ADVERTISEMENT

കെജിഎഫ് 2ലെ ‘തൂഫാൻ’ ഗാനം പ്രേക്ഷകഹൃദയങ്ങളിലേയ്ക്ക് ഇരച്ചുകയറിത്തുടങ്ങിയിട്ട് കുറച്ചു നാളുകളായി. പിന്നാലെ പുറത്തിറങ്ങിയ പാട്ടുകളും പ്രേക്ഷകർ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിലെ പാട്ടുകളെക്കുറിച്ചു മനസ്സു തുറക്കുകയാണ് ഗാനരചയിതാവ് സുധാംശു. മലയാളികൾക്ക് അത്ര സുപരിചിതമ‌ല്ലെങ്കിലും തമിഴ്, തെലുങ്ക്, കന്നഡ സിനിമാമേഖലയിലെ സജീവസാന്നിധ്യമാണ് അദ്ദേഹം. മണിരത്നം സിനിമകൾ മലയാളത്തിലേക്കു മൊഴിമാറ്റുന്നത് സുധാംശുവാണ്. കെജിഎഫിന്റെ പാട്ടു വിശേഷങ്ങളുമായി സുധാംശു മനോരമ ഓൺലൈനിനൊപ്പം. 

 

കെജിഎഫ് പാട്ടുകൾ

 

‘കെജിഎഫ് ആദ്യഭാഗ്യത്തിന്റെ സംഭാഷണവും ഗാനങ്ങളും ഞാൻ ആണ് എഴുതിയത്. രണ്ടാം ഭാഗത്തിനു വേണ്ടി പാട്ടുകളും എഴുതി. കോവിഡ് പടർന്നു പിടിച്ച സമയത്തായിരുന്നു അത്. രവി ബസ്രുർ സാറിന്റെ സ്റ്റുഡിയോയിൽ എല്ലാ ഭാഷയിലെയും എഴുത്തുകാർ ഉണ്ടായിരുന്നു. അന്ന് പാട്ടുകൾ എഴുതിയെങ്കിലും അടുത്തിടെ അദ്ദേഹം വിളിച്ച് കുറച്ചുകൂടി എനർജി ഉള്ള വരികളാക്കി മാറ്റമോ എന്നു ചോദിച്ചു. അങ്ങനെയാണ് ഇപ്പോൾ ഇറങ്ങിയ പാട്ടുകളിൽ ആ തീയും ചൂടും സന്നിവേശിച്ചത്. നാല് പാട്ടുകളാണ് സിനിമയിൽ ഉള്ളത്. 

 

അത് എന്റെ നിർബന്ധം

 

കെജിഎഫ് 2ലെ മലയാളം പാട്ടുകൾ മലയാളി ഗായകരെക്കൊണ്ടു തന്നെ പാടിക്കണമെന്നു ഞാൻ രവി സാറിനോടു പറഞ്ഞിരുന്നു. ഒന്നാം ഭാഗത്തിൽ ചില അബദ്ധങ്ങൾ പറ്റിയതുകൊണ്ടാണ് അത്തരമൊരു നിർദേശം ഞാൻ മുന്നോട്ടുവച്ചത്. അന്ന് വരികൾ എഴുതി ട്രാക്ക് എടുത്തിട്ട് ഞാൻ തിരിച്ചുവന്നു. അത് പാടിയത് കന്നഡ ഗായകനായിരുന്നു. രവി സാറിന് കുറെ സ്ഥിരം പാട്ടുകാരുണ്ട്. എല്ലാ ഭാഷയിലും അവർ തന്നെയാണ് പാടുക. എനിക്ക് വലിയൊരു വിഷമമുണ്ടായത് അതിൽ അമ്മയെക്കുറിച്ചുള്ള ഒരു പാട്ട് ഞാൻ എഴുതിയതിൽ നിന്ന് ഏറെ വ്യത്യസ്തമായാണ് അവർ പാടിയത്. "ഗർഭദിനം മുതലെൻ ജീവിത ദുരിതങ്ങൾ പേറി നടക്കുകയാണമ്മ" എന്നു തുടങ്ങുന്ന പാട്ട്. നല്ല ട്യൂൺ ആണ്. പക്ഷേ പാടിയപ്പോൾ അതിലെ പല വരികളും ഒരുപാട് മാറിപോയിരുന്നു.  

 

അനന്യ ഭട്ട് എന്നൊരു കന്നഡ ഗായികയാണ് അഞ്ചു ഭാഷയിലും പാടിയത്. അന്നേ ഞാൻ പറഞ്ഞതാണ് അനന്യയ്ക്ക് മലയാളം നന്നായി പാടാൻ കഴിയില്ല എന്ന്. പക്ഷേ അഞ്ചു ഭാഷയിലും ഒരേ ഗായകർ പാടണം എന്ന റെക്കോർഡ് സൃഷ്ടിക്കാൻ വേണ്ടിയാണ് അവരെക്കൊണ്ടു പാടിച്ചത്. ഞാനെഴുതിയ വരികൾ തിയറ്ററിൽ വച്ചു കേട്ടപ്പോൾ ശരിക്കും അമ്പരന്നു. ഞാൻ രവിസാറിനോട് ഇക്കാര്യം പറയുകയുമുണ്ടായി. അർഥം വിവരിച്ചു കൊടുത്തപ്പോൾ അദ്ദേഹത്തിനു കാര്യം മനസ്സിലായി. അതുകൊണ്ടുതന്നെ ഇത്തവണ എനിക്ക് ഇഷ്ടമുള്ളവരെകൊണ്ടു പാടിക്കാൻ സ്വാതന്ത്ര്യം നൽകിയിരുന്നു. അങ്ങനെയാണ് ഞാൻ അൻവറിനെയും വിപിനെയുമൊക്കെ വിളിച്ചത്.

 

എന്റെ പാട്ടുജീവിതം

 

2000ൽ നഗരവധു എന്ന സിനിമയിൽ ഒരു ഹിന്ദി പാട്ട് എഴുതിയാണ് ഞാൻ സിനിമയിലെ പാട്ടെഴുത്തിലേയ്ക്കു വരുന്നത്. പഠനകാലത്ത് എന്റെ ക്ലാസ്സിൽ എല്ലാ നാട്ടിലെയും വിദ്യാർഥികൾ ഉണ്ടായിരുന്നു. ഓരോരുത്തരോടും ഞാൻ അവരുടെ ഭാഷയിലായിരുന്നു സംസാരിച്ചിരുന്നത്. അതുകൊണ്ടു തന്നെ എനിക്ക് ഇംഗ്ലിഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, സംസ്കൃതം എന്നീ ഭാഷകൾ വശമുണ്ട്. ആദ്യഗാനം എഴുതിയപ്പോൾ അൽപം പേടി തോന്നിയിരുന്നു. പിന്നീട് അത് മാറി. പതിയെ ഭാഷകളോടുള്ള എന്റെ അകല്‍ച്ച ഇല്ലാതായി. 

 

സുരേഷ്‌ഗോപിയുടെ കളക്ടർ, മായകാഴ്ച എന്നീ രണ്ടു സിനിമകൾക്കു വേണ്ടി സംസ്കൃതത്തിൽ പാട്ടെഴുതിയിട്ടുണ്ട്. രാജൻ പി ദേവിന്റെ നാടകങ്ങൾക്കു ഞാൻ ആണ് പാട്ട് എഴുതിയിരുന്നത്. സഹോദരൻ സഹദേവൻ, മണിയറക്കള്ളൻ, അവൻ ചാണ്ടിയുടെ മകൻ തുടങ്ങിയ സിനിമകൾക്കു വേണ്ടിയും എഴുതി. ഡബ്ബിങ് സിനിമകളിലെ പാട്ടുകൾ മൊഴിമാറ്റുകയല്ല, മറിച്ച് കഥാസന്ദർഭങ്ങള്‍ക്കനുസരിച്ച് ലിപ്സിങ്ക് പോകാതെ പാട്ടെഴുതാനാണു ശ്രമിക്കുക. കെജിഎഫിലും അത്തരത്തിലാണ് പാട്ടുകളെഴുതിയത്. 'തൂഫാൻ' എന്ന പാട്ടിൽ ആ വാക്ക് മാത്രമേ എടുത്തിട്ടുള്ളൂ ബാക്കി എല്ലാം എന്റെ സ്വന്തം വരികളാണ്.

 

English Summary:  Interview with lyricist Sudhamsu

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT