തുടർച്ചയായി വയലിൻ വായിച്ചത് 36 മണിക്കൂർ‘! ഗിന്നസ് റെക്കോർഡിൽ പേരു ചേർത്ത് വിശ്വനാഥൻ

ms-viswanadhan-violinist
SHARE

36 മണിക്കൂർ തുടർച്ചയായി വയലിൻ വായിച്ച് ഗിന്നസ് റെക്കോർഡില്‍ പേരു ചേർത്ത മലയാളിയാണ് എം.എസ് വിശ്വനാഥ്. വയലിനിൽ വ്യത്യസ്തങ്ങളായ ഈണങ്ങൾ വായിച്ച്, പരീക്ഷണങ്ങൾ നടത്തി ശ്രദ്ധ നേടുകയാണ് അദ്ദേഹം. സമൂഹമാധ്യമങ്ങളിലെ ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’ എന്ന വയലിൻ സംഗീത ദൃശ്യങ്ങളിലൂടെയാണ് വിശ്വനാഥന് ആരാധകരേറിയത്. സംഗീത വഴികളെക്കുറിച്ചു മനസ്സു തുറന്ന് എം.എസ്.വിശ്വനാഥൻ മനോരമ ഓൺലൈനിനൊപ്പം. 

 

വയലിൻ ഈണത്തിലേയ്ക്ക്

15ാം വയസ്സിലാണ് വയലിൻ പഠിക്കാൻ തുടങ്ങിയത്. പുതുതായി എന്തെങ്കിലും പഠിക്കണമെന്ന പ്രായത്തിന്റെ തോന്നലിലാണ് വയലിൻ അഭ്യസിക്കാൻ തീരുമാനിച്ചത്. അതു പിന്നീട് പാഷനും പ്രഫഷനുമൊക്കെ ആവുകയായിരുന്നു. ഇപ്പോൾ സ്വന്തമായി സംഗീത ബാൻഡും ഓൺലൈൻ ക്ലാസുകളും സിനിമാ തിരക്കുകളും സ്റ്റേജ് പരിപാടികളുമൊക്കെയായി വയലിനൊപ്പം തന്നെ നീങ്ങുകയാണ്. 

ഗിന്നസ് റെക്കോർഡിന്റെ വഴി

എന്റെ സംഗീത ബാൻഡിലെ ചില സുഹൃത്തുക്കൾ തന്നെയാണ് ഗിന്നസ് റെക്കോർഡ് എന്നൊരു സാധ്യതയെപ്പറ്റി പറഞ്ഞത്. റെക്കോർഡിനു വേണ്ടി നടത്തുന്ന തയ്യാറെടുപ്പുകളിലൂടെ കൂടുതൽ ആഴത്തിൽ പഠിക്കാൻ സാധിക്കുമല്ലോ എന്ന് അപ്പോൾ എനിക്കും തോന്നി. 36 മണിക്കൂർ തുടർച്ചയായി വയലിൻ വായിക്കാൻ മാസങ്ങൾ നീണ്ട പരിശീലനം ആവശ്യമായിരുന്നു. അതൊരുപാട് പാഠങ്ങൾ തന്നു. ആ ശ്രമത്തിനൊടുവിൽ ഗിന്നസ് റെക്കോർഡ് നേടുക കൂടി ചെയ്തപ്പോൾ ഒരുപാടു സന്തോഷം.

വൈറലായ ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’

വയലിൻ പൊതുവെ മെലഡി ഗാനങ്ങൾക്കു വേണ്ടി മാത്രം ഉപയോഗിക്കുന്ന വാദ്യോപകരണമാണെന്ന ധാരണ പലര്‍ക്കുമുണ്ട്. റൊമാന്റിക് ഗാനങ്ങൾക്കിണങ്ങുന്ന വാദ്യോപകരണം തന്നെയാണു വയലിൻ. പക്ഷേ അതിനു വേറെയും നിരവധി സാധ്യതകളുണ്ട്. അതെന്തൊക്കെയാണെന്നു കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അത്തരത്തിലൊരു ശ്രമത്തിന്റെ ഭാഗമായാണ് ‘പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം’ എന്ന നിത്യഹരിത ഗാനം വയലിനിൽ വായിച്ചത്. അത് ശ്രദ്ധിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷം. 

