ADVERTISEMENT

ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ‘ജനഗണമന’ കണ്ടിറങ്ങുന്ന പ്രേക്ഷകരെ വിടാതെ പിന്തുടരുന്ന ഒരു ഗാനമുണ്ട്. സിനിമയുടെ നിർണായകമായ ഒരു ഘട്ടത്തിൽ വന്നു പിടിച്ചുലയ്ക്കുന്ന 'ആളും തീ' എന്ന ഗാനം. സിനിമ കണ്ട് വീട്ടിലെത്തിയാലും ആ പാട്ട് പ്രേക്ഷകരെ വിട്ടൊഴിയില്ല. തിരുവനന്തപുരം സ്വദേശി അഖിൽ ജെ.ചന്ദ് ആണ് പ്രേക്ഷകർ ആവേശത്തോടെ സ്വീകരിച്ച ആ പാട്ടിന് ശബ്ദമായത്. സിനിമയിൽ ആദ്യമായിട്ടാണ് പാടുന്നതെങ്കിലും അഖിൽ സംഗീതം കരിയറായി സ്വീകരിച്ചിട്ട് 15 വർഷത്തോളമായി. കമുകറ പുരുഷോത്തമൻ മുതൽ എം.ജി രാധാകൃഷ്ണൻ, ജോൺസൺ മാസ്റ്റർ, ഗിത്താറിസ്റ്റ് ജോൺ ആന്തണി എന്നിവരുടെ പ്രിയശിഷ്യനായിരുന്ന അഖിലിന് സംഗീതം തന്നെയാണ് വഴിയും ജീവിതവും. സിനിമയിലെ ആദ്യ ഗാനത്തിന്റെ വിശേഷങ്ങളുമായി അഖിൽ ജെ.ചന്ദ് മനോരമ ഓൺലൈനിൽ. 

 

ഇത് കരിയറിലെ പുതിയ ഘട്ടം

 

ഒരു മുഴുനീളഗാനം സിനിമയിൽ ആദ്യമായി പാടുന്നത് ജനഗണമനയ്ക്കു വേണ്ടിയാണ്. ആ പാട്ട് കേറി ക്ലിക്കായി. ഈ അവസരം നൽകിയതിന് എല്ലാവരോടും നന്ദി. എന്റെ ജീവിതത്തിലെ നാഴികക്കല്ലുകളിൽ ഒന്നാണിത്. ഇത്രയും ഗംഭീര സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതു തന്നെ വലിയ സന്തോഷം. പലർക്കും ഈ പാട്ട് ആരാണ് പാടിയതെന്ന് അറിയില്ല. പക്ഷേ, അവർക്ക് പാട്ട് ഇഷ്ടമായിക്കാണും. ഞാൻ സമൂഹമാധ്യമങ്ങളിൽ സജീവമല്ല. പഠിച്ചിരുന്ന കാലത്ത് ടെലിവിഷൻ റിയാലിറ്റി ഷോകളിൽ പങ്കെടുത്തിട്ടുണ്ട്. ആ സമയത്ത് എന്നെ ആളുകൾ തിരിച്ചറിയുമായിരുന്നു. അതിനുശേഷം ‍എല്ലായിടങ്ങളിലും നിന്നും ഞാൻ ഒതുങ്ങി മാറി. പൂർണശ്രദ്ധ സംഗീത പരിശീലനത്തിലായി. എന്തായാലും ആദ്യഗാനം തന്നെ പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷമുണ്ട്. വേറിട്ടൊരു ശബ്ദമാണെന്നാണ് പലരും കമന്റ് ചെയ്തത്. സിനിമ കണ്ടതിനു ശേഷം ആ പാട്ട് ആവർത്തിച്ചു കേൾക്കുന്നവരുണ്ട്.  

