റിലീസ് ചെയ്ത് 48 മണിക്കൂറിൽ മുപ്പതു ലക്ഷത്തോളം കാഴ്ചക്കാർ! സമൂഹമാധ്യമങ്ങളിൽ ഇപ്പോഴും ട്രെൻഡിങ്ങാണ് ഭീഷ്മപർവത്തിലെ പറുദീസ സോങ്! സുഷിൻ ശ്യാമിന്റെ ട്രെൻഡ് സെറ്റിങ് ഈണത്തിന്, വിനായക് ശശികുമാറിന്റെ വരികളും ശ്രീനാഥ് ഭാസിയുടെ ആലാപനവും. അതിനൊപ്പം ചുവടു വച്ച് സൗബിൻ ഷാഹിറും ശ്രീനാഥ് ഭാസിയും അനഘയും സംഘവും! താളം പിടിക്കാതെ, ചുവടു വയ്ക്കാതെ കണ്ടു തീർക്കാനാവില്ല ഈ ഗാനം. റീൽസിലും സ്റ്റാറ്റസിലും പറുദീസയിലെ ചുവടുകൾ ട്രെൻഡിങ് ആകുമ്പോൾ പ്രേക്ഷകർ തിരഞ്ഞത് ആ ചുവടുകൾ കൊറിയോഗ്രഫി ചെയ്ത പ്രതിഭകളെയായിരുന്നു. 'മൈസെൽഫ് ആന്റ് മൈ മൂവ്സ്' (Myself and My Moves) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ ഡാൻസ് വിഡിയോകൾ ചെയ്തു വൈറലായ സുമേഷും ജിഷ്ണുവുമാണ് പറുദീസയിലെ തകർപ്പൻ കൊറിയോഗ്രഫിക്കു പിന്നിൽ! തൃശൂരിലെ ഡാൻസ് ഫ്ലോറിൽ നിന്ന് കൊച്ചിയുടെ സിനിമാ സെറ്റിലെത്തിയ കഥ പങ്കു വച്ച് സുമേഷും ജിഷ്ണുവും മനോരമ ഓൺലൈനിൽ.
വൈറൽ വിഡിയോയിൽ നിന്ന് സിനിമയിലേക്ക്
മുമ്പും സിനിമയ്ക്കു വേണ്ടി കൊറിയോഗ്രഫി ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ഇതുവരെ റിലീസ് ആയിട്ടില്ല. ഞങ്ങൾ ചെയ്തതിൽ ആദ്യമായി റിലീസ് ചെയ്ത ഗാനമാണ് ഭീഷ്മപർവത്തിലെ 'പറുദീസ'. ഡാൻസ് ചെയ്തു തുടങ്ങിയിട്ട് ഇപ്പോൾ ഒരുപാടു വർഷങ്ങളായി. സ്കൂൾ–കോളജ് കാലം മുതലേ ഞങ്ങൾ ഡാൻസ് ചെയ്യുന്നുണ്ട്. തൃശൂരിൽ മൈസെൽഫ് ആന്റ് മൈ മൂവ്സ് (Myself and My Moves) എന്ന പേരിൽ ഇപ്പോൾ ഞങ്ങൾക്കൊരു ഡാൻസ് കമ്മ്യൂണിറ്റിയുണ്ട്. 2016ലാണ് അതു തുടങ്ങിയത്. അതേ പേരിൽ ഞങ്ങൾക്കൊരു യുട്യൂബ് ചാനലുമുണ്ട്. അതിൽ ഞങ്ങൾ ഡാൻസ് വിഡിയോകൾ പങ്കുവയ്ക്കുകയും പലതും വൈറലാവുകയും ചെയ്യാറുണ്ട്. അങ്ങനെയൊരു വിഡിയോ സംവിധായകൻ അമൽ നീരദ് കണ്ട്, ഞങ്ങളെ നേരിട്ടു വിളിക്കുകയായിരുന്നു. 2020 ന്യൂ ഇയർ സ്പെഷൽ ആയി ചെയ്ത 'താനാനേ തന്നാനാനേ' എന്ന തമിഴ് പാട്ടിനു ചെയ്ത ഡാൻസ് ആയിരുന്നു അത്. ഞങ്ങളുടെ വിദ്യാർഥികൾ ചുറ്റിലും നിൽക്കുന്നു. അവരുടെ ആർപ്പുവിളികൾക്കിടയിൽ ഞങ്ങൾ ചെയ്ത ഒരു പെർഫോമൻസ് വിഡിയോ ആയിരുന്നു അത്. ആ വൈബും പെർഫോമൻസും ഇഷ്ടപ്പെട്ടിട്ടാണ് അദ്ദേഹം വിളിച്ചത്.

അമൽ നീരദ്– ആ പേര് നൽകിയ ആവേശം
അമൽ നീരദിന്റെ സിനിമയിൽ വർക്ക് ചെയ്യുക എന്നതു തന്നെയായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം ആവേശം നൽകിയ കാര്യം. അമൽ നീരദ്–മമ്മൂക്ക കോമ്പിനേഷൻ പ്രേക്ഷകർ കാത്തിരിക്കുന്ന ഒന്നാണ്. അദ്ദേഹത്തിന്റെ വലിയ ആരാധകരാണു ഞങ്ങൾ. പുതിയ ആളുകളാണെന്ന തരത്തിലുള്ള മാറ്റി നിറുത്തലുകളൊന്നും ഉണ്ടായിരുന്നില്ല. വർക്കിനു അദ്ദേഹം നല്ല ഫ്രീഡം നൽകി. ഞങ്ങൾ ആഗ്രഹിക്കുന്നതിന് അപ്പുറത്തുള്ള ഫ്രെയിമുകളാണ് പല ഡാൻസ് മൂവ്മെന്റുകൾക്കും അദ്ദേഹം നൽകിയത്. ഒരുപാടു കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നു പഠിക്കാൻ കഴിഞ്ഞു. കോവിഡിനു മുമ്പാണ് ഇതെല്ലാം സംഭവിച്ചത്. കോവിഡ് കാരണം പ്രോജക്ട് വൈകി. ഒടുവിൽ, കഴിഞ്ഞ സെപ്റ്റംബറിലാണ് ഷൂട്ട് നടന്നത്. അതിനു മുമ്പ് വർക്കിനെക്കുറിച്ചു ചർച്ച ചെയ്യാനും പ്ലാൻ ചെയ്യാനുമെല്ലാം നല്ല രീതിയിൽ സമയം കിട്ടി.
ആദ്യം കേട്ടത് റഫ് ട്രാക്ക്
പറുദീസ എന്ന പാട്ടിൽ ചെയ്തിരിക്കുന്നത് എൺപതുകളിൽ സജീവമായിരുന്ന ഹിപ്ഹോപ് എന്ന നൃത്തശൈലിക്കകത്തുള്ള മൂവ്മെന്റുകളാണ്. അത്തരം ശൈലികൾ കണ്ടും ചെയ്തും പരിചയമുള്ളതുകൊണ്ട് ഞങ്ങൾക്ക് അത് എളുപ്പമായിരുന്നു. അമലേട്ടനെ ആദ്യമായി നേരിൽ കണ്ടപ്പോൾ തന്നെ സിനിമയുടെ മൂഡ് എന്താണെന്നു പറഞ്ഞു തന്നു. അദ്ദേഹത്തിന്റെ മനസിലെ വിഷ്വൽസ് പങ്കുവച്ചു. അതിൽ വർക്ക് ചെയ്യാനാണ് ആവശ്യപ്പെട്ടത്. ഞങ്ങൾ ആദ്യം കേട്ടത് പറുദീസയുടെ റഫ് ട്രാക്ക് ആണ്. വരികൾ അതിൽ ഉണ്ടായിരുന്നില്ല. അപ്പോൾ പോലും ആ മ്യൂസിക് ഞങ്ങളെ കണക്ട് ചെയ്യുന്നുണ്ടായിരുന്നു. സുഷിൻ ശ്യാമിന്റെ മ്യൂസിക് ആയതുകൊണ്ടു തന്നെ പ്രേക്ഷകർ ഇഷ്ടപ്പെടും എന്നുറപ്പായിരുന്നു. ഒടുവിലാണ് 'പറുദീസ' എന്ന വാക്കൊക്കെ അതിലേക്കു വരുന്നത്. ആ വാക്കിന് തന്നെ എന്തൊരു എനർജിയാണ്!
ഞെട്ടിച്ച് സൗബിക്കയും ഭാസിയും
പറുദീസ ഒരു സെലിബ്രേഷൻ സോങ് ആയതുകൊണ്ടു തന്നെ വർക്ക് വളരെ രസകരമായിരുന്നു. സൗബിക്കയും ശ്രീനാഥ് ഭാസിയും എപ്പോഴും 'ഓൺ' ആയിരുന്നു. പലരും പറയുന്നത്, 'ഞങ്ങൾ അവരെക്കൊണ്ട് ഡാൻസ് ചെയ്യിപ്പിച്ചു' എന്നൊക്കെയാണ്. സത്യത്തിൽ അവർ രണ്ടുപേരും നല്ല കിടിലൻ ഡാൻസേഴ്സ് ആണ്. മലയാളം സിനിമയിൽ പൊതുവെ ഡാൻസ് കുറവാണല്ലോ. അതുകൊണ്ടാണ് അവരുടെ ഇത്തരം കഴിവുകൾ പ്രേക്ഷകർ അറിയാതെ പോയത്. അവർ ഡാൻസ് ചെയ്യുന്നതു കണ്ടിട്ട് ഞങ്ങളും ഞെട്ടിപ്പോയി. സൗബിക്ക ഞങ്ങളുടെ മുമ്പിൽ അത്രയും കിടിലൻ പെർഫോമൻസാണ് ചെയ്തത്. സ്റ്റൈലിങ് മാത്രമേ ഞങ്ങൾക്കു കുറച്ചെങ്കിലും ശ്രദ്ധിക്കേണ്ടി വന്നുള്ളൂ. ആ കഥാപാത്രങ്ങളായി നിന്നുള്ള പെർഫോമൻസാണ് സൗബിക്കയും ഭാസിയും നൽകിയത്. അതുപോലെ അനഘയും നല്ല സപ്പോർട്ടായിരുന്നു. അമലേട്ടൻ നല്ല പോലെ ഡീറ്റെയ്ലിങ്ങിൽ ശ്രദ്ധിക്കുന്ന സംവിധായകനാണ്. അതുകൊണ്ട്, എൺപതുകളുടെ അവസാനത്തിൽ പോപ്പുലറായിരുന്ന സംഗീതവും നൃത്തവും കൃത്യമായി പറുദീസ സോങ്ങിൽ അടയാളപ്പെടുത്താൻ ശ്രദ്ധിച്ചിരുന്നു.

പരിശീലനത്തിന് അഞ്ചു ദിവസം
പലപ്പോഴും മലയാള സിനിമയിൽ സ്പോട്ട് കൊറിയോഗ്രഫിയാണു നടക്കുക. എന്നാൽ പറുദീസയ്ക്കു ഞങ്ങൾക്ക് അത്യാവശ്യം പ്രാക്ടീസിനുള്ള ദിവസങ്ങൾ തന്നിരുന്നു. കൃത്യമായി പ്രാക്ടീസ് ചെയ്തിട്ടേ വിഡിയോ ഷൂട്ട് ചെയ്യേണ്ടതുള്ളൂ എന്ന കാര്യത്തിൽ അമലേട്ടനും സൗബിക്കയ്ക്കും നിർബന്ധം ഉണ്ടായിരുന്നു. എങ്കിലേ, ആഗ്രഹിക്കുന്ന പെർഫോമൻസ് ആ പാട്ടിന് ലഭിക്കുകയുള്ളൂ എന്നാണ് അവർ പറഞ്ഞത്. ശരിക്കും ആ റിസൾട്ട് പാട്ടിനു ലഭിച്ചു. അഞ്ചു ദിവസത്തെ പ്രാക്ടീസിനു ശേഷമാണ് ഷൂട്ട് നടന്നത്. മൂന്നു ദിവസത്തോളം ഷൂട്ട് നീണ്ടു. തൃശൂരിലെ ഞങ്ങളുടെ ഡാൻസ് കമ്മ്യൂണിറ്റിയിലുള്ള വിദ്യാർഥികളാണ് സൗബിക്കയ്ക്കും ഭാസിക്കുമൊപ്പം സിനിമയിൽ ചുവടു വച്ചത്. അതും വലിയൊരു സന്തോഷമായി. ഭീഷ്മപർവത്തിൽ രണ്ടു പാട്ടുകൾ ഞങ്ങൾ കൊറിയോഗ്രഫി ചെയ്തിട്ടുണ്ട്. സിനിമ ഇറങ്ങിയതിനു ശേഷമാകും അടുത്ത ഗാനം റിലീസ് ചെയ്യുക.
ഡാൻസ് ഞങ്ങളെ സുഹൃത്തുക്കളാക്കി
ഡാൻസ് തന്നെയാണ് ഞങ്ങളെ സുഹൃത്തുക്കളാക്കിയത്. ചെറുപ്പത്തിൽ പല ഡാൻസ് പരിപാടികളിൽ വച്ച് ഞങ്ങൾ സ്ഥിരമായി കണ്ടുമുട്ടാറുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ സുഹൃത്തുക്കളായി. സ്കൂൾ കാലം മുതലേ ഞങ്ങൾക്ക് പരസ്പരം അറിയാം. ആ സമയത്ത് ഡാൻസിനെ അത്രയും ഗൗരവമായി എടുത്തിരുന്നില്ല. പഠനത്തിനു ശേഷമാണ് ഈ ഫീൽഡിലേക്ക് ഇറങ്ങുന്നതും പ്രൊഫഷൻ ആയി തിരഞ്ഞെടുക്കുന്നതും. ഞങ്ങൾ ഈ ഫീൽഡിൽ വരുന്ന സമയത്ത് പലരും ഡാൻസ് സ്കൂളിൽ ചെയ്തിരുന്നത് കുറച്ചു പാട്ടുകൾക്ക് കൊറിയോഗ്രഫി ചെയ്തു പഠിപ്പിക്കുക എന്നതു മാത്രമായിരുന്നു. ഞങ്ങൾ പക്ഷേ, പല സ്റ്റൈലുകൾ പഠിക്കാനുള്ള അവസരം ഉണ്ടാക്കി. ഇന്ത്യയ്ക്കകത്തും നിന്നും പുറത്തു നിന്നുമായി പല ശൈലിയിൽ ഡാൻസ് ചെയ്യുന്നവരെ ഞങ്ങൾ തൃശൂരിലേക്കു കൊണ്ടു വന്നു. പലയിടങ്ങളിൽ ഡാൻസ് വർക്ക്ഷോപ്പുകൾ ചെയ്യാൻ ഞങ്ങളും ക്ഷണിക്കപ്പെട്ടു.

കൊച്ചു കൊച്ചു സന്തോഷങ്ങൾ
ഒരു പാട്ട് ഇറങ്ങിയതിന്റെ തുടർച്ചയായി അതിന്റെ കൊറിയോഗ്രഫിയെക്കുറിച്ച് പ്രേക്ഷകർ ചർച്ച ചെയ്യുന്നത് കാണുന്നതാണ് ഞങ്ങൾക്ക് ഏറ്റവും കൂടുതൽ സന്തോഷം പകർന്ന കാര്യം. കമന്റുകളിലെല്ലാം കൊറിയോഗ്രഫിയെ അഭിനന്ദിക്കുന്ന വാക്കുകൾ! ഞങ്ങളെ സംബന്ധിച്ചിടത്തോളം അതെല്ലാമാണ് ഞങ്ങളുടെ സന്തോഷം. മലയാള സിനിമയിൽ നമുക്കേറെ ഇഷ്ടപ്പെട്ട നൃത്തരംഗങ്ങൾ ഒരുപാടുണ്ടെങ്കിലും അവയുടെ കൊറിയോഗ്രാഫേഴ്സിനെ പലർക്കും അറിയില്ല. അവരെക്കുറിച്ച് ആരും അങ്ങനെ ചർച്ച ചെയ്യാറില്ല. ഇപ്പോൾ, ഞങ്ങളെ ആളുകൾ തിരിച്ചറിഞ്ഞില്ലെങ്കിലും ഞങ്ങളുടെ കൊറിയോഗ്രഫി ചർച്ചയെങ്കിലും ആവുന്നുണ്ടല്ലോ! അതു തന്നെ വലിയ കാര്യം, വലിയ സന്തോഷം!