ADVERTISEMENT

കല്ലറ ഗോപൻ എന്ന ഗായകൻ 40 വർഷമായി ഒരു സൗമ്യ സംഗീതമായി മലയാളികളോടൊപ്പമുണ്ട്. നിരവധി ലളിത ഗാനങ്ങളും നാടക ഗാനങ്ങളും സിനിമാ ഗാനങ്ങളും പാടിയ അദ്ദേഹത്തിന്റെ മകൾ നാരായണിയും അച്ഛന്റെ പിന്നാലെ പാട്ടിന്റെ വഴിയിലെത്തിക്കഴിഞ്ഞു. എംഎസ്ഡബ്ലിയു കഴിഞ്ഞു സാമൂഹ്യ സേവനത്തിലേക്കു തിരിഞ്ഞെങ്കിലും രക്തത്തിലലിഞ്ഞു ചേർന്ന കല നാരായണിയെ സംഗീതലോകത്തേക്കു കൊണ്ടുവന്നിരിക്കുകയാണ്. ടൊവിനോ തോമസ് നായകനായെത്തിയ ‘മിന്നൽ മുരളി’ റെക്കോർഡുകൾ ഭേദിച്ചു മുന്നേറുമ്പോൾ അതിൽ ഏവരുടെയും കണ്ണ് നനയിച്ച് ‘ഉയിരേ’ ഗാനം പാടി നാരായണിയും സിനിമാ സംഗീത ലോകത്തു ചുവടുറപ്പിക്കുന്നു. പുതിയ പാട്ടുവിശേഷങ്ങള്‍ പങ്കിട്ട് നാരായണി ഗോപൻ മനോരമ ഓൺലൈനിനൊപ്പം. 

 

 

‘ഉയിരേ’ പാട്ടും ഞാനും

 

 

‘മിന്നൽ മുരളി’യിലെ പാട്ട് ശ്രദ്ധിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷം. ഒരുപാട് പേർ ആ പാട്ടിനെ സ്നേഹിക്കുന്നു. സമൂഹമാധ്യമങ്ങൾ തുറക്കുമ്പോൾ കാണുന്നതൊക്കെയും ഈ പാട്ടിന്റെ മീം, കവർ പതിപ്പുകളാണ്. രണ്ടുവർഷത്തോളം കാത്തിരുന്നിട്ടാണ് സിനിമ പുറത്തിറങ്ങിത്. ‘ഉയിരേ’ എല്ലാവരും ഏറ്റെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു. മിന്നൽ മുരളിയുടെ പ്രൊമോഷൻ വലിയ തരത്തിലായിരുന്നു. സിനിമ ആളുകൾ ഏറ്റെടുക്കുമെന്നു തിരിച്ചറിഞ്ഞപ്പോൾ മുതൽ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ഒടുവിൽ സിനിമ പുറത്തിറങ്ങിയപ്പോൾ പാട്ടും എല്ലാവരും ഇരു കയ്യും നീട്ടി സ്വീകരിച്ചു. ഞാൻ പാടിയ പാട്ട് എല്ലാവരും പാടുന്നതു കേൾക്കുമ്പോഴും സമൂഹമാധ്യമങ്ങളിൽ എന്നെ ടാഗ് ചെയ്യുന്നതുമൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഷാൻ ഇക്കയുടെ (ഷാന്‍ റഹ്മാൻ) ഈണത്തിനും മനു മഞ്ജിത്തിന്റെ വരികൾക്കും അർഥമുണ്ടായത് പാട്ട് ശ്രദ്ധിക്കപ്പെട്ടപ്പോഴാണ്. ഷാൻ ഇക്കയുടെ പാട്ടുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഈ ‘ഉയിരേ’ ആണ്. അതിമനോഹരമായാണ് അദ്ദേഹം പാട്ട് പറഞ്ഞുതന്നത്. പാട്ട് വിജയിച്ചത് മിന്നൽ മുരളി ടീമിന്റെ കഠിനാധ്വാനത്തിന്റെ ഫലം കൊണ്ടു കൂടിയാണ്. പാടിയപ്പോൾ ഉള്ളതിനേക്കാൾ സിനിമ കണ്ടപ്പോഴാണ് പാട്ട് കൂടുതൽ പ്രിയങ്കരമായത്. എല്ലാത്തിനും എല്ലാവരോടും നന്ദിയും സ്നേഹവും മാത്രം. 

