ADVERTISEMENT

മോഹൻലാൽ ചിത്രം ‘ഛോട്ടാ മുംബൈ’യിലെ ‘തലാ’ എന്ന പാട്ടുമായി വന്ന് മലയാള സിനിമാ സംഗീത മേഖലയിൽ സ്വന്തം സ്ഥാനമുറപ്പിച്ച സംഗീതജ്ഞനാണ് രാഹുൽ രാജ്. ഛോട്ടാ മുംബൈക്കു ശേഷം സുരേഷ്‌ ഗോപിയുടെ ടൈം, മമ്മൂട്ടിയുടെ അണ്ണൻ തമ്പി തുടങ്ങി നിരവധി ചിത്രങ്ങൾക്കു സംഗീതം പകർന്ന രാഹുൽ, തികച്ചും അപ്രതീക്ഷിതമായി സിനിമാ സംഗീതത്തിൽ നിന്നും ഒരു ഇടവേള എടുത്ത് സംഗീതത്തിൽ ബിരുദാനന്തര ബിരുദം എന്ന തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ ബേര്‍ക്‌ലീ കോളജ് ഓഫ് മ്യൂസിക്കിലേക്ക് പോയി. ഉപരിപഠനം കഴിഞ്ഞു തിരികെയെത്തിയ രാഹുലിനെ കാത്തിരുന്നത് ‘മരക്കാർ’ എന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതമൊരുക്കുക എന്ന സ്വപ്നതുല്യമായ അവസരമായിരുന്നു. ഇന്നിപ്പോൾ മോഹൻലാലിന്റെ ആറാട്ടിന് സംഗീതമൊരുക്കി തലയുടെ വിളയാട്ടവുമായി രാഹുൽ വീണ്ടും സംഗീതപ്രേമികളെ വിസ്മയിപ്പിക്കുകയാണ്. ഹേമന്ദവും ലൈലാകവും പോലെ മധുരമൂറുന്ന ഈണങ്ങൾ മലയാളിക്കു സമ്മാനിച്ച രാഹുൽ രാജ് ആറാട്ടിന്റെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിനൊപ്പം.

 

 

ആറാട്ടിലെ സംഗീതം

 

ലാലേട്ടന്റെ (മോഹൻലാൽ) ആരാധകർ ആഗ്രഹിച്ച തരത്തിലുള്ള ഒരു ആഘോഷ ചിത്രമാണ് ‌ആറാട്ട് എന്നാണ് പൊതുവേ ലഭിക്കുന്ന പ്രതികരണങ്ങൾ. ആറാട്ടിലെ സംഗീതത്തിനു വളരെ പോസിറ്റീവ് ആയ പ്രതികരണങ്ങളാണു ലഭിക്കുന്നത്. ഈ സിനിമയുടെ ലക്ഷ്യം തന്നെ ലാലേട്ടന്റെ ആരാധകരെ തൃപ്തിപ്പെടുത്തുക എന്നുള്ളതായിരുന്നു. അവർക്ക് ഏറ്റവും പ്രിയപ്പെട്ട താരത്തെ സ്‌ക്രീനിൽ കാണുമ്പോൾ ഒരു അമാനുഷികത തോന്നുന്ന വിധത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സംഗീതവും അത്തരത്തിൽ ആസ്വാദകരെ ആകർഷിക്കുന്ന വിധത്തിൽ ആയിരിക്കണം എന്നാണു ഞങ്ങൾ ആഗ്രഹിച്ചത്.  ലാലേട്ടന്റെ ആരാധകരെ മാത്രമല്ല, എല്ലാ സംഗീതാസ്വാദകരെയും തൃപ്തിപ്പെടുത്താൻ കഴിഞ്ഞു എന്നു കരുതുന്നു. അത്തരം പ്രതികരണങ്ങളാണു ലഭിക്കുന്നത്. അതിൽ ഒരുപാട് സന്തോഷം.

 

 

ബി.ഉണ്ണികൃഷ്ണനെന്ന സംവിധായകനൊപ്പം

 

 

ബി.ഉണ്ണികൃഷ്ണൻ സാറുമായി വർഷങ്ങളായുള്ള ബന്ധവുമുണ്ട്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ  അഭിരുചികൾ കുറച്ചൊക്കെ എനിക്കറിയാം.  സംഗീതപരമായ ചർച്ചകളൊക്കെ ഞങ്ങൾ നടത്താറുണ്ട്. അദ്ദേഹത്തിന് എന്തുതരം സംഗീതമാണ് ഇഷ്ടപ്പെടുകയെന്ന് എനിക്കറിയാം. സിനിമയുടെ കഥ പറഞ്ഞപ്പോൾ തന്നെ ഈ സിനിമയ്ക്ക് എന്താണു വേണ്ടതെന്ന് ഞങ്ങൾ രണ്ടുപേരും ഒരേ രീതിയിൽ തന്നെയാണു ചിന്തിച്ചത്. ഗോപൻ എന്ന കഥാപാത്രത്തിന് അഴിഞ്ഞാടാനുതകുന്ന ഒരു പശ്ചാത്തലം സംഗീതത്തിലൂടെ കൊണ്ടുവരണം, അതുമാത്രമല്ല മലയാളികളുടെ സംഗീതത്തോടുള്ള താൽപര്യം കൂടി കണക്കിലെടുത്താകണം പാട്ടുകൾ ചിട്ടപ്പെടുത്തേണ്ടത്. ആസ്വാദകരുടെ അഭിരുചികൾ കാലാകാലങ്ങളിൽ മാറി മാറി വരുന്നുണ്ട്. അപ്പോൾ ട്രെൻഡിനൊപ്പം നമ്മളും മാറണം. കാലമെത്ര കഴിഞ്ഞാലും മലയാളികളുടെ മനസ്സിനുള്ളിൽ ഗൃഹാതുരത്വമുണർത്തുന്ന ചില ഇഷ്ടങ്ങളുണ്ട്. പല പ്രായത്തിലുള്ള, വലിയ ശതമാനം ആസ്വാദകരെ തൃപ്തിപ്പെടുത്തുന്ന പാട്ടുകൾ ആയിരിക്കണം ചെയ്യേണ്ടത്. രാഗ ബേസ്ഡ് ഈസ്റ്റേൺ ഫ്‌ളേവർ ഈ സിനിമയിലെ പാട്ടുകളിൽ  കൊണ്ടുവരാൻ ശ്രദ്ധിച്ചിരുന്നു. പ്രേക്ഷകർ ആഗ്രഹിച്ച തരത്തിലുള്ള പാട്ടുകളാണവ എന്നു പ്രതികരണങ്ങളിൽ നിന്നും മനസ്സിലായി.

 

ഉണ്ണിസാറിന്റെ സിനിമകളിലെ പാട്ടുകൾ എല്ലാക്കാലത്തും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. മാടമ്പി മുതൽ ഇങ്ങോട്ട് അദ്ദേഹത്തിന്റെ സിനിമകളിൽ പ്രവർത്തിച്ച എല്ലാ സംഗീതസംവിധായകരും മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്. ഉണ്ണി സർ സംഗീതസംവിധായകർക്കു കൊടുക്കുന്ന സ്വാതന്ത്ര്യം കൊണ്ടായിരിക്കാം അത്. എന്നോട് ആറാട്ടിന്റെ കഥ പറഞ്ഞു തന്നിട്ട് അദ്ദേഹം എന്റെ ആശയങ്ങൾ പങ്കുവയ്ക്കാൻ പറഞ്ഞു. ഞാൻ മനസ്സിൽ തോന്നിയ ആശയങ്ങളെല്ലാം അപ്പോൾ തന്നെ വോയ്സ് മെസേജ് ആയി അയച്ചു കൊടുത്തു. അത് അദ്ദേഹത്തിന് ഇഷ്ടപ്പെട്ടെങ്കിൽ മാത്രം അതേക്കുറിച്ചു ഞാൻ കൂടുതൽ ചിന്തിച്ചാൽ മതിയല്ലോ.  എന്റെ ആശയം പങ്കുവച്ച് അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾകൂടി കേട്ടതിനു ശേഷമാണ് പാട്ടുകൾ ചിട്ടപ്പെടുത്തിയത്.

 

 

ട്രെൻഡിനൊപ്പം നീങ്ങുന്നതെങ്ങനെ? 

 

സംഗീതം അറിയുന്നവർക്കു മാത്രമേ പാട്ടുകൾ ചിട്ടപ്പെടുത്താൻ കഴിയൂ എന്നു ഞാൻ വിശ്വസിക്കുന്നില്ല. സംഗീതത്തോടു നല്ല അഭിരുചിയുള്ള, മികച്ച സംഗീതബോധവുമുള്ള ആൾക്ക് ഒരു കമ്പോസർ ആകാൻ കഴിഞ്ഞേക്കും. അതുപോലെ തന്നെ നല്ലൊരു സിനിമാ സംവിധായകനൊപ്പം ചേരുമ്പോൾ പല സംഗീതസംവിധായകരും മനോഹരമായ പാട്ടുകൾ ചിട്ടപ്പെടുത്താറുണ്ട് എന്നു കേട്ടിട്ടുണ്ട്. ചില സംവിധായകരും സംഗീതജ്ഞരും ഒത്തുചേർന്ന സിനിമകൾ ശ്രദ്ധിച്ചാൽ അതു മനസ്സിലാകും. അതേ സംഗീതജ്ഞൻ മറ്റുള്ളവരോടൊപ്പം ജോലി ചെയ്യുമ്പോൾ പക്ഷേ അങ്ങനെ ഒരു റിസൽട്ട് കിട്ടണമെന്നില്ല.  സംവിധായകന്റെ സംഗീതാഭിരുചിയും കൂടി ചേർന്നു വരുമ്പോഴാണ് പാട്ട് നന്നാകുന്നത്. കാരണം ആ സിനിമ ഉണ്ടാകുന്നത് അദ്ദേഹത്തിന്റെ മനസ്സിലാണല്ലോ.  അതല്ലാതെ ഒരു കമ്പോസർ സ്വന്തമായി പാട്ട് ചിട്ടപ്പെടുത്തുമ്പോൾ അയാൾക്ക് ഇഷ്ടമുള്ള രീതിയിൽ പാട്ടുകൾ ഉണ്ടായേക്കാം. നമ്മുടെ മുന്നിൽ ഒരു കഥയുണ്ടെങ്കിൽ അതിനനുസരിച്ചായിരിക്കും പാട്ട് ഉണ്ടാക്കുക. ഉദാഹരണത്തിന് ഒരു ഉപന്യാസം എഴുതാൻ പറഞ്ഞാൽ നമ്മൾ നമുക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ആയിരിക്കും എഴുതുക. എന്നാൽ നാം ഒരിക്കലും ചിന്തിച്ചിട്ടില്ലാത്ത വിഷയം തന്നിട്ട് എഴുതാൻ ആവശ്യപ്പെട്ടാൽ മറ്റൊരു തരത്തിൽ ആലോചിച്ചു തുടങ്ങേണ്ടി വരും. അപ്പോൾ നമ്മൾ എഴുതുന്നതും പുതിയ കാര്യങ്ങളായിരിക്കും. അതുപോലെയാണ് ഇത്. ഒരു കഥ മുന്നിലേക്ക് എത്തുമ്പോഴാണ് സംഗീതജ്ഞനു പുതിയ രീതിയിൽ ചിന്തിക്കാനും പുതിയ സൃഷ്ടികൾ ഉണ്ടാകാനും സാധിക്കുന്നത്.  

 

 

മോഹൻലാൽ ചിത്രത്തിൽ തുടങ്ങി മോഹൻലാൽ ചിത്രത്തിൽ എത്തി നിൽക്കുമ്പോൾ

 

 

കരിയറിന്റെ തുടക്കം ലാലേട്ടനോടൊപ്പം ആയത് ഭാഗ്യമായി കരുതുന്നു. സിനിമയിലെത്താൻ ശ്രമിച്ചിരുന്ന കാലത്ത് എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും അത്തരം ഒരു അവസരം കിട്ടുമെന്നു കരുതിയിട്ടില്ല. അതിനു മുമ്പ് പല സിനിമകളുടെ ചർച്ചകൾ നടന്നെങ്കിലും അതൊന്നും യാഥാർഥ്യമായില്ല. അപ്പോഴും ഇത്തരം സ്വപ്നതുല്യമായ ഒരു തുടക്കത്തിനായിരുന്നു എല്ലാം മുടങ്ങിയത് എന്നു കരുതിയില്ല. ഛോട്ടാ മുംബൈ എന്ന സിനിമയും ലാലേട്ടന്റെ ഒരു ഉത്സവാഘോഷ ചിത്രമായിരുന്നു. ഛോട്ടാ മുംബൈയിൽ തല ആയിരുന്നെങ്കിൽ ആറാട്ടിൽ തലയുടെ വിളയാട്ടമാണ്. ഛോട്ടാ മുംബൈക്കു ശേഷം സംഗീതം ചെയ്യാൻ അവസരം കിട്ടിയത് സുരേഷ് ഗോപി ചേട്ടന്റെ ടൈം, മമ്മൂക്കയുടെ അണ്ണൻ തമ്പി എന്നീ ചിത്രങ്ങളാണ്. ഒരു കമ്പോസർ എന്ന നിലയിൽ എനിക്കും കൂടി സംതൃപ്തി നൽകുന്ന വർക്കുകൾ കിട്ടുമ്പോഴാണ് സന്തോഷം തോന്നുക. ഒരേതരം സിനിമകൾ ചെയ്യുമ്പോൾ ബോറടി തോന്നും. അപ്പോഴൊക്കെ വളരെ വ്യത്യസ്തമായ ഒരു സിനിമയ്ക്കു വേണ്ടി ആഗ്രഹിക്കും. ഋതു, ബാച്ചിലർ പാർട്ടി, കോഹിനൂർ, എസ്ര എന്നീ ചിത്രങ്ങൾക്കു സംഗീതമൊരുക്കിയപ്പോൾ സംതൃപ്തി തോന്നിയിരുന്നു. മരക്കാറിന്റെ പശ്ചാത്തല സംഗീതവും ചെയ്യാൻ കഴിഞ്ഞത് ഒരു ഭാഗ്യം തന്നെ. ഞാൻ വിദേശത്തു നിന്നും സംഗീതപഠനം പൂർത്തിയാക്കി തിരികെയെത്തിയ ഉടനെയാണ് മരക്കാറിനു വേണ്ടി സംഗീതമൊരുക്കിയത്. അങ്ങനെ എന്റെ രണ്ടാം വരവും ലാലേട്ടൻ ചിത്രത്തിലൂടെയായി. 

 

 

ബ്രേക് എടുത്ത് പഠനം

 

മാസ്റ്റേഴ്സ് എടുക്കുക എന്നുള്ളത് എന്റെ ഒരു ദീർഘകാല സ്വപ്നമായിരുന്നു. കരിയറിന്റെ തിരക്കുകളിൽ മുഴുകുമ്പോൾ സ്വപ്‌നങ്ങൾ പിന്തുടരാൻ കഴിയാതെ പോകും. അപ്പോൾ ഞാൻ ആ തീരുമാനം എടുത്തില്ലെങ്കിൽ പിന്നെ ഒരിക്കലും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. ഉപരിപഠനത്തിനു പോകാൻ മറ്റൊരു കാരണം എന്റെ ചേച്ചിയാണ്. കരിയറിൽ ഏറ്റവും വലിയ പ്രചോദനവും പിന്തുണയും എന്റെ ചേച്ചി ആയിരുന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങളെ പിന്തുണയ്ക്കുകയും വിമർശിക്കേണ്ടിടത്തു വിമർശിക്കുകയും ചെയ്തിരുന്നതു ചേച്ചി ആയിരുന്നു. പക്ഷെ ചേച്ചി 2016 ൽ അർബുദ ബാധിതയായി മരിച്ചു. ചേച്ചിയുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു ഞാൻ മാസ്റ്റേഴ്സ് എടുക്കണം എന്നുള്ളത്. ഞാൻ പോലുമറിയാതെ എനിക്കുവേണ്ടി ചേച്ചിയാണ് ഓരോ കോളജിലേക്കും അപേക്ഷകളൊക്കെ അയച്ചിരുന്നത്. ചേച്ചി മരിച്ചതിനു ശേഷവും ചേച്ചി അയച്ചതിന്റെ മറുപടി മെയിലുകൾ എനിക്കു വന്നിരുന്നു. ചേച്ചി എവിടെയോ ഇരുന്ന് എനിക്കുവേണ്ടി ഓരോന്ന് ചെയ്യുന്നു എന്നു കരുതാനാണ് എനിക്കിഷ്ടം. ചേച്ചിയുടെ ആഗ്രഹം സാധിച്ചുകൊടുക്കാൻ വേണ്ടികൂടിയാണ് ഞാൻ ഉപരിപഠനത്തിനായി പോയത്. പിന്നീടൊരിക്കൽ പഠിക്കാൻ കഴിഞ്ഞില്ലല്ലോ എന്നു വിഷമിക്കാൻ പാടില്ല. ഞാൻ ഒരിക്കൽ ഉണ്ണി സാറിന്റെ അടുത്തിരിക്കുമ്പോഴാണ് എനിക്ക് ബേർക്‌ലീ കോളജിന്റെ ലെറ്റർ വരുന്നത്. അദ്ദേഹം പഠനത്തെ പിന്തുണച്ചെങ്കിലും തിരികെ വരുമ്പോൾ എനിക്കു സിനിമ കിട്ടുമോ എന്ന ആശങ്കയും പ്രകടിപ്പിച്ചിരുന്നു. അപ്പോൾ പക്ഷേ എനിക്കു യാതൊരു മറുപടിയുമില്ലായിരുന്നു. ഞാൻ അവസരങ്ങൾക്കു പിന്നാലെ പോകാറില്ല. ഉണ്ണിസാറിനെ ഒരുപാടുകാലമായി അടുത്തറിയാമായിരുന്നിട്ടും ഞാൻ അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യുന്നത് ഇപ്പോഴാണ്. സൗഹൃദബന്ധവും ജോലിയുമായി കൂട്ടികുഴയ്ക്കുന്നത് എനിക്ക് ഇഷ്ടമല്ല. പക്ഷേ ബേർക്‌ലീയിലെ പഠനം എന്നിലെ സംഗീതജ്ഞനെ ഒരുപാടു മാറ്റി മറിച്ചു. 

 

 

ഓർമയിൽ എന്നും എന്റെ ചേച്ചി

 

ചേച്ചിയെ ഓർക്കാത്ത ദിവസമില്ല. എന്റെ ജീവിതത്തിൽ നല്ലതും ചീത്തയുമായി എന്തു സംഭവിച്ചാലും ചേച്ചിയെ ഓർക്കും. ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഇങ്ങനെ പറയുമായിരുന്നല്ലോ എന്നു ചിന്തിക്കും. അച്ഛനും അമ്മയും കഴിഞ്ഞാൽ നമ്മുടെ കുട്ടിക്കാലം ഒക്കെ ഓർക്കാൻ കഴിയുന്നത് സഹോദരങ്ങൾക്കാണല്ലോ. അവരാണല്ലോ നമ്മുടെ ജീവിതത്തിൽ പിന്നെ ഉടനീളം ഒപ്പം ഉണ്ടാവുക. പണ്ടത്തെ കാര്യങ്ങൾ ഓർക്കാനും ചെറുപ്പത്തിലുള്ള കാര്യങ്ങൾ പറഞ്ഞു സന്തോഷിക്കാനും ഒക്കെ കൂടപ്പിറപ്പാണ് ഉണ്ടാവുക. ചേച്ചിയുടെ മരണത്തോടെ ആ കൂട്ടാണ് എനിക്ക് ഇല്ലാതായത്. അതൊരു വല്ലാത്ത ശൂന്യതയാണ്. ഇപ്പോൾ എന്റെ ജീവിതത്തിലെ വിജയങ്ങൾക്കൊപ്പം ചേച്ചി ഉണ്ടായിരുന്നെങ്കിൽ സന്തോഷങ്ങളുടെ വ്യാപ്തി കൂടിയേനേ. ഒരു തമാശ പറയുമ്പോൾ പോലും ഞാൻ ഭാര്യയോടു പറയും, ഇപ്പോൾ ചേച്ചി ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ പറയുമായിരുന്നു എന്ന്. ഞാൻ ഉപരിപഠനം പൂർത്തിയാക്കിയതിൽ ഏറ്റവും അധികം സന്തോഷിക്കുക ചേച്ചി ആയിരുന്നിരിക്കും. എന്റെ വിജയങ്ങളിൽ ചേച്ചി ഒരുപാട് സന്തോഷിക്കുമായിരുന്നു.

 

 

കുടുംബവിശേഷം 

 

ഭാര്യ മിറിയം ആണ് സന്തതസഹചാരിയും വിമർശകയുമായി എപ്പോഴും കൂടെയുള്ളത്. ആറാട്ട് ഞങ്ങൾ ആദ്യ ഷോ തന്നെ ഞങ്ങൾ ഒരുമിച്ചിരുന്നു കണ്ടു. അതിനു മുൻപ് ഞാൻ അവളെ സിനിമ മുഴുവൻ കാണിച്ച് സംഭാഷണങ്ങളും കോമഡിയുമൊക്കെ പറഞ്ഞു മനസ്സിലാക്കികൊടുത്തിരുന്നു. അവൾക്ക് മലയാളം നന്നായി അറിയാമെങ്കിലും നമ്മുടെ ചില തമാശകളും പഞ്ച് ഡയലോഗുമൊക്കെ ഒരു മലയാളിക്ക് മനസ്സിലാകുന്നതുപോലെ മനസ്സിലാകില്ല. ഞാൻ പറഞ്ഞുകൊടുത്തു കൊണ്ടുപോയതുകൊണ്ടു അവൾ തിയറ്ററിൽ നന്നായി ആസ്വദിച്ചു സിനിമ കണ്ടു. അമ്മ എന്നോടൊപ്പം എപ്പോഴും ഉണ്ടാകും. ഞങ്ങൾ സ്‌പെയിനിൽ പോയപ്പോഴും അമ്മ ഒപ്പമുണ്ടായിരുന്നു. മമ്മൂക്കയുടെ ഒരു പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞ കാര്യം എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട് ‘നമ്മുടെ ജീവിതപങ്കാളിയെ നമ്മൾ കണ്ടുപിടിക്കുന്നതാണ്, അവർ ചിലപ്പോൾ പിരിഞ്ഞുപോയി എന്നുവരാം പക്ഷേ ശാശ്വതമായി നിൽക്കുന്ന ഒരേ ഒരു ബന്ധം നമ്മുടെ അമ്മയുമായി മാത്രമായിരിക്കും. അമ്മയ്ക്ക് പകരം വയ്ക്കാൻ മറ്റൊരാളില്ല. മറ്റുള്ള ബന്ധങ്ങളെല്ലാം ഒന്നെങ്കിൽ ഉണ്ടാക്കിയെടുത്തതോ അല്ലെങ്കിൽ അമ്മയുമായി ബന്ധപ്പെട്ടതോ ആയിരിക്കും’. മമ്മൂക്ക പറഞ്ഞതുപോലെ എനിക്ക് അമ്മ കൂടെയുള്ളത് വലിയ ആശ്വാസമാണ്. മകൾ അക്ഷയ്നി. ഒൻപത് വയസ്സായി. ഇപ്പോൾ അവൾ സംഗീതത്തിൽ താൽപര്യം കാണിക്കുന്നുണ്ട്. പോപ് സംഗീതവും പുതിയ തലമുറയിലെ സംഗീതവുമാണ് കൂടുതലിഷ്ടം. ഞാനും ചിലപ്പോഴൊക്കെ ചില സംശയങ്ങൾ ചോദിക്കുന്നത് അവളോടാണ്. പുതിയ പാട്ടുകളും ബാൻഡുകളുമൊക്കെ അവൾക്കറിയാം. എന്തൊക്കെയോ അഭിരുചികൾ അവൾക്കുണ്ട്. ഞാൻ അവളെ ഒന്നിലേക്കും നിർബന്ധിച്ചു വിടില്ല. അവളുടെ വഴി അവൾ തന്നെ കണ്ടുപിടിക്കട്ടെ.  

 

  

പുതുചിത്രങ്ങൾ

 

ഇപ്പോൾ സത്യൻ അന്തിക്കാട് സാറിന്റെ 'മകൾ' എന്ന ചിത്രത്തിനു വേണ്ടി ബാഗ്രൗണ്ട് സ്കോർ ചെയ്യുകയാണ്. അതും ഒരു സ്വപ്നസാഫല്യമാണ്. ഞാൻ പുതിയതലമുറ സംഗീതത്തിന്റെ വക്താവായിരിക്കുമ്പോഴും സത്യൻ സാറിനോടൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. അത് ഇപ്പോൾ യാഥാർഥ്യമായതിന്റെ സന്തോഷത്തിലാണ്. കോഹിനൂറിന്റെ സംവിധായകൻ വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം ‘താര’ത്തിനു വേണ്ടി പാട്ടുകൾ ചെയ്യുന്നുണ്ട്. ഒരുപാട് പാട്ടുകളുള്ള ചിത്രമാണത്. വിനയ്ക്കൊപ്പം സഹകരിക്കാനായതിൽ ഒരുപാടു സന്തോഷം. ജിയോ ബേബി സംവിധാനം ചെയ്ത ഫ്രീഡം ഫൈറ്റ് എന്ന ആന്തോളജിയിൽ ഓൾഡ് ഏജ് ഹോം എന്ന ചിത്രത്തിന്റെ സംഗീതം ഞാൻ ആണ് ചെയ്തത്. എം.ടി സാറിന്റെ ആന്തോളജിയിൽ രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ചിത്രത്തിനു വേണ്ടിയും സംഗീതം ഒരുക്കി. രണ്ടിലും ഹങ്കറിയിലെ ബുഡാപെസ്റ്റ് ഓർക്കസ്ട്രയാണ് ഉപയോഗിച്ചിരിക്കുന്നത്. ആറാട്ടിലെ പാട്ടുകൾ ഇനി ഓരോന്നായി റിലീസ് ചെയ്ത്‌ ജനഹൃദയങ്ങളിലേക്ക് എത്തണം. അത് സംഗീതം എന്ന നിലയിൽ ശ്രദ്ധിക്കപ്പെടാനുള്ള സമയം വരുന്നതേയുള്ളൂ. ആറാട്ടിലെ പാട്ടുകളെല്ലാം ആസ്വദിക്കപ്പെടുമെന്നാണു പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com