മഴയേ തൂമഴയേ, മൊഴികളും മൗനങ്ങളും, വാതിലിൽ ആ വാതിലിൽ, ലൈലാകമേ തുടങ്ങി ഒട്ടേറെ ഹിറ്റ് പാട്ടുകളിലൂടെ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായകനാണ് ഹരിചരൺ. ഹാരിസ് ജയരാജ്, ഇളയരാജ, യുവൻ ശങ്കർ രാജ തുടങ്ങി തമിഴിലെ അതികായന്മാരുടെ ഇഷ്ടഗായകരിലൊരാൾ. ഗായകന്റെ പുതിയ പാട്ടും ആരാധകർ നെഞ്ചോടു ചേർത്തു കഴിഞ്ഞു. എം.പത്മകുമാർ സംവിധാനം ചെയ്യുന്ന ‘പത്താം വളവി’ലെ ‘ഏലമലക്കാടിനുള്ളിൽ’. വിനായക് ശശികുമാറിന്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണമൊരുക്കിയ പാട്ടാണിത്. മലയാളത്തെ ഏറെ സ്നേഹിക്കുന്ന ഹരിചരൺ പുതിയ പാട്ടും ഹിറ്റ് ആകുമെന്ന പ്രതീക്ഷയിലാണ്. പുത്തൻ പാട്ടു വിശേഷങ്ങളുമായി ഗായകൻ മനോരമ ഓണ്‍ലൈനിനൊപ്പം.
പത്താം വളവിലെ പാട്ട്
രഞ്ജിൻ രാജ് എന്ന സംഗീതസംവിധായകൻ എന്നെ എപ്പോഴും വിസ്മയിപ്പിച്ചിട്ടുള്ള വ്യക്തിയാണ്. ഏകദേശം 5 വർഷങ്ങൾക്കു മുൻപ് ഞാൻ രഞ്ജിനൊപ്പം "സ്നേഹിച്ചു സ്നേഹിച്ചു തീരാതെ നാമിങ്ങനെ" എന്ന പാട്ട് ചെയ്തിട്ടുണ്ട്. അന്നുമുതലുള്ള സുഹൃത്ബന്ധമാണ്. അങ്ങനെയിരിക്കെ ഒരു ദിവസം പത്താവളവിലെ പാട്ടിനെക്കുറിച്ചു രഞ്ജിൻ എന്നോടു സംസാരിച്ചു. അദ്ദേഹം എനിക്ക് ആ പാട്ട് പാടി കേൾപ്പിച്ചു തരികയും ചെയ്തു. കേട്ടപ്പോൾ തന്നെ എനിക്കൊരുപാടിഷ്ടമായി. രഞ്ജിൻ അസാമാന്യ ഗായകൻ കൂടിയാണ്. ചെന്നൈയിൽ വച്ചായിരുന്നു ‘ഏലമലക്കാടിനുള്ളിൽ’ പാട്ടിന്റെ റെക്കോർഡിങ്. അത് നല്ലൊരു മെലഡിയാണ്. ഇതുവരെ കേട്ടിട്ടുള്ള പാട്ടുകളിൽ നിന്നും വ്യത്യസ്തമായ ഒന്ന്. ഒരുപാട് ആത്മാർത്ഥതയുള്ള ഒരു സംഗീതജ്ഞന്റെ ഉള്ളിൽ നിന്നുവന്ന ഒരു പാട്ടാണിത്. എല്ലാവർക്കും ഇഷ്ടമാകുമെന്നു പ്രതീക്ഷിക്കുന്നു.
പ്രതികരണങ്ങളിൽ സന്തോഷം
പാട്ടിനെക്കുറിച്ചു വളരെ നല്ല പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആ സന്തോഷം രഞ്ജിനുമായി ഞാൻ പങ്കുവച്ചിരുന്നു. അദ്ദേഹം ഒരുപാട് ശ്രദ്ധയോടെ ഏറെ സമയം ചിലവഴിച്ചു ചെയ്ത പാട്ടാണിത്. സമൂഹമാധ്യമങ്ങളിൽ നിന്നും സിനിമയുടെ പിന്നണിപ്രവർത്തകരില്‍ നിന്നും എന്റെ എല്ലാ ആരാധകരിൽ നിന്നും വളരെ മികച്ച പ്രതികരണമാണു ലഭിക്കുന്നത്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായ ഇന്ദ്രജിത്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവരൊക്കെ പാട്ടിനെക്കുറിച്ചു സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കിടുകയും ചെയ്തു. ഒരുപാടൊരുപാട് സന്തോഷം.
പ്രതീക്ഷയുള്ള ‘പത്താം വളവ്’
‘പത്താംവളവ്’ ഒരു ത്രില്ലർ ചിത്രമാണ്. ഇതുപോലുള്ള ത്രില്ലർ കഥകൾ എനിക്ക് വളരെ ഇഷ്ടമാണ്. ട്രെയിലർ കണ്ടപ്പോൾ തന്നെ ശരിക്കും ഇഷ്ടമായി. മലയാള സിനിമകളോട് എനിക്ക് എന്നും പ്രിയമാണ്. പത്മകുമാർ സാറിന്റെ സംവിധാനം, മികച്ച താരനിര, രഞ്ജിന്റെ സംഗീതം തുടങ്ങിയവയെല്ലാം പത്താം വളവിനെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുകയാണ്. എല്ലാവരെയും പോലെ ചിത്രം കാണാൻ ഞാനും കാത്തിരിക്കുന്നു.
മലയാളത്തോട് എന്നും പ്രിയം
മലയാളം പാട്ടുകൾ കേൾക്കാൻ എനിക്കൊരുപാടിഷ്ടമാണ്. തുറന്നു പറയുകയാണെങ്കിൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായുള്ള മലയാളത്തിലെ ട്രെൻഡ് അതിശയിപ്പിക്കുന്നതാണ്. മലയാളസിനിമാ സംഗീതം എന്നെ എന്നും വിസ്മയിപ്പിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിൽ നായകന്മാർക്കു വേണ്ടിയാണു പാട്ടുണ്ടാക്കുന്നത്. മലയാള സിനിമാസംഗീതം എന്നും പുതുമ പകരുന്നു. മലയാളത്തിലെ മനോഹരമായ സിനിമകളും പാട്ടുകളും ഞാൻ കാണാറുണ്ട്. ഗോപി സുന്ദർ, സുഷിൻ ശ്യാം, രാഹുൽ രാജ്, റെക്സ് വിജയൻ, രഞ്ജിൻ അങ്ങനെ ഒരുകൂട്ടം സംഗീതസംവിധായകരുടെ പുതിയ സമീപനം മലയാള സിനിമാസംഗീത രംഗത്ത് അതിശയകരമായ ഒരു മാറ്റം കൊണ്ടുവന്നിട്ടുണ്ട്.
പ്രയാസം, പക്ഷേ
മാതൃഭാഷ തമിഴ് ആയതിനാൽ തമിഴ് ഗാനങ്ങൾ പാടാൻ എനിക്ക് വളരെ എളുപ്പമാണ്. ചെന്നൈയിലാണ് ഞാൻ ജനിച്ചു വളർന്നത്. സ്കൂൾ കാലം മുതൽ സംസ്കൃതവും ഹിന്ദിയും പഠിച്ചിട്ടുണ്ട്. ക്ലാസിക്കൽ ഗായകനായതിനാൽ സ്വാതി തിരുനാൾ കൃതികൾ, ത്യാഗരാജ സ്വാമി കൃതികൾ തുടങ്ങിയവ എപ്പോഴും പരിശീലിച്ചിരുന്നു. അതുകൊണ്ട് അവയെല്ലാം എനിക്ക് എളുപ്പത്തിൽ വഴങ്ങും. തെലുങ്കിലും കന്നഡയിലും പാട്ടുകൾ പാടാൻ തുടങ്ങിയപ്പോഴും വലിയ പ്രയാസങ്ങളൊന്നും നേരിട്ടില്ല. പക്ഷേ മലയാളം പഠിച്ചെടുക്കാൻ കുറച്ചു സമയമെടുത്തു. മലയാളത്തിന് അതിന്റേതായ ചില പ്രത്യേകതകളുണ്ട്. മനോഹരങ്ങളായ ആ ശബ്ദങ്ങളെല്ലാം സ്വായത്തമാക്കാന്‍ കുറച്ചു സമയം വേണ്ടിവന്നു. 2019ൽ ആദ്യമായി ഞാൻ മലയാളം ഗാനം പാടിയപ്പോൾ ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു. എന്നാൽ പിന്നീട് അത് ശരിയായി. ഇപ്പോൾ ഞാൻ മികച്ച രീതിയിൽ മലയാളം ഗാനങ്ങൾ പാടുന്നുണ്ടെന്നാണ് എനിക്കു തോന്നുന്നത്.
മലയാളം വരികൾ ഞാൻ ഇംഗ്ലിഷിൽ എഴുതിവയ്ക്കാറുണ്ട്. റ, ല, ഞ പോലെയുള്ള ചില ശബ്ദങ്ങളുടെ വ്യത്യാസം എഴുതുകയും പഠിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ പാടുമ്പോൾ ഉച്ചാരണപ്പിശകുകൾ കുറയ്ക്കാൻ സാധിക്കും. വരികളിലെ വികാരം എന്താണെന്ന് ഗാനരചയിതാവിനോടോ സംഗീതസംവിധായകനോടോ ചോദിച്ചു മനസ്സിലാക്കിയ ശേഷമേ ഞാൻ പാടാറുള്ളു. പാട്ടിനോടു പരമാവധി നീതി പുലർത്താൻ ശ്രമിക്കാറുണ്ട്.
പ്രിയപ്പെട്ട സംഗീതജ്ഞർ
മലയാളത്തിൽ ഗോപി സുന്ദർ ചേട്ടനും എം.ജയചന്ദ്രൻ സാറും ആണ് എനിക്കേറ്റവും പ്രിയപ്പെട്ട സംഗീതജ്ഞർ. അവർ എനിക്കു മനോഹരങ്ങളായ ചില പാട്ടുകൾ പാടാൻ അവസരം തന്നിട്ടുണ്ട്. ഇപ്പോൾ എനിക്ക് സുഷിൻ ശ്യാമിന്റെ പാട്ടുകൾ ഒരുപാടിഷ്ടമാണ്. റെക്സ് വിജയൻ ചേട്ടനും നിരവധി മികച്ച പാട്ടുകൾ ചെയ്യാറുണ്ട്. മായാനദി, വലിയ പെരുന്നാൾ തുടങ്ങിയവയിലെ പാട്ടുകൾ എനിക്കു പ്രിയപ്പെട്ടവയാണ്. ഈ പുതിയ സംഗീതസംവിധായകർ മലയാള സംഗീതത്തിന്റെ വർണം പാടേ മാറ്റുകയാണ്. ഞാൻ ഇതുവരെ സുഷിൻ ശ്യാമിനൊപ്പം ജോലി ചെയ്തിട്ടില്ല. അതിനൊരു അവസരം കിട്ടാൻ കാത്തിരിക്കുകയാണ്.
എന്റെ പാട്ടിഷ്ടം
മലയാള സിനിമയ്ക്കു വേണ്ടി ഞാൻ മെലഡികളും ഫാസ്റ്റ് നമ്പറുകളും പാടിയിട്ടുണ്ട്. മെലഡികളോടാണ് കൂടുതൽ ഇഷ്ടമെങ്കിലും എല്ലാത്തരം പാട്ടുകളും പാടാറുണ്ട്. ഞാൻ പാടിയ എല്ലാ മലയാളം പാട്ടുകളും മനോഹരമാണെന്നാണു തോന്നിയിട്ടുള്ളത്. എങ്കിലും ‘ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിലെ ‘വാതിലിൽ ആ വാതിലിൽ’ എന്ന പാട്ടിനോട് കുറച്ച് കൂടുതൽ ഇഷ്ടമുണ്ട്.
