ADVERTISEMENT

മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ടിൽ പിറന്ന മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെട്ട ട്വൽത് മാൻ ഹിറ്റിലേക്ക് കുതിക്കുമ്പോൾ ചിത്രത്തിന്റെ നിഗൂഢത ഒട്ടും ചോരാതിരിക്കാൻ പ്രധാന പങ്കുവഹിച്ച പശ്ചാത്തലസംഗീതവും പാട്ടുകളും ശ്രദ്ധിക്കപ്പെടുകയാണ്. വിനായക് ശശികുമാർ രചിച്ച് സൗപർണിക രാജഗോപാൽ എന്ന പുതുമുഖ ഗായിക പാടിയ ‘ഫൈൻഡ് മീ’ എന്ന ഇംഗ്ലിഷ് ടൈറ്റിൽ സോങ് ചിത്രത്തിന് ആകമാനം ഒരു നിഗൂഢ പരിവേഷം നൽകുന്നു. മെമ്മറീസ് മുതൽ ജീത്തുവിനോടൊപ്പം കൂടിയതാണ് അനിൽ ജോൺസൺ എന്ന സംഗീതസംവിധായകൻ. ദൃശ്യത്തിന്റെ രണ്ടു ഭാഗങ്ങളിലും അനിലിന്റെ സംഗീതം അവിഭാജ്യ ഘടകമായി ഒപ്പമുണ്ടായിരുന്നു. ഹാട്രിക് വിജയത്തിലേക്ക് എത്തപ്പെടുന്ന മോഹൻലാൽ–ജീത്തു ജോസഫ് സിനിമകളുടെ സംഗീതസംവിധായകൻ അനിൽ ജോൺസൺ നിഗൂഢതകളുടെ സംഗീതപ്പിറവിയെപ്പറ്റി മനോരമ ഓൺലൈനിനോടു മനസ്സു തുറക്കുന്നു.

 

ട്വൽത് മാന്‍ ടൈറ്റിൽ സോങ്ങ് 

 

മലയാള സിനിമയിൽ ഇംഗ്ലിഷ് പാട്ടുകൾ ഉപയോഗിക്കുന്നത് വളരെ അപൂർവമാണ്. ഞാൻ പണ്ട് ബാൻഡുകളിൽ കീബോർഡ് വായിച്ചിരുന്ന ആളാണ് അതുകൊണ്ട് ഇംഗ്ലിഷ് പാട്ടുകൾ എനിക്ക് പുതിയ അനുഭവമല്ല. ജീത്തു ജോസഫ് ഒരു സിനിമ ചെയ്യുമ്പോൾ പ്രേക്ഷകർക്കു പല സർപ്രൈസുകളും പ്രതീക്ഷിക്കാം. ‌സിനിമയിൽ എന്താണോ ഉദ്ദേശിച്ചത് അതുപോലെ തന്നെ ആ ടൈറ്റിൽ പാട്ടിന്റെ വരികളിൽ ഉണ്ട്. പാട്ട് ഇഷ്ടമായി എന്ന് ഒരുപാടുപേർ വിളിച്ചറിയിച്ചു. വിനായക് ശശികുമാർ ആണ് വരികൾക്കു പിന്നിൽ. സൗപർണിക മികച്ച രീതിയിൽ പാടി. ടെലിവിഷൻ പരിപാടികളിലും സംഗീത ആൽബങ്ങളിലുമൊക്കെ പാടുന്ന കുട്ടിയാണ്. ഞാൻ ഈ പാട്ട് പാടാൻ വേണ്ടി ഒരു വിദേശഗായികയെ ആയിരുന്നു മനസ്സിൽ ഉദ്ദേശിച്ചിരുന്നത്. പക്ഷേ അതിൽ പുതുമ ഇല്ലല്ലോ. നമുക്കിടയിൽ നന്നായി ഇംഗ്ലിഷ് പാട്ടുകൾ പാടാൻ കഴിയുന്ന കുട്ടികൾ ഉണ്ടോ എന്ന് അന്വേഷിച്ചു നടക്കുമ്പോൾ എന്റെ ഒരു സുഹൃത്ത് വഴിയാണ് സൗപർണികയിലേയ്ക്ക് എത്തിയത്. വരികൾ കാണാതെ പഠിച്ച് ഈണം മനസ്സിലാക്കി പാടുകയായിരുന്നു സൗപർണിക. മികച്ച പാട്ടുകാരിയാണെങ്കിലും സൗപർണികയുടെ ശബ്ദം അധികം ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണു വാസ്തവം. 

 

ജീത്തു–മോഹൻലാൽ കൂട്ടുകെട്ട് 

 

ജീത്തു–മോഹൻലാൽ ടീമിനോടൊപ്പം മൂന്നാം തവണയാണ് ജോലി ചെയ്യുന്നത്. ജീത്തുവിനൊപ്പം പ്രവർത്തിക്കുമ്പോൾ സംഗീതം ചെയ്യാൻ വളരെ എളുപ്പമാണ്. ജീത്തുവിനും ലാലേട്ടനും (മോഹൻലാൽ) നല്ല മ്യൂസിക് സെൻസ് ഉണ്ട്. ഇരുവരുടേയും ജോലികളിൽ പോലും എപ്പോഴും ഒരു താളമുണ്ട്. പലപ്പോഴും ആർട്ടിസ്റ്റുകളുടെ താളമില്ലായ്മ സംഗീതത്തെ ഒരുപാട് ബാധിക്കാറുണ്ട്. ഇവരുടെ കൂടെ ജോലി ചെയ്യുമ്പോൾ അങ്ങനെയൊരു പ്രശ്നമേയില്ല. 

 

സംഗീതത്തിൽ സംവിധായകന്റെ ഇടപെടൽ 

 

സംഗീതം ചെയ്യുമ്പോഴുള്ള ജീത്തുവിന്റെ ഇടപെടൽ എന്നതിനേക്കാൾ ജീത്തുവിന് എന്താണ് ആവശ്യം എന്ന് നമ്മെ മനസ്സിലാക്കി തരികയാണ് ചെയ്യുന്നത്. അദ്ദേഹത്തിനു പറയാനുള്ളത് എന്റെ സംഗീതത്തിലൂടെ പറയാൻ ശ്രമിക്കുകയാണ് ഞാൻ. ജീത്തുവിനോടൊപ്പം ജോലി ചെയ്യുമ്പോൾ സംഗീതം നന്നാവുന്നുണ്ടെങ്കിൽ അത് ജീത്തുവിന്റെ കഴിവാണ്. ഞാൻ അദ്ദേഹത്തെ കണ്ടെത്തിയതല്ല അദ്ദേഹം എന്നെ കണ്ടെത്തുകയായിരുന്നു. ഒരു സംവിധായകന് കഥപറയാൻ സഹായകമാകുന്ന ഉപകരണങ്ങളാണ് സംഗീതസംവിധായകരൊക്കെ.

 

ഒരു സിനിമയിലെ പാട്ടുകളും പശ്ചാത്തലസംഗീതവും രണ്ടുപേർ ചെയ്യുന്നതുകൊണ്ട് ബുദ്ധിമുട്ടുണ്ടോ?

 

പാട്ടുകളും പശ്ചാത്തലസംഗീതവും ഒരാൾ തന്നെ ചെയ്യണമെന്നില്ല. ആര് ചെയ്യണമെന്നുള്ളത് കഥയെ ആസ്പദമാക്കിയിരിക്കും. ‘ജോസഫ്’ എന്ന സിനിമയിൽ ഞാൻ സ്കോർ ചെയ്തപ്പോൾ രഞ്ജിൻ ആണ് പാട്ടുകൾ ചെയ്തത്. ആ പാട്ടുകളെല്ലാം നായകന്റെ പഴയകാലത്തെ കാണിക്കാൻ വേണ്ടിയുള്ളതായിരുന്നു. പക്ഷേ അയാളുടെ ഇപ്പോഴുള്ള ജീവിതത്തെ കാണിക്കാനാണ് പശ്ചാത്തല സംഗീതം ചെയ്യുന്നത്. ചില സിനിമകളിൽ രണ്ടും ഒരാൾ ചെയ്‌താൽ നന്നായിരിക്കും. അതെല്ലാം കഥയെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കപ്പെടുന്നത്. ട്വൽത് മാനിൽ പാട്ടുകളും പശ്ചാത്തല സംഗീതവും രണ്ടുപേർ ചെയ്‌താൽ ശരിയാകില്ലായിരുന്നു. കാരണം, ഈ സിനിമയുടെ തലക്കെട്ട് മുതൽ അവസാനം വരെ ഒരൊറ്റ പ്രോസസ് ആണ്. ദൃശ്യത്തിലെ 'മാരിവിൽ' എന്ന പാട്ട് വിനു തോമസ് ആണ് ചെയ്തത് എന്നാൽ 'നിഴലെ' എന്ന പാട്ട് ഞാൻ ചെയ്തതാണ്. ഓരോ വിഷ്വലും ആളുകൾക്ക് ഓർത്തിരിക്കാൻ വേണ്ടിയാണ് ആ പാട്ടുകൾ. ഹിറ്റ് സിനിമയായ 'മണിച്ചിത്രത്താഴി'ൽ എം.ജി രാധാകൃഷ്ണൻ പാട്ടുകൾ ചെയ്‌തപ്പോൾ പശ്ചാത്തല സംഗീതം ചെയ്തത് ജോൺസൺ മാസ്റ്റർ ആണ്. സിനിമയുടെ നറേറ്റീവിനെ അടിസ്ഥാനമാക്കിയാണ് ആര് ചെയ്യണം എന്ന് തീരുമാനിക്കുന്നത്. 

 

ഇതുവരെയുള്ള സംഗീതയാത്ര 

 

2013 ൽ ആണ് ആദ്യമായി ഞാൻ സിനിമയ്ക്കു വേണ്ടി സംഗീതം ചെയ്തത്. ത്രീ ഡോട്ട് എന്ന ചിത്രത്തിനു വേണ്ടിയാണ് ആദ്യമായി പശ്ചാത്തല സംഗീതം ഒരുക്കിയത്. പാട്ടുകൾ ആദ്യമായി ചെയ്തത് ദൃശ്യത്തിനു വേണ്ടിയും സുഗീതിന്റെ 'ഒന്നും മിണ്ടാതെ' എന്ന ചിത്രത്തിനും വേണ്ടിയുമാണ്. ഞാൻ പതിനാലു വയസ്സ് മുതൽ ജിംഗിൾസ് ചെയ്യാറുണ്ടായിരുന്നു. ജിംഗിൾസ് ചെയ്യുമ്പോൾ ഒരുപാടു പരീക്ഷണങ്ങൾ നടത്താൻ കഴിയും. അവ പിന്നീട് സിനിമ ചെയ്യുമ്പോൾ ഉപകാരപ്പെടും. ജിംഗിൾസ് ആണ് പുതിയ ട്രെൻഡുകളും ആളുകളുടെ മനോഭാവവും അറിയാൻ സഹായിക്കുന്നത്. ജിംഗിൾസിനു പുറമേ നാടകഗാനങ്ങൾ, ഭക്തിഗാനങ്ങൾ തുടങ്ങി എല്ലാത്തരം പാട്ടുകളും ചെയ്തിട്ടുണ്ട്. 

 

ഒരു സമയം ഒരു സിനിമ 

 

ജോസഫ്, നായാട്ട്, എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് ഷാഹി കബീറിന്റെ 'ഇലവീഴാപൂഞ്ചിറ' എന്ന ചിത്രത്തിനു വേണ്ടിയാണ് ഇപ്പോൾ സംഗീതം ചെയ്തുകൊണ്ടിരിക്കുന്നത്. സൗബിൻ ഷാഹിർ, സുധി കോപ്പ എന്നിവരാണ് മുഖ്യ താരങ്ങൾ. വളരെ സീരിയസ് ആയ ഒരു സിനിമയാണത്. അതിന്റെ മൂഡിനെ മുന്നോട്ടു കൊണ്ടുപോകുന്ന തരം സംഗീതമാണ് ചെയ്യുന്നത്. ഞാൻ ധൃതി പിടിച്ചു സിനിമകൾ ചെയ്യാറില്ല. ഒരു സമയം ഒരു സിനിമ മാത്രം ചെയ്യാനാണ് എനിക്കിഷ്ടം. കാരണം, ഒരു സിനിമ ചെയ്യുമ്പോൾ അതിൽ പൂർണമായി മുഴുകേണ്ടത് അത്യാവശ്യമാണ്. വളരെയധികം സൂക്ഷ്മത വേണ്ട സിനിമകളാണ് ഞാൻ ഏറ്റെടുത്തിട്ടുള്ളത്. അവയോടെല്ലാം അത്രത്തോളം ആത്മാർത്ഥത കാണിക്കണം. 'ഇലവീഴാപൂഞ്ചിറ' കഴിഞ്ഞാൽ ജോജു ജോർജ് അഭിനയിക്കുന്ന ഒരു സിനിമ കൂടി വരുന്നുണ്ട്. മറ്റുപല സിനിമകളുടേയും ചർച്ചകൾ നടക്കുകയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT