ADVERTISEMENT

മലയാളികളുടെ മനസ്സുകീഴടക്കിയ ചെങ്ങന്നൂരിലെ നാലുവയസ്സുകാരൻ അല്ലുപ്പൻ എന്ന ഋതുരാജിന്റെ റീമിക്സ് പാട്ടുകേൾക്കാത്തവരായി അധികമാരും ഉണ്ടാകില്ല. കോവിഡ് കാലത്ത് വീടിനുള്ളിൽ അടച്ചിരിക്കാൻ വിധിക്കപ്പെട്ടവരുടെ ചുണ്ടിലൊരു ചിരിയുണർത്താൻ പെർഫെക്ട് ഓക്കേയും പാലാ സജിയുടെ റീമിക്സ് ഗാനങ്ങളും കൂട്ടുണ്ടായിരുന്നു. സാധാരണക്കാരായ നൈസലിനും അല്ലുപ്പനുമൊക്കെ ലക്ഷക്കണക്കിന് ആരാധകരെ നേടിക്കൊടുത്തത് ഗായകനും മീഡിയ എൻജിനീയറുമായ അശ്വിൻ ഭാസ്കർ ആണ്. വെറുതെ ഒരു തമാശക്ക് റീമിക്സ് ചെയ്തു തുടങ്ങിയ അശ്വിന്റെ വിഡിയോകൾ വളരെ പെട്ടെന്ന് വൈറൽ ആയി മാറി. രസിപ്പിക്കും വിഡിയോകളുടെ കഥയുമായി അശ്വിൻ ഭാസ്കർ മനോരമ ഓൺലൈനിനൊപ്പം. 

 

 

അല്ലുപ്പന്റെ കൊച്ചുപൂമ്പാറ്റ എന്ന പാട്ടിനു റീമിസ്ക് ചെയ്യാൻ കാരണം? 

 

അല്ലുപ്പന്റെ കൊച്ചുപൂമ്പാറ്റ എന്ന പാട്ടിന്റെ വിഡിയോ എന്നെ കാണിച്ചു തന്നത് ഭാര്യ ലീനയാണ്. അവൾ ഈ പാട്ട് ഒന്ന് ചെയ്തു നോക്കൂ എന്നു പറഞ്ഞു. പാട്ടുകണ്ടപ്പോൾ എനിക്കും ഇഷ്ടം തോണി. അവന്റെ പാട്ട് കേൾക്കാൻ നല്ല ഓമനത്തം ഉണ്ടായിരുന്നു. അങ്ങനെയാണ് അതിനു റീമിക്സ് ചെയ്തു നോക്കിയത്. പാട്ട് ശ്രദ്ധിക്കപ്പെട്ടതിൽ വളരെയധികം സന്തോഷം തോന്നി. ചെയ്ത ഒരു വർക്ക് മറ്റുള്ളവർ ഏറ്റെടുക്കുന്നതാണ് ഒരു കലാകാരന് കിട്ടുന്ന ഏറ്റവും വലിയ ബഹുമതി.

 

 

പാട്ടിലൂടെ അല്ലുപ്പൻ ഒരുപാട് ശ്രദ്ധിക്കപ്പെട്ടു. കുട്ടിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിരുന്നോ? 

 

അടുത്തിടെ ഒരു ചാനലിന്റെ ഷൂട്ടിന് പോയിരുന്നു. അന്ന് അല്ലുപ്പനും കുടുംബവും അവിടെ ഉണ്ടായിരുന്നു. അന്ന് അവനെ കണ്ടു സംസാരിച്ച് ഫോട്ടോ ഒക്കെ എടുത്തു. അവനും അവന്റെ അച്ഛനും അമ്മയ്ക്കുമൊക്കെ വലിയ സന്തോഷമായി.      

 

 

പെർഫെക്ട് ഓക്കേയിലൂടെ തുടക്കം! 

 

ആദ്യമായി വൈറൽ ആയ വിഡിയോ 'പെർഫെക്ട് ഓക്കേ' ആയിരുന്നു. ആ പാട്ട് ചെയ്യുമ്പോൾ വൈറൽ ആകുമെന്നൊന്നും കരുതിയില്ല. കോവിഡ് തുടങ്ങിയ സമയത്താണ് നൈസൽ ഇക്ക ഇങ്ങനെയൊരു വിഡിയോ ചെയ്തത്. അത് നടൻ വിനയ് ഫോർട്ട് ഷെയർ ചെയ്തത് ഞാൻ കണ്ടു. അന്ന് കണ്ട വിഡിയോ ഒരു തമാശയായി ആസ്വദിച്ചങ്ങ് വിട്ടുകളഞ്ഞു. പിന്നീട് ഞാൻ റീമിക്സ് ചെയ്യാൻ തുടങ്ങിയപ്പോൾ ഒരുപാട് പ്രേക്ഷകർ ഈ വിഡിയോ ചെയ്യാൻ പറഞ്ഞു.  അങ്ങനെയാണ് അത് ചെയ്തു നോക്കിയത്. നൈസൽ ഇക്ക ഓട്ടോ ഡ്രൈവർ ആണ്. സാധാരണക്കാരനായ അദ്ദേഹം പെട്ടെന്ന് ഒരുപാട് ആളുകൾ തേടി ചെല്ലുകയും ഫോൺ വിളിക്കുകയും ചെയ്യുന്ന സെലിബ്രിറ്റി ആയി മാറി. അദ്ദേഹത്തിന് വളരെയധികം സന്തോഷമായി. പിന്നീട് പാലാ സജിയുടെ എൻജോയ് എൻജാമി ശ്രദ്ധിക്കപ്പെട്ടു. ദാസേട്ടൻ കോഴിക്കോട്, കാക്കമ്മ, തൈര് മുളക് തൊണ്ടാട്ടം തുടങ്ങിയ പാട്ടുകൾ ചെയ്തു. അതെല്ലാം ശ്രദ്ധിക്കപ്പെട്ടതിൽ ഒരുപാട് സന്തോഷമുണ്ട്. 

 

 

എപ്പോൾ മുതലാണ് റീമിക്സിങ്ങ് ചെയ്തു തുടങ്ങിയത്?

 

മയൂർ എന്ന ഒരു ഉത്തരേന്ത്യൻ യൂട്യൂബർ ചെയ്‌ത ഒരു റീമിക്സ് വിഡിയോ ഇവിടെയൊരു ന