ADVERTISEMENT

ഒൻപതാം വയസ്സിൽ യേശുദാസ് എന്ന സംഗീത കുലപതിയുടെ കയ്യിൽ തൂങ്ങി വേദിയിൽ അരങ്ങേറ്റം കുറിച്ച മലയാളികളുടെ പ്രിയപ്പെട്ട കിലുക്കാംപെട്ടിയായ ഗായിക സുജാതയുടെ 59ാം പിറന്നാൾ ആണിന്ന്. രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പാടാൻ അവസരം ലഭിച്ച ‘കൊച്ചുവാനമ്പാടി’. 1975ൽ ‘ടൂറിസ്റ്റ് ബംഗ്ലാവ്’ എന്ന ചിത്രത്തിനു വേണ്ടി ‘കണ്ണെഴുതിപ്പൊട്ടുതൊട്ട്’ പാടി മലയാള ചലച്ചിത്രരംഗത്ത് ഹരിശ്രീ കുറിച്ചു. അടുത്ത ബന്ധുവും ഗായകനുമായ ജി.വേണുഗോപാലും സുജാതയോടൊപ്പം ചെറുപ്പം മുതൽ കുടുംബ സദസ്സുകളിലും ഗാനമേളകളിലും പാടിത്തുടങ്ങിയിരുന്നു. ഏവരുടെയും പ്രിയങ്കരിയായ സുജാതയുടെ വളർച്ചയുടെ പടവുകൾ അടുത്തുനിന്ന് കണ്ടറിഞ്ഞ വേണുഗോപാൽ സുജാതയോടൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമുകളിലും സിനിമകളിലും പാടിയിട്ടുണ്ട്. പള്ളിത്തേരുണ്ടോ, ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ, മിഴികളിൽ നിൻ മിഴികളിൽ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങളാണ് ഇരു ഗായകരും ചേർന്ന് ആസ്വാദകർക്കു സമ്മാനിച്ചത്. പ്രിയപ്പെട്ട ‘സുജു’വിനെക്കുറിച്ച് വേണുഗോപാലിനു പറയാനുണ്ട് ഏറെ. മനസ്സു തുറന്ന് വേണുഗോപാൽ മനോരമ ഓൺലൈനിനൊപ്പം.

 

ഒരുമിച്ചുള്ള പാട്ട്

 

ഞാനും സുജുവും അടുത്ത ബന്ധുക്കളാണ്. ഞങ്ങളുടെ കുടുംബങ്ങൾ തമ്മിൽ ദൃഢമായ സ്നേഹബന്ധവുമുണ്ട്. കുടുംബാഘോഷങ്ങളിൽ പങ്കെടുക്കാൻ പലപ്പോഴും സുജുവിന് സമയം കിട്ടിയിരുന്നില്ല. സുജു അന്ന് ദാസേട്ടനോടൊപ്പം പാടിപ്പറന്നു നടക്കുകയാണ്. ഞങ്ങൾ രണ്ടും വലുതായതിനു ശേഷമാണ് ഒരുമിച്ച് ഗാനമേളകളിൽ പങ്കെടുക്കുന്നത്. എറണാകുളത്ത് ഫൈൻ ആർട്സ് ഹാളിൽ വച്ച് 1991 സെപ്റ്റംബർ 28നു നടന്ന പ്രോഗ്രാമിൽ എന്റെ ഗാനമേളയ്ക്ക് ആതിഥേയ സുജുവും ചീഫ് ഗസ്റ്റ് നടി ഉർവ്വശിയും ആയിരുന്നു. ആ പരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുമ്പോഴാണ് എന്റെ മകൻ ജനിച്ചു എന്ന വാർത്ത എന്നെത്തേടി എത്തുന്നത്.   

 

ഞങ്ങളുടെ ഗാനമേള

 

ഞാൻ കുട്ടിയായിരുന്നപ്പോൾ കാണുന്ന സുജു അന്നേ പ്രശസ്തയായ ഗായികയിരുന്നു. ദാസേട്ടനോടൊപ്പം പാടാൻ തിരുവനന്തപുരത്തെത്തുന്ന സുജു ഞങ്ങളുടെ വീട്ടിലെത്തും. സുജുവിന്റെയും അമ്മ ദേവിച്ചേച്ചിയുടെ ഒപ്പം ഞാനും ദാസേട്ടനെ കാണാൻ പോയിരുന്നു. ഇതൊക്കെയാണ് കുട്ടിക്കാലത്തെ ഓർമ്മകൾ. ഞാനും അന്ന് ചെറുതായി പാടിത്തുടങ്ങിയിരുന്നു. ഞങ്ങളുടെ ഒരു ബന്ധുവായ കമലപ്രഭ ചേച്ചിയുടെ വിവാഹത്തിനു ഞങ്ങൾ രണ്ടു കുട്ടികളുടെ ഗാനമേള ഉണ്ടായിരുന്നു. തിരുവനന്തപുരത്ത് പ്രിയദർശിനി ഹാളിൽ ആയിരുന്നു വിവാഹം. ആ പരിപാടിയിലാണ് ഞാൻ ആദ്യമായി ഓർക്കസ്ട്രയ്ക്കൊപ്പം പാടിയത്. അന്ന് ഞാൻ ഏഴാം ക്ലാസ്സിലും സുജു അഞ്ചിലും ആയിരുന്നു. ഞാൻ എം.ജി രാധാകൃഷ്ണൻ ചേട്ടനേയും ഭാര്യ പദ്മജ ചേച്ചിയെയും ആദ്യമായി പരിചയപ്പെടുന്നതും അന്നാണ്.

sujatha-venugopal-new

 

ഒരുമിച്ചു പാടിയ പാട്ടുകൾ

 

ഞങ്ങൾ ഒരുമിച്ച് ഒരുപാട് സ്റ്റേജ് പരിപാടികളിലും സിനിമകളിലും പാടിയിട്ടുണ്ട്. ജോൺസൺ ചേട്ടന്റെ പാട്ടുകളാണ് ഒരുമിച്ചു പാടിയവയിൽ കൂടുതലും. സ്വർഗങ്ങൾ സ്വപ്നം കാണും, പള്ളിത്തേരുണ്ടോ, ചെല്ലച്ചെറുകാറ്റേ ചെമ്പകപ്പൂങ്കാറ്റേ, മിഴികളിൽ നിൻ മിഴികളിൽ, നീ ജനുവരിയിൽ വിരിയുമോ അങ്ങനെ കുറെയേറെ പാട്ടുകൾ ഒരുമിച്ച് പാടാൻ അവസരം ലഭിച്ചു.

 

ആത്മബന്ധം ആഴമേറിയത്

 

ഞങ്ങൾ തമ്മിൽ വളരെ നല്ലൊരു അടുപ്പമുണ്ട്. സുജു എനിക്ക് സഹോദരിയും സുഹൃത്തും ഒക്കെയാണ്. എപ്പോഴും കാണാൻ സാധിച്ചില്ലെങ്കിലും ഞങ്ങൾ ഫോൺ വിളിച്ച് സുഖവിവരങ്ങൾ തിരക്കാറുണ്ട്. കോവിഡ് കാലം തുടങ്ങിയതിനു ശേഷം സന്ദർശനങ്ങൾ കുറഞ്ഞു. ഏറ്റവുമൊടുവിൽ കണ്ടത് കഴിഞ്ഞ വർഷം ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയപ്പോഴാണ്. കൂടിക്കാഴ്ചകൾ കുറവാണെങ്കിലും എപ്പോഴും സുഖവിവരങ്ങൾ അന്വേഷിക്കാറുണ്ട്.

 

രണ്ടാം വരവ്

 

സുജു കരിയറിൽ ഇടവേള എടുത്തിരുന്ന സമയത്ത് ഞാൻ അവരുടെ വീട്ടിൽ പോകുമായിരുന്നു. സംഗീതപരിപാടികൾക്കു വേണ്ടി ചെന്നൈയിൽ എത്തുമ്പോൾ ഞാൻ അവരുടെ വീട്ടിലാണ് താമസിച്ചിരുന്നത്. അപ്പോഴൊക്കെ വീണ്ടും പാടണമെന്ന ആഗ്രഹം സുജു പറയുമായിരുന്നു. ഇത്രയും വലിയൊരു കലാകാരി സംഗീതത്തിൽ നിന്നും വിട്ടുനിൽക്കാൻ പാടില്ല, തിരികെ മുഖ്യധാരയിലേക്കു വരണമെന്ന് ഞാനും ഓർമ്മിപ്പിച്ചുകൊണ്ടേയിരുന്നു. ആഗ്രഹിച്ചതുപോലെ സുജു തിരിച്ചു വന്നു. തമിഴിലും മലയാളത്തിലുമെല്ലാം പഴയതിനേക്കാൾ കൂടുതൽ തിളക്കമുള്ള വരവേൽപ്പാണ് സുജുവിന് ലഭിച്ചത്. 

 

നന്മകൾ മാത്രമുള്ള സുജു  

 

വളരെ കഠിനാധ്വാനിയും പോസിറ്റീവ് ചിന്താഗതിയുമുള്ള കലാകാരിയാണ് സുജു. എല്ലാവർക്കും എപ്പോഴും നല്ലതുവരണം എന്നാഗ്രഹിക്കുന്ന ഒട്ടും നെഗറ്റിവിറ്റി ഇല്ലാത്ത വ്യക്തി. എപ്പോഴും വളരെ പ്രസന്നയായി കാണുന്ന, എല്ലാവരോടും ചിരിച്ചു കളിച്ചു സംസാരിക്കുന്ന സുജു പുറമെ കാണുന്നപോലെ തന്നെ ഉള്ളിലും വളരെ നല്ലൊരു മനസ്സിനുടമയാണ്. 

 

അവരുടെ പാട്ട്, ഞങ്ങളുടെ സന്തോഷം

 

സുജുവിന്റെ മകൾ ശ്വേതയും എന്റെ മകൻ അരവിന്ദും ഞങ്ങളുടെ പാത പിന്തുടർന്ന് ഗായകരായതിൽ സന്തോഷമുണ്ട്. ശ്വേത നന്നായി പാട്ട് പരിശീലിച്ച് ഈ രംഗത്തേക്ക് എത്തിയതാണ്. എന്റെ മകൻ പാട്ട് പഠിച്ചിട്ടില്ല. അവൻ പിയാനോ വായിക്കാൻ പഠിച്ചിട്ടുണ്ട്. അവൻ ഫിലിം മേക്കിങ് ആണ് സ്വായത്തമാക്കിയത്. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയത്തിന്റെ അസിസ്റ്റന്റ് ഡയറക്റ്റർ ആയിരുന്നു. അവന്റെ അഭിനിവേശം സിനിമയാണ്.  കുട്ടിക്കാലം മുതൽ അവൻ നന്നായി പാടുമായിരുന്നു. എന്റെ മകനും ശ്വേതയും പാടുന്നതു കാണുമ്പോൾ എനിക്കും സുജുവിനും വലിയ സന്തോഷം തോന്നാറുണ്ട്.

 

പിറന്നാൾ മധുരം

 

ഞാനും സുജുവും താമസിക്കുന്നത് രണ്ട് സ്ഥലങ്ങളിൽ ആയതുകൊണ്ട് പിറന്നാളുകൾക്ക് ഒരുമിച്ച് കൂടാൻ അവസരം ഉണ്ടാകാറില്ല. പക്ഷേ സുജുവിന്റെ 50ാം പിറന്നാളിന് മഴവിൽ മനോരമ ഒരുക്കിയ ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. 

 

എന്നെന്നും നന്മകൾ, ആശംസകൾ 

 

എപ്പോഴും ഇതുപോലെ സന്തോഷമായി നിറഞ്ഞ ചിരിയോടെ ഇരിക്കാൻ ദൈവം സുജുവിനെ അനുഗ്രഹിക്കട്ടെ. എല്ലായ്പ്പോഴും കൂടെയുള്ള ആ പോസിറ്റീവ് എനർജി ജീവിതത്തിലുടനീളം തുടരട്ടെ. പ്രിയപ്പെട്ട സുജുവിന്‌ ആയുസ്സും ആരോഗ്യവും സമാധാനവും സന്തോഷവും നിറഞ്ഞ ഒരു പിറന്നാൾ ആശംസിക്കുന്നു.

 

English Summary: G Venugopal opens up about Sujatha Mohan on her birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT