ADVERTISEMENT

ആടലോടകം ആടി നിക്കണ്

ആടലോടൊരാൾ വന്ന് നിക്കണ്

ഉള്ളിലുള്ളത് കണ്ണിലുള്ളത്

ദേവിയാണെ ഉള്ളിലാളല്!

 

പേരു കൊണ്ടും പ്രമേയം കൊണ്ടും മലയാളി പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ 'ന്നാ താൻ കേസ് കൊട്' എന്ന ചിത്രത്തിലെ ആദ്യ ഗാനവും പുതുമയുടെ ട്രാക്കിൽ തന്നെ! ആടലോടകം ആടി നിക്കണ് എന്ന തുടങ്ങുന്ന ഗാനം റിലീസ് ചെയ്ത് ആദ്യ മണിക്കൂറിൽ തന്നെ ട്രെൻഡിങ്ങിൽ ഇടം നേടി. പത്തുലക്ഷം കാഴ്ചക്കാരെ നേടി കുതിക്കുന്ന ഗാനത്തെ വേറിട്ട അനുഭവമാക്കുന്നത് പ്രണയത്തിന്റെ കുളിരുള്ള വരികളും സംഗീതവുമാണ്. വൈശാഖ് സുഗുണന്റേതാണ് നാട്ടുകാഴ്ചയുടെ മണവും കരുത്തുമുള്ള വരികൾ. ഷഹബാസ് അമനും സൗമ്യ രാമകൃഷ്ണനും പാടിയ ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് യുവസംഗീതസംവിധായകൻ ഡോൺ വിൻസന്റാണ്. 

 

2016 മുതൽ മലയാള സിനിമയുടെ കാഴ്ചവെട്ടത്തുണ്ട് ഡോൺ വിൻസന്റ് എന്ന ചെറുപ്പക്കാരൻ. മൺറോ തുരുത്ത്, കമ്മട്ടിപ്പാടം, കിസ്മത്ത്, കാടു പൂക്കുന്ന നേരം, ഈട, തൊട്ടപ്പൻ, വൈറസ്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, ട്രാൻസ് തുടങ്ങിയ ചിത്രങ്ങളുടെ ശബ്ദത്തിന്റെ പിന്നണിയിൽ ഡോൺ വിൻസന്റും ഉണ്ടായിരുന്നു. മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമായ ചതുർമുഖത്തിന് സംഗീതസംവിധാനം നിർവഹിച്ചത് ഡോൺ ആയിരുന്നു. പ്രേക്ഷകപ്രശംസ നേടിയ കള, കുറ്റവും ശിക്ഷയും എന്നീ ചിത്രങ്ങൾക്കു ശേഷം പയ്യന്നൂരിന്റെ ശേലുള്ള സംഗീതവുമായി ഡോൺ വീണ്ടും എത്തുകയാണ്. ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ ആടലോടകം പാട്ടിന്റെ വിശേഷങ്ങളുമായി ഡോൺ വിൻസന്റ് മനോരമ ഓൺലൈനിൽ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. 

 

ആദ്യം വന്നത് വരികൾ

dawn

 

സംവിധയകൻ രതീഷേട്ടനെ (രതീഷ് ബാലകൃഷ്ണൻ) എനിക്ക് നേരത്തെ അറിയാം. ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ ലൊക്കേഷൻ സൗണ്ട് റെക്കോർഡിങ്ങിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. ഒരു സംവിധായകൻ–മ്യൂസിക് ഡയറക്ടർ ബന്ധമല്ല ഞങ്ങൾ തമ്മിൽ. അതിനു മുകളിലൊരു സൗഹൃദമുണ്ട്. വളരെ രസമുള്ള ടീമാണ് അദ്ദേഹത്തിന്റേത്. അതു തന്നെയാണ് അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യുമ്പോഴുള്ള ആവേശവും. ഈ പാട്ടിനെ കുറിച്ചു പറയുകയാണെങ്കിൽ അതിലും രതീഷേട്ടന്റെ കയ്യൊപ്പുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തായ വൈശാഖ് സുഗുണനാണ് പാട്ടിന് വരികളെഴുതിയത്. പയ്യന്നൂരുള്ള ഒരു മലയാളം അധ്യാപകനാണ് അദ്ദേഹം. സയനോരയുടെ ബാങ്കീ ബാങ്കീ ബൂം ബൂം എന്ന പാട്ടിന്റെ എഴുത്തിലൂടെ ശ്രദ്ധേയനായ വൈശാഖ് സുഗുണൻ. ഓട്ടർഷ എന്ന സിനിമയിലും പാട്ടെഴുതിയിട്ടുണ്ട്. സത്യത്തിൽ ഈ പാട്ടിന്റെ വരികളാണ് ആദ്യം ഉണ്ടായത്. വൈശാഖിന്റെ വരികൾ കയ്യിൽ കിട്ടിയപ്പോൾ തന്നെ ട്യൂൺ ഠപ്പേന്ന് വന്നു. വരികൾ അത്രയും രസകരമായിരുന്നു. ആദ്യം വരികളെഴുതി പിന്നീട് ട്യൂൺ ചെയ്യുന്ന രീതിയാണ് ഈ പാട്ടിന് അവലംബിച്ചത്. സത്യത്തിൽ ഇപ്പോൾ റിലീസ് ആയിരിക്കുന്നത് ഒറിജിനൽ പാട്ടിന്റെ മൂന്നു മിനിറ്റ് മാത്രമാണ്. പാട്ടിന്റെ മുഴുവൻ ഭാഗവും സിനിമയിലേ ആസ്വദിക്കാൻ കഴിയൂ. അതൊരു സർപ്രൈസാണ്. ഇത് ചെറിയൊരു ടീസർ മാത്രം. 

 

പാട്ടിലെ 'ഇന്റർനാഷനൽ പണി'

 

പാട്ടിന്റെ സൗണ്ടിങ് കിട്ടാൻ വേണ്ടി കുറച്ചൊന്നു പണിയെടുത്തിട്ടുണ്ട്. ഇന്ത്യക്ക് പുറത്തു നിന്നുള്ള ആർടിസ്റ്റുകൾ ഈ പാട്ടിന്റെ പിന്നണിയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഡോബ്രോ (Dobro), ഡബിൾ ബേസ് (Double BAss), ബുസൂക്കി (Bouzouki) എന്നിങ്ങനെ കുറച്ച് ഉപകരണങ്ങൾ കൂടി ഈ സൗണ്ടിങ് ലഭിക്കുന്നതിന് പ്രയോജനപ്പെടുത്തി. അങ്ങനെ, ഇറ്റലി, മസഡോണിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ആർടിസ്റ്റുകളും ഈ പാട്ടിന്റെ ഭാഗമായി. കേൾക്കുമ്പോൾ തനി നാടനായി തോന്നുമെങ്കിലും അതിൽ ഒരു 'ഇന്റർനാഷനൽ പണി' ചെറുതായി ഒപ്പിച്ചിട്ടുണ്ട്. 

 

ഷഹബാസ് അമനും സൗമ്യയും 

 

ഷഹബാസ് അമൻ എന്ന ചോയ്സ് രതീഷേട്ടനാണ് പറഞ്ഞത്. സൗമ്യ രാമകൃഷ്ണന്റെ തിരഞ്ഞെടുപ്പ് എന്റേതായിരുന്നു. തുറമുഖത്തിൽ വർക്ക് ചെയ്തപ്പോൾ ഷഹബാസ് ഇക്കയെ പരിചയപ്പെട്ടിട്ടുണ്ട്. അതിനുശേഷം, ഞാൻ ചെയ്ത 'അപ്പൻ' എന്ന സിനിമയിൽ ഒരു ട്രാക്ക് അദ്ദേഹം പാടിയിട്ടുണ്ട്. ആദ്യം ചെയ്തത് ആ സിനിമ ആയിരുന്നെങ്കിലും ആദ്യം റിലീസ് ആയത് ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ പാ‍ട്ടാണ്. സൗമ്യ ചേച്ചിയുമായി വർക്ക് ചെയ്യുന്നത് ആദ്യമായിട്ടാണ്. ചേച്ചി കട്ട സപ്പോർട്ടായിരുന്നു. ചേച്ചിക്ക് ഏതു വോയ്സും വഴങ്ങും. അത്രയും ഫ്ലക്സിബിൾ ആണ് ആ ശബ്ദം. തുടക്കത്തിൽ കേൾക്കുന്ന തമിഴ് വരികൾ പാടിയിരിക്കുന്നത് ആശാ പൊന്നപ്പനാണ്. കിരൺ ലാലാണ് മിക്സിങ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ സംഭാവനയും വളരെ വലുതാണ്. 

 

കുഞ്ചാക്കോ ബോബൻ പറഞ്ഞത്

 

കുഞ്ചാക്കോ ബോബനെ സിനിമയുടെ ലൊക്കേഷനിൽ വച്ചു കണ്ടിരുന്നു. ഈ പാട്ടൊക്കെ ചിത്രീകരിച്ചതിനു ശേഷമൊരു ദിവസമാണ് ഞങ്ങൾ കണ്ടത്. പയ്യന്നൂരിൽ വച്ചായിരുന്നു അത്. ആ സമയത്തു തന്നെ സെറ്റിൽ ഈ പാട്ട് ചർച്ചയായിരുന്നു. അങ്ങനെ ഷൂട്ടിന്റെ ഇടവേളയിൽ ഞാൻ പോയി പരിചയപ്പെട്ടു. 'ആടലോടകത്തിന്റെ ആള് ഞാനാ' എന്നു പറഞ്ഞായിരുന്നു പരിചയപ്പെട്ടത്. അദ്ദേഹം എനിക്ക് കൈ തന്നു. പാട്ട് ഇഷ്ടപ്പെട്ടെന്നു പറഞ്ഞു. ഇതൊക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷങ്ങളാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com