ADVERTISEMENT

ഗോപി സുന്ദറിന്റെ പാട്ടുകളോടെന്നും മലയാളിക്ക് ഇത്തിരി ഇഷ്ടം കൂടുതൽ ആണ്. അത് മലയാളം ആയാലും തമിഴ്, തെലുങ്ക് തുടങ്ങി ഏതു ഭാഷ ആയാലും. സുരാജ് വെഞ്ഞാറമൂട് നായകനായെത്തിയ ‘ഹെവൻ’ ആണ് ഗോപി സുന്ദറിന്റേതായി ഏറ്റവുമൊടുവിൽ പുറത്തുവന്ന ചിത്രം. പശ്ചാത്തലസംഗീത്തിനൊപ്പം ശാന്തമായി ഒഴുകിയെത്തുന്ന ഒരു പാട്ടാണ് ചിത്രത്തിലുള്ളത്. അവിടെ തെളിഞ്ഞു കാണാം, ഗോപി സുന്ദർ എന്ന മാന്ത്രിക സംഗീതജ്ഞന്റെ മികവ്. സമ്മർദ്ദങ്ങൾ പരിധികടക്കുമ്പോൾ തിരക്കുകളിൽ നിന്നു മാറി കാട്ടിലും പുഴയിലും പോയി ഒറ്റയ്ക്കുള്ള നിമിഷങ്ങൾ ആസ്വദിച്ചു തിരികെ വന്ന് വീണ്ടും ജോലി തുടരുന്നതാണ് ഗോപി സുന്ദറിന്റെ രീതി. അധികം സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കാത്ത, എല്ലാവരിൽ നിന്നും അകലം പാലിച്ച് സ്വന്തം ജോലിയും ജീവിതവുമായി മുന്നോട്ടു പോകുന്നയാളാണ് അദ്ദേഹം. വിമർശനങ്ങളോടും വിമർശകരോടും കൃത്യമായ മറുപടിയുമുണ്ട് ഗോപി സുന്ദറിന്. പുത്തൻ വിശേഷങ്ങളുമായി ഗോപി സുന്ദർ മനോര ഓൺലൈനിനൊപ്പം. 

 

ഹെവനെക്കുറിച്ച്?

 

ഹെവനിൽ ആകെ ഒരു പാട്ടാണ് ഉള്ളത്. അത് പശ്ചാത്തലസംഗീതത്തിനൊപ്പം ശാന്തമായി ഒഴുകിയെത്തി ഒരു നൊമ്പരമായി കടന്നുപോകുന്നു. ഒരു പാട്ട് തുടങ്ങുന്നുവെന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാത്ത വിധം വേണം പാട്ടൊരുക്കാൻ എന്നായിരുന്നു സംവിധായകൻ ഉണ്ണി ഗോവിന്ദ്‌രാജ് മുന്നോട്ടു വച്ച നിർദേശം. അത്തരത്തിലാണ് അത് ചെയ്തിരിക്കുന്നത്. ചിത്രത്തിൽ പാട്ടിനേക്കാളേറെ പ്രാധാന്യം പശ്ചാത്തലസംഗീതത്തിനാണ്. 

 

സിനിമയിൽ പാട്ട് അത്യാവശ്യ ഘടകമല്ലാത്ത രീതിയാണ് ഇപ്പോൾ പൊതുവേ കണ്ടുവരുന്നത്. സംഗീതസംവിധായകൻ എന്ന നിലയിൽ ഈ മാറ്റത്തെ എങ്ങനെ കാണുന്നു? 

 

സിനിമയിൽ പാട്ടിനേക്കാളുപരിയായി പശ്ചാത്തല സംഗീതത്തിനാണ് ഇന്ന് പ്രാധാന്യം. ഇനി കുറച്ചുകൂടി കഴിയുമ്പോൾ പാട്ടുകൾ തീർത്തും അപ്രത്യക്ഷമാകുന്ന അവസ്ഥയിലേയ്ക്ക് എത്തിയേക്കാം. പാട്ട് വേണമെന്നു നിർബന്ധമില്ല. സിനിമയ്ക്കാണു പ്രാധാന്യം. പാട്ട് ഇല്ലാത്ത സിനിമ സ്വീകരിക്കാന്‍ പ്രേക്ഷകർ പ്രയാസമൊന്നും ഉണ്ടാകില്ല. പാട്ട് നന്നായതുകൊണ്ടു മാത്രം സിനിമ ഹിറ്റ് ആകുന്ന രീതിയെല്ലാം മാറി. പാട്ടിലൂടെ മാത്രം ശ്രദ്ധിക്കപ്പെടുന്ന ചിത്രങ്ങൾ ഒരുപാട് ഉണ്ടായിരുന്നു പണ്ട്. പക്ഷേ ഇപ്പോൾ അതിലെല്ലാം ഒരുപാട് മാറ്റങ്ങൾ വന്നിരിക്കുകയാണ്. 

 

സിനിമയിൽ സംവിധായകന്റെ താൽപര്യങ്ങൾക്കാണല്ലോ പ്രാധാന്യം. സംഗീതസംവിധായകന് സ്വാതന്ത്ര്യം കുറവാണോ? 

 

അങ്ങനെ പറയാൻ പറ്റില്ല. കാരണം അതൊരു ഗിവ് ആൻഡ് ടേക്ക് ആണ്. സിനിമയുടെ സംവിധായകൻ ആവശ്യപ്പെടുന്നത് എന്താണോ അത് ചെയ്തുകൊടുക്കാൻ ആണ് സംഗീതസംവിധായകർ ശ്രമിക്കുന്നത്. എന്റെ തൊഴിലിനോടു നൂറുശതമാനവും നീതി പുലർത്താൻ ഞാൻ ശ്രമിക്കും. സംവിധായകനും സംഗീതസംവിധായകനും തമ്മില്‍ ഒരു യോജിപ്പ് ഉണ്ടാകണം. അങ്ങനെയാണ് സിനിമയും പാട്ടുകളും ഉണ്ടാകുന്നത്. 

 

ഒരേ സമയത്ത് നിരവധി ചിത്രങ്ങൾക്കു വേണ്ടി വ്യത്യസ്ത ഈണങ്ങൾ ചെയ്യേണ്ടി വരുമ്പോൾ സ്വയം ബാലൻസ് ചെയ്യുന്നത് എങ്ങനെ? 

 

വ്യത്യസ്തത തന്നെയാണ് പ്രചോദനം. ഒരേ വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങളുടെ വർക്കുകള്‍ ഒരുമിച്ച് ഏറ്റെടുക്കുമ്പോൾ പ്രയാസം തോന്നും. പക്ഷേ ഓരോന്നും വ്യത്യസ്ത രീതിയിൽ ഉള്ളതാണെങ്കില്‍ വർക്കുകൾ സുഗമമായി മുന്നോട്ടു പോകും. ഒരേ ഗണത്തിലുള്ള ചിത്രങ്ങൾ ഞാൻ ഇതുവരെ ഒരുമിച്ച് ചെയ്തിട്ടില്ല. അവയിൽ ഓരോന്നിലും വ്യത്യസ്തത കൊണ്ടുവരാൻ പ്രയാസം തോന്നും. അതുകൊണ്ടു തന്നെ പല സ്വഭാവത്തിലുള്ള സിനിമകളാണ് ഒരേ സമയം ചെയ്യുക. 

 

സമ്മർദ്ദത്തിലായിരിക്കുമ്പോൾ പാട്ട് ചെയ്യാറുണ്ടോ?

 

സമ്മർദ്ദത്തില‌ായിരിക്കുമ്പോള്‍ തന്നെയാണ് ഭൂരിഭാഗം പാട്ടുകളും ചെയ്യുന്നത്. സമ്മർദ്ദം ഇല്ലാത്ത സമയത്തേ പാട്ട് ചെയ്യൂ എന്നു നിർബന്ധം പിടിക്കാൻ പറ്റില്ലല്ലോ. അങ്ങനെയാണെങ്കിൽ വർഷത്തിൽ ഒരു സിനിമ മാത്രമേ ചെയ്യാൻ പറ്റൂ. സമ്മർദ്ദത്തിലായിരിക്കുന്ന സമയത്തും മനസ്സിൽ ഈണങ്ങൾ‌ വരും. അതിനു വേണ്ടി ഒരുപാട് തയ്യാറെടുപ്പുകൾ വേണം. ചെറിയ ഇടവേളകൾ എടുത്ത്, ഫോൺ ഒക്കെ ഓഫ് ചെയ്ത് ഒറ്റയ്ക്ക് എവിടേക്കെങ്കിലും യാത്രയൊക്കെ പോകാറുണ്ട് ഞാൻ. ചിലപ്പോൾ കാട്ടിൽ പോയിരിക്കും അല്ലെങ്കിൽ വെള്ളച്ചാട്ടത്തിൽ പോയി ചാടും. അങ്ങനെയൊക്കെയാണ് ഞാൻ എന്റെ സമ്മർദ്ദങ്ങളെ അകറ്റുന്നത്. തിരികെ വരുമ്പോഴേക്കും മനസ്സ് ഫ്രഷ് ആയിരിക്കും. പിന്നെ വീണ്ടും ജോലിയിലേക്കു പ്രവേശിക്കും. 

 

അന്യഭാഷകളിൽ പാട്ടുകൾ ചെയ്തിട്ടുണ്ടല്ലോ? മലയാളത്തിൽ നിന്നും പ്രധാനമായി എന്തൊക്കെ വ്യത്യാസങ്ങളാണ് അവിടെ തോന്നിയിട്ടുള്ളത്? 

 

അവിടെ നമുക്ക് വളരെ വലിയ സൗകര്യങ്ങളാണ് അവർ ഒരുക്കി തരുന്നത്. റെക്കോർഡിങ്ങിനും താമസത്തിനുമായി ആഡംബര സൗകര്യങ്ങൾ ചെയ്തു തരും. എത്ര ദിവസം വേണമെങ്കിലും അവിടെ താമസിക്കാം. നല്ല മൂഡ് ഉള്ളപ്പോൾ മാത്രം ജോലി ചെയ്താൽ മതിയെന്ന് അവർ തന്നെ പറയും. പിന്നെ അവിടെയൊക്കെ ഓരോ വിഭാഗവും കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ട ആളുകൾ ഉണ്ട്. അപ്പോൾ തന്നെ നമ്മുടെ ജോലിഭാരം ഒരുപാട് കുറയും. പിന്നെ മലയാളത്തേലേതുമായി താരതമ്യം ചെയ്യുമ്പോൾ അന്യഭാഷകളിൽ പ്രതിഫലം വളരെ കൂടുതൽ ആണ്. സ്വന്തം ഭാഷയിൽ പാട്ട് ചെയ്യുമ്പോൾ കിട്ടുന്ന സംതൃപ്തി വേറെ എവിടെ പോയാലും കിട്ടില്ല. അതുകൊണ്ടുതന്നെ മലയാളം ആണ് കൂടുതൽ സന്തോഷം തരുന്നത്. 

 

വേദികളിൽ തരംഗമാകുന്ന ഗോപി സുന്ദർ!

 

മറ്റുള്ളവരുടെ മുന്നിൽ നിൽക്കാനോ ഇടപെടാനോ പൊതുവേ എനിക്കു ചമ്മലും നാണവുമൊക്കെയാണ്. ആരോടും അധികമൊന്നും മിണ്ടാതെ കൂടുതൽ സമയവും ഒറ്റയ്ക്കാണ് ഞാൻ ചിലവഴിക്കാറുള്ളത്. എന്റെ കാര്യങ്ങൾ മാത്രം നോക്കി മറ്റൊന്നിലും തലയിടാതെയാണ് ജീവിക്കുന്നത്. പക്ഷേ ജോലിയുടെ ഭാഗമായി എനിക്ക് സ്റ്റേജിൽ കയറുകയും പ്രേക്ഷകരെ എന്റർടെയിൻ ചെയ്യിപ്പിക്കുകയും വേണം. സ്റ്റേജ് ഷോ എന്നു കേൾക്കുമ്പോൾ തന്നെ എന്റെ കയ്യും കാലും വിറയ്ക്കും. പിന്നെ എന്റെ തൊഴില്‍ മേഖല അതായതുകൊണ്ട് എനിക്കു മറ്റൊരു മാർഗവുമില്ല. എന്റെ വികാരങ്ങളെയെല്ലാം മാറ്റി നിർത്തിക്കൊണ്ട് ഞാൻ അവിടെ പ്രകടനം നടത്തും. അങ്ങനെ ചെയ്യുമ്പോൾ ആണ് ഞാൻ യഥാർഥ കലാകാരൻ ആകുന്നത്. സത്യം പറഞ്ഞാൽ സ്റ്റേജിലെ എന്റെ പ്രകടനത്തെക്കുറിച്ച് ഓർക്കുമ്പോള്‍ എനിക്കു തന്നെ പേടിയാകും. എനർജി ലെവൽ അത്ര കൂടുതൽ ആയിരിക്കും. അതൊക്കെ ആ നിമിഷത്തേക്കു വേണ്ടി മാത്രമുള്ളതാണ്. യഥാർഥത്തില്‍ സ്റ്റേജില്‍ കാണുന്ന ഞാൻ ഞാനേ അല്ല. 

 

പിന്നണിയിൽ ഇന്‍സ്ട്രുമെന്റ്സ് വായിക്കുന്ന കലാകാരന്മാരെ സ്റ്റേജിലേക്കു വരുത്തി താങ്കൾ പ്രേക്ഷകർക്കു പരിചയപ്പെടുത്താറുണ്ടല്ലോ?

 

യഥാർഥത്തിൽ അവര്‍ക്കു വേണ്ടിയല്ല, അവരുടെ കുടുംബാംഗങ്ങള്‍ക്കു വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്യുന്നത്. ആ കലാകാരന്മാരെ വേദിയിൽ കാണുമ്പോൾ അവരുടെ മാതാപിതാക്കളും മക്കളും ഒരുപാട് സന്തോഷിക്കും. ആ സന്തോഷമാണ് വലുത്. അതിനു വേണ്ടിയാണ് ഓരോരുത്തരേയും ഞാൻ പ്രേക്ഷകർക്കു പരിചയപ്പെടുത്തുന്നത്. സന്തോഷ നിമിഷമാണ് അതെല്ലാം. 

 

മേക്ക് ഓവറിനു പിന്നിൽ? 

 

മനസ്സ് മാറ്റാൻ ആഗ്രഹിക്കാത്ത ആൾ ആണ് ഞാൻ. അത് എപ്പോഴും ചെറുപ്പമായി തന്നെ നിൽക്കട്ടെ. ആകെ മാറ്റാ‍ന്‍ പറ്റുന്നത് രൂപം ആണ്. വേറിട്ട വസ്ത്രങ്ങൾ ധരിച്ച് സ്റ്റൈൽ ആയി നടക്കാൻ എനിക്ക് ഒരുപാട് ഇഷ്ടമാണ്. പിന്നെ ഫിറ്റ്നെസിൽ ശ്രദ്ധിക്കാറുണ്ട്. ചില ആരോഗ്യ പ്രശ്നങ്ങൾ തല പൊക്കി തുടങ്ങിയപ്പോൾ ഞാൻ ശരീരത്തെക്കുറിച്ചു കൂടുതൽ ചിന്തിക്കാൻ തുടങ്ങി. വ്യായാമത്തിലൂടെ 10 മാസം കൊണ്ട് 18 കിലോ വരെ കുറച്ചു. ഇപ്പോൾ ഞാൻ വളരെ ഹെൽത്തിയാണ്. ഏത് വസ്ത്രവും എനിക്കു ധരിക്കാനാകും.

 

സൗഹൃദങ്ങൾ? 

 

എനിക്ക് ചുരുക്കം ചില സുഹൃത്തുക്കളേ ഉള്ളു. കൃത്യമായി എണ്ണിപ്പറഞ്ഞാൽ 4 പേർ. എന്നെ ഏത് അവസ്ഥയിലും സ്വീകരിക്കുന്നവരെ മാത്രമേ ഞാൻ സുഹൃത്ത് ആയി കണക്കാക്കൂ. ഇന്ന് ഞാൻ പട്ടിണിയില്‍ ആയിരിക്കും. നാളെ ഞാൻ കോടീശ്വരൻ ആയിരിക്കും. എന്താണോ ഞാൻ ആ എന്നെ ഞാനാ‍യി അംഗീകരിക്കുന്നവര്‍ ആയിരിക്കണം എന്റെ സുഹൃത്തുക്കൾ. യാതൊരു മനദണ്ഡങ്ങളും ഇല്ലാതെ എന്ത് അവസ്ഥയിലും നമ്മളെ സ്വീകരിക്കുന്ന വ്യക്തിത്വങ്ങളെ മാത്രമേ സുഹൃത്തുക്കള്‍ എന്നു വിളിക്കാനാകൂ. മറ്റുള്ളവരെല്ലാം പരിചയക്കാർ മാത്രമാണ്. ഞാൻ ഒരുപാട് സൗഹൃദങ്ങൾ തേടി പോകാറില്ല. 

 

സൈബർ ആക്രമണങ്ങളോടു പ്രതികരിക്കാറില്ലല്ലോ? മൗനം പാലിക്കുന്നത് അവര്‍ക്ക് എന്തും പറയാനുള്ള സ്വാതന്ത്ര്യമായി മാറുകയല്ലേ?

 

എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയാണ് എന്റെ മുഖത്തെ ചിരി. വിമർശകർ എന്തും പറഞ്ഞോട്ടെ. അതൊന്നും എന്നെ ബാധിക്കുന്നില്ല. അതെല്ലാം എന്റെ വീടിനു പുറത്തു നടക്കുന്ന കാര്യങ്ങളാണ്. എന്റെ ജോലിയേക്കുറിച്ചു മാത്രമാണ് ഞാൻ ചിന്തിക്കുന്നത്. മറ്റുള്ളവർ പറയുന്നതിനോടൊന്നും പ്രതികരിക്കേണ്ട ആവശ്യമില്ല. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും മറ്റുള്ളവരെ തളർത്താൻ പറ്റുന്ന ഏറ്റവും വലിയ ആയുധമാണ് ചിരി. അതുതന്നെയാണ് വിമർശകർക്കുള്ള മറുപടിയും. ഞാൻ എപ്പോഴും ഹാപ്പിയാണ്. എന്റെ സന്തോഷങ്ങളെ ഇല്ലാതാക്കും വിധത്തിൽ ഞാന്‍ ഒന്നും ചെയ്യുന്നില്ല. 

 

English Summary: Interview with music director Gopi Sundar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com