ADVERTISEMENT

പ്രകൃതിക്ക് എല്ലായിപ്പോഴും ഒരു താളമുണ്ട്, ഈണമുണ്ട്, രാഗമുണ്ട്. കടലിന്റെ അലയൊലിയും കാറ്റിന്റെ ചൂളംവിളിയും പുഴയുടെ കളകളാരവവും കിളിക്കൊഞ്ചലും എന്നുവേണ്ട എല്ലാത്തിനും സംഗീതമുണ്ട്. സംഗീതം ഓരോ നാടുമായും അതിന്റെ സംസ്കാരവുമായും അവിടുത്തെ നാടൻ കലകളും ആചാരാനുഷ്ഠാനവുമായും ബന്ധപ്പെട്ടു കിടക്കുന്നു. ഓരോ ജനവിഭാഗത്തിന്റേയും ദൈനംദിന ജീവിതവും തൊഴിലും ആഘോഷവുമായി ബന്ധപ്പെട്ടാണ് നാടൻ പാട്ടുകൾ രൂപപ്പെട്ടു വന്നത്. കേരളത്തിലെ സംഗീത പാരമ്പര്യത്തിന്റെ വേരുകൾ നാടൻ പാട്ടുകളുമായി ചുറ്റിപ്പിണഞ്ഞു കിടക്കുകയാണ്. നാടൻ പാട്ടുകളുടെ സാധ്യതകളും നാടൻ പാട്ടുകലാകാരന്മാരും സിനിമയിൽ വേണ്ടവിധം ഉപയോഗിക്കപ്പെട്ടിട്ടില്ല എന്നതാണു യാഥാർഥ്യം. ആ സംഗീത‌സംസ്കാരം അന്യം നിന്നു പോകാതെ നോക്കേണ്ടതുണ്ട്. ഗോത്രവിഭാഗത്തിന്റെ സംഗീതത്തെ സിനിമയിലെത്തിക്കാൻ ശ്രമിച്ച കലാകാരന്മാരിൽ ഒരാളാണ് സംഗീതസംവിധായകൻ ജേക്സ് ബിജോയ്. ഗോത്രവിഭാഗത്തിലെ ഗായകരെക്കൊണ്ടു തന്നെ സിനിമയിലും പാടിപ്പിച്ചു എന്നതാണ് അദ്ദേഹത്തെ വേറിട്ടു നിർത്തുന്ന ഘടകം. ‘അയ്യപ്പനും കോശിയും’ എന്ന ചിത്രത്തിലൂടെ ജേക്സ് ആ സംഗീതം പ്രേക്ഷകർക്കു മുന്നിലെത്തിച്ചു. ലോകസംഗീതദിനത്തിൽ നാടന്‍ പാട്ടിന്റെ സംസ്കാരത്തേയും അതിന്റെ സിനിമാ സാധ്യതകളേയും കുറിച്ച് ജേക്സ് ബിജോയ് മനോരമ ഓൺലൈനിനോടു മനസ്സു തുറന്നപ്പോൾ. 

 

‘അയ്യപ്പനും കോശിയും ചെയ്യുമ്പോൾ സംഗീതത്തിന്റെ കാര്യത്തിൽ എനിക്ക് എന്ത് വേണമെങ്കിലും ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. സച്ചിയേട്ടൻ (സംവിധായകൻ സച്ചി) പാട്ടിനെക്കുറിച്ച് നിബന്ധനകളൊന്നും മുന്നോട്ടു വച്ചില്ല. ഒരു നാടൻ പാട്ട് സിനിമയിൽ ഉൾപ്പെടുത്തിയാലോ എന്നു ഞാൻ അദ്ദേഹത്തോടു ചോദിച്ചു. സച്ചിയേട്ടൻ സമ്മതം പറഞ്ഞു. അദ്ദേഹത്തിന് അറിയാവുന്ന ഒരുകൂട്ടം നാടൻപാട്ടു കലാകാരന്മാരെ എന്റെ അടുത്തേയ്ക്ക് അയക്കുകയും എനിക്കു വേണ്ട ആളുകൾ ഉണ്ടോ എന്നു നോക്കാനും പറഞ്ഞു. അതിൽ ഒരു സ്ത്രീയുടെ പാട്ട് എനിക്കൊരുപാട് ഇഷ്ടമായി. അവരെ മാറ്റി നിർത്തി ‘ദൈവമകളേ’, ‘കലക്കാത്ത’ എന്നീ പാട്ടുകൾ ഞാൻ പാടിപ്പിച്ചു നോക്കി. അവരാണ് നിങ്ങൾ ഇന്നു കാണുന്ന നഞ്ചിയമ്മ. അന്ന് അവരുടെ ശബ്ദത്തിൽ വ്യത്യസ്തത തോന്നിയതുകൊണ്ടാണ് ചിത്രത്തിൽ പാട്ട് പാടാൻ ഞാൻ അവരെ തിരഞ്ഞെടുത്തത്. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ അനേകം ഗായകരെപ്പോലെ ഇന്ന് അവരും ആരാലും അറിയപ്പെടാതെ പോകുമായിരുന്നു. ഗോത്ര സംസ്കാരത്തിന്റെ പാട്ടുകൾ വന്നതോടെ സിനിമയുടെ ലെവൽ തന്നെ മാറി. ഇനിയുള്ള ചിത്രങ്ങളിലും ഇതുപോലെ ഒരുമിച്ചു ജോലി ചെയ്യണം എന്നു പറഞ്ഞാണ് യാത്ര പോലും ചോദിക്കാതെ സച്ചിയേട്ടൻ അന്നു പോയത്. 

 

നാടൻ പാട്ടുകളുമായി എനിക്കൊരു ബന്ധമുണ്ട്. ആ സംഗീതസംസ്കാരം സിനിമയിലേക്ക് കൊണ്ടുവരണമെന്നത് വലിയ ആഗ്രഹമാണ്. കേരളത്തിലെ തനത് സംഗീതത്തോട് മാനസികമായി വലിയ അടുപ്പം തോന്നാറുണ്ട്. നമ്മുടെ നാടൻ പാട്ടുകൾ ഉപയോഗിച്ച് സ്വതന്ത്ര സംഗീത ആൽബം പോലെ ഒരു പ്ലേലിസ്റ്റ് ഞാൻ ചെയ്തുകൊണ്ടിരിക്കുകയാണ്. ‘റൂട്ട് സീരീസ്’ എന്നാണ് അതിന്റെ പേര്. നമ്മുടെ തനതായ സംഗീതം മണ്ണിന്റെ മണമുള്ള നാടൻ സംഗീതമാണ്. ബാക്കിയെല്ലാം ചിലപ്പോൾ ഒരു വിഭാഗം ആളുകളുടെ സംഗീതം അല്ലെങ്കിൽ പല വിഭാഗങ്ങളിൽ നിന്ന് പരിണമിച്ചു വന്നതൊക്കെയാണ്. ഇതാണ് പിൽക്കാലത്ത് സിനിമാസംഗീതമായി മാറിയത്. നമ്മുടെ നാടൻ പാട്ടുകളുടെ സാധ്യത സിനിമയിലേക്ക് കൊണ്ടുവരണമെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്.   

 

നഞ്ചിയമ്മയെ പോലെയുള്ളവരെ മുൻനിരയിലേക്കു കൊണ്ടുവരുമ്പോൾ ആ സമുദായത്തിനു കിട്ടുന്ന ഊർജ്ജം വളരെ വലുതാണ്. മികച്ച താളബോധമുള്ള ആളുകളാണ് അവരെല്ലാം. "അട്ടപ്പാടിക്ക് ഒരു മോശം പേര് ഉണ്ടായിരുന്നു അയ്യപ്പനും കോശിയും വന്നപ്പോൾ ഞങ്ങൾക്കൊരു ഐഡന്റിറ്റി വന്നു സാറെ" എന്ന് അവിടെയുള്ള പലരും പിന്നാട് പറയുകയുണ്ടായി. അയ്യപ്പനും കോശിയും കഴിഞ്ഞപ്പോൾ എല്ലാവർക്കും ഇവരെക്കുറിച്ച് വലിയ കൗതുകമാണ് തോന്നിയത്. അവരുടെ പാട്ടുകൾ ഒരു വികാരമായി മാറുകയായിരുന്നു. ജനകോടികളാണ് നഞ്ചിയമ്മയുടെ പാട്ടുകേട്ട് അവരുടെ ആരാധകരായത്. അട്ടപ്പാടിയിൽ ആട് മേച്ചു നടന്ന നഞ്ചിയമ്മ ഇപ്പോൾ ചില സ്വതന്ത്ര ഗാനങ്ങളൊക്കെ ചെയ്യുന്നുണ്ട്. പലയിടത്തും സംഗീതപരിപാടികൾക്കായി നഞ്ചിയമ്മയ്ക്കു ക്ഷണം കിട്ടുന്നു. നഞ്ചിയമ്മയെ ഉൾപ്പെടുത്തി ഒരു ഫോക്ക്‌ലോർ ആൽബം ചെയ്യാൻ ഞാൻ പദ്ധതിയിട്ടിട്ടുണ്ട്. സിനിമ പ്രിവിലേജ് ഉള്ളവരുടെ മാത്രം കലയായി മാറുമ്പോൾ യഥാർഥ കലാകാരന്മാർ എവിടെയൊക്കെയോ അറിയപ്പെടാതെ മറഞ്ഞിരിക്കുകയാണ്.  

 

എനിക്ക് നാടൻ സംഗീതത്തോട് വല്ലാത്തൊരു പ്രണയമാണ്. ‘കുമാരി’ എന്ന ചിത്രത്തിനു വേണ്ടി പുള്ളുവൻ പാട്ടുകാരെ ഉപയോഗിച്ചിട്ടുണ്ട്. കേരളത്തിന്  സമ്പന്നമായൊരു സംഗീത പാരമ്പര്യമുണ്ട്. അതൊന്നും നമ്മൾ വേണ്ടവിധത്തിൽ ഉപയോഗിക്കുന്നില്ല എന്നതാണു യാഥാർഥ്യം. ഇപ്പോൾ രീതികൾ മാറി വരുന്നു. ഞാൻ മാത്രമല്ല ഒരുപാട് സംഗീതസംവിധായകർ നാടൻ പാട്ടുകൾ മുഖ്യധാരയിലേയ്ക്ക് എത്തിക്കാൻ ശ്രമിക്കാറുണ്ട്. വിലായത്ത് ബുദ്ധ എന്ന ചിത്രത്തിന്റെ ജോലിയുമായി ബന്ധപ്പെട്ട് മറയൂരിൽ പോയപ്പോൾ അവിടെയുള്ള ചില ആദിവാസി ഗായകരെ പരിചയപ്പെടുകയുണ്ടായി. അഞ്ച് ഊരിൽ നിന്നുവന്ന 'അഞ്ചുനാട്ടുകാർ' എന്നറിയപ്പെടുന്ന അവിടുത്തെ ആളുകൾക്ക് തമിഴും മലയാളവും കലർന്ന ഒരു ഭാഷാസംസ്കാരമാണ്. കേരളത്തിന്റെ ഭാഗമായ മറയൂരിൽ മലയാളമോ തമിഴോ അല്ലാത്ത വളരെ രസകരമായ സംഗീതമുണ്ട്. അവിടെയുള്ള പാട്ടുകാരെക്കൊണ്ട് പാടിപ്പിച്ച് ഗംഭീരമായ ഒരു വർക്ക് ആക്കി മാറ്റാനാണ് ഞങ്ങളുടെ ഇപ്പോഴത്തെ തയ്യാറെടുപ്പ്. നാടൻ പാട്ടുകളും ശീലുകളും നമ്മൾ പലപ്പോഴും കേട്ട് മറന്നുകളയുന്നുവെന്നല്ലാതെ അതിനെ ഗൗരവമായി എടുക്കാറില്ല. എന്നാൽ അതിനെയൊക്കെ വേണ്ടവിധത്തിൽ ഉപയോഗിച്ചാൽ നമ്മുടെ മനസ്സിനെ വല്ലാതെ സ്വാധീനിക്കാൻ കഴിവുള്ള കലയാണ് നാടൻ സംഗീതം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com