‘അന്ന് മൂന്നാം നില വരെ ഞങ്ങൾ ഓടി, ഒടുവിൽ അച്ഛന് അസ്വസ്ഥത’; സ്ക്രീനിൽ ആദ്യമായി പേര് കണ്ടതിന്റെ ഓര്‍മയുമായി ചിത്ര

ks-chithra-new1
SHARE

ഓരോ തവണ കേൾക്കുമ്പോഴും മധുരം കൂടിക്കൂടി വരുന്ന ഒരേയൊരു സ്വരമേയുള്ളു മലയാളഹൃദയങ്ങളിൽ. അത് കെ.എസ്.ചിത്രയുടേയതു തന്നെ. ഇപ്പോഴിതാ ‘വിഡ്ഢികളുടെ മാഷ്’ എന്ന ചിത്രത്തിലൂടെ മനോഹര മെലഡിയുമായി ഗായിക പ്രേക്ഷകർക്കകരികിലെത്തിയിരിക്കുകയാണ്. റഫീഖ് അഹമ്മദിന്റെ അഴകുള്ള വരികൾക്ക് ബിജിബാല്‍ കൊരുത്ത ഈണത്തിൽ ചിത്ര പാടിയപ്പോൾ പ്രേക്ഷകഹൃദയങ്ങൾ അതേറ്റെടുത്തു. കോവിഡ് കാലം ഏൽപ്പിച്ച വേദനകള്‍ക്കും ദുരിതങ്ങൾക്കുമിടയിൽ ആശ്വാസമേകാൻ ചിത്രഗാനങ്ങൾക്കു സാധിക്കുന്നുവെന്ന് അടിവരയിട്ട് പാട്ടാസ്വാദകർ ആവർത്തിച്ചു കേൾക്കുകയാണ് ആ സ്വരം. പാട്ടു വിശേഷങ്ങളും പോയ കാലത്തിന്റെ ഓർമകളും പുതുവർഷത്തിന്റെ പ്രതീക്ഷകളും പങ്കിട്ട് കെ.എസ്.ചിത്ര മനോരമ ഓൺലൈനിനൊപ്പം. 

പുത്തൻ പാട്ട്

സംഗീതസംവിധായകൻ ബിജിബാലിനു വേണ്ടി ഞാൻ പാടുന്ന രണ്ടാം ഗാനമാണിത്. ‘ആർട്ടിസ്റ്റ്’ എന്ന ചിത്രത്തിനു വേണ്ടിയായിരുന്നു ആദ്യഗാനം. അതിനു ശേഷം മറ്റൊരു പാട്ടിനു വേണ്ടി ബിജിബാൽ വിളിച്ചിരുന്നെങ്കിലും തൊണ്ടയ്ക്കു ചെറിയ പ്രശ്നം ഉണ്ടായിരുന്നതിനാൽ പാടാൻ കഴിഞ്ഞില്ല. എനിക്കു വേണ്ടി അവർ ഒരുപാട് ദിവസം കാത്തിരുന്നെങ്കിലും ജലദോഷവും തൊണ്ടവേദനയും വച്ച് പാടാൻ എനിക്കു പ്രയാസം തോന്നി. അങ്ങനെ മറ്റൊരാളെക്കൊണ്ടു പാടിപ്പിക്കുകയായിരുന്നു. പിന്നീട് ഇപ്പോൾ ‘വിഢികളുടെ മാഷ്’ എന്ന ചിത്രത്തിനു വേണ്ടിയാണ് പാടുന്നത്. ദുഃഖപൂരിതമായ ഒരു ഗാനമാണത്. റഫീഖ് അഹമ്മദ് സാറിന്റേതാണു വരികൾ. ആഴമേറിയ വാക്കുകളാണ് അദ്ദേഹം എഴുതിയിരിക്കുന്നത്. അതൊക്കെ ആദ്യകേൾവിയില്‍ മനസ്സിൽ പതിയുന്നു. 

ശാന്തനായ സംഗീതജ്ഞൻ

ബിജിബാലിന്റെ പാട്ടുകൾക്ക് ഒരു പ്രത്യേകതയുണ്ട്. പെട്ടെന്നു കേൾവിക്കാരുടെ മനസ്സുകളിൽ കയറിക്കൂടുന്ന തരത്തിലാണ് അവ. അദ്ദേഹത്തിന്റെ പാട്ടുകൾ ഞാൻ ശ്രദ്ധിക്കാറുണ്ട്, ആസ്വദിക്കാറുമുണ്ട്. വേറിട്ട ഈണങ്ങളാണ്. ബിജിബാലിനെപ്പോലെ സാധുവും ശാന്തനുമായ മറ്റൊരു മനുഷ്യനെ കണ്ടെത്തുക പ്രയാസമായിരിക്കും. അദ്ദേഹത്തിന്റെ മുഖം കാണുമ്പോൾ തന്നെ സന്തോഷവും സമാധാനവും കിട്ടുന്നതു പോലെ തോന്നും. ബിജിബാലിനു വേണ്ടി ആദ്യമായി പാടിയപ്പോൾ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. കാരണം, എന്താണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്, ആഗ്രഹിക്കുന്നതു പോലെ പാടാന്‍ പറ്റുമോ എന്നൊക്കെയായിരുന്നു മനസ്സിൽ. ആദ്യമായി ഏത് സംഗീതസംവിധായകര്‍ക്കു വേണ്ടി പാടിയാലും എനിക്ക് ഇത്തരത്തില്‍ ചെറിയൊരു പരിഭ്രമം ഉണ്ടാകാറുണ്ട്. അന്ന് ബിജിബാലിനു വേണ്ടി ആദ്യമായി പാടാൻ പോയപ്പോഴും അദ്ദേഹം വളരെ സൗമ്യനായിട്ടാണ് സംസാരിച്ചതും അഭിപ്രായങ്ങൾ പങ്കുവച്ചതുമെല്ലാം. അങ്ങനെ ബിജിബാലിനു വേണ്ടി അദ്ദേഹം ആഗ്രഹിച്ച രീതിയിൽ പാടിക്കൊടുക്കാൻ എനിക്കു സാധിച്ചു. 

ഞാൻ സിനിമാ പ്രേമി

ഞാൻ സിനിമാ പ്രേമിയാണ്. അന്നും ഇന്നും എനിക്ക് സിനിമ കാണാൻ ഒരുപാട് ഇഷ്ടമാണ്. പക്ഷേ പലപ്പോഴും തിരക്കുകൾ കാരണം സമയം കിട്ടാറില്ല. നാട്ടിലുള്ളപ്പോൾ ഞങ്ങൾ കുടുംബാംഗങ്ങൾ ഒരുമിച്ചു വല്ലപ്പോഴും സിനിമയ്ക്കു പോകും. തിയറ്ററിൽ പോയി സിനിമ കാണാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. സാധിക്കുമ്പോഴൊക്കെ പോകാറുണ്ട്. പക്ഷേ റെക്കോർഡിങ്ങിന്റെ സാഹചര്യങ്ങളൊക്കെ നോക്കി മാത്രമേ അത് ചെയ്യൂ. പാട്ട് െറക്കോർഡിങ്ങിന്റെ തലേദിവസം ഒരുകാരണവശാലും ഞാന്‍ സിനിമയ്ക്കു പോകില്ല. കാരണം, തിയറ്ററിലെ അന്തരീക്ഷം ചിലപ്പോൾ എന്റെ ശബ്ദത്തെ ദോഷകരമായി ബാധിച്ചേക്കാം. അത് റെക്കോർഡിങ് തടസ്സപ്പെടുത്താൻ സാധ്യതയുണ്ട്. അത്തരം സാഹചര്യങ്ങൾ ശ്രദ്ധിച്ചു മാത്രമേ സിനിമ കാണാൻ പോകൂ. 

മറക്കില്ല ആ ദിനം

പാടിത്തുടങ്ങിയ കാലത്ത് സിനിമയുടെ ടൈറ്റിലിൽ പേരെഴുതി കാണിക്കുന്നത് കാണാൻ വലിയ ആകാംക്ഷയും സന്തോഷവുമായിരുന്നു. ‘നോക്കെത്താ ദൂരത്ത് കണ്ണും നട്ട്’ എന്ന ചിത്രം റിലീസ് ചെയ്ത കാലം എനിക്ക് ഇപ്പോഴും ഓർമയുണ്ട്. അന്ന് മൂന്ന് നിലയുള്ള ഒരു തിയറ്റർ ഉണ്ടായിരുന്നു തിരുവനന്തപുരത്ത്. അതിന്റെ ഏറ്റവും മുകളിലത്തെ നിലയിലായിരുന്നു ചിത്രത്തിന്റെ പ്രദർശനം. അന്ന് സിനിമ കാണാൻ പോകാൻ വേണ്ടി എല്ലാവരും വീട്ടിൽ നിന്ന് ഇറങ്ങി വണ്ടിയിൽ കയറി. അപ്പോഴേയ്ക്കും നേരം വൈകിയിരുന്നു. സിനിമ തുടങ്ങും മുൻപ് എത്തില്ല എന്നോർത്ത് ഞാൻ ആകെ പരിഭ്രമിച്ചു. എന്റെ പേര് സ്ക്രീനിൽ എഴുതിക്കാണിക്കുന്നത് കാണണം എന്ന ചിന്ത മാത്രമായിരുന്നു മനസ്സിൽ. ധൃതി പിടിച്ച് അവിടെ എത്തിയപ്പോഴേയ്ക്കും സിനിമ തുടങ്ങാറായി. അന്ന് ഞങ്ങൾ മുകളിലെ നില വരെ ഓടിക്കയറി. അന്ന് എന്റെ അച്ഛന് ചെറിയൊരു ആരോഗ്യപ്രശ്നം ഉണ്ടായിരുന്നു. ഒരുപാട് സമ്മർദ്ദമുണ്ടായാൽ നെഞ്ചു വേദന വരും. പക്ഷേ ആ ബുദ്ധിമുട്ട് ഒന്നും ആലോചിക്കാതെ ആകാംക്ഷ കൊണ്ട് അച്ഛനും കൂടെ ഓടി. അങ്ങനെ ഞങ്ങൾ അകത്തു കയറി എന്റെ പേരെഴുതി കാണിച്ചതൊക്കെ കണ്ടു. സിനിമ പകുതി ആയപ്പോഴേയ്ക്കും അച്ഛന് ചെറിയ അസ്വസ്ഥത തോന്നിത്തുടങ്ങി. ആ സമയത്ത് ഞങ്ങൾക്ക് എല്ലാവർക്കും ടെൻഷൻ ആയി. പിന്നെ സിനിമ കാണാനോ ആസ്വദിക്കാനോ ഒന്നും സാധിച്ചില്ല. അന്ന് ഭാഗ്യം കൊണ്ട് അച്ഛന് വേറെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഈ സംഭവം എനിക്ക് ഒരിക്കലും മറക്കാൻ പറ്റില്ല. 

കോവിഡിലെ പാട്ട് കാലം

നീണ്ട ഇടവേളയ്ക്കു ശേഷം വീണ്ടും വിദേശത്ത് ഒരു പരിപാടിയ്ക്കു പോയിരുന്നു. എല്ലാവിധ കോവിഡ് നിയന്ത്രണങ്ങളും പാലിച്ചുകൊണ്ടാണ് ഞങ്ങൾ പരിപാടി നടത്തിയത്. ദീർഘ കാലത്തിനു ശേഷം ഇത്തരമൊരു പരിപാടി കിട്ടിയപ്പോൾ പേടിയായിരുന്നു മനസ്സിൽ. കാരണം, കോവിഡ് ആശങ്കകൾ നിലനിൽക്കുന്നതിനാൽ കാണികൾ ഉണ്ടാകുമോ എന്നായിരുന്നു പേടി. പ്രേക്ഷകരില്ലാതെ പാടുക എന്നത് സങ്കടകരമായ ഒരു കാര്യമാണല്ലോ. ആളുകൾ വരണമെന്നും അവർ സുരക്ഷിതരായി വരണമെന്നുമായിരുന്നു ആഗ്രഹം. പരിപാടിയുടെ പ്രമോ വിഡിയോയിലും ഇക്കാര്യം തന്നെയാണു ഞാൻ ഓർമിപ്പിച്ചത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് പരിപാടി നടന്നത്. അത് വിജയിക്കുകയും ചെയ്തു. 

 

ഒരേയൊരു പ്രാർഥന

കോവിഡ് വ്യാപനം രൂക്ഷമായിരുന്നതിനാൽ വളരെയധികം ശ്രദ്ധിക്കേണ്ട സാഹചര്യമാണുള്ളത്. ഈ മഹാമാരിക്കാലം ഒരുപാട് നിരാശയും ആശങ്കയുമാണ് സമ്മാനിക്കുന്നത്. നമുക്കു വേണ്ടപ്പെട്ട, പരിചിതമായ പലരുടെയും വിയോഗവാർത്തകളും മറ്റു ദുഃഖകരമായ സാഹചര്യങ്ങളുമെല്ലാം മനസ്സു മടുപ്പിക്കുന്നു. യാതൊരു സമാധാനവുമില്ലാത്ത സാഹചര്യത്തിലൂടെയാണല്ലോ ഓരോരുത്തരും കടന്നു പോകുന്നത്. എല്ലാവരും സുരക്ഷിതരായി കഴിയട്ടെ. എത്രയും വേഗം ഈ മഹാവ്യാധി മാറട്ടെ എന്നു മാത്രമാണ് പ്രാർഥന. ഒരുപാട് കലാകാരന്മാർക്കു ജീവിതം വഴിമുട്ടിയിരിക്കുകയാണ്. അവർക്കെല്ലാവർക്കും സ്വസ്ഥമായി ജീവിക്കാനുള്ള ഒരു അന്തരീക്ഷം ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു, പ്രാർഥിക്കുന്നു. നമ്മുടെ സൗകര്യത്തിനനുസരിച്ച് എത്രയും വേഗം കാര്യങ്ങളെല്ലാം സജ്ജമാകട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ലുലു മാളിൽ മഞ്ചുവിന്റെയും കുട്ടികളുടെയും അടിപൊളി ഡാൻസ് | Kim Kim Dance by Manju Warrier and Kids

MORE VIDEOS
FROM ONMANORAMA