 

നാലു വരികൾ പാടി സിനിമയില്‍ അരങ്ങേറ്റം

 

പശ്ചാത്തലസംഗീതത്തിന്റെ ഭാഗമായി പല സിനിമകളിലും പാടിയിട്ടുണ്ട്. ഗൗരവമായി പ്ലേബാക്ക് ചെയ്യണമെന്ന് തീരുമാനിച്ചിരിക്കുന്ന സമയത്ത് ഒരു നാലുവരി പാടിയിട്ടുണ്ട്. ആറാട്ടിനു വേണ്ടി. അത് യാദൃച്ഛികമായി സംഭവിച്ചതാണ്. വേറൊരു വർക്കിനു വേണ്ടി ഞാനും എന്റെ സുഹൃത്തും ഗായകനുമായ അർജുനും കൂടി കൊച്ചിയിലെ മൈ സ്റ്റുഡിയോയിൽ വന്നതായിരുന്നു. ആ സമയം, അർജുൻ സംഗീതസംവിധായകൻ രാഹുൽ രാജിനെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ ഞങ്ങൾ സ്റ്റുഡിയോയിൽ എത്തിയ വിവരം പറഞ്ഞു. ആറാട്ടിന്റെ പശ്ചാത്തലസംഗീതത്തിൽ ഉപയോഗിക്കാൻ ഒരു പാട്ടിന്റെ നാലു വരികൾ അഖിലിനെ കൊണ്ട് പാടിപ്പിക്കാമോ എന്ന് രാഹുൽ രാജ് ചോദിച്ചു. സ്റ്റുഡിയോയിൽ സൗണ്ട് എൻജിനീയർ ഉണ്ടെന്നും അദ്ദേഹത്തോട് പറഞ്ഞാൽ മതിയെന്നുമായിരുന്നു രാഹുലിന്റെ നിർദേശം. അങ്ങനെ ഞാൻ സ്റ്റുഡിയോയുടെ വോയ്സ് ബൂത്തിൽ കേറി ഹെഡ്സെറ്റ് വച്ച്, പാടേണ്ട പാട്ടിന്റെ വരികൾ കേട്ടു. എന്റെ ഗുരുനാഥൻ എം.ജി രാധാകൃഷ്ണൻ സാറിന്റെ ശബ്ദത്തിൽ ആ പാട്ട് എന്നിലേക്ക് ഒഴുകിയെത്തി. 'വന്ദേ മുകുന്ദ ഹരേ'.... ആറാട്ടിൽ മോഹൻലാൽ ആ തറവാട്ടിൽ എത്തുമ്പോൾ പശ്ചാത്തലത്തിൽ ഈ വരികൾ കേൾക്കാം. അതിനുവേണ്ടിയാണ് എന്നോടു പാടാൻ പറഞ്ഞത്. ആ നിമിഷത്തെ വിവരിക്കാൻ എനിക്ക് വാക്കുകളില്ല. എം.ജി രാധാകൃഷ്ണൻ സർ എന്റെ കൈ പിടിച്ച് എന്നെ പാട്ടിലേക്കു കൊണ്ടു വരുന്ന ഫീല്‍ ആയിരുന്നു അപ്പോൾ. ചലച്ചിത്രപിന്നണിഗാനരംഗത്തെ എന്റെ തുടക്കമായി കാണുന്നത് ആ വരികളാണ്. 

 

സംഗീതത്തിൽ അടിത്തറ നൽകിയ ഗുരുക്കന്മാർ

 

സംഗീതപഠനം ആരംഭിച്ചത് ഏഴാം വയസ്സിലായിരുന്നു. ചലച്ചിത്രപിന്നണി ഗായകനായിരുന്ന കമുകറ പുരോഷത്തമൻ സാറാണ് ആദ്യഗുരു. അപ്പൂപ്പൻ എന്നായിരുന്നു ഞാൻ അദ്ദേഹത്തെ വിളിച്ചിരുന്നത്. പിന്നീട് അദ്ദേഹത്തിന്റെ മകൾ ശ്രീരേഖ ടീച്ചറുടെ അടുത്തായി പഠനം. ശാസ്ത്രീയ സംഗീതത്തിന്റെ അടിത്തറ എന്നിൽ ഉറപ്പിച്ചത് അർച്ചന അശോക് എന്ന ടീച്ചറാണ്. ഞാൻ അന്ന് നന്നേ കുഞ്ഞ‍‍‍‍‍‍‍ല്ലേ... വിറളി പിടിച്ചു നടക്കുന്ന പ്രായം. ടീച്ചർ എന്നെ പിടിച്ചിരുത്തി ക്ഷമയോടെ പഠിപ്പിക്കുമായിരുന്നു. അന്ന് പഠിച്ചതിന്റെ മൂല്യം പിന്നീടാണ് ഞാൻ തിരിച്ചറിഞ്ഞത്. എൻജീനിയറിങ് കഴിഞ്ഞാണ് ഞാൻ സംഗീതത്തെ ഗൗരവമായി സമീപിച്ചത്. പഠിച്ചുകൊണ്ടിരുന്നപ്പോൾ ടെലിവിഷൻ റിയാലിറ്റി ഷോകളിൽ സജീവമായിരുന്നു. ഈയൊരു യാത്രയിൽ ഒരുപാട് നല്ല ഗുരുക്കന്മാരെ ലഭിച്ചു. എം.ജി രാധാകൃഷ്ണൻ സർ, ജോൺസൺ മാഷ് എന്നിവരുടെ ശിഷ്യത്വം സ്വീകരിക്കാൻ കഴിഞ്ഞു. എം.ജി രാധാകൃഷ്ണൻ സാറിനൊപ്പം ഏഴു വർഷമുണ്ടായിരുന്നു. രാധാകൃഷ്ണൻ സാറിന്റെ ഒരു സാമീപ്യം കരിയറിലുടനീളം എനിക്ക് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.  

 

ജീവിതം വഴിതിരിച്ചു വിട്ട 'കർണാട്രിക്സ്' 

 

പാട്ട് കരിയറായി തിരഞ്ഞെടുത്തിട്ട് 15 വർഷത്തോളമായി. രാജ്യാന്തരതലത്തിൽ പേരെടുത്ത ജോൺ ആന്തണിയുടെ 'കർണാട്രിക്സ്' ബാൻഡിൽ ഗായകനായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രഗത്ഭനായ ഗിത്താറിസ്റ്റായിരുന്നു ജോൺ ആന്റണി. എ.ആർ റഹ്മാന്റെയൊക്കെ മെന്റർ. ഇന്ത്യൻ രാഗങ്ങളും ജാസും ബ്ലെൻഡ് ചെയ്തുകൊണ്ടുള്ള സമീപനമായിരുന്നു കർണാട്രിക്സിൽ. അദ്ദേഹത്തിനൊപ്പം ഇന്ത്യയിലും വിദേശത്തും ധാരാളം ലൈവ് ഷോകൾ ചെയ്തിട്ടുണ്ട്. അവയോട് ഭ്രാന്തമായ ആവേശമായിരുന്നു എനിക്ക്. ആ സമയത്തൊന്നും സിനിമയിൽ പിന്നണി ഗായകനാകണമെന്ന ചിന്ത പോലും തലയിലുണ്ടായിരുന്നില്ല. ഒരു സംഗീതജ്ഞൻ എന്ന നിലയിൽ ഒരുപാട് കാര്യങ്ങൾ പഠിക്കാൻ ആ കാലഘട്ടത്തിൽ സാധിച്ചു. വിഖ്യാതരായ വിദേശ സംഗീതജ്ഞരെ പരിചയപ്പെടാനും അവർക്കൊപ്പം സഹകരിക്കാനും സാധിച്ചു. എന്റെ കരിയറിലെ വളരെ സുപ്രധാനമായ കാലഘട്ടമായിരുന്നു അത്. 

 

പിടിച്ചുലച്ച ആ വേർപാട്

 

ഹൃദയാഘാതത്തെത്തുടർന്ന് 2019ലാണ് ജോണി ചേട്ടൻ അന്തരിച്ചത്. അതിനു ശേഷം ഞാൻ മറ്റൊരു ബാൻഡിലും ചേർന്നില്ല. ഒരു വർഷത്തേക്ക് സംഗീതം പൂർണമായും നിറുത്തി വച്ചു. പിന്നീട് കോവിഡും. ലോക്ഡൗണും. സ്റ്റേജ് ഷോകൾ ഇല്ല. റിഹേഴ്സലുകൾ ഇല്ല. എല്ലാവരും പലയിടങ്ങളിൽ. ആ സമയത്ത് ഗായകനായ മുഹമ്മദ് മക്ബൂൽ മൻസൂർ (എന്ന് നിന്റെ മൊയ്തീൻ ഫെയിം) ഇടയ്ക്ക് വിളിക്കും. അദ്ദേഹം എനിക്ക് അർജുൻ ശശി എന്ന ഗായകനെ പരിചയപ്പെടുത്തി. ‍അന്ന് ഞാൻ തിരുവനന്തപുരത്ത്, മക്ബൂൽ എറണാകുളത്ത്, അർജുൻ ദുബായിലും. ഗ്രൂപ്പ് വിഡിയോ കോൾ ചെയ്യുകയായിരുന്നു ആ സമയത്തെ ഞങ്ങളുടെ പ്രധാന പരിപാടി. ഓരോ വിഡിയോ കോളിലും സംഗീത ചർച്ചകളായിരുന്നു. പിന്നീട് അത് മ്യൂസിക് സെഷൻസിനു വഴി മാറി. ആ ഗ്രൂപ്പിലേക്ക് പുതിയ സുഹൃത്തുക്കൾ വന്നു തുടങ്ങി. ജേക്സ് ബിജോയ്, രാഹുൽ രാജ്, ആദിൽ ഇബ്രാഹിം, അശ്വിൻ കുമാർ, നരേശ് അയ്യർ, പ്രദീപ് കുമാർ അങ്ങനെ നിരവധി പേർ. അതിനിടെ ഞാനും മക്ബൂലും അർജുനും രമ്യ നമ്പീശനും രാഹുലും ചേർന്ന് ‘ഫ്ലൈ വിത്ത് മി’ എന്നൊരു സംഗീത ആൽബം ചെയ്തു. അതു വലിയ ഊർജം നൽകി. 

 

പാടിയത് ട്രാക്കാണെന്ന് കരുതി

 

ജനഗണമനയുടെ എഡിറ്റർ ശ്രീജിത് സാരംഗ് എന്റെ സുഹൃത്താണ്. ശ്രീജിത്തും അർജുനും കൂടിയാണ് എന്നെ ജേക്സിന് പരിചയപ്പെടുത്തുന്നത്. 2022ൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന് ഞാൻ ജേക്സിന്റെ ടീമിൽ സപ്പോർട്ടിങ് മ്യൂസിഷ്യനായി ചേർന്നു. ഞങ്ങൾ സുഹൃത്തുക്കൾ കൂടിയായതിനാൽ ഒരുമിച്ച് വർക്ക് ചെയ്യുന്നത് കൂടുതൽ ആസ്വാദ്യകരമാണ്. ആയിടയ്ക്ക് ഞാനൊന്നു നാട്ടിൽ പോയി. തിരുവനന്തപുരം. അപ്പോൾ എനിക്ക് ജേക്സിന്റെ ഒരു കോൾ. പെട്ടെന്ന് എറണാകുളം വരണം. പുതിയൊരു പ്രൊജക്ട് ഉണ്ടെന്ന് പറഞ്ഞ‍‍‍‍‍‍ു. എറണാകുളത്ത് വന്നപ്പോൾ അദ്ദേഹം ഒരു ട്രാക്ക് റെഡിയാക്കി വച്ചിട്ടുണ്ട്. അത് പാടാൻ ആവശ്യപ്പെട്ടു. ആളും തീ എന്നു തുടങ്ങുന്ന ട്രാക്കായിരുന്നു അത്. സിനിമയിൽ മറ്റൊരു ഗായകനാകും അതു പാടുക എന്നായിരുന്നു ഞാൻ കരുതിയത്. പക്ഷേ, ആ പാട്ട് തന്നെ സിനിമയിൽ ഉപയോഗിച്ചു. ആ പാട്ട് അവർ എനിക്കു വേണ്ടി തന്നെ ഒരുക്കിയതായിരുന്നുവെന്ന് പിന്നീടാണ് ഞാൻ അറിഞ്ഞത്. 

 

ജേക്സ് എന്ന സുഹൃത്തും സംഗീതജ്ഞനും

 

ഞാനൊരുപാട് സംഗീതജ്ഞരെ കണ്ടിട്ടുണ്ട്. ജേക്സ് ബിജോയിക്കൊപ്പം വർക്ക് ചെയ്തപ്പോൾ അനുഭവപ്പെട്ട ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല. സിനിമയിലെ ഓരോ കഥാപാത്രത്ത‌േയും ജേക്സ് ഉൾക്കൊള്ളുന്നത് ആരെയും അദ്ഭുതപ്പെടുത്തും. ഓരോ സീനും സീക്വൻസും അദ്ദേഹം ചെയ്യുന്നതു കണ്ടിരിക്കാൻ തന്നെ രസമാണ്. പശ്ചാത്തല സംഗീതം ചെയ്യുമ്പോൾ ആ സിനിമയുടെ സ്പേസിലേക്ക് അദ്ദേഹം പൂർണമായും ഇറങ്ങിച്ചെല്ലും. സമ്പൂർണ സമർപ്പണം എന്നൊക്കെ പറയില്ലേ? ആ സമയത്ത് വരുന്നതെല്ലാം അതുപോലെ ചെയ്തു പോകും. പിന്നീടാണ് തിരുത്തലുകൾ വരുന്നത്. വർക്ക് ചെയ്യുമ്പോൾ എല്ലാവരും ഒരു മേൽക്കൂരയ്ക്കു താഴെ ഒരുമിച്ചിരുന്നാൽ എല്ലാവർക്കും ഒരേ ആവേശമാണ്. നാലു സ്ഥലത്തിലിരുന്ന് സ്കോർ ചെയ്യുകയാണെങ്കിൽ ആ കണക്‌ഷൻ നഷ്ടമാകും. ഇവിടെ അങ്ങനെ അല്ല. ജേക്സിനൊപ്പമുള്ള ഓരോ സംഗീതജ്ഞനും അദ്ദേഹവുമായി അത്രയും കണക്ടഡ് ആണ്. എന്താണ് ചെയ്യേണ്ടതെന്ന് ജേക്സ് സ്കെച്ച് ചെയ്തു കൊടുക്കും. അതിനിടയിൽ വാദപ്രതിവാദങ്ങളും നടക്കും. അതു പക്ഷേ വഴക്ക് അല്ല. വളരെ ആരോഗ്യപരമായ സംവാദമാണ്. 

 

സംഗീതമാണെന്റെ ചിറകുകൾ

 

തിരുവനന്തപുരമാണ് സ്വദേശം. വീട്ടിൽ അച്ഛൻ, അമ്മ, അനുജൻ എന്നിവരെല്ലാമുണ്ട്. ജനഗണമന എന്ന സിനിമയും അതിലെ പാട്ടും ജീവിതത്തിലെ മറ്റൊരു ഘട്ടത്തിന്റെ തുടക്കമായി കാണാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത്രകാലത്തെ എന്റെ അനുഭവസമ്പത്ത് ഇവിടെ എനിക്ക് ഗുണം ചെയ്യും. സത്യത്തിൽ, എനിക്ക് മുമ്പിൽ തുറക്കുന്ന വഴികളിലൂടെ ഞാൻ നടക്കുകയാണ്. വരുന്നതെല്ലാം സർപ്രൈസ് ആയി എടുക്കാനാണ് ഇഷ്ടം. ഒന്നുറപ്പാണ്. എനിക്കൊപ്പം സംഗീതമുണ്ടാകും. പറക്കാൻ ചിറകുകൾ വേണ്ടേ? എന്റെ ചിറകുകൾ സംഗീതമാണ്. സംഗീതത്തിലാണ് ഞാൻ എന്നെ കണ്ടെത്തുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com