ADVERTISEMENT

‘പാടം പൂത്ത കാലം’, ‘മെല്ലെ മെല്ലെ മുഖപടം’, ‘മേഘം പൂത്തുതുടങ്ങി’ തുടങ്ങി മനസ്സിനെ ഇന്നും കുളിരണിയിക്കുന്ന അനശ്വരഗാനങ്ങൾ ഉപയോഗിച്ച് ഭയപ്പെടുത്താൻ ആർക്കെങ്കിലും കഴിയുമോ? എന്നാൽ അതിനു കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് സൈജു കുറുപ്പ് നായകനായെത്തിയ ‘അന്താക്ഷരി’യുടെ സംവിധായകൻ വിപിൻ ദാസ്. ഒരു അന്താക്ഷരിയിൽ തുടങ്ങുന്ന ഈ ത്രില്ലർ സിനിമയുടെ കഥ പുരോഗമിക്കുന്നത് അന്താക്ഷരി പാടിപ്പാടിയാണ്.  ‘പാതിരാമഴയേതോ ഹംസഗീതം പാടി’, ‘പാടാം നമുക്ക് പാടാം’, ‘നീ എൻ സ്വർഗ്ഗ സൗന്ദര്യമേ’, ‘ദേവതാരു പൂത്തു’ തുടങ്ങി എൺപതുകൾ മുതലുള്ള ഹിറ്റ് ഗാനങ്ങളിൽ ഒട്ടുമിക്കവയും ഒന്നുകൂടി സിനിമയിൽ കേൾക്കാനുള്ള അവസരം ഈ സിനിമയിലൂടെ പ്രേക്ഷകർക്കു ലഭിക്കുകയാണ്. പാട്ടുകൾ പാടുന്നത് അഭിനേതാക്കൾ തന്നെയാണെന്നുള്ളതാണ് മറ്റൊരു പ്രത്യേകത. വിപരീതധ്രുവങ്ങളിൽ നിൽക്കുന്ന കാര്യങ്ങൾ സംഗമിപ്പിച്ച് സിനിമയുണ്ടാക്കുന്നതിൽ കഴിവ് തെളിയിച്ച വിപിൻ ദാസ്, തന്റെ പുതിയ ചിത്രത്തിലും ഏറെ മധുരമുള്ള ഗാനങ്ങളിലൂടെ പ്രേക്ഷകരെ അദ്ഭുതപ്പെടുത്തുന്നു. അന്താക്ഷരിയിലെ പാട്ടുവിശേഷങ്ങളുമായി വിപിൻ ദാസ് മനോരമ ഓൺലൈനിനൊപ്പം.

 

സിനിമയുടെ കഥപറയാൻ പാട്ടുകൾ ഉപയോഗിക്കാം എന്ന് തോന്നിയതിനു പിന്നിൽ? 

 

എനിക്ക് പാട്ട് ഒരുപാടിഷ്ടമാണ്. എഴുപതുകൾ മുതലുള്ള മലയാളം, തമിഴ്, ഹിന്ദി തുടങ്ങി ഇന്നലെ ഇറങ്ങിയ പാട്ടു വരെ പല ആവർത്തി ഞാൻ‍‍‍‍‍‍‍‍‍‍ ‍കേട്ടുകഴിഞ്ഞു. വരികളും അതിന്റെ അർഥവും നന്നായി ശ്രദ്ധിക്കാറുണ്ട്. പാട്ടുകേട്ടില്ലെങ്കിൽ ജീവിതം മുരടിച്ചുപോകും എന്നാണ് ഞാൻ കരുതുന്നത്. മുത്ത്ഗൗ എന്ന എന്റെ സിനിമയിൽ മനുഷ്യർക്ക് ഏറ്റവും ആസ്വാദ്യകരമായ ഒന്നായ ഉമ്മ വച്ച് ഒരു കൊല നടത്തുന്നതാണ് കാണിച്ചത്. അതുപോലെ ഏറ്റവും ഇഷ്ടപ്പെട്ട കാര്യം വച്ച് പേടിപ്പെടുത്തുക എന്നൊരു പുതിയ കൾച്ചർ കൊണ്ടുവരാനാണ് അന്താക്ഷരിയിൽ ശ്രമിച്ചത്. മുത്ത്ഗൗവിന്റെ ആദ്യ സീനിലും പഴയ പാട്ട് ഉൾപ്പെടുത്തിയിട്ടുണ്ട്. അന്ന് അങ്ങനെ ചെയ്തപ്പോൾ എല്ലാവരും അഭിനന്ദിച്ചിരുന്നു. എല്ലാ സിനിമയിലും പഴയ പാട്ടുകൾ ഒരു കഥാപാത്രമായി കൊണ്ടുവരുന്ന രീതിയാണ് ഞാൻ പിന്തുടരുന്നത്. 

 

സിനിമയുടെ കഥ എഴുതിയത് പാട്ടിലൂടെ! 

 

അന്താക്ഷരിയിൽ ഉപയോഗിച്ച പാട്ടുകൾ എല്ലാം ഞാൻ തന്നെ തിരഞ്ഞെടുത്തതാണ്. കഥ എഴുതിയപ്പോൾ ഓരോ സീനിലും ഏതു പാട്ട് വരും എന്ന് മനസ്സിൽ കണ്ട് അത് എഴുതി വയ്ക്കുകയായിരുന്നു. ആ പാട്ട് യൂട്യൂബിൽ പ്ലേ ചെയ്തു കേട്ടുകൊണ്ടാണ് സീനുകൾ എഴുതിയത്. അപ്പോൾ തന്നെ ആ രംഗം മനസ്സിൽ കാണാൻ കഴിയും. ക്ലൈമാക്സിൽ ഉള്ള രണ്ടു പാട്ടുകൾ മാത്രമാണ് അവസാനം ചേർത്തത്. പാട്ടുപാടി തോൽപ്പിച്ചാൽ നിങ്ങൾക്ക് എന്നെ കാണാൻ കഴിയും എന്ന് വില്ലൻ പറയുമ്പോൾ നായകൻ ആത്മവിശ്വാസത്തിലാണ്. കാരണം, അയാൾക്ക് പാട്ടുകൾ അത്രത്തോളം ഹൃദിസ്ഥമാണ്. നായകന് വില്ലനെ പാട്ടുപാടി തോൽപ്പിക്കാൻ കഴിയും എന്ന ആത്മവിശ്വാസമുണ്ട്. പക്ഷേ 'മ' എന്ന അക്ഷരം കൊടുത്തിട്ട് തിരിച്ച് വീണ്ടും തനിക്ക് 'മ' തന്നെ കിട്ടുമ്പോൾ നായകൻ പതറിപ്പോകുന്നുണ്ട്. ഒരക്ഷരം വച്ചൊരു പാട്ട് പാടിക്കഴിഞ്ഞാൽ നമുക്ക് ഉടനെ ആ അക്ഷരത്തിൽ തുടങ്ങുന്ന മറ്റൊരു പാട്ട് കണ്ടുപിടിക്കാൻ ബുദ്ധിമുട്ടായിരിക്കും. വിദഗ്ധനായ ആൾക്ക് മാത്രമേ വീണ്ടും ഒരേ അക്ഷരം വച്ച് പാട്ടുകൾ കണ്ടുപിടിക്കാൻ കഴിയൂ.  

 

 

ക്ലൈമാക്സിലെ അന്താക്ഷരി 

 

 

ക്ലൈമാക്‌സിൽ അന്താക്ഷരി ഉപയോഗിച്ചാൽ ശരിയാകുമോ എന്ന് ഒപ്പം ജോലി ചെയ്ത എല്ലാവർക്കും സംശയമുണ്ടായിരുന്നു. പക്ഷേ എനിക്ക് യാതൊരു സംശയവും തോന്നിയില്ല. പാട്ടുകളുടെ എണ്ണം കുറച്ചൂടെ എന്നു പലരും ചോദിച്ചു. പല താരങ്ങളോടും ആദ്യം കഥ പറഞ്ഞപ്പോൾ ക്ലൈമാക്‌സിലെ അന്താക്ഷരിയാണ് അവർക്കും അംഗീകാരിക്കാൻ ബുദ്ധിമുട്ട് തോന്നിയത്. സിനിമയുടെ പേര് ‘അന്താക്ഷരി’ എന്നായതുകൊണ്ട് പാട്ടുകൾ തിരുകിക്കയറ്റിയതല്ല, മറിച്ച് സിനിമ ഉണ്ടായതുതന്നെ അന്താക്ഷരി വച്ചിട്ടാണ്. ഇടയ്ക്ക് കുറച്ച് പാട്ടുകൾ ഒഴിവാക്കിയിരുന്നു. ആദ്യം എഴുതിയപ്പോൾ 35 പാട്ടുകൾ ഉണ്ടായിരുന്നു. നായകൻ ജീവിതത്തില്‍ പ്രതിസന്ധികൾ നേരിട്ടുകൊണ്ടിരുന്നപ്പോൾ തനിക്ക് ഏറെ പ്രിയപ്പെട്ട അന്താക്ഷരി അദ്ദേഹം കളിക്കുന്നില്ല. നായകന്റെയും വില്ലന്റെയും  മാനോനില വച്ചിട്ടാണ് ഓരോ പാട്ടും തിരഞ്ഞെടുത്തത്. നായകൻ പാടുന്ന പാട്ടുകൾ ‘വരുവാനില്ലാരുമീ’, ‘കരിമുകിൽ കാട്ടിലെ’ തുടങ്ങിയവ ഒരാളെ തേടുന്ന പാട്ടുകളാണ്. അപ്പുറത്തു നിൽക്കുന്നയാൾ പാടുന്നത് ‘പാടം പൂത്ത കാലം’, ‘മെല്ലെ മെല്ലെ മുഖപടം’, ‘മേഘം പൂത്തുതുടങ്ങി’ ഒക്കെയാണ്. നായകൻ തന്നെ പിന്തുടരുന്ന മുഹൂർത്തങ്ങൾ അയാൾ ഒരു ഉന്മാദാവസ്ഥയിൽ ആഘോഷിക്കുകയാണ്.

 

 

പാടിയത് താരങ്ങൾ

 

താരങ്ങൾ തന്നെ പാട്ടുകൾ പാടിയാൽ മതിയെന്ന് ഞാൻ കഥ പറഞ്ഞപ്പോൾ തന്നെ അവരോടു പറഞ്ഞിരുന്നു. പക്ഷേ പാടാൻ കഴിയുമോ അഭിനയിക്കുമ്പോൾ പാടിയാൽ ശരിയാകുമോ എന്നൊക്കെ അവർ സംശയിച്ചു. പാടുമ്പോൾ രാഗമോ താളമോ വേണ്ടെന്നും നിത്യ ജീവിതത്തിൽ എങ്ങനെ പാട്ടുകൾ മൂളുന്നോ അതുപോലെ മതിയെന്നും ഞാൻ അവരോടു പറഞ്ഞു. ഗായകരെക്കൊണ്ടു പാടിച്ചാൽ അന്താക്ഷരിയുടെ തനിമ നഷ്ടമാകും എന്നു തോന്നിയതുകൊണ്ടാണ് താരങ്ങളെക്കൊണ്ടു തന്നെ പാടിപ്പിക്കാൻ തീരുമാനിച്ചത്. എല്ലാവരും മികച്ച രീതിയിൽ പാടിയതായി തോന്നി. സന്തോഷം. 

 

 

പ്രതികരണങ്ങൾ ഹൃദ്യം

 

‘അന്താക്ഷരി’ പുതിയ അനുഭവം സമ്മാനിച്ചുവെന്നാണു ലഭിക്കുന്ന പ്രതികരണങ്ങളിൽ ഏറെയും. കേട്ടുപഴകിയ പാട്ടുകൾ സിനിമയിലൂടെ വീണ്ടും കേള്‍ക്കാനിടയായപ്പോൾ വേറിട്ട അനുഭവമാണ് ഉണ്ടായതെന്ന് പലരും പറഞ്ഞു. ഇനി ആ പാട്ടുകള്‍ കേട്ടാൽ ഈ സിനിമ ഓർമ വരുമെന്നാണ് ചിലർ പറഞ്ഞത്. പാട്ടുകളിലൂടെ എന്റെ സിനിമ ഓർമിക്കപ്പെടണം എന്നു തന്നെയാണ് ഞാനും ആഗ്രഹിച്ചത്. ത്രില്ലറിന് ഇത്തരത്തിൽ പുതിയൊരു കൾച്ചർ കൊടുത്തത് ആളുകൾ ഏറ്റെടുക്കുന്നതിൽ സന്തോഷമുണ്ട്. മലയാളത്തിലെ ഒട്ടുമിക്ക സംവിധായകരും സാങ്കേതിക വിദഗ്ധരും വിളിച്ച് നല്ല അഭിപ്രായം പറഞ്ഞു. എന്റെ ആറുവർഷത്തെ കഷ്ടപ്പാടിന് ഫലം കിട്ടി എന്നറിയുന്നതിൽ സന്തോഷം. പാട്ടുകളെ ഒരുപാടു സ്നേഹിക്കുന്ന എനിക്ക് എന്റെ സിനിമയിലൂടെ പാട്ടുകൾ ഇഷ്ടപ്പെടുന്ന മറ്റുള്ളവർക്ക് മധുരിതമായ ഒരു അനുഭവം കൂടി പകർന്നുകൊടുക്കാൻ കഴിഞ്ഞു എന്നറിയുന്നതിൽ സന്തോഷം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com