വർഷങ്ങൾക്കു മുന്‍പേ നികേഷ് സിനിമയിലെത്തി, പക്ഷേ അധികമാരും അറിഞ്ഞില്ല‌; ആറാട്ടിലെ പാട്ടെഴുത്തുകാരൻ, അഭിമുഖം

nikesh-aaraattu-
SHARE

‘ആറാട്ട്’ എന്ന മോഹൻലാൽ ചിത്രം പലരീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. ചിത്രത്തിന്റെ കഥയും സംഗീതവുമെല്ലാം ആരാധകഹൃദയങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. രാഹുൽ രാജിന്റെ സംഗീതത്തിൽ പിറന്ന പാട്ടുകൾ ഓരോന്നായി പുറത്തുവന്നിരിക്കുകയാണിപ്പോൾ. ചിത്രത്തിലെ ‘താരുഴിയും’ എന്ന പാട്ടിനൊപ്പം ചേർത്തു വായിക്കപ്പെടേണ്ട ഒരു പേരുണ്ട്, പ്രേക്ഷകർക്ക് അധികം പരിചയമില്ലാത്ത ഒരു പേര്. നികേഷ് ചെമ്പിലോട്! ‘താരുഴിയും’ പാട്ടിന്റെ രചയിതാവ്. പാട്ടുകളെഴുതി പരിചയമുണ്ടെങ്കിലും അധികമാരാലും അറിയപ്പെടാതെ പോയ കലാകാരന്‍. അപ്രതീക്ഷിതമായി മോഹൻലാൽ ചിത്രത്തിൽ പാട്ടെഴുതാൻ അവസരം ലഭിച്ചപ്പോൾ നികേഷ് വീണ്ടും തൂലിക കയ്യിലെടുത്തു. സന്ദർഭം കേട്ടതോടെ ഒറ്റ ദിവസം കൊണ്ടു പാട്ട് റെഡി. ‘താരുഴിയും’ പാട്ട് ശ്രദ്ധിക്കപ്പെട്ടുവെന്നു മത്രമല്ല, ഇപ്പോഴും ട്രെൻഡിങ്ങിലുമാണ്. പാട്ട് വിശേഷങ്ങൾ പങ്കിട്ട് നികേഷ് ചെമ്പിലോട് മനോരമ ഓൺലൈനിനൊപ്പം. 

ആറാട്ടിലെ പാട്ടും പിന്നെ ഞാനും

‘മാന്നാർ മത്തായി സ്പീക്കിങ് 2’ ആണ് ഞാൻ ആദ്യമായി പാട്ടെഴുതിയ ചിത്രം. അതിൽ മൂന്ന് ഗാനങ്ങൾ എഴുതി. രാഹുൽജി (രാഹുൽ രാജ്) ആയിരുന്നു സംഗീതസംവിധാനം. അന്നു മുതൽ ചിത്രത്തിന്റെ സംവിധായകന്‍ മമ്മാസ്ജിയുമായിട്ടും രാഹുൽജിയുമായിട്ടും നല്ലൊരു ബന്ധം തുടങ്ങിയിരുന്നു. മമ്മാസ്ജിയുടെ തന്നെ ഇമ്രാൻ 3:185 എന്ന ചിത്രത്തിനുവേണ്ടിയും ഞാൻ വരികളെഴുതി. അതിന്റെ സംഗീതം ചെയ്തത് ആനന്ദാണ്. എസ്.രമേശൻ നായർ സാറും ആ ചിത്രത്തിനുവേണ്ടി പാട്ടെഴുതിയിട്ടുണ്ട്. അതിനു ശേഷം രാഹുൽജി വിദേശത്തേക്കു പോയി. അവിടെ ആയിരുന്നപ്പോഴും മെസേജുകളിലൂടെ എന്നെ ബന്ധപ്പെടുമായിരുന്നു. അദ്ദേഹം തിരികെ ഇന്ത്യയിൽ എത്തിയപ്പോൾ എന്നെ വിളിച്ചു. രാഹുൽജി വന്നത് ഞാൻ അറിഞ്ഞിരുന്നില്ല. പെട്ടെന്നു ഫോൺ വന്നപ്പോൾ ഞാൻ അമ്പരന്നു. സംഗീതചർച്ചകൾക്കായി ഒരുമിക്കണമെന്ന് അന്നേ എന്നോടു പഞ്ഞിരുന്നു. കുറച്ചു നാൾ കഴിഞ്ഞപ്പോൾ വിളിച്ച് ബി.ഉണ്ണികൃഷ്ണൻ സാറിന്റെ മോഹൻലാൽ ചിത്രത്തെക്കുറിച്ചു പറഞ്ഞു. രാഹുൽജി ആവശ്യപ്പെട്ടതനുസരിച്ച് ഞാൻ ഉണ്ണികൃഷ്ണൻ സാറിനെ വിളിച്ചു. അദ്ദേഹം സിനിമയുടെ കഥയും പാട്ടുകളുടെ പശ്ചാത്തലവും പറഞ്ഞുതന്നു. അതിനു ശേഷം രാഹുൽജി എനിക്കു പാട്ടിന്റെ ഈണം പാടി അയച്ചു. ഞാൻ പല്ലവി എഴുതി അയച്ചത് അദ്ദേഹത്തിന് ഇഷ്ടമായി. രാഹുൽജി ഗംഭീരമായി പാടിത്തരുന്നതിനാൽ എഴുതാൻ സുഖമാണ്. എഴുതിയതൊന്നും തിരുത്തേണ്ടി വന്നില്ല. വളരെ നല്ല അനുഭവമാണ് ആറാട്ടിനുവേണ്ടി വർക്കുചെയ്തപോൾ കിട്ടിയത്. ചിത്രം പുറത്തിറങ്ങിയപ്പോൾ എല്ലാവരും മികച്ച അഭിപ്രായങ്ങൾ അറിയിച്ചു. ഒരു പാട്ട് നന്നായിട്ടുണ്ട് എന്നു പറഞ്ഞു കേൾക്കുമ്പോൾ അതിൽ പാട്ടിന്റെ ഈണവും ആലാപനവും വരികളും എല്ലാം ഉൾപ്പെടും. അല്ലാതെ ഒരു കാര്യം മാത്രം നന്നായി എന്നു പറയാൻ പറ്റില്ല. വരികളെ വേറിട്ടു കണ്ടു സംസാരിക്കുന്നത് നല്ല സാഹിത്യബോധം ഉള്ളവർ മാത്രമായിരിക്കും. വരികൾക്കു പ്രശ്നമുണ്ടെങ്കിൽ രാഹുൽജിയും സംവിധായകൻ ഉണ്ണി സാറിനും അത് ചിത്രത്തിൽ ഉൾപ്പെടുത്തില്ലല്ലോ. ചെറിയ കല്ലുകടി എങ്കിലും വന്നെങ്കിൽ വരികൾ മാറ്റാൻ അപ്പോൾ തന്നെ പറയുമായിരുന്നു. പക്ഷേ ഈ പാട്ട് ചെയ്യുന്നതിന്റെ ഒരു ഘട്ടത്തിൽ പോലും വരികൾ മാറ്റേണ്ടി വന്നില്ല.

വരികൾക്കു പിന്നിൽ

ഒരു ദിവസംകൊണ്ടാണ് പാട്ടെഴുതിയത്. രാഹുൽജി ഈണം പറഞ്ഞുതന്നതിന്റെ വ്യക്തത കൊണ്ടുകൂടിയാണ് രചന പെട്ടെന്നു പൂർത്തിയാക്കാനായത്.  ശാസ്ത്രീയ സംഗീതത്തിലായാലും മാറ്റ് ഏത് വിഭാഗത്തിലായാലും ആഴമായ അറിവുള്ള ആളാണ് രാഹുൽജി. അദ്ദേഹം നന്നായി പാടും. കീബോർഡ് വായിച്ചു പാടുന്നത് കേട്ടാൽ എല്ലാം മറന്ന് കേട്ടിരുന്നുപോകും. അദ്ദേഹം ഓരോ വരിക്കും വ്യക്തമായി ഈണങ്ങൾ പറഞ്ഞു തന്നു. അത് എളുപ്പത്തിൽ എഴുതാൻ സഹായിച്ചു. എഴുത്ത് എങ്ങനെ പെട്ടെന്നു വരുന്നെന്നു പറയാൻ പറ്റില്ല. അത് ഉള്ളിൽ നിന്നു വരുന്നതാണ്. ചിലത് എഴുതാൻ പ്രയാസം തോന്നാറുണ്ട്. ചിലപ്പോൾ ഈണങ്ങൾ കേൾക്കുമ്പോൾ തന്നെ മനസ്സിൽ വരികൾ തെളിയും. രാഹുൽജിയുടെ ഈണത്തിനുവേണ്ടി എഴുതാൻ ഒരു പ്രയാസവുമുണ്ടായില്ല എന്നതാണു യാഥാർ‌ഥ്യം. 

ചിത്രം കണ്ടപ്പോൾ

ആറാട്ടിനെക്കുറിച്ച് മികച്ച ഒരു ചിത്രം രാഹുൽജി എനിക്കു തന്നിരുന്നു. ഈണം കിട്ടിയപ്പോൾ തന്നെ അതൊരു പ്രത്യേകതരം പാട്ടാണ് എന്നു മനസ്സിലായി, പിന്നെ അതിൽ തിരുവാതിര കൂടി വന്നു. ഇത് സിനിമയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പാട്ടായിരിക്കും. നിങ്ങൾക്ക് നല്ല ഒരു അവസരമാണ് ഇത് എന്ന് രാഹുൽജി വ്യക്തമാക്കി. കുടുംബസമേതമാണ് ഞാൻ സിനിമ കണ്ടത്. വളരെ നല്ലൊരു അനുഭവമായിരുന്നു. അത്ര മികച്ച രീതിയിലാണ് ഉണ്ണികൃഷ്ണൻ സാറിന്റെ സംവിധാനം. രാഹുൽജിയുടെ ഈണവും ഹരിശങ്കറിന്റെയും പൂർണശ്രീയുടെയും ശബ്ദവും കേരളത്തനിമ നിറഞ്ഞു നിൽക്കുന്ന ചിത്രീകരണവും ഒത്തുവന്നപ്പോഴാണ് ഇതൊരു മനോഹരഗാനമായി മാറിയത്. ഇതുവരെ കേരളത്തിൽ കണ്ടിട്ടുള്ള കലാരൂപങ്ങൾ പലതും ദൃശ്യങ്ങളിൽ കാണാം. പിന്നെ മഹാനടൻ മോഹൻലാൽ ആണല്ലോ പാടി അഭിനയിച്ചത്. അത് കാണാൻ പ്രത്യേക സുഖം തന്നെയായിരുന്നു.

ഞാൻ രാഹുൽജിയുടെ ആരാധകൻ 

രാഹുൽജിയുടെ ‘ഛോട്ടാ മുംബൈ’ പാട്ടുകൾ കേട്ടപ്പോൾ മുതൽ അദ്ദേഹത്തിന്റെ ആരാധകനാണു ഞാൻ. ആദ്യമായി അടുത്തുകണ്ടപ്പോൾ ഞാൻ ഇങ്ങനെ പതുങ്ങി ഒതുങ്ങി ഒരു കോണിലേയ്ക്കു മാറുകയായിരുന്നു. അദ്ദേഹം വന്നു തോളിൽ തട്ടി സംസാരിച്ചു. ഞാൻ പിന്നോട്ട് ഒതുങ്ങുന്നതിന് എന്നെ  വഴക്കുപറയാറുണ്ട്. ഇടയ്ക്കിടെ എന്നെ അദ്ദേഹം തട്ടിയുണർത്തും. ഒരു ചിരിയോടെയാണ് എല്ലാ കാര്യങ്ങളും പറഞ്ഞുതരുന്നത്. അദ്ദേഹത്തിന്റെ ഈണങ്ങൾ അതിഗംഭീരമാണ്. ‘പുലർമഞ്ഞു പോൽ നീ പൂവിന്റെ നെഞ്ചിൽ’ എന്ന പാട്ട് കേൾക്കുമ്പോൾ എന്റെ മനസ്സു നിറയും. ആ പാട്ട് ഞാനും മമ്മാസ്ജിയും ഒരുമിച്ചിരുന്ന ഒരു ദിവസം രാഹുൽജി പാടിത്തന്നിട്ടുണ്ട്. അദേഹത്തൊടൊക്കെ അടുത്താൽ മാത്രമേ അവരുടെ മഹത്വം നമുക്ക് മനസ്സിലാകൂ. 

