ADVERTISEMENT

ത്യാഗസ്മരണകളുണർത്തി വീണ്ടുമൊരു ബക്രീദ് വന്നണയുകയാണ്. ആത്മത്യാഗത്തിന്റെ ഈണമുള്ള ‘കരയാനും പറയാനും മനംതുറന്നിരക്കാനും...’, ‘കണ്ണീരിൽ മുങ്ങി ഞാൻ കൈകൾ നീട്ടുന്നു പെരിയോനേ..’ തുടങ്ങിയ പാട്ടുകൾ മൂളാത്ത ഒരു മലയാളി പോലുമുണ്ടാവില്ല. ഈ മാപ്പിളപ്പാട്ടുകളടക്കം ആത്മസമർപ്പണത്തിന്റെ വിശുദ്ധി നിറഞ്ഞ അനേകായിരം പാട്ടുകളൊരുക്കിയ സംഗീതസംവിധായകൻ കോഴിക്കോട് അബൂബക്കർ ഇതാ, സംഗീതത്തിന്റെ തിരക്കുകളിൽനിന്നൊഴിഞ്ഞ്, അരീക്കാടുള്ള തന്റെ വീട്ടിൽ ഒതുങ്ങിക്കൂടിയിരിക്കുകയാണ്. സംഗീതജ്ഞരും ആസ്വാദകരും സ്നേഹത്തോടെ അവുക്കാക്കയെന്നു വിളിക്കുന്ന അബൂബക്കർ. പതിഞ്ഞ ശബ്ദത്തിൽ ചെറുചിരിയോടെ പറഞ്ഞു: ‘‘ഇപ്പൊ കുറച്ചായി ഒറ്റയ്ക്ക് പുറത്തേക്കൊന്നുംപോവാറില്ല മോനേ, പ്രായമായി വരികയല്ലേ.. എഴുപത്ത്യഞ്ചു വയസ്സായി’’

 

യേശുദാസും വിജയ് യേശുദാസും ഒരു പിറന്നാളാഘോഷവും

 

വിജയ് യേശുദാസിന്റെ കുട്ടിക്കാലത്ത് ഒരു പിറന്നാൾ ദിവസം. വൈകിട്ട് ക്ലാസിലെ സുഹൃത്തുക്കളും അധ്യാപകരുമൊക്കെ വരുന്നതിനാൽ യേശുദാസിന്റെ വീട്ടിലെ അലങ്കാരങ്ങളുടെ തിരക്കിലാണ് വിജയ്. മുകൾനിലയിലെ റെക്കോർഡിങ് സ്റ്റുഡിയോയിൽ യേശുദാസ് ഒരു മാപ്പിളപ്പാട്ടിന്റെ റെക്കോർഡിങ്ങിന്റെ തിരക്കിലാണ്. പാട്ടിൽ ഒരു ഭാഗം ഒരു കുട്ടിയാണ് പാടേണ്ടത്. അദ്ദേഹം വിജയ് യേശുദാസിനെ വിളിപ്പിച്ചു. എന്നിട്ട് സംഗീതസംവിധായകൻ അബൂബക്കറിനോട് പറഞ്ഞു. ‘‘ആ ഭാഗം വിജയ് പാടും. പഠിപ്പിച്ചുകൊടുക്കണേ’’ 

പിറന്നാളാഘോഷത്തിന്റെ ഇടയിൽ പാട്ടുപഠിക്കണോയെന്ന് ആശങ്കപ്പെട്ട വിജയ് യേശുദാസിനോട് അബൂബക്കർ പറഞ്ഞു. ‘‘വേഗം പാട്ടുപഠിച്ച് പാടൂ... അലങ്കരിക്കാനൊക്കെ ഞാനും സഹായിക്കാം.’’

 

അബൂബക്കർ പാട്ടു പറഞ്ഞുകൊടുത്തു. ആദ്യടേക്കിൽത്തന്നെ വിജയ് ആ ഭാഗം മനോഹരമായി പാടി റെക്കോർഡ് ചെയ്തു. കുട്ടി വിജയ് പാടി  റെക്കോർഡ് ചെയ്ത പാട്ടു രാത്രി തിരക്കുകളൊഴിഞ്ഞപ്പോൾ അബൂബക്കറിനൊപ്പമിരുന്ന് യേശുദാസ് കേട്ടു. ‘എന്റെ മോനിത്ര മനോഹരമായി പാടുമോ’ എന്ന് യേശുദാസ് അമ്പരന്നു. തരംഗിണി മ്യൂസിക്സ് പുറത്തിറക്കിയ ‘ഉമ്മയെ ചോദിച്ചുപൊന്നുംമോള് കരയല്ലേ...’ എന്ന ആ ഗാനം വൻ ഹിറ്റായി. അടുത്തകാലത്ത് ദുബൈയിലെ ഒരു വേദിയിൽ വിജയ് യേശുദാസ് ഈ പാട്ട് പാടുകയാണ്. യേശുദാസ് പാടിയ ഭാഗമാണ് വിജയ് പാടുന്നത്. കുട്ടിയുടെ ശബ്ദത്തിൽ പാടുന്നത് തബലിസ്റ്റിന്റെ മകളാണ്. സദസ്സിലിരുന്ന അബൂബക്കർ വേദിയിലെത്തിയപ്പോളാണ് വിജയ് യേശുദാസ് കുട്ടിക്കാലത്ത് പാടിയ പാട്ടാണിതെന്നു പറഞ്ഞത്.

 

മാമുക്കോയ പറഞ്ഞു: ‘ഇവൻ പാടും’

 

വലിയങ്ങാടിയിൽ ഇരുമ്പുകച്ചവടം നടത്തിയിരുന്ന ഇമ്പിച്ചഹമ്മദിന്റെയും ഭാര്യ ഖദീജയുടെയും മകൻ അബൂബക്കർ സംഗീതലോകത്തേക്കെത്തിയതിന് ആദ്യം കടപ്പെട്ടിരിക്കുന്നത് ചലച്ചിത്രതാരം മാമുക്കോയയോടാണ്. അന്ന് മാമുക്കോയ ചലച്ചിത്രതാരമല്ല. അബൂബക്കർ കോഴിക്കോട് അബൂബക്കറുമല്ല. കുറ്റിച്ചിറ സ്കൂളിലെ എട്ടാംക്ലാസിൽ ഒരേ ബഞ്ചിൽ അടുത്തടുത്തിരുന്ന് കുസൃതികളിക്കുന്ന വിദ്യാർഥികളാണ്. വ്യാഴാഴ്ച വൈകുന്നേരം അവസാനത്തെ പിരിയഡ് സംഗീതക്ലാസെടുക്കാൻ ദേവകി ടീച്ചറാണ് വരിക. ടീച്ചർ ഒരു ദിവസം വന്നപ്പോൾ മാമു പറഞ്ഞു: ‘ടീച്ചറേ ഇവൻ നല്ലോണം പാടും..’ ടീച്ചർ അബൂബക്കറിനെ കൊണ്ട് പാടിച്ചു. ക്ലാസ്മുറിയുടെ ജനലിനപ്പുറത്ത് തൊട്ടടുത്ത പറമ്പിലെ വീട്ടിൽ ഒരു മനുഷ്യൻ ആ പാട്ടുകേട്ടുനിൽക്കുന്നുണ്ടായിരുന്നു. അക്കാലത്ത് ഗാനമേളകളിൽ ബാബുരാജിന്റെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്ന ടി.ഉസ്മാൻ. എന്നും അബൂബക്കറിന്റെ പാട്ടുകേട്ട ഉസ്മാനും അബൂബക്കറും ചങ്ങാതിമാരായി. അബൂബക്കറിന്റെ കുട്ടിശബ്ദം അങ്ങനെ ബാബുരാജിന്റെ ട്രൂപ്പിലെ ഫീമെയിൽ ശബ്ദമായി മാറി. കൗമാരമെത്തിയതോടെ ശബ്ദം മാറിത്തുടങ്ങി. ഗായികയുടെ ശബ്ദം അന്യമായി. പതിയെ അബൂബക്കർ തബല വായിക്കാൻ സ്വയം പഠിച്ചു.

ബാബുരാജ് സിനിമാതിരക്കുകളിലേക്ക് തിരിഞ്ഞു. എസ്.എം.കോയയെ പരിചയപ്പെട്ടതോടെ സുകുമാരൻസ്, ഹട്ടൻസ്, ബ്രദേഴ്‌സ് തുടങ്ങിയ അന്നത്തെ പ്രസിദ്ധ ഓർക്കസ്ട്രകളിൽ അബൂബക്കർ പ്രധാന തബലിസ്റ്റായി. കെ.ടി.മുഹമ്മദിന്റെ സംഗമം, കാലടി ഗോപിയുടെ സമസ്യ എന്നീ നാടക ട്രൂപ്പുകളിലും അദ്ദേഹം തബലിസ്റ്റായി തകർത്തു. ദേവരാജൻമാസ്റ്റർ മുതൽ ബോംബെ രവി വരെയുള്ളവരുടെ പ്രിയപ്പെട്ട തബലിസ്റ്റായിരുന്നു അബൂബക്കർ.

 

ട്രെയിനിൽ വിരിഞ്ഞ ഈണം: ‘ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ’

 

ഗായകൻ വി.എം.കുട്ടിയുടെ ട്രൂപ്പിൽ തബലിസ്റ്റായിരുന്നപ്പോൾ മുംബൈയിൽ നടന്ന മത്സരത്തിൽ പങ്കെടുക്കാൻ സംഘം പുറപ്പെട്ടു. വടകര കൃഷ്ണദാസും വിളയിൽ ഫസീലയും ആ മത്സരത്തിനായി പി.ടി.അബ്ദുറഹ്മാനെഴുതിയ ‘ഉടനെ കഴുത്തെന്റേതറുക്കൂ ബാപ്പാ..’ എന്ന പാട്ട് പഠിച്ചിരുന്നു. പക്ഷേ ആ പാട്ടിന് മിഠായിപ്പാട്ടിന്റെ ഈണമാണെന്ന തോന്നലാണ് അബൂബക്കറിനുണ്ടായിരുന്നത്. മുംബൈക്കുള്ള യാത്രയ്ക്കിടെ ട്രെയിനിലിരുന്ന് അബൂബക്കർ അതിമനോഹരമായ ഒരു ഈണം തയാറാക്കി. മുംബൈയിലെ മത്സരവേദിയിൽ ഈ ഈണത്തിലാണ് പാട്ടവതരിപ്പിച്ചത്. മത്സരശേഷവും ഈ പാട്ട് ഒരിക്കൽക്കൂടി പാടണമെന്ന് സംഘാടകരും ആസ്വാദകരും ആവശ്യപ്പെട്ടു. ഇന്ന് മലയാളികൾ ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്ന ആ ഈണം പിറന്നത് ഇങ്ങനെയാണ്. ഇതോടെ സംഗീതസംവിധാനരംഗത്തേക്ക് അബൂബക്കർ കരളുറപ്പോടെ ചുവടുവച്ചു. അന്നുതൊട്ടിന്നുവരെ ആയിരക്കണക്കിന് പാട്ടുകൾക്കാണ് അവുക്കാക്ക ഈണമിട്ടത്. കെ.എസ്.ചിത്ര ആദ്യമായി പാടിയ മാപ്പിളപ്പാട്ടായ ‘യത്തീമിന്നത്താണി ഏകിക്കൊണ്ടത്താഴം...’ എന്ന ഗാനവും അവുക്കാക്കയുടേതാണ്. 

 

തൊട്ടും തൊടാതെയും സിനിമ

 

കയ്യെത്തുംദൂരത്തുണ്ടായിട്ടും സിനിമയ്ക്ക് പാട്ടൊരുക്കാൻ അധികം അവസരം അദ്ദേഹത്തിനു ലഭിച്ചില്ല. എം.കൃഷ്ണൻനായർ സംവിധാനം ചെയ്യുന്ന ‘മൈലാഞ്ചി’ എന്ന സിനിമയുടെ ജോലികൾക്കായി അളകാപുരിയിൽ താമസിക്കുകയാണ്. എ.ടി.ഉമ്മറാണ് സംഗീതസംവിധായകൻ. എതിർവശത്ത് കൊളംബോ ഹോട്ടലിന്റെ മുകൾനിലയിൽ അബൂബക്കറിനൊരു മുറിയുണ്ട്. ചിത്രത്തിന്റെ പിആർഒ ഒരുദിവസം അബൂബക്കറിനെ കൂട്ടിക്കൊണ്ടുപോയി. ചിത്രത്തിൽ ഒരു മാപ്പിളപ്പാട്ടും ഒരു ഒപ്പനപ്പാട്ടുംവേണം. പക്ഷേ സംഗീതസംവിധായകൻ എന്ന് എ.ടി.ഉമ്മറിന്റെ പേരു മാത്രമേ വയ്ക്കാൻ കഴിയൂ. വിരോധമില്ലാതെ അബൂബക്കർ രണ്ടു ഗാനങ്ങളൊരുക്കിയ ചിത്രത്തിന്റെ ടൈറ്റിൽസോങ്ങായ ‘മൈലാഞ്ചി’യായിരുന്നു അതിലൊന്ന്.

മുൻപൊരിക്കൽ ഈണമിട്ടൊരു പാട്ട് ഏറെക്കാലത്തിനുശേഷം സിനിമയിൽ ഇടംപിടിച്ച കഥയും അബൂബക്കറിനുണ്ട്. ‘മൊഹബത്തിൻ കുഞ്ഞബ്ദുല്ല’ എന്ന സിനിമയിലെ ‘പകലന്തി ഞാൻ കിനാവു കണ്ടു പച്ചപ്പനംകിളിയേ..’ എന്ന ഗാനമാണത്. 

 

ബാപ്പു വെള്ളിപറമ്പ് എന്ന ഗാനരചയിതാവും അവുക്കാക്കയുമെന്നത് മാപ്പിളപ്പാട്ടുകളിലെ നിത്യഹരിത കൂട്ടുകെട്ടാണ്. പി.ജയചന്ദ്രൻ, കെ.ജി.മാർക്കോസ്, സുജാത, എൽ.ആർ.ഈശ്വരി, വി.എം.കുട്ടി, എരഞ്ഞോളി മൂസ, കണ്ണൂർ ഷെരീഫ്, വടകര കൃഷ്ണദാസ്, സതീഷ്ബാബു, കൊല്ലം ഷാഫി, താജുദ്ദീൻ വടകര,  സിബല്ല, രഹന, സിന്ധു പ്രേംകുമാർ തുടങ്ങിയ അനേകമനേകം ഗായകർക്കായി അദ്ദേഹം ഗാനങ്ങളൊരുക്കി. മണിമങ്ക, കുഞ്ഞാറ്റക്കിളി, ആനന്ദക്കണ്ണീർ, മനസ്സിൻ മുറാദുകൾ, ഖൽബിലെ കിനാവ്, മദനപ്പൂ, കല്ലായിലൊരു മഴവില്ല്, പൊന്നാങ്ങള, താലോലം തുടങ്ങിയ ആൽബങ്ങൾ പ്രവാസികളുടെയും മലബാറിലെ സംഗീതാസ്വാദകരുടെയും നെഞ്ചിൽ ഇടംപിടിച്ചു. 

 

കവർസോങ്ങുകൾക്കിടയിൽ ഒരു അജ്ഞാത ജീവിതം

 

ഇന്ന് ‘കണ്ണീരിൽ മുങ്ങി’യും ‘കരയാനും പറയാനു’മൊക്കെ ലോകമെങ്ങുമുള്ള ന്യുജനറേഷൻ ഗായകർ കവർസോങ്ങുകളായി പാടി ലൈക്കുകൾ വാങ്ങുമ്പോഴും ആ ഈണമൊരുക്കിയത് അബൂബക്കറാണെന്ന് പലർക്കുമറിയില്ല. താൻ ഇണമിട്ട ഗാനങ്ങളുടെ സമ്പൂർണ ലിസ്റ്റ് കയ്യിലില്ലെന്ന് അബൂബക്കർ പറയുന്നു. 

അരീക്കാട് ആനറോഡ് റെയിൽവേ ട്രാക്കിനുസമീപത്തെ കൊച്ചുവീട്ടിലാണ് കോഴിക്കോട്ടുകാരുടെ അവുക്കാക്ക താമസിക്കുന്നത്. ഭാര്യ സുബൈദയും അഞ്ചുമക്കളുമടങ്ങുന്ന കുടുംബം. മകൻ ഫയാസടക്കമുള്ളവർ പാട്ടുപാടാറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com