ADVERTISEMENT

മലയാള കുറ്റാന്വേഷണ സിനിമകളിലെ എക്കാലത്തെയും മികച്ച സിബിഐയുടെ അഞ്ചാംപതിപ്പ് ‘സിബിഐ ദ് ബ്രെയിൻ’ മേയ് 1ന് തിയറ്ററുകളിൽ എത്തുകയാണ്. സിബിഐ സീരീസ് ചിത്രങ്ങളെക്കുറിച്ചോർക്കുമ്പോൾ കൈകൾ പിന്നിൽ കെട്ടി നടന്നുവരുന്ന മമ്മൂട്ടിയെ ആയിരിക്കും പ്രേക്ഷകർക്ക് ആദ്യം ഓർമ വരിക. നടത്തത്തിനൊപ്പമുള്ള ഈണം കേട്ടവരാരും മറക്കാനിടയില്ല. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് സംഗീതജ്ഞൻ ശ്യാം കീബോർഡിൽ വായിച്ച ആ താളം സിബിഐ സിനിമകൾക്കൊപ്പം മലയാളികൾ അത്രമേൽ ആഘോഷമാക്കിയതാണ്. കഴിഞ്ഞ നാല് പതിപ്പുകൾക്കും സംഗീതമൊരുക്കിയ ശ്യാം ഇക്കുറി സിബിഐ ടീമിനൊപ്പമില്ല. പകരം പുതുതലമുറയിലെ ‘ത്രില്ലർ സംഗീതജ്ഞൻ’ ജേക്സ് ബിജോയ് എത്തുന്നു. പ്രേക്ഷകമനം കവർന്ന സിബിഐ ബിജിഎമ്മിന്റെ ആത്മാവിനെ തൊടാൻ തനിക്കു ധൈര്യമില്ലെന്ന് ജേക്സ് പറയുന്നു. ശ്യാമിന്റെ അനുഗ്രഹത്തോടെ ചിത്രത്തിന് ഈണമൊരുക്കിയ അദ്ദേഹം, പ്രേക്ഷകർക്കായി ചില സർപ്രൈസുകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ട്. അയ്യപ്പനും കോശിയും, ഓപ്പറേഷൻ ജാവ, കുരുതി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കു സംഗീതം പകർന്ന ജേക്സ് ജനഗണമന, പുഴു, വിലായത്ത് ബുദ്ധ, എലോൺ എന്നീ ചിത്രങ്ങളുടെയും ഭാഗമായിക്കഴിഞ്ഞു. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിബിഐ ദ് ബ്രയിനിന്റെ സംഗീത വിശേഷങ്ങളുമായി ജേക്സ് ബിജോയ് മനോരമ ഓൺലൈനിനൊപ്പം. 

 

സിബിഐയുടെ ഭാഗമായതിന്റെ ത്രില്ലിൽ! 

 

സിബിഐയുടെ ഭാഗമായതിന്റെ ത്രില്ലിലാണ് ഞാൻ. ഇങ്ങനെയൊരു അവസരം കിട്ടിയത് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല. മലയാളത്തിന്റെ ഐകോണിക്ക് തീം മ്യൂസിക് ആണ് സിബിഐ സീരിസിന്റേത്. ശ്യാം സർ അത്രയും മികച്ച രീതിയിൽ ചെയ്തുവച്ച ഒന്ന്. സിബിഐയുടെ ഭാഗമാകാൻ അവസരം ലഭിച്ചത് എന്റെ കരിയറിലെ ഏറ്റവും വലിയ നാഴികക്കല്ലായി കരുതുന്നു. സംവിധായകനും തിരക്കഥാകൃത്തും നായകനും ഒരു സിനിമയുടെ അഞ്ചു ഭാഗങ്ങളിൽ ഒരുമിക്കുന്നു എന്നുള്ളത് ലോക റെക്കോർഡ് ആകാൻ പോകുന്ന കാര്യമാണ്. ചരിത്രമാകാൻ പോകുന്ന ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്‌. ഈ സംഗീതത്തിന്റെ ക്രെഡിറ്റ് എടുക്കാൻ ഞാൻ ആരുമല്ല. ശ്യാം സർ ചെയ്‌തുവച്ചതിന്റെ ബാക്കി ഞാൻ ചെയ്യുന്നുവെന്നു മാത്രം. എന്റെ ശൈലി കൂടി ഉൾപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെങ്കിലും സിബിഐയുടെ ആത്മാവ് അതേപടി നിലനിർത്തിയിട്ടുണ്ട്.

 

ട്രെൻഡ് സെറ്റർ ആയ സിനിമയുടെ പുതിയ പതിപ്പിന് സംഗീതം ഒരുക്കുകയെന്നത് എത്രത്തോളം വെല്ലുവിളി ആയിരുന്നു?   

 

ജനങ്ങളുടെ മനസ്സിൽ കടന്നുകൂടിയ ഒരു ട്യൂണിന് പുതിയ പതിപ്പ് ഒരുക്കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. ആ ട്യൂണിൽ ഞാൻ എന്ത് ചെയ്താലും വിമർശനം ഉണ്ടാകും എന്നു നേരത്തേ പ്രതീക്ഷിച്ചതാണ്. മമ്മൂക്കയോടൊപ്പമുള്ള ആദ്യ ചിത്രമാണിത്. സിബിഐയിൽ അവസരം കിട്ടുകയെന്നത് സ്വപ്നം കാണാൻ മാത്രം കഴിയുന്ന കാര്യമാണ്. അതുകൊണ്ട് ആ വെല്ലുവിളി ഞാൻ ഏറ്റെടുത്തു. കഴിയുംവിധത്തിൽ കുറ്റമറ്റതാക്കാൻ ശ്രമിച്ചിട്ടുണ്ട്.

 

ശ്യാം സാറിന്റെ അനുഗ്രഹത്തോടെ തുടക്കം 

 

ഈ സിനിമയ്ക്കായി സംഗീതം ഒരുക്കുന്നതിനു മുൻപ് തന്നെ ശ്യാം സാറിനെ പോയി കണ്ട് അനുഗ്രഹം വാങ്ങിയിരുന്നു. എൺപതുകളിൽ എല്ലാവരുടെയും ഹൃദയങ്ങളിലേയ്ക്ക് ഒഴുകിനിറഞ്ഞ സ്‌കോറുകൾ ചെയ്തയാളാണ് അദ്ദേഹം. അഗാധമായ അറിവുള്ള, വളരെ ചിട്ടയായി സംഗീതത്തെ ഉപാസിച്ചുപോരുന്ന, ഒരുപാട് സംഗീതജ്ഞരുടെ ഗുരുസ്ഥാനീയനായ ആൾ. നേരിൽ കണ്ടപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞത് എത്ര പ്രായമായാലും സംഗീതം കൈവിടരുത്, സംഗീതത്തോട് പൂർണ്ണമായി നീതിപുലർത്തണം എന്നാണ്. എല്ലാവരോടും നന്ദിയും കടപ്പാടും എപ്പോഴും ഉണ്ടാകണം എന്നും അദ്ദേഹം സ്നേഹോപദേശം നൽകി.

 

തൃപ്തിപ്പെടുത്തുന്ന ഈണം

 

ശ്യാം സാറിന്റെ ട്യൂണിൽ നിന്ന് ഒരുപാടു മാറ്റങ്ങളൊന്നും ഞാൻ വരുത്തിയിട്ടില്ല. ടൈറ്റിൽ മ്യൂസിക്കിൽ ചെറിയൊരു സർപ്രൈസ് ഉണ്ട്. സിബിഐയിലെ സംഗീതത്തിന്റെ ഗൃഹാതുരത അത്രയും ശക്തമായതുകൊണ്ടു ട്യൂൺ അതേപോലെ തന്നെ കാത്തുസൂക്ഷിച്ചുകൊണ്ട് ഇന്നത്തെ പുതിയ സാങ്കേതിക വിദ്യകളും ചേർത്തിണക്കിയാണ് സംഗീതം ചെയ്തത്. ആ ട്യൂണിൽ എന്തെങ്കിലും മാറ്റം വരുത്തിയാൽ കല്ലുകടിക്കും. ജെയിംസ് ബോണ്ടിന്റെ സിനിമകളിലെ സംഗീതം അതേപടി നിലനിർത്തിയില്ലെങ്കിൽ ആളുകൾക്ക് ഇഷ്ടപ്പെടില്ല എന്നതുപോലെയാണ് ഇതും. ട്യൂണിനെ മാറ്റിമറിക്കേണ്ട കാര്യമില്ല എന്നാണ് എന്റെ വിശ്വാസം.  

 

മമ്മൂക്കയ്ക്ക് ഇഷ്ടമായി 

 

മമ്മൂക്കയെ നേരിൽ കാണാനും സംഗീതം കേൾപ്പിക്കാനും സാധിച്ചു. പാട്ടു കേട്ടപ്പോൾതന്നെ അദ്ദേഹത്തിന് ഇഷ്ടമായി. ഏതാനും ചില നിർദ്ദേശങ്ങൾ അദ്ദേഹം മുന്നോട്ടുവച്ചു. അതൊക്കെ വളരെ മികച്ചവയായിരുന്നു. നിർദ്ദേശങ്ങൾക്കനുസരിച്ച് സംഗീതത്തിൽ മാറ്റം വരുത്തിയിട്ടുമുണ്ട്.

 

എന്തുകൊണ്ട് ഞാൻ?!

 

സിബിഐയിലേക്ക് വിളിച്ചപ്പോൾ എന്തുകൊണ്ട് ഞാൻ എന്ന് എന്റെ മനസ്സിൽ തോന്നി. ആരോടും ഇക്കാര്യം ചോദിച്ചില്ലെങ്കിലും മധു സർ തന്നെ പിന്നീട് അതിനുള്ള ഉത്തരം എനിക്കു പറഞ്ഞു തന്നു. ഞാൻ സംഗീതം ചെയ്ത അയ്യപ്പനും കോശിയും, ധ്രുവങ്ങൾ പതിനാറ് തുടങ്ങിയ ചില സിനിമകൾ അദ്ദേഹം കണ്ടിരുന്നു. അവ ഇഷ്ടമാവുകയും ചെയ്തു. അങ്ങനെയാണ് സിബിഐയിലേയ്ക്ക് എന്നെ വിളിക്കാൻ അവർ തീരുമാനിച്ചത്. സ്വാമി സാറിന്റെ മകന്‍ എന്നെ ശുപാർശ ചെയ്യുകയുമുണ്ടായി. ചിത്രത്തിനു വേണ്ടി വളരെ സമ്മർദ്ദത്തിലിരുന്ന് ഞാൻ ജോലി ചെയ്യുമ്പോഴൊക്കെ മധു സാറും സ്വാമി സാറും എന്റെയടുത്തിരുന്ന് തമാശകളും പഴയ കഥകളും പറഞ്ഞ് മനസ്സ് ശാന്തമാക്കും. ഒരു കുടുംബത്തിൽ ചെന്ന് ചേർന്നതുപോലെയായിരുന്നു അവരോടൊപ്പമുള്ള നിമിഷങ്ങൾ. വളരെ മികച്ച അനുഭവങ്ങൾ. അവരിൽ നിന്ന് ഒരുപാടു കാര്യങ്ങൾ പഠിക്കാൻ സാധിച്ചു. 

 

ചെയ്തതിനോട് നീതി പുലർത്തി മുന്നോട്ട് പോകണം 

 

സിബിഐ ഉൾപ്പടെ ഒരുപാടു നല്ല സിനിമകൾ ഇപ്പോൾ എന്നെത്തേടി എത്തിയിട്ടുണ്ട്. ഏതാണ് കരിയറിലെ ബെസ്റ്റ് എന്ന് പറയാൻ പറ്റില്ല. ചെയ്ത വർക്കിനോടു നീതി പുലർത്തി അടുത്തത് അതിലും മെച്ചപ്പെടുത്തി ചെയ്യണമെന്നാണ് ആഗ്രഹം. സിബിഐയിൽ വർക്ക് ചെയ്യാൻ കഴിഞ്ഞത് കരിയറിൽ ഒരു മുതൽക്കൂട്ടാകും. ദൈവാനുഗ്രഹവും മാതാപിതാക്കളുടെ പ്രാർത്ഥനയും ഒപ്പമുള്ളവരുടെ ആത്മാർഥതയും എന്റെ കഠിനാധ്വാനവും കൊണ്ട് കുറെയേറെ നല്ല ചിത്രങ്ങൾക്കു പാട്ടുകൾ ചെയ്യാൻ അവസരങ്ങൾ കിട്ടിയിട്ടുണ്ട്. കഴിവിന്റെ പരമാവധി നന്നായി ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്. ഇപ്പോൾ സിനിമകളിൽ സൗണ്ടിങ്ങിൽ വളരെ ശ്രദ്ധ ചെലുത്തുന്നുണ്ട്. സൗണ്ടിങ് കൊണ്ട് സിനിമകളുടെ തലവരെ തന്നെ മാറുന്നു. ഈണങ്ങൾ ചിട്ടപ്പെടുത്താനിരിക്കുമ്പോൾ എനിക്കൊരു സ്ഥിരം രീതിയുണ്ട്. അതു പിന്തുടർന്നാണ് മുന്നോട്ടു പോകുന്നത്. സിബിഐ ചെയ്തപ്പോൾ കൂടുതൽ ശ്രദ്ധയോടെയാണു ചെയ്തത്.

 

സീരീസ് സിനിമകളിൽ ആദ്യം 

 

ഞാൻ സീരീസ് സിനിമകളുടെ ഭാഗമാകുന്നത് ആദ്യമാണ്. അത് സിബിഐ ആയതിൽ വളരെയേറെ സന്തോഷിക്കുന്നു. എന്നെ ഇത് ചെയ്യാൻ അനുവദിച്ചതിനു ശ്യാം സാറിനോട് ഒരുപാടു നന്ദിയുണ്ട്. ഈ പ്രോജക്ടിന്റെ ഭാഗമാക്കിയ മധു സാറിനോടും മമ്മൂക്കയോടും സ്വാമി സാറിനോടും എന്റെ നന്ദി അറിയിക്കുകയാണ്. പ്രേക്ഷകർ ചിത്രം തിയറ്ററിൽ പോയി കണ്ട് അഭിപ്രായങ്ങൾ അറിയിക്കണം. 

 

കൈനിറയെ ചിത്രങ്ങൾ 

 

ജോഷി സാറിന്റെ ‘പാപ്പൻ’ എന്ന ചിത്രത്തിനു വേണ്ടി ഞാൻ ആണ് സംഗീതമൊരുക്കുന്നത്. ഷാജി കൈലാസും പൃഥ്വിരാജും ഒരുമിക്കുന്ന ‘കടുവ’യാണ് മറ്റൊരു ചിത്രം. രണ്ടും ഗംഭീര പ്രോജക്ടുകളാണ്. ഞങ്ങൾ കുറച്ചു സുഹൃത്തുക്കൾ ഒത്തുചേർന്നു സ്വന്തം നിർമ്മാണത്തിൽ ‘കുമാരി’ എന്ന പേരിൽ ഒരു സിനിമ ചെയ്യുന്നുണ്ട്. ഐശ്വര്യ ലക്ഷ്മി ആണ് നായിക. ലാലേട്ടന്റെ (മോഹൻലാൽ) എലോൺ, പൃഥ്വിരാജിന്റെ വിലായത്ത് ബുദ്ധ, സെന്ന ഹെഗ്‌ഡെയുടെ പദ്മിനി തുടങ്ങി കുറച്ചു സിനിമകൾ കൂടിയുണ്ട്. സിനിമാ മേഖല നല്ല രീതിയിലാണ് ഇപ്പോൾ പോകുന്നത് എന്ന് തോന്നുന്നു. പ്രേക്ഷകരുടെ മനമറിഞ്ഞു സിനിമ ചെയ്യുന്നവർ ഒരുപാടുണ്ട് ഇപ്പോൾ. ഇനിയും മഹാമാരിയൊന്നും ബാധിക്കാതെ ഇതുപോലെ പോകട്ടെ എന്നാണു പ്രാർത്ഥന.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com