പോസ്റ്റ് പങ്കിട്ടാൽ നീതി കിട്ടുമോ? നെഞ്ചുപൊട്ടിയുള്ള ആ കരച്ചിൽ കണ്ടത് ഞങ്ങൾ മാത്രം, ഇത് നെറികെട്ട മേഖല: പൊട്ടിത്തെറിച്ച് സയനോര

sayanora-interview
SHARE

അക്രമിക്കപ്പെട്ട നടിയുടെ അതിജീവന കുറിപ്പ് പുറത്തുവന്നതോടെ സിനിമാരംഗത്തെ പ്രമുഖരുൾപ്പടെ നിരവധിപേരാണ് പരസ്യ പിന്തുണ പ്രഖ്യാപിച്ചു രംഗത്തെത്തിയത്. നടി എഴുതിയ കുറിപ്പ് പങ്കുവച്ചായിരുന്നു താരങ്ങള്‍ ഐക്യദാർഢ്യം അറിയിച്ചത്. എന്നാൽ സംഭവം നടന്ന് വർഷങ്ങൾ പിന്നിട്ടിട്ടും നാളിതുവരെ പ്രതികരിക്കാതിരുന്നവർ ഇപ്പോൾ പിന്തുണയുമായെത്തിയതിനെതിരെ ഒരുഭാഗത്തു നിന്ന് പരോക്ഷമായ വിമർശനങ്ങളുമുയരുന്നുണ്ട്.  സംഭവസമയം മുതൽ നടിക്ക് പിന്തുണയുമായി ഒപ്പം നിന്ന് നീതിക്കായി പോരാടിയത് പ്രമുഖ ഗായിക സയനോര ഉൾപ്പടെ ചുരുക്കം ചില സുഹൃത്തുക്കളായിരുന്നു. എന്നാലിപ്പോൾ അതിജീവിതയ്ക്ക് സിനിമാരംഗത്തു നിന്നും ലഭിക്കുന്ന പിന്തുണയോടു പ്രതികരിക്കുകയാണ് സയനോര. സഹപ്രവർത്തകയും സുഹൃത്തുമായിരുന്നവൾ ക്രൂരമായ ആക്രമണത്തിന് ഇരയായപ്പോൾ കൂടെ നിൽക്കാത്തവർ ഇപ്പോൾ സമൂഹമാധ്യമ പോസ്റ്റിലൂടെ എന്ത് പിന്തുണയാണ് ഉദ്ദേശിക്കുന്നതെന്നു മനസ്സിലാകുന്നില്ലെന്ന് ഗായിക പറയുന്നു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തില്‍ സയനോര മനസ്സു തുറന്നത് ഇങ്ങനെ:

അതിജീവിതയുടെ കുറിപ്പ് പങ്കിട്ട് താരങ്ങളുടെ പിന്തുണ ലഭിച്ചതിനെക്കുറിച്ച്? 

നടി ആക്രമിക്കപ്പെട്ടപ്പോൾ സിനിമാരംഗത്തുനിന്ന് വളരെ കുറച്ചു പേർ മാത്രമാണ് പിന്തുണയുമായി എത്തിയത്. പക്ഷേ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒരുപാടു പേർ അവളുടെ പോസ്റ്റ് പങ്കുവയ്ക്കുന്നതു കണ്ടു. അതുകൊണ്ട് അവർ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് അറിയില്ല. അവർ എന്താണ് ചെയ്യേണ്ടിയിരുന്നത്? സിനിമാരംഗത്തുള്ളവർ ഏറെയും മൗനം അവലംബിക്കുകയാണ് ചെയ്തത്. എല്ലാവരും വായുംപൂട്ടി ഇരുന്നു. ഞങ്ങളെപ്പോലെ കുറച്ചു പേർ മാത്രമേ അവൾക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. അവൾക്കു വേണ്ടി മറ്റാരും ഒന്നും ചെയ്തിട്ടില്ല. ഒരു പോസ്റ്റ് ഷെയർ ചെയ്തതുകൊണ്ട് ഒന്നുമാകില്ല.  എപ്പോഴും ഞങ്ങൾ തന്നെയാണ് ഇതേക്കുറിച്ചു സംസാരിച്ചുകൊണ്ടിരിക്കുന്നത്, ഞങ്ങൾ തന്നെയാണ് ഉത്തരം പറയുന്നത്. അവർ അന്ന് എന്തുകൊണ്ട് മൗനം പാലിച്ചു, ഇപ്പോൾ എന്തുകൊണ്ട് പോസ്റ്റ് ഷെയർ ചെയ്യുന്നു എന്നാണ് സിനിമാരംഗത്തെ അതികായന്മാരോടു ചോദിക്കാനുള്ളത്. സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടതുകൊണ്ടു അവൾക്കു നീതി കിട്ടുമോ?.  

അവളെയാകെ തകർത്ത ഈ സംഭവം കഴിഞ്ഞിട്ട് ഞങ്ങൾ കുറച്ചുപേർ അവളോടൊപ്പമിരുന്നു. അവളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ ഞങ്ങൾ കണ്ടിട്ടുണ്ട്. അവൾ ഉറങ്ങാതിരുന്ന രാത്രികളിൽ വിഷമങ്ങൾ പറയുന്നത് കേട്ടിരുന്നിട്ടുണ്ട്, ധൈര്യം പകരാൻ ശ്രമിച്ചിട്ടുണ്ട്. അവളുടെ വിഷമം നേരിട്ടു കണ്ടതാണ്. ഇതൊന്നും കണ്ടില്ല എന്നു നടിക്കുന്നവരാണ് സിനിമാരംഗത്തുള്ള ഭൂരിഭാഗം പേരും. കൂറുമാറിയ ആളുകളെപ്പറ്റി ഞാൻ പറയേണ്ടല്ലോ. ഇത്രയും ചതി അവളോടു ചെയ്തിട്ട് അവർക്കൊക്കെ ഉറങ്ങാൻ കഴിയുന്നുണ്ടല്ലോ. സ്വന്തം മനഃസാക്ഷിയെ വഞ്ചിക്കാൻ എങ്ങനെ കഴിയുന്നു. പലർക്കും പച്ചവെള്ളം പോലെ എല്ലാ കാര്യങ്ങളും അറിയാമെങ്കിലും അവർ ഒന്നും മിണ്ടാതെ സ്വന്തം നേട്ടങ്ങൾ ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. WCC യും ചുരുക്കം ചിലരും മത്രമാണ് ഇതിനു വേണ്ടി സംസാരിക്കുന്നത്. അതുകൊണ്ടു തന്നെ ചീത്തവിളി കേൾക്കുന്നതും കല്ലെറിയപ്പെടുന്നതും ഞങ്ങളാണ്. ഞാൻ ഇടക്കാലത്ത് WCC യിൽ അത്ര സജീവമായിരുന്നില്ല. അത് എന്റെ സ്വകാര്യമായ തിരക്കുകൾ കൊണ്ടാണ്. പക്ഷേ ഒരു പ്രശ്‍നം വരുമ്പോൾ ഉറപ്പായും ഞങ്ങൾ ഒരുമിച്ചു നിൽക്കും. 

നടിയെ പിന്തുണയ്ക്കുന്നതുകൊണ്ട് അവസരങ്ങൾ നിഷേധിക്കപ്പെട്ടോ?

അവസരങ്ങൾ നിഷേധിച്ചിട്ടുണ്ടാകുമായിരിക്കും. ഞാൻ അതൊന്നും ശ്രദ്ധിക്കാറില്ല. എല്ലാവരെയും പ്രീതിപ്പെടുത്തി ജീവിക്കുന്ന ആളല്ല ഞാൻ. അവസരങ്ങൾക്കു വേണ്ടി മറ്റാരും പ്രതീക്ഷിക്കുന്ന തരത്തിൽ ജീവിക്കാൻ എനിക്കു കഴിയില്ല. പക്ഷേ സിനിമാരംഗത്ത് ഒരുപാടുപേർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടിട്ടുണ്ട്. എന്റെ മേഖല വേറെയാണല്ലോ. മൂന്നു സിനിമകളിൽ ഞാൻ സംഗീതസംവിധാനം നിർവഹിച്ചത് ഈ ഒരു കലായളവിലാണ്. കഴിവിനെ മറ്റാർക്കും അടിച്ചമർത്താൻ പറ്റില്ല. രമ്യയും (രമ്യ നമ്പീശൻ) പാർവതിയും (പാർവതി തിരുവോത്ത്),  റിമയും (റിമ കല്ലിങ്കൽ) ഉൾപ്പടെയുള്ളവർ അവരവരുടെ കഴിവുകൾ പലരീതിയിൽ തെളിയിച്ചുകൊണ്ടിരിക്കുന്നുണ്ട്.

മിണ്ടാതിരിക്കുന്നത് എന്ത് എളുപ്പമാണ്. ആർക്കും ഒരു കുറ്റവും ഉണ്ടാകില്ല. എല്ലാവരുടെയും ഗുഡ് ബുക്കിൽ കയറിക്കൂടാം. എന്തൊരു തെറ്റായ തീരുമാനമാണത്. ഈ സംഭവം നേരിടേണ്ടി വന്നത് സ്വന്തം ഭാര്യയ്‌ക്കോ സഹോദരിയ്ക്കോ മക്കൾക്കോ ആണെങ്കിൽ അവർ ഇതുപോലെ അനങ്ങാപാവകളായി മിണ്ടാതെയിരിക്കുമോ? പണവും ശക്തിയും കൂടുതലുള്ളവർക്കു വേണ്ടി മൗനം പാലിക്കുന്നവരാണ് കൂടുതൽ. പവർ ഇല്ലാത്ത ആളുകളെയും ഒരിക്കലും ആരെയും ബുദ്ധിമുട്ടിക്കില്ല എന്ന് ഉറപ്പുള്ളവരെയും ഉപദ്രവിച്ചുകൊണ്ടിരിക്കും. പേടിയുള്ളതുകൊണ്ടായിരിക്കും പലരും അവൾക്കുവേണ്ടി ശബ്ദമുയർത്താതിരുന്നത്.

അതിജീവിത!

അവൾ ഇപ്പോൾ വളരെ ശക്തയാണ്. പക്ഷേ ആ സംഭവം സൃഷ്ടിച്ച മാനസിക ആഘാതത്തിൽ നിന്ന് അവൾ എന്ന് പുറത്തുവരുമെന്ന് എനിക്കറിയില്ല. ചില സമയത്ത് ആരോടും സംസാരിക്കാതെ എല്ലാവരിൽ നിന്നും അകന്നു പോയിരിക്കും. തനിക്ക് ആരോടും സംസാരിക്കാൻ വയ്യ എന്നു പറയും. പല കാര്യങ്ങളും ആവർത്തിച്ചു പറയാൻ കഴിയില്ല എന്നുപറഞ്ഞ് കൗൺസിലിങ്ങിനു പോലും പോകാൻ വിസമ്മതിച്ചിരുന്നു. അവൾ എത്രമാത്രം മാനസിക ആഘാതത്തിലായിരിക്കും ആ ദിവസം കടന്നുപോയിട്ടുണ്ടാവുക. ആ സംഭവം നടന്നതു മുതൽ കൗൺസിലിങ്ങിനു പോകണം എന്നു ഞാൻ പറഞ്ഞിരുന്നു. 

സഹപ്രവർത്തകയ്ക്കൊപ്പം നിന്നപ്പോൾ

ഇത്രയും വലിയൊരു അതിക്രമം സഹപ്രവർത്തക നേരിട്ടപ്പോൾ അവൾക്കു വേണ്ടി സത്യസന്ധമായി ധീരതയോടെ നിലകൊണ്ടത് ആരാണ്? അവളുടെ ഒപ്പം ജോലി ചെയ്തവരുടെ കാര്യമാണ് ചോദിക്കുന്നത്. ഞാൻ ചുരുക്കം ചില സാഹചര്യങ്ങളിൽ മാത്രമേ അവൾക്കൊപ്പം പ്രവർത്തിച്ചിട്ടുള്ളു. മാസങ്ങളോളം അവളോടൊപ്പം ജോലി ചെയ്‌തവർ അവൾക്കു വേണ്ടി എന്ത് ചെയ്തു? ഒരു പാട്ടുകാരിയായിട്ടു പോലും ഞാൻ എന്തിനാണ് അവൾക്കുവേണ്ടി നിലനിന്നത്? സുഹൃത് ബന്ധങ്ങളിൽ സത്യസന്ധത പുലർത്തുന്നതുകൊണ്ടു മാത്രമാണത്. പലരും എന്നോടു ചോദിച്ചിട്ടുണ്ട് നീ ഇങ്ങനെ നടന്നതുകൊണ്ടു നിനക്ക് ബുദ്ധിമുട്ടുണ്ടാകില്ലേ, അവസരങ്ങൾ നഷ്ടപ്പെടില്ലേ എന്നൊക്കെ. അങ്ങനെ ചിന്തിക്കാൻ എങ്ങനെ കഴിയുന്നു? സ്വന്തം സുഹൃത്തിന് ഒരു പ്രതിസന്ധി ഉണ്ടാകുമ്പോൾ സ്വന്തം കാര്യം സുരക്ഷിതമാക്കി മൗനം പാലിച്ചിരിക്കാന്‍ എനിക്കു കഴിയില്ല. അവർക്ക് ഞങ്ങളുടെ അവസരങ്ങൾ നഷ്ടപ്പെടുത്താനല്ലേ കഴിയൂ അതിൽ കുഴപ്പമില്ല. കരിയറിനേക്കാൾ വലുതാണ് എനിക്ക് എന്റെ സുഹൃത്ത്. ഇത്രയും നെറികെട്ട സ്ഥലത്ത് എനിക്ക് ജീവിക്കാൻ പോലും തോന്നുന്നില്ല. അവളെയും അവളുടെ കൂടെ നിന്നവരെയും ഈ മേഖല അത്രമാത്രം വിഷമിപ്പിച്ചിട്ടുണ്ട്. അവളുടെ കൂടെത്തന്നെ ഞാൻ നിൽക്കും. എന്നെ ആരെങ്കിലും കൊന്നാലും പ്രശ്നമൊന്നുമില്ല. അവളുടെ സംരക്ഷണത്തിനായി ഞാൻ എന്നുമുണ്ടാകും WCC യും.

ഓരോ വാർത്തയുടെയും അടിയിൽ വരുന്ന കമന്റുകൾ വായിച്ച് എനിക്ക് ലജ്ജ തോന്നിയിട്ടുണ്ട്. എങ്ങനെയാണ് ആളുകൾക്ക് ഇങ്ങനെ മോശമായി ചിന്തിക്കാൻ കഴിയുക എന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും. എങ്ങനെയാണു മനുഷ്യർക്ക് ഇത്രയും നീചമാകാൻ കഴിയുന്നത്. പണം കൊടുത്ത് പലതും എഴുതിക്കുകയും കമന്റ് ഇടുകയും ചെയ്യുന്നുണ്ട്. വളരെ വലിയ കള്ളക്കളികളാണ് നടന്നുകൊണ്ടിരിക്കുന്നത്. 

ഈ രീതി മാറിയേ പറ്റൂ

ഇതിൽ നിന്ന് സിനിമാരംഗം എന്തെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടോ? ഓരോ സിനിമയുടെ സെറ്റിലും ഓരോ കംപ്ലൈന്റ് കമ്മിറ്റി രൂപീകരിക്കുക എന്നുള്ളത് അത്ര വലിയ ബുദ്ധിമുട്ടുള്ള കാര്യമാണോ? സ്ത്രീകളാണെങ്കിലും പുരുഷന്മാരാണെങ്കിലും അവർക്ക് തൊഴിലിടങ്ങളിൽ സുരക്ഷിതരായി ജോലി ചെയ്യാനും സ്വസ്ഥമായി ജീവിക്കാനും കഴിയണം. സ്ത്രീകൾക്ക് ആവശ്യമായ സൗകര്യങ്ങൾ കിട്ടണം. സിനിമാരംഗത്തിന്റെ സംസ്കാരം മാറണം. മലയാള സിനിമാമേഖല കാലാകാലങ്ങളായി ഒരേ കാര്യങ്ങൾ തന്നെ പിന്തുടർന്നു കൊണ്ടിരിക്കുകയാണ്. ഇതിനൊരു മാറ്റം വേണ്ടേ? സ്ത്രീകൾക്ക് തൊഴിലിടങ്ങളിൽ സുരക്ഷാ വേണ്ടേ? സ്ത്രീകൾക്ക് കൊടുക്കേണ്ട ബഹുമാനവും പരിഗണയും കൊടുക്കണം. നമ്മൾ 2022ൽ ആണ് ജീവിക്കുന്നത്. മാറ്റങ്ങൾ വരേണ്ട സമയം അതിക്രമിച്ചു.

കേസിനെക്കുറിച്ചു പറയാൻ ഞാനില്ല

കേസിന്റെ കാര്യത്തിൽ അഭിപ്രായം പറയാൻ എനിക്കു താൽപര്യമില്ല. കേസ് അതിന്റെ വഴിക്ക് നടക്കട്ടെ. പ്രതി ആരാണെന്നൊന്നും ഞാൻ പറയുന്നില്ല.  ശരിയായ പ്രതി ആരാണോ അയാൾ പിടിക്കപ്പെടണം. അയാൾ പ്രബലനായതുകൊണ്ട് നിയമത്തിന്റെ മുന്നിൽ നിന്നു രക്ഷപെടാൻ പാടില്ല. ഇത്രയും ക്രൂരമായ സംഭവം നടന്നിട്ട് നമ്മുടെ സിനിമാരംഗം വേണ്ടവിധത്തിൽ പ്രതികരിച്ചില്ല. എഎംഎംഎ എന്ന സംഘടനയ്ക്ക് അവൾക്കു വേണ്ടി ധീരമായ നിലപാട് എടുക്കാമായിരുന്നു, അവൾക്കുവേണ്ടി എന്തെങ്കിലുമൊക്കെ ചെയ്യാമായിരുന്നു. ശക്തമായ നിലപാടെടുത്തവരെ കല്ലെറിയാനേ ആളുള്ളൂ. പക്ഷേ കാലം ഇതിനൊക്കെ മറുപടി പറയും. അവൾക്ക് നീതി കിട്ടണം. മലയാള സിനിമാ ചരിത്രത്തിൽ നടന്ന ഏറ്റവും ഹീനമായ സംഭവമാണിത്. ആരാണ് ഇതിനു പിന്നിലെന്നുള്ളതെന്ന് പുറംലോകം അറിയുക തന്നെ വേണം. 

അവൾ പെൺകുട്ടികൾക്ക് പ്രചോദനം 

ലക്ഷക്കണക്കിനുള്ള സ്ത്രീകൾക്ക് എന്റെ സുഹൃത്ത് ഇന്ന് ഒരു പ്രചോദനമാണ്. അവൾ ഇത് പുറത്ത് പറഞ്ഞു ധീരമായി ചെറുത്തു നിന്നത് നാളെ മറ്റുള്ള പെൺകുട്ടികൾക്കു നേരിടുന്ന അതിക്രമം പുറത്തുപറയാനുള്ള ധൈര്യം നൽകുന്നുണ്ട്. അവൾക്ക് നീതി കിട്ടിയില്ലെങ്കിൽ ഈ നാട്ടിൽ ഉള്ള സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാൻ കഴിയുമെന്നതിന് എന്ത് പ്രതീക്ഷയാണുള്ളത്. അതുകൊണ്ടു തന്നെ ഇതു പുറത്തു കൊണ്ടുവരേണ്ടത് വളരെ അത്യാവശ്യമാണ്.  ഇവിടെ നീതി നടപ്പായാൽ നാളെ ഓരോ പെൺകുട്ടിക്കും ചെറുത്തു നിൽക്കാനുള്ള ആർജ്ജവമുണ്ടാകും. അവൾക്കു നീതി കിട്ടും എന്നുതന്നെ ഞാൻ കരുതുന്നു. അവളുടെ അച്ഛന്റെ ആത്മാവ് അവൾക്കൊപ്പം ഉണ്ടെന്നാണ് എന്റെ വിശ്വാസം.  

  ചുറ്റിലും നടക്കുന്ന കാര്യങ്ങളോട് പ്രതികരിക്കാതിരിക്കുക എന്നുള്ളതാണ് മറ്റുള്ളവരോടു ചെയ്യുന്ന ഏറ്റവും വലിയ കുറ്റകൃത്യം. റീൽ ലൈഫും റിയൽ ലൈഫും രണ്ടാണ്. രണ്ടിടത്തും അഭിനയിക്കുന്നത് ശരിയാണോ? ജനങ്ങൾ ഇതൊന്നും ഒരിക്കലും മറക്കില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA