിരിക്കുന്ന ജസ്റ്റിൻ ജോസ് മനോരമ ഓൺലൈനിനോടു വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.

 

 

ആദ്യം വിഷമിച്ചു, പക്ഷേ

 

 

2019 നവംബർ – ഡിസംബർ കാലയളവിൽ തന്നെ എനിക്ക് മിന്നൽ മുരളിയിലേയ്ക്കു ക്ഷണം വന്നിരുന്നു. എന്നാൽ ചർച്ചകളുടെ പ്രാരംഭ ഘട്ടത്തിൽ തന്നെ ലോക്ഡൗണ്‍ വന്നു. ആദ്യം സൗണ്ട് ഡിസൈനറുമായും പിന്നീട് ബേസിലുമായും സംസാരിച്ചപ്പോൾ അവർ പ്രധാനമായും പറഞ്ഞത്, ചേട്ടന്റെ പരിചയസമ്പത്താണ് ഞങ്ങൾക്കു വേണ്ടതെന്നായിരുന്നു. ആദ്യം സിനിമയുടെ പ്ലോട്ട് എന്താണെന്ന് ഒരു ഏകദേശരൂപം തന്നു. പിന്നീട് 2021 ആയപ്പോഴാണ് സിനിമയുടെ ഫസ്റ്റ് കട്ട് എനിക്കു കിട്ടുന്നത്. അതിനു ശേഷം ബേസിലും ഞാനും മിക്സിങ്ങിന്റെ സാധ്യതകളെക്കുറിച്ചു സംസാരിച്ചു, സിനിമ കണ്ടതിൽ നിന്നും എനിക്ക് ക്രിയേറ്റീവായി തോന്നിയ പല ഭാഗങ്ങളെയും പറ്റി ഞങ്ങൾ സംസാരിച്ചു. അങ്ങനെയാണ് ഞാൻ മിന്നൽ മുരളിയുടെ ഭാഗമായി മാറുന്നത്.

 

ഒരു സിനിമ ഒടിടിയിലേക്കു പോകുന്നത്, സർഗ്ഗാത്മകമായിട്ടുള്ള കോണുകളെ സംബന്ധിച്ച് ഒരുപാട് വിഷമമുള്ള കാര്യമാണ്. എന്നാൽ ഉർവശീ ശാപം ഉപകാരം എന്നു പറയുന്നതു പോലെ മിന്നൽ മുരളിയെ സംബന്ധിച്ച് ഈ സിനിമ നെറ്റ്ഫ്ലികിസിലേക്കു വന്നതുകൊണ്ടു തന്നെയാണ് ലോകശ്രദ്ധയാകർഷിക്കാൻ സാധിച്ചത്.  അല്ലെങ്കിൽ മലയാളികൾ മാത്രമോ, അവർ ഒന്നിച്ചു കൂടുന്നിടങ്ങളിൽ മാത്രമായോ മിന്നൽ മുരളി ചുരുങ്ങി പോയേനേ. ബോളിവുഡിലെ തന്നെ എന്റെ പല സുഹൃത്തുക്കളും സിനിമ കണ്ട് ഇഷ്ടപ്പെട്ടുവെന്നു പറഞ്ഞു. രാജ്യത്തിനകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പേർ വിളിച്ചു പ്രശംസിച്ചു. സിനിമയിലെ ലുങ്കി ഉടുത്തുവരുന്ന സൂപ്പർ ഹീറോയെ കണ്ട് അവർ ഒരേ സമയം ചിരിക്കുകയും അദ്ഭുതപ്പെപെടുകയുമാണ്. ലോകത്തിന്റെ സകല കോണിലും സിനിമ എത്തി എന്നതു തന്നെയാണ് മികച്ച നേട്ടം. ഒരുപക്ഷേ ഈ സിനിമ തിയറ്റർ റിലീസായിരുന്നെങ്കിൽ, ഇത്ര ദൂരം എത്തിപ്പെടില്ലായിരുന്നു. സിനിമയുടെ പ്രീമിയർ ഷോ മുംബൈയിൽ വച്ചു നടന്നപ്പോൾ ബേസിലിനും ടൊവിനോയ്ക്കുമൊപ്പം ഞാനുമുണ്ടായിരുന്നു. ഒരിക്കലെങ്കിലും ഈ സിനിമ തിയറ്ററിൽ കാണണമെന്ന് അന്ന് ഞാൻ ആഗ്രഹിക്കുകയുമുണ്ടായി. 

 

 

വേറിട്ട തയ്യാറെടുപ്പുകൾ

 

 

മിന്നൽ മുരളിയിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നത് ചിത്രം ഒടിടി റിലീസാണ് എന്ന കാര്യം മാത്രമായിരുന്നു. സിനിമ ഏതായാലും അതിനെ സിനിമയായി തന്നെയാകും ഞങ്ങള്‍ സൗണ്ട് ടെക്നീഷ്യൻസ് പരിഗണിക്കുക. എന്നാൽ സിനിമയിൽ കൾച്ചർ അവതരിപ്പിക്കുമ്പോൾ കഥയുടെ അവതരണം, പശ്ചാത്തലം തുടങ്ങിയവ അനുസരിച്ച ശബ്ദം മിക്സ് ചെയ്യണം. അല്ലെങ്കിൽ സിനിമയിൽ അത് സുഖകരമായി തോന്നില്ല. ഞാൻ സൂപ്പർ ഹീറോ സിനിമകൾ സ്ഥിരമായി കാണാറുണ്ട്. അത്തരമൊരു സിനിമ ചെയ്യുകയെന്നത് എന്റെ സ്വപ്നമായിരുന്നു. അതുകൊണ്ടു തന്നെ മിന്നൽ മുരളി എന്നിലേക്കു വന്നപ്പോൾ, മുന്നൊരുക്കങ്ങൾ നടത്തുന്നതിനേക്കാൾ അർപ്പണബോധത്തോടെയാണു ഞാൻ പ്രവർത്തിച്ചത്. രണ്ടാഴ്ചയാണ് ശബ്ദ മിശ്രണത്തിനു വേണ്ടിവന്നത്. ഓരോ ദിവസവും പതിനെട്ടു മുതൽ പത്തൊമ്പത് മണിക്കൂർ വരെ ഇതിനായി മാറ്റി വച്ചു. മിന്നൽ മുരളിയെ ജനങ്ങളോടു ചേർത്തു നിർത്താനാണു ശ്രമിച്ചത്. 

 

 

കൃത്രിമ ശബ്ദങ്ങൾ! 

 

 

മിന്നൽ മുരളിയിൽ പലയിടത്തും ശബ്ദങ്ങള്‍ കൃത്രിമമായി നിർമിച്ചെടുത്ത് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജെയ്‌സന് മിന്നൽ അടിച്ചതിനു ശേഷം ബക്കറ്റിലെ വെള്ളത്തിൽ തലതാഴ്ത്തി പൊങ്ങുമ്പോഴുള്ള ശബ്ദം, വെള്ളത്തിന്റെ ശബ്ദം കേൾക്കുമ്പോൾ, ജെയ്സണ്‍ ചെവി അടച്ചു തുറക്കുമ്പോൾ കേൾപ്പിക്കുന്ന ശബ്ദവുമെല്ലാം അത്തരത്തിൽ നിർമിച്ചിട്ടുള്ളവയാണ്. കൂടാതെ ക്ലൈമാക്സ് രംഗത്തിൽ പലയിടത്തും അത്തരം കൃത്രിമ ശബ്ദങ്ങൾ വരുന്നുണ്ട്. ആ ഇടങ്ങളിൽ സംഗീതത്തേക്കാളുപരിയായി സൗണ്ട് എഫക്ടുകൾക്കാണു പ്രാധാന്യം നൽകിയിട്ടുള്ളത്. ടെലിവിഷനിലും മൊബൈൽ ഫോണുകളിലുമാണ് ഈ സിനിമ ആസ്വദിക്കപ്പെടുകയെന്നതുകൊണ്ട് തന്നെ ലോ ഫ്രീക്വൻസിയിൽ ശബ്ദങ്ങൾ കൊടുക്കാനും പറ്റില്ല. അതുകൊണ്ടാണ് ആ ഭാഗങ്ങളിൽ സംഗീതം അധികം ഉപയോഗിക്കാതെ എഫക്ടുകൾക്ക് പ്രാധാന്യം കൊടുത്തത്. 

 

 

ചേതനയിൽ നിന്നും മരിയാനോ വഴി ലോകസിനിമയിലേക്ക്

 

 

ചെറുപ്പം മുതൽ തന്നെ ഞാൻ സംഗീതം അഭ്യസിച്ചു തുടങ്ങിയിരുന്നു. എന്റെ പരിചയത്തിലുള്ളൊരു വൈദികൻ ചേതന സ്റ്റുഡിയോയിൽ പാട്ട് റെക്കോർഡിങ്ങിനു വേണ്ടി പോകുമ്പോൾ ഞാനും ഒപ്പം കൂടും. എന്റെ സ്കൂൾ കാലഘട്ടത്തിലായിരുന്നു അത്. അന്ന് സൗണ്ട് എഞ്ചിനീയറിങ് എന്ന തസ്തിക എന്താണെന്നു പോലും അറിയില്ലായിരുന്നു. ആ സാങ്കേതിക വിദ്യകൾ എന്നെ വല്ലാതെ ആകർഷിച്ചു. ബിരുദ പഠന കാലത്താണ് ഈ മേഖലയെക്കുറിച്ചുള്ള കൃത്യമായ ധാരണയുണ്ടാകുന്നത്. പിന്നീട് അങ്ങോടു എത്തിപ്പെടുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമായി മാറി. എന്നാൽ കേരളത്തിൽ അന്ന് സൗണ്ട് എഞ്ചിനീയറിങ് കോഴ്സുകള്‍ വളരേ കുറവായിരുന്നു. അതേസമയം കേരളത്തിനു പുറത്തു പോയി പഠിക്കാൻ വീട്ടിൽ നിന്നും അനുവാദവുമുണ്ടായിരുന്നില്ല. അങ്ങനെയിരിക്കുന്ന സമയത്താണ് തൃശ്ശൂർ ചേതനയിൽ സൗണ്ട് എഞ്ചിനീയറിങ്ങുമായി ബന്ധപ്പെട്ട് ഒരു കോഴ്സ് ആരംഭിക്കുന്നതും ഞാൻ അവിടെ എത്തുന്നതും. ചേതനയിലെ കോഴ്സ് പൂർത്തിയാക്കിയ ശേഷം അവിടെ തന്നെ കുറച്ചുകാലം പ്രവർത്തിച്ചു. പിന്നീട് ചെന്നൈയിലും അവിടെ നിന്ന് മുംബൈയിലുമെത്തി.

 

മുംബൈയിലെ ആദ്യകാലം ഡബ്ബിങ് ആർടിസ്റ്റായി ജോലി ചെയ്തു. അക്കാലങ്ങളിൽ ഡിസ്നി, കാർട്ടൂൺ നെറ്റ്‌വർക്ക് എന്നിവയുടെയെല്ലാം അനിമേഷൻ സിനിമകളുടെ ഭാഗമായി. ആ സമയത്ത് സൗണ്ട് മിക്സിങ്ങിലും പരീക്ഷണം നടത്തി. ചെറിയ വര്‍‌ക്കുകളാണ് അക്കാലത്ത് ഏറ്റെടുത്തിരുന്നത്. 

പിന്നീട് ഒറ്റക്കൊരു സിനിമയെടുത്ത് ചെയ്യാം എന്ന ആത്മവിശ്വാസമുണ്ടായപ്പോൾ 2008 ൽ ആദ്യമായി ഒരു സിനിമക്ക് സൗണ്ട് മിക്സ് ചെയ്തു. ആ ചിത്രത്തിന് മൂന്ന് ദേശീയ പുരസ്കാരങ്ങളും ലഭിച്ചു. അതേ സിനിമയിലെ എന്റെ ജോലിക്ക് നാമനിർദേശങ്ങളും കിട്ടി. അതെനിക്ക് ഒരുപാട് പ്രചോദനമേകി. 

 

ഒറ്റയ്ക്കു നീങ്ങാം എന്ന ആഗ്രഹത്തോടെ തുടങ്ങിയ കമ്പനിയാണ് മരിയാനോ ഓഡിയോ പോസ്റ്റ് സർവീസസ്. മിന്നൽ മുരളിക്കു ശേഷം നിരവധി ബോളിവുഡ് സിനിമകളുമായി കരാറിലേർപ്പെട്ടുകഴിഞ്ഞു. ബച്ചൻ പാണ്ഡേ, ഹീറോപന്തി 2 തുടങ്ങി ഒരുപിടി സിനിമകളുണ്ട്. മലയാളത്തിൽ ചുരുക്കം ചില ചിത്രങ്ങളേ ചെയ്തിട്ടുള്ളു. ഞാൻ വളരെ എക്സ്പെൻസീവ് ആണ് എന്നു പറഞ്ഞ് പലരും എന്നെ സമീപിക്കാറില്ല. അങ്ങനെ പറയുന്ന പലരും എന്നെ വിളിച്ചു സംസാരിച്ചിട്ടുണ്ടാവില്ല എന്നതാണു വാസ്തവം. പിന്നെ ബോളിവുഡിൽ നേരിടുന്ന ചില പ്രയാസങ്ങള്‍, തിരക്കുകൾ, പല കമ്പനികളുമായി ചേർന്നു പ്രവർത്തിക്കേണ്ട സാഹചര്യം എന്നിങ്ങനെ പല കാരണങ്ങളുമുണ്ട്. അത്തരം അവസ്ഥകൾ നിലനിൽക്കുമ്പോഴും മലയാളത്തിലെ മിന്നൽ മുരളി പോലൊരു ചിത്രത്തിൽ ശബ്ദമിശ്രണത്തിന് അവസരം ലഭിച്ചതിൽ ഒരുപാട് സന്തോഷം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com