 

 

ഷാൻ ഇക്കയുടെ ആ പോസ്റ്റ്

narayani-gopan-family
നാരായണി ഗോപൻ മാതാപിതാക്കൾക്കൊപ്പം

 

 

 

ഞാൻ ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന സമയത്ത് ഷാൻ ഇക്ക അവിടെ വിധികർത്താവായിരുന്നു. അവിടെ ഉണ്ടായിരുന്നവരെല്ലാം തമ്മിൽ വലിയ അടുപ്പവും സ്നേഹവുമായിരുന്നു. ഒരു ദിവസം ഞാൻ പാടുന്നത് കേട്ട് ഷാൻ ഇക്ക, ‘ലവ് ആക്‌ഷന്‌ ഡ്രാമ’ എന്ന ചിത്രത്തിൽ പാടാൻ അവസരം നൽകി. അതുകഴിഞ്ഞ് മിന്നൽ മുരളി വന്നപ്പോൾ ഈ പാട്ടിനു വേണ്ടി മിഥുൻ ചേട്ടനോടൊപ്പം (മിഥുൻ ജയരാജ്) എന്റെ ശബ്ദം ചേർത്ത് നോക്കി. ഈണം പാടിപ്പിച്ച് അദ്ദേഹം അത് സംവിധായകൻ ബേസിൽ ഏട്ടന് അയച്ചു കൊടുത്തു. എല്ലാവർക്കും ഇഷ്ടപ്പെട്ടതോടെ ചിത്രത്തിനു വേണ്ടി ഞാനും മിഥുൻ ചേട്ടനും പാടുന്ന കാര്യം പരസ്യമാക്കി ഷാൻ ഇക്ക സമൂഹമാധ്യമക്കുറിപ്പ് പങ്കിട്ടു. അത് കണ്ടപ്പോഴാണ് ഈ പാട്ട് ഞങ്ങൾ ആണ് പാടുന്നതെന്ന് ഉറപ്പിച്ചത്. മിഥുൻ ചേട്ടനോടൊപ്പം പാടാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്. സിനിമ റിലീസ് ചെയ്യാൻ ഒരുപാട് നാൾ കാത്തിരുന്നെങ്കിലും ആ കാത്തിരുപ്പ് വെറുതെ ആയില്ല. പാട്ട് കേട്ട് നിരവധി േപരാണു വിളിച്ചു പ്രശംസയറിയിച്ചത്.

 

 

 

അഭിമാനം തോന്നിപ്പിച്ച മിന്നൽ മുരളി

 

 

മിന്നൽ മുരളി കണ്ടത് അഭിമാനത്തോടെയാണ്. നമ്മുടെ ആദ്യത്തെ സൂപ്പർ ഹീറോ സിനിമയാണല്ലോ. ഈയൊരു കഥ മലയാളികൾ എത്രത്തോളം ഏറ്റെടുക്കുമെന്നു സംശയമുണ്ടായിരുന്നു. നാട്ടിൻപുറത്തുകാരനായ ഒരു സൂപ്പർ ഹീറോയെ മലയാളികൾ അംഗീകരിക്കുമോ എന്ന പേടിയും തോന്നി. പക്ഷേ ബേസിൽ ജോസഫ് എന്ന സംവിധായകനെ എനിക്കു വിശാസമായിരുന്നു. അദ്ദേഹത്തിന്റെ മറ്റു സിനിമകൾ നമ്മൾ കണ്ടിട്ടുള്ളതാണല്ലോ. എനിക്ക് ഒരുപാട് ഇഷ്ടം തോന്നിയ സിനിമയാണ് മിന്നൽ മുരളി. കുറ്റം പറയണമെങ്കിൽ എന്തെങ്കിലും കണ്ടുപിടിക്കാമെന്നല്ലാതെ പ്രത്യേകിച്ച് കുഴപ്പങ്ങളൊന്നുമില്ല. ലോകം മുഴുവൻ ഏറ്റെടുത്ത മിന്നൽ മുരളിയുടെ ഒരു ചെറിയ ഭാഗമെങ്കിലും ആകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്.

 

 

 

മിതത്വം സൂക്ഷിക്കുന്ന അച്ഛൻ

 

 

എന്റെ പാട്ട് കേട്ടിട്ട് അച്ഛനു വലിയ സന്തോഷമായി. അദ്ദേഹം ഷാൻ ഇക്കയെ വിളിച്ചു സംസാരിച്ചു. അച്ഛന് സന്തോഷമാണെന്ന് അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്നു മനസ്സിലാകുമെന്നെയുള്ളു. സന്തോഷമൊന്നും ഒരുപാടു പ്രകടിപ്പിക്കുന്ന ആളല്ല. പാട്ട് പരിശീലിക്കണമെന്നും കർണാട്ടിക് സംഗീതം പഠിക്കണമെന്നും കച്ചേരി അവതരിപ്പിക്കണമെന്നുമൊക്കെ അച്ഛൻ എന്നോടു എപ്പോഴും പറയാറുണ്ട്. പാട്ട് കേട്ട് അഭിനന്ദിക്കുകയും കൂടുതൽ പഠിക്കണമെന്നു നിർദ്ദേശിക്കുകയും ചെയ്തു. അച്ഛൻ അച്ഛന്റേതായ ജോലികളിൽ തിരക്കിലാണ്. സംഗീതപരിപാടികളും നാടക–സിനിമാ–സീരിയൽ ഗാനങ്ങളുമൊക്കെ ചെയ്യുന്നുണ്ട്. ഞാൻ ചെറുപ്പം മുതൽ അച്ഛന്റെ സ്റ്റുഡിയോയിൽ ട്രാക്ക് പാടുകയും കോറസ് പാടുകയുമൊക്കെ ചെയ്തിട്ടുണ്ട്. റെക്കോർഡിങ് സൗകര്യങ്ങൾ വീട്ടിലുണ്ട്. പാട്ടിന്റെ സാങ്കേതികത്വം, എങ്ങനെയൊക്കെ പാടാം, സ്റ്റുഡിയോ മൈക്കിനു മുന്നിൽ നിൽക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം തുടങ്ങിയവയൊക്കെ അച്ഛനിൽ നിന്നും പഠിക്കാൻ സാധിച്ചു. പലതരം പാട്ടുകൾ കേൾക്കാനും സ്വായത്തമാക്കാനും സാധിച്ചിട്ടുണ്ട്. അതൊക്കെ സിനിമയ്ക്കു വേണ്ടി പാടുമ്പോൾ ഒരുപാടു സഹായകമാകുന്നു. 

 

 

വിന്ററിൽ തുടങ്ങിയ യാത്ര 

     

 

‘വിന്റർ’ എന്ന സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി പിന്നണി പാടിയത്. അന്ന് കൊച്ചുകുട്ടിയായിരുന്നു ഞാൻ. എം.ജി ശ്രീകുമാർ സാറിന്റെ പാട്ടിന്റെ തുടക്കത്തിൽ കുഞ്ഞിന്റെ ശബ്ദത്തിനു വേണ്ടിയാണ് പാടിയത്. അതുകഴിഞ്ഞ് അച്ഛനോടൊപ്പം 'അയാൾ' എന്ന സിനിമയ്ക്കു വേണ്ടി ഒരു പുള്ളുവൻ പാട്ട് പാടി. ‘ലവ് ആക്‌ഷൻ ഡ്രാമ’യിലൂെടയാണ് സിനിമയ്ക്കു വേണ്ടി ഒരു മുഴുവൻ പാട്ട് പാടിയത്. അതുകഴിഞ്ഞു ഗോപി ചേട്ടന്റെ (ഗോപി സുന്ദർ) സംഗീതത്തിൽ ഷൈലോക്കിനു വേണ്ടി പാടി. ബി.കെ ഹരിനാരായണൻ വരികൾ എഴുതി രാഹുൽ രാജിന്റെ സംഗീതത്തിൽ പ്രീസ്റ്റിനു വേണ്ടിയും ഗാനം ആലപിച്ചു. അതിനുശേഷമാണ് മിന്നൽ മുരളിയിലേയ്ക്കെത്തിയത്. ഇതേ സമയത്ത് തന്നെ ‘ആഹാ’ എന്ന ചിത്രത്തിൽ സയനോര ചേച്ചിയുടെ സംഗീതത്തിൽ പാടിയിരുന്നു. എം ജയചന്ദ്രൻ സാറിന്റെ സംഗീതത്തിൽ പത്തൊൻപതാം നൂറ്റാണ്ടിൽ പാടാൻ അവസരം ലഭിച്ചു. റഫീഖ് അഹമ്മദ് സർ ആണ് വരികൾ എഴുതിയിരിക്കുന്നത്.  

 

  

വഴിമുടക്കിയ കോവിഡ്

 

 

ലൈവ് ഷോ ആണ് ഒരു കലാകാരന് സന്തോഷം തരുന്നത്. പാടുമ്പോൾ അതേ സമയത്തു തന്നെ നമുക്ക് പ്രതികരണങ്ങളും കിട്ടും. കോവിഡ് വ്യാപനത്തോടെ ലൈവ് പാടുന്നത് വളരെ കുറഞ്ഞു. വീണ്ടും പരിപാടികൾ സംഘടിപ്പിച്ചു തുടങ്ങിയതായിരുന്നു. കുറച്ചു പ്രോഗ്രാമുകൾ ചർച്ചയിലുണ്ടായിരുന്നു. പക്ഷേ വീണ്ടും കോവിഡ് വഴിമുടക്കി. അതുകൊണ്ട് ഇനി സംഗീതപരിപാടികൾ നടക്കുമോ എന്ന ആശങ്കയുണ്ട്. സ്റ്റേജ് അനുഭവം ഒരുപാട് മിസ് ചെയ്യുന്നു.

.

 

 

എന്നും ആഗ്രഹം പാടാൻ

 

 

ഞാൻ സാമൂഹിക പ്രവർത്തകയായിരുന്നു. കുറച്ചു നാൾ ജോലി ചെയ്തു. പക്ഷേ ഇപ്പോൾ മുഴുവൻ സമയ ഗായികയാണ്. പരിശീലനമൊക്കെയുള്ളതുകൊണ്ട് മറ്റൊന്നിനും സമയം കിട്ടില്ല. എപ്പോഴും പരിശീലിച്ചു മെച്ചപ്പെട്ടുകൊണ്ടിരിക്കണം, ഏതു പാട്ട് വന്നാലും പാടാൻ കഴിയണം. അതുകൊണ്ടു വേറെ ജോലി ഒന്നും ഇപ്പോൾ ചെയ്യുന്നില്ല. പിന്നെ കുട്ടികൾക്കു വോക്കൽ ട്രെയിനിങ് കൊടുക്കുന്നുണ്ട്. സംഗീതം തന്നെ കരിയർ ആക്കാൻ ആണ് ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com