ഊർജം നൽകിയ പ്രശംസ

സംഗീതസംവിധായകൻ ഔസേപ്പച്ചൻ സര്‍ എന്റെ വിഡിയോ പങ്കുവച്ചതു വലിയ അംഗീകാരമായി തോന്നി. കഴിഞ്ഞ കുറച്ചു കാലങ്ങളായി എനിക്ക് അദ്ദേഹത്തെ വ്യക്തിപരമായി അറിയാം. സർ വിഡിയോ പങ്കുവച്ചതും പ്രശംസ അറിയിച്ചതും വലിയ ഊർജം പകരുന്നു. ആ വിഡിയോയിൽ എനിക്കൊപ്പം വയലിൻ വായിച്ചത് എന്റെ വിദ്യാർഥികളാണ്. അവർക്കും അദ്ദേഹത്തിന്റെ വാക്കുകൾ നൽകിയ ശക്തി ചെറുതല്ല.

 

 

മാർക്ക്‌വുഡ് വൈപ്പറും ഞാനും

മാർക്ക്‌വുഡ് വൈപ്പർ എന്ന സംഗീതോപകരണത്തെ നമ്മുടെ രാജ്യത്തിനു മുന്നിൽ പരിചയപ്പെടുത്താൻ എനിക്കു സാധിച്ചു. ഏഴ് സ്ട്രിങ്ങുകളുള്ള ഉപകരണമാണത്. ഏതാണ്ട് നാല് ലക്ഷം രൂപയോളമാണു വില.‘താന്ത്രിക് സ്ട്രോം’ എന്ന എന്റെ സംഗീത ആൽബത്തിലൂടെ ലോകത്തിലെ ഏറ്റവും മികച്ച ഇലകട്രിക് സ്ട്രിങ് പ്ലയറിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അവിടെ ഞാൻ ഉപയോഗിച്ചത് മാർക്കവുഡ് വൈപ്പർ ആണ്.

കോവിഡ് കാലവും സംഗീതവും

വലിയൊരു സദസ്സിനു മുന്നിൽ നിൽക്കാനുള്ള സാധ്യത ഇല്ലാതായി എന്നതാണ് കോവിഡ് കാലത്ത് കലാകാരന്മാർക്കുണ്ടായ വലിയൊരു നഷ്ടം. നിരവധി വിദേശ യാത്രകൾ റദ്ദ് ചെയ്യപ്പെട്ടു. ഇതൊക്കെ സംഗീത ലോകത്തിനു നികത്താൻ കഴിയാത്ത നഷ്ടങ്ങളാണു സമ്മാനിച്ചത്. എന്റെ സ്വന്തം കാര്യമെടുത്താൽ, 20 പേർ മാത്രമുള്ള വേദികളിൽ പോലും വയലിൻ വായിക്കാൻ എനിക്കു സാധിച്ചു എന്നതു ഭാഗ്യമായി കണക്കാക്കുന്നു. ഒപ്പം സംഗീത ബാൻഡിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ മുന്നോട്ടു കൊണ്ടു പോകാനാകുന്നുമുണ്ട്. എന്റെ വയലിൻ ക്ലാസുകൾ ഓൺലൈൻ ആക്കാനും ഒന്നുകൂടി വിപുലമാക്കാനും ഈ കോവിഡ് കാലത്തു സാധിച്ചു.

ഭാവി 

എന്റെ ബാൻഡ് വയലിനിൽ കുറച്ചു പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. അതിനൊപ്പം ചില സിനിമകളിൽ വയലിൻ വായിക്കുന്നു. കൂടാതെ വയലിൻ ക്ലാസുകളും മുന്നോട്ടു കൊണ്ടു പോവുകയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സംസ്ഥാന പുരസ്കാര ജേതാവാണ് പുഴുവിലെ കുട്ടിത്താരം | Puzhu | Mammootty | Vasudev Sajeesh

MORE VIDEOS
FROM ONMANORAMA