സിനിമ സംഗീതത്തിലേക്ക് കന്നിയങ്കം കുറിക്കാൻ മണക്കാല ഗോപാലകൃഷ്ണന്‍

manakala-gopalakrishnan
മണക്കാല ഗോപാലകൃഷ്ണന്‍
SHARE

സംഗീതംകൊണ്ടൊരു മേല്‍വിലാസം സ്വപ്നംകണ്ടൊരു കാലം, ഇല്ലായ്മകള്‍ വല്ലായ്മകള്‍ തീര്‍ക്കുമ്പോഴും സംഗീതത്തെ മാത്രം ജീവിതമായി കണ്ടു. ഒടുവില്‍ ആ യാത്രയില്‍ സ്വന്തമായൊരു സിനിമ സംഗീതം ചിട്ടപ്പെടുത്താന്‍ നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പുവേണ്ടിവന്നു സംഗീതഞ്ജനായ മണക്കാല ഗോപാലകൃഷ്ണന്. അപ്പോഴും തെല്ലു പരിഭവമില്ല. കാരണം മണക്കാല ഗോപാലകൃഷ്ണന്റെ ആദ്യ സിനിമാഗാനങ്ങള്‍ ആലപിക്കാന്‍ പഴയ സൗഹൃദത്തിന്റെ ലഹരിയില്‍ യേശുദാസും പി. ജയചന്ദ്രനും കെ. എസ്. ചിത്രയുമൊക്കെ ഒപ്പംചേര്‍ന്നു. ഗാനങ്ങളെഴുതിയതാകട്ടെ പൂവച്ചല്‍ഖാദറും കൈതപ്രവും പ്രഭാവര്‍മയും. പൂവച്ചല്‍ ഖാദര്‍ അവസാനമായി ഗാനങ്ങള്‍ എഴുതിയതും മണക്കാലയുടെ സംഗീതത്തിലാണ്. ‘ഉള്‍ക്കനല്‍’ എന്ന ചിത്രത്തിലൂടെ സിനിമ സംഗീതത്തിലേക്ക് കന്നിയങ്കം കുറിക്കുകയാണ് സംഗീതഞ്ജനായ മണക്കാല ഗോപാലകൃഷ്ണന്‍.

തിരുവനന്തപുരം സ്വാതിതിരുനാള്‍ സംഗീത കോളജില്‍ നിന്ന് ഗാനഭൂഷണവും ഗാനപ്രവീണയും പാസ്സായ മണക്കാല ആകാശവാണിയിലൂടെയാണ് ശ്രദ്ധേയനാകുന്നത്. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് സംഗീതശിരോമണിയും കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡിയും നേടിയതോടെ സംഗീതഞ്ജര്‍ക്കൊക്കെയും പ്രിയപ്പെട്ട ഒരാളായി. യേശുദാസിനൊപ്പം നിരവധി കച്ചേരിവേദികളില്‍ തംബുരു വായിച്ചു. ഉള്ളൂരിന്റെ പ്രേമസംഗീതത്തിന് അപൂര്‍വസംഗീത വിരുന്നൊരുക്കിയതോടെ ശ്രദ്ധേയനായി. കവിതയുടെ 76 വരികള്‍ 12 രാഗങ്ങളിലൂടെയാണ് അദ്ദേഹം ചിട്ടപ്പെടുത്തി വേദികളില്‍ അവതരിപ്പിച്ചത്. എസ് സി ആര്‍ ടി റിസര്‍ച്ച് ഓഫിസര്‍ ആയതോടെ കലാപഠനം പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്നതിനും സ്‌കൂള്‍ പ്രവേശനഗാനങ്ങള്‍ ജനകീയമാക്കുന്നതിനും നേതൃത്വം നല്‍കി. 2014ല്‍ മണക്കാല സംഗീതം നല്‍കിയ പ്രവേശനഗാനം പുതിയൊരു ചുവചുവയ്പ്പായി. 

സൗഹൃദങ്ങള്‍ തണല്‍വിരിയിച്ച പാട്ടുകാലം

സംഗീതം പഠിക്കാനുള്ള കൊതി ഉള്ളിലൊതുക്കി നടക്കുന്ന ബാലൃകാലം. അടൂരില്‍ ഒരു കലാപരിപാടിക്കിടെ പാടാന്‍ കിട്ടിയ അവസരം വിട്ടുകളഞ്ഞില്ല. അറിയുന്ന ദൈവങ്ങളെയൊക്കെ വിളിച്ച് പാട്ടുപാടി. നിറഞ്ഞ കയ്യടികള്‍ മുറുകുമ്പോഴേക്കും ഗോപാലകൃഷ്ണനെന്ന പയ്യന്‍ വേദിവിട്ടു. തിരക്കൊഴിഞ്ഞ വരാന്തയിലൂടെ നടന്നു നീങ്ങുമ്പോള്‍ പിന്നില്‍ നിന്നൊരാള്‍ ഓടി വന്ന് തോളത്ത് കയ്യിട്ടു. നീ പാട്ടുപഠിക്കണം മോനെ, ഇല്ലെങ്കില്‍ ഞാന്‍ പഠിപ്പിക്കാം... അത്ഭുതത്തോടെ ആ മുഖം നോക്കി നിന്ന ഗോപാലകൃഷ്ണന് ഞെട്ടല്‍വിട്ടു മാറുന്നില്ല, ഗായകന്‍ അയിരൂര്‍ സദാശിവന്‍... അതൊരു ആവേശമായി. പിന്നീട് പ്രീഡ്രി പഠനം പൂര്‍ത്തിയാക്കിയതോടെ സ്വാതിതിരുനാള്‍ സംഗീത കോളജില്‍ പഠിക്കണമെന്ന മോഹമായി. വീട്ടിലെ സാഹചര്യം അതിനൊന്നും അനുവദിക്കില്ലെന്നറിയാം എങ്കിലും തിരുവനന്തപുരത്തിന് വണ്ടി കയറി. കോളജില്‍ അഡ്മിഷന്‍ കിട്ടിയെങ്കിലും വട്ടചെലവും താമസവുമൊക്കെ വലിയ പ്രതിസന്ധികള്‍ സൃഷ്ട്ടിച്ചു. രാത്രിയുടെ നിശബ്ദതയും ഇരുട്ടും മുന്നോട്ടുള്ള സൂചനകള്‍പോലെ തോന്നി.

എന്നാല്‍ അക്കാലത്ത് തിരുവനന്തപുരം സമ്മാനിച്ച പുതിയ കൂട്ടുകാര്‍ മണക്കാലയ്ക്ക്് ആശ്വാസമായി. സഹപാഠികളായ കൈതപ്രം വിശ്വനാഥനും കല്ലറ ഗോപനും ഒപ്പം ചേര്‍ത്തു. വഴുതയ്ക്കാട്ടെ ഗണപതി ക്ഷേത്രത്തില്‍ ശാന്തിയാണെന്ന് വിശ്വനാഥന്‍. ക്ഷേത്രത്തിനോടു ചേര്‍ന്നുള്ള മുറിയില്‍ മണക്കാലയ്ക്കും പായ വിരിക്കാന്‍ ഇടം കൊടുത്തു. ക്ഷേത്രത്തിലെ പടച്ചോറും ഉണ്ണിയപ്പവും ആവോളം നല്‍കി. ഉച്ചയ്ക്ക് കല്ലറ ഗോപന്റെ വക പൊതിച്ചോറും. രാത്രിയില്‍ ഒത്തിരി പട്ടിണിയും അതിനേക്കാള്‍ സംഗീതവും. കൈതപ്രം ദാമാദരന്‍ നമ്പൂതിരി അന്ന് തിരുവനന്തപുരം മാതൃഭൂമിയിലെ ജീവനക്കാരനാണ്. ഇടയ്ക്കിടെ അവര്‍ക്കൊപ്പം പാട്ടും പറച്ചിലുമായി കൂടി.

കാലമിങ്ങനെ കടന്നു പോകുമ്പോള്‍ വിശ്വനാഥന്‍ നമ്പൂതിരിക്കൊപ്പം താമസിക്കുന്ന ചെക്കനെ കണ്ട് ചിലര്‍ക്കൊക്കെ ഒരു അസ്വസ്ഥത. നമ്പൂരികുട്ടിക്കൊപ്പം വേറൊരു പയ്യനിങ്ങനെ കഴിയുന്നത് അശുദ്ധിയെന്ന് പലരും വിധിയെഴുതി... ഗോപാലകൃഷ്ണനെ പുറത്താക്കാന്‍ കല്‍പ്പിച്ച ദേവസ്വം മാനേജര്‍ക്ക് എതിരെയായി വിശ്വനാഥനും. എങ്കില്‍ ഇവിടെ ശാന്തിയ്ക്ക് വേറെ ആളേ നോക്കു എന്നു പറഞ്ഞ് മണക്കാലയ്ക്ക് ഐക്യദാര്‍ഢ്യവുമായി വിശ്വനാഥന്‍ ആ ക്ഷേത്രം വിട്ട് തൈക്കാട് ശാസ്താക്ഷേത്രത്തിലേക്കു പോയി. 

'ആകാശവാണിയും സംഗീതാധ്യാപനവുമൊക്കെയായി മുന്നോട്ടു പോകുന്നതിന് ഇടയില്‍ സിനിമ സംഗീതം ഒരു സ്വപ്നമായി മനസ്സില്‍ അവശേഷിച്ചു. അന്വേഷണങ്ങളും ശ്രമങ്ങളുമൊക്കെ നടന്നെങ്കിലും ഒന്നും ഫലം കണ്ടില്ല. കാത്തിരിക്കാന്‍ തന്നെയായിരുന്നു തീരുമാനം. ആ കാത്തിരിപ്പിനുള്ള മറുപടിയാണ് ഉള്‍ക്കനലിലെ ഗാനങ്ങള്‍,' മണക്കാല ഗോപാലകൃഷ്ണന്‍ പറയുന്നു.

അങ്ങനെ യേശുദാസും വന്നു

ഏറെ നാളുകള്‍ക്കു ശേഷം ഗാനഗന്ധര്‍വന്റെ സ്വരമാധുരിയില്‍ പിറന്ന രാഗനിബന്ധമായ ഗാനം കൂടിയാണ് ഉള്‍ക്കനലിലെ 'ജീവനരാഗം'. സിനിമാഗാനങ്ങളൊക്കെ ആലപിക്കുന്നത് കുറച്ചകാലത്ത് യേശുദാസിനെ ഈ ഗാനത്തിലേക്ക് അടുപ്പിച്ചത് മണക്കാലയുടെ സംഗീതത്തോടു തോന്നിയ താല്‍പര്യം കൊണ്ടുമാത്രമാണ്. 'ദാസേട്ടനുമായി വര്‍ഷങ്ങളുടെ ആത്മബന്ധമല്ലേ.. എത്രയോ വേദികളില്‍ അദ്ദേഹത്തിനൊപ്പം ഞാനും അടുത്തിരുന്നു,' മണക്കാല യേശുദാസിനെ ഓര്‍ത്തെടുത്തു. 'എല്ലാ സംഗീതസംവിധായകരേപോലെ ആദ്യ സിനിമയില്‍ ദാസേട്ടനും വേണമെന്ന ആഗ്രഹം എനിക്കും ഉണ്ടായിരുന്നു. 

അദ്ദേഹത്തെ കണ്ടിട്ടും അടുത്ത് ഇടപെട്ടിട്ടുമൊക്കെ വര്‍ഷങ്ങളുമായി. നടക്കുമോ എന്ന സംശയംപോലും എനിക്ക് ഉണ്ടായിരുന്നു. എന്തായാലും ജീവനരാഗം എന്ന ഗാനം കൈതപ്രം എഴുതി പൂര്‍ത്തിയാക്കുമ്പോള്‍ ദാസേട്ടന്‍ ഈ ഗാനം ആലപിച്ചാല്‍ നന്നായിരിക്കുമെന്ന അഭിപ്രായം അദ്ദേഹവും പറഞ്ഞു. അങ്ങനെ ട്രാക്ക് പാടി ദാസേട്ടന് അയച്ചുകൊടുത്തു. അദ്ദേഹത്തിന്റെ മാനേജര്‍ക്കാണ് അയച്ചത്. പാട്ട് കേട്ട ഉടനെതന്നെ മറുപടിയും എത്തി. ദാസേട്ടന്‍ തന്നെ ഈ പാട്ടുപാടുമെന്ന് പറഞ്ഞു. എനിക്ക് കിട്ടിയ വലിയ അംഗീകാരമായിരുന്നു ആ നിമിഷം.

ചെന്നൈയിലെ കദ്രികീസ് സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്. ഏറെ നാളിന് ശേഷം രാഗങ്ങള്‍ നിറഞ്ഞൊരു പാട്ടുപാടുന്ന സന്തോഷമായിരുന്നു അദ്ദേഹത്തിന്. വന്നപ്പോള്‍ തന്നെ അത് പങ്കുവയ്ക്കുകയും ചെയ്തു. ഉച്ചയ്ക്ക് 12 മണിക്കെത്തിയ അദ്ദേഹം നാലു മണിവരെ ഒറ്റ നില്‍പ്പിന് നിന്നാണ് ഈ പാട്ട് പൂര്‍ത്തിയാക്കിയത്. അത്രമേല്‍ ആ പാട്ടിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു അദ്ദേഹം,' മണക്കാല ഗോപാലകൃഷ്ണന്‍ പറയുന്നു.

പൂവച്ചലിനൊപ്പം...

ചിത്രത്തിന്റെ സംവിധായകനായ യതീന്ദ്രദാസുമായി പൂവച്ചല്‍ ഖാദര്‍ നല്ല സൗഹൃദത്തിലായിരുന്നു. അതുകൊണ്ടുതന്നെ പൂവച്ചലിനെകൊണ്ട് ഗാനങ്ങള്‍ എഴുതിക്കണമെന്ന ആഗ്രഹം ആദ്യം മുതല്‍തന്നെ എല്ലാവര്‍ക്കുമുണ്ടായിരുന്നു. മണക്കാല പൂവച്ചലിനെ അനുസ്മരിക്കുന്നു. വീട്ടിലെ ഇടവേളകള്‍ അദ്ദേഹം ആസ്വദിക്കുന്ന സമയമായിരുന്നു അത്. അതുകൊണ്ടുതന്നെ ആവശ്യത്തിലേറെ സമയം ഉണ്ട്. വരികള്‍ക്ക് അനുസരിച്ച് സംഗീതം ചെയ്യാനായിരുന്നു തീരുമാനവും. ആദ്യകൂടികാഴ്ചയില്‍ സന്ദര്‍ഭവും ദൃശ്യങ്ങളും കൃത്യമായി സംവിധായകനില്‍ നിന്നും അദ്ദേഹം മനസ്സിലാക്കി. 

ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ തിരുമലയിലെ വീട്ടിലെത്തുമ്പോള്‍ വ്യത്യസ്തങ്ങളായ മൂന്നു ഗാനങ്ങള്‍ എഴുതിയത് എനിക്ക് തന്നു. ഇഷ്ടപ്പെട്ട വരി എടുത്തോളു എന്നു പറയുമ്പോള്‍ സത്യത്തില്‍ ഒരു ഞെട്ടലായിരുന്നു. മൂന്നും ഒന്നിനൊന്നുമെച്ചം. അതില്‍ നിന്നാണ് 'ഓമല്‍പ്പൂന്തോഴാ' എന്നു തുടങ്ങുന്ന ഗാനം തിരഞ്ഞെടുക്കുന്നത്. ചിത്രയാണ് ഗാനം ആലപിക്കുന്നത് എന്നത് അദ്ദേഹത്തിന് വലിയ സന്തോഷമുണ്ടാക്കിയ വര്‍ത്തമാനമായിരുന്നു. സിനിമ തിയറ്ററിലെത്തും മുന്‍പുള്ള അദ്ദേഹത്തിന്റെ മരണം വല്ലാത്ത നോവാണുണ്ടാക്കുന്നത്. ഈ വലിയ സന്തോഷത്തിനിടയിലും വലിയ ദുഃഖം അദ്ദേഹം ഇന്ന് ഒപ്പമില്ലാത്തതാണ്, മണക്കാല ഗോപാലകൃഷ്ണന്‍ പറയുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മഞ്ഞിലും മഴയിലും വാഗമണ്ണിലൂടെ രസ്നയ്ക്കൊപ്പം ഒരു കാരവൻ യാത്ര

MORE VIDEOS
FROM ONMANORAMA