പുതിയ പാട്ടുകൾ
തമിഴിൽ ഞാൻ പാടിയ ഒരുപാട് പാട്ടുകൾ പുറത്തിറങ്ങാനുണ്ട്. പൊന്നിയൻ സെൽവൻ എന്ന സിനിമയ്ക്കു വേണ്ടി പാടി. പിന്നെ വിജയ് ആന്റണി സാറിനും യുവൻ ശങ്കർ രാജ സാറിനും വേണ്ടി പാടിയിട്ടുണ്ട്. മലയാളത്തിൽ ഞാൻ റഹ്മാൻ സാറിന്റെ സംഗീതത്തിൽ പാടിയ പാട്ടിറങ്ങാൻ കാത്തിരിക്കുകയാണ്. അദ്ദേഹം മലയാളത്തിൽ രണ്ടു പുതിയ സിനിമകൾക്കു സംഗീതം നൽകിയിട്ടുണ്ട്. വിഷ്ണു വിജയുടെ സംഗീതത്തിൽ ഒരു സിനിമയ്ക്കു വേണ്ടി ‘മായല്ലേ മായല്ലേ’ എന്നൊരു പാട്ട് പാടിയിട്ടുണ്ട്. ഗോപി സുന്ദറിനും ദീപക് ദേവിനും വേണ്ടിയും പാടിയിട്ടുണ്ട്. അവയെല്ലാം പുറത്തിറങ്ങാന്‍ ആകാംക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.
കുടുംബത്തോടൊപ്പം
ഞാനും മാതാപിതാക്കളും ഭാര്യയും അടങ്ങുന്നതാണ് എന്റെ കുടുംബം. താമസം ചെന്നൈയിൽ. കോവിഡ് കാലത്ത് സ്ഥിതി വളരെ മോശമായിരുന്നു. അത് ഓർക്കുമ്പോൾ ഇപ്പോഴും ഞെട്ടലാണ്. കോവിഡിനു മുൻപ് ഞാൻ ഒരു മാസത്തിൽ പകുതിയിലേറെ ദിവസങ്ങളും സംഗീതപരിപാടികളുമായി ബന്ധപ്പെട്ടു തിരക്കിലായിരുന്നു. കോവിഡ് പടര്‍ന്നുപിടിച്ചതോടെ അതെല്ലാം നിലച്ചു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ അവസ്ഥയിലായിരുന്നു. ആ സമയങ്ങളില്‍ പുത്തൻ സംഗീതപരീക്ഷണങ്ങള്‍ നടത്തിയും കുടുംബകാര്യങ്ങൾ നോക്കിയുമാണ് സമയം ചിലവഴിച്ചത്. അതെല്ലാം വേറിട്ട അനുഭവങ്ങളായിരുന്നു.
സംഗീതത്തിലെ മാതൃകാപുരുഷൻ
ഹരിഹരൻ സർ ആണ് സംഗീതലോത്തിലെ എന്റെ ആരാധനാപാത്രം. ഞാൻ കുട്ടിയായിരുന്നപ്പോൾ മുതൽ അദ്ദേഹത്തിന്റെ ഗസലുകൾ പഠിക്കുകയും പാടുകയും ചെയ്യുമായിരുന്നു. അതു കേട്ടാണ് എന്നിലെ ഗായകൻ വളർന്നത്. ഗുലാം അലി സർ, എസ്പിബി സർ, എ.ആർ റഹ്മാൻ സർ തുടങ്ങിയ സംഗീതജ്ഞരെല്ലാം എന്നെ വളരെയധികം പ്രചോദിപ്പിച്ചിട്ടുണ്ട്.
English Summary: Interview with singer Haricharan