ADVERTISEMENT

‘പ്രേമം’, ‘നേരം’ എന്നീ ചിത്രങ്ങളിലെ പാട്ടുകളിലൂടെ ശ്രദ്ധേയനായ പാട്ടെഴുത്തുകാരനാണ് ശബരീഷ് വർമ്മ. ഫെബ്രുവരി 25നു റിലീസ് ചെയ്യുന്ന ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ എന്ന ചിത്രത്തിലെ ‘ഉണ്ടക്കണ്ണനാണേ’ എന്ന പാട്ട് പാടി അഭിനയിച്ചിരിക്കുന്നതും ശബരീഷ് തന്നെ. ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടി റിലീസ് ചെയ്ത ഗാനം ഇതിനോടകം തന്നെ ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു. ഫെബ്രുവരി 25നു തന്നെ റിലീസ് ചെയ്യുന്ന ‘മെംബർ രമേശൻ ഒൻപതാം വാർഡ്’ എന്ന ചിത്രത്തിലും ശബരീഷ് ശ്രദ്ധേയമായ ഒരു കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ എല്ലാ പാട്ടുകള്‍ക്കും വരികൾ കുറിച്ചത് ശബരീഷ് ആണ്. അഭിനയത്തെ ഏറെ സ്നേഹിക്കുന്ന ശബരീഷ് ഗാനരചയിതാവ് എന്ന നിലയിലും ആസ്വാദകരുടെയിടയിൽ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. താരം അഭിനയിച്ച നിരവധി ചിത്രങ്ങളാണു റിലീസിനു തയ്യാറെടുക്കുന്നത്. പുതിയ സിനിമ–പാട്ടു വിശേഷങ്ങൾ ശബരീഷ് മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

 

പാട്ടെഴുതി പാടി

 

‘ഉപചാരപൂർവ്വം ഗുണ്ടജയന്‍’, ‘മെംബർ രമേശൻ 9-ാം വാർഡ്’ എന്നീ ചിത്രങ്ങളിൽ വളരെ പ്രാധാന്യമുള്ള കഥാപാത്രങ്ങളാണു ഞാൻ അവതരിപ്പിക്കുന്നത്. ഗുണ്ടാജയനു വേണ്ടി ‘ഉണ്ടക്കണ്ണനാണേ’ എന്ന പാട്ട് പാടി അഭിനയിച്ചു. അത് ചിട്ടപ്പെടുത്തിയത് ജയദാസ് ചേട്ടനാണ്. ഞങ്ങൾ ഒരുമിച്ചിരുന്നു ചെയ്ത പാട്ടാണത്. ചിത്രത്തിന്റെ പ്രൊമോഷനു വേണ്ടിയാണ് ആ ഗാനം ഒരുക്കിയത്. മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ സന്തോഷം. 

 

ഗുണ്ട ജയനും പിന്നെ ഞാനും

 

സിജു വിത്സന്‍ നിമിത്തമാണ് ഞാൻ ‘ഗുണ്ട ജയൻ’ എന്ന ചിത്രത്തിലേക്കു വരുന്നത്. അരുൺ വൈഗ സംവിധാനം ചെയ്യുന്ന രണ്ടാം ചിത്രമാണിത്. തിരക്കഥ വായിച്ചപ്പോൾ തന്നെ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. കഥാപാത്രങ്ങളെല്ലാം മനസ്സിലേക്കു പെട്ടെന്നു കയറുന്നവയാണ്. എന്റെ കഥാപാത്രത്തിന്റെ പേര് റെജി എന്നാണ്. ഗുണ്ട ജയന്റെ സഹോദരിയുടെ മകളുടെ വിവാഹവും അതിനോടൊപ്പം ഉടലെടുക്കുന്ന ചില സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. 

shabarish-aswini
ശബരീഷ് ഭാര്യ അശ്വിനിക്കൊപ്പം

 

പെട്ടെന്നുണ്ടായ പാട്ട്

 

ചിത്രത്തിൽ അഭിനയിക്കുന്നതിനിടയിൽ ആണ് അരുണിന് ഇത്തരത്തിൽ ഒരു പാട്ട് ചെയ്താലോ എന്ന ആഗ്രഹം തോന്നിയത്. അങ്ങനെ പാട്ട് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അജിത്ത് ‘ഉണ്ടക്കണ്ണൻ’ എന്ന പാട്ടിനു വരികൾ കുറിച്ചിരിക്കുന്നത്. മെംബർ രമേശനിലെ എല്ലാ പാട്ടുകളും ഞാൻ ആണ് എഴുതിയിരിക്കുന്നത്. കൈലാസ് മേനോൻ ഈണമൊരുക്കിയിരിക്കുന്നു. 

 

ഇഷ്ടം അഭിനയം

 

അഭിനയമാണ് എനിക്കു കൂടുതൽ ഇഷ്ടം. പാട്ടെഴുത്ത് വളരെ കുറവാണ്. ഞങ്ങൾ സുഹൃത്തുക്കളെല്ലാം ചേർന്ന് ‘നേരം’ എന്ന ചിത്രം ചെയ്തു. അങ്ങനെയാണ് അഭിനയത്തിലേക്ക് എത്തിയത്. സ്കൂളിലും കോളേജിലും പഠിക്കുമ്പോൾ പാട്ടും നാടകാഭിനയവുമൊക്കെ ഉണ്ടായിരുന്നു. 

 

പുതുചിത്രങ്ങൾ

 

ഞാൻ അഭിനയിച്ചവയിൽ പത്രോസിന്റെ പടപ്പുകൾ, അന്താക്ഷരി, കൊച്ചാൾ, ഗോൾഡ്, വെള്ളരിക്കാപ്പട്ടണം എന്നീ ചിത്രങ്ങളു റിലീസിനൊരുങ്ങുകയാണ്.  കൊച്ചാളിൽ അതിഥി താരമായാണ് എത്തുന്നത്.

 

കുടുംബം 

 

ആലുവയിലാണ് വീട്. ഭാര്യയുടെ അശ്വിനി കാലേ. സിനിമയിൽ ആർട് ഡയറക്ടർ ആയി ജോലി ചെയ്യുന്നു. ഹൃദയത്തിന് ആർട്ട് ചെയ്തത് അശ്വിനിയാണ്. അൽഫോൻസ് പുത്രന്റെ വരാനിരിക്കുന്ന ‘ഗോൾഡ്’ എന്ന ചിത്രത്തിന്റെയും ആർട്ട് ഡയറക്ടർ അശ്വിനിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com