തുടക്കകാലം

ഞാൻ പഠിച്ച സ്കൂളിലെ കുട്ടികൾക്കു വേണ്ടി ഒരു സംഘഗാനം എഴുതിയതാണ് എന്റെ ആദ്യത്തെ രചന. പത്താംക്ലാസിൽ പഠിക്കുമ്പോൾ പ്രണയിനിക്കു വേണ്ടി ഒരു കവിത എഴുതിയിരുന്നു. പക്ഷേ അത് അവൾക്കു കൊടുക്കാൻ കഴിഞ്ഞില്ല. അന്നത്തെ കാലം അങ്ങനെ ആയിരുന്നല്ലോ. ഒരുപാട് ദൂരെ നിന്ന് അവളെ കണ്ടുവെന്നു മാത്രം. പിന്നീടൊരിക്കൽ അവളുടെ ഫോൺ നമ്പർ കിട്ടി വിളിച്ചു. അന്ന് കവിതയുടെ കാര്യം പറഞ്ഞപ്പോൾ അവൾക്കു വലിയ കൗതുകമായി. നീണ്ട 12 വർഷങ്ങൾക്കു ശേഷം ഞാന്‍ ആ കവിത അവൾക്കു കൊടുത്തു. അതാണ് കവിത അനുഭവം. വളരെ ചെറുപ്പത്തിൽ തന്നെ ഞാൻ പാട്ടിന്റെ വരികൾ പറഞ്ഞു നടക്കുമായിരുന്നു. നാട്ടിൻപുറത്ത് ഇടവഴികളിലൂടെയും പാടവരമ്പിലൂടെയും നടക്കുമ്പോൾ ഹരിനാമ കീർത്തനം ആശാന്റെ വരികൾ ഒക്കെ ഉരുവിട്ടു നടക്കുമായിരുന്നു. അരുൺ രാജ് സംഗീതം കൊടുത്ത 'തെക്കു തെക്കൊരു ദേശത്ത്' എന്നൊരു സിനിമയ്ക്കു വേണ്ടിയാണ് ആദ്യം വരികളെഴുതിയത്. പക്ഷേ ആ ചിത്രം റിലീസ് ആയില്ല. ഗിരീഷ് പുത്തഞ്ചേരി ചേട്ടനോടൊപ്പം ഞാൻ കുറെ നാൾ സഞ്ചരിച്ചിരുന്നു. ആ സമയത്ത് സംവിധായകൻ മമ്മാസുമായി പരിചയത്തിലായി. മമ്മാസ്ജിയോടൊപ്പം താമസിച്ച ഒരു ദിവസം പുലരുവോളം എന്നെക്കൊണ്ട് അദ്ദേഹം പാട്ടുപാടിച്ചു. ഞാൻ പാടുന്നതു കേട്ടിട്ട് അദ്ദേഹം നികേഷ് പാട്ട് എഴുതിക്കോളൂ എന്നു പറഞ്ഞു. മമ്മാസ് സർ ആണ്‌ എന്നെ രാഹുൽജിക്കു പരിചയപ്പെടുത്തിയത്. അങ്ങനെയാണ് ‘മാന്നാർ മത്തായി സ്പീക്കിങ് 2’ നു വേണ്ടി ഞാൻ ഗാനരചന നിർവഹിച്ചത്. അതിനുശേഷം രണ്ടുമൂന്നു ചിത്രങ്ങൾക്കു വേണ്ടി വരികൾ എഴുതുകയും കവിതകൾ എഴുതുകയും ചെയ്‌തിട്ടുണ്ട്. വെറുതെ ഒരുപാട് എഴുതി പുസ്തകം നിറയ്ക്കാറുണ്ട്. സിനിമാഗാനങ്ങൾ എഴുതുമ്പോൾ അതിന്റെ സന്ദർഭം പറഞ്ഞുതരുന്നതുകൊണ്ട് എളുപ്പത്തിൽ വരികൾ എഴുതാൻ കഴിയും. ഞാൻ ആരോടും അവസരങ്ങൾ ചോദിക്കാറില്ല. പരിചയമുള്ളവർ പാട്ടുകൾ എഴുതാൻ ആവ‌ശ്യപ്പെടുമ്പോൾ ചെയ്യുമെന്നു മാത്രം. 

എഴുത്ത് മാത്രമല്ല

ഞാൻ ചിത്രം വരയ്ക്കാറുണ്ട്. ഡ്രോയിങ് ടീച്ചറായി ജോലി ചെയ്തിട്ടുമുണ്ട്. സാഹിത്യവും ചിത്രരചനയും തന്നെയാണ് എന്റെ പ്രധാന തൊഴിലും ഹോബിയും. ചെറുപ്പത്തിൽ കുറച്ചു സംഗീതം പഠിച്ചിട്ടുണ്ട്. ഉസ്താദ് റഷീദ് ഖാന്റെ അടുത്തുനിന്ന് അൽപ്പം സിത്താർ പഠിച്ചു. കുറച്ചു വയലിനും അഭ്യസിച്ചിട്ടുണ്ട്. ചെറുപ്പം മുതൽ സംഗീതത്തോടു വല്ലാത്ത ഇഷ്ടമാണ്. 

കുടുംബവിശേഷം 

കണ്ണൂർ ചെമ്പിലോട് ആണ് എന്റെ സ്വദേശം. അച്ഛൻ, അമ്മ, ഭാര്യ, രണ്ടു മക്കൾ എന്നിവര്‍ അടങ്ങുന്ന കുടുംബം. ഭാര്യ നിമിത വീട്ടമ്മയാണ്. നവനീത് കൃഷ്ണൻ, നന്ദിത് കൃഷ്ണൻ എന്നിവരാണു മക്കൾ. ഞാൻ ഏതു പാട്ട് എഴുതിയാലും ചിത്രം വരച്ചാലും ആദ്യം കാണിക്കുന്നത് ഭാര്യയെയാണ്. അവളാണ് എന്റെ ആദ്യത്തെ വിമർശക. തെറ്റുകുറ്റങ്ങൾ ഉണ്ടങ്കിൽ അവൾ അപ്പോൾ തന്നെ കണ്ടുപിടിക്കും. അവളെ കാണിച്ച് അവൾ ഓക്കേ പറഞ്ഞാൽ ഞാൻ സംതൃപ്തനാണ്. 

 

മഹാമാരിക്കാലത്തെ ജീവിതം

കോവിഡ് എന്റെ ജോലിയെ അധികം ബാധിച്ചിട്ടില്ല. എനിക്ക് എപ്പോഴും ആൾക്കൂട്ടത്തിൽ നിന്നും അകന്ന് സ്വസ്ഥമായി ഇരിക്കാനാണ് ഇഷ്ടം. കോവിഡ് വ്യാപിച്ചു പുറത്തുപോകാൻ കഴിയാത്ത സമയത്ത് കുറച്ചു ചിത്രങ്ങൾ വരച്ചു, പുസ്തകങ്ങൾ വായിച്ചു, മക്കളോടൊപ്പം കൂടുതൽ സമയം ചിലവഴിച്ചു. എല്ലാവരും വേദനിക്കുന്ന സമയത്ത് ഞങ്ങളും വേദനിച്ചു. എനിക്ക് വരുന്ന ചിത്രരചനാ ജോലികളൊക്കെ ഞാൻ വീട്ടിൽ ഇരുന്നുതന്നെയാണു ചെയ്യുന്നത്.  കവിതാ രചനയ്ക്കും ഏകാന്തതയാണു വേണ്ടത്. കോവിഡ് കാലത്തെ സൃഷ്ടിപരമായി ഞാൻ നല്ലരീതിയിൽ ഉപയോഗപ്പെടുത്തി. എന്റെ ജീവിതം വളരെ ലളിതമാണ്. ഗ്രാമത്തിലായതുകൊണ്ടു തന്നെ ഗ്രാമഭംഗി ഒട്ടും ചോരാതെയാണ് ജീവിക്കുന്നത്. ധൂർത്തില്ലാത്ത ജീവിതമാണ്. ഗാന്ധിജി പറഞ്ഞതുപോലെ ‘കീറിയാലും മുഷിയരുത്’ എന്ന ആദർശം എപ്പോഴും പിന്തുടരുന്നു. 

പാട്ടുജീവിതം മുന്നോട്ട്

ആറാട്ടിലെ പാട്ട് വന്നതിനുശേഷം ഒരുപാടുപേർ വിളിച്ചു. കൂടുതലും കൂട്ടുകാരായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട ചിലരും വിളിച്ചു. പുതിയ കുറച്ചു പാട്ടുകളുടെ ചർച്ചകൾ നടക്കുന്നുണ്ട്. അങ്ങനെ എന്റെ സംഗീതജീവിതത്തിൽ ചെറിയ ചലനങ്ങൾ ഉണ്ടായി. എനിക്ക് കവിതയെക്കാൾ ഇഷ്ടം സിനിമാഗാനങ്ങളാണ്. ഈണത്തിന്റെ സാന്നിധ്യമുള്ളതുകൊണ്ടായിരിക്കും അങ്ങനെ. അത് നേരിട്ട് നമ്മുടെ ആത്മാവിലേക്കു കയറുകയാണ്. ചിത്രവും സാഹിത്യവും പാട്ടുമൊക്കെയായി ഞാൻ ഇവിടെയൊക്കെത്തന്നെ ഉണ്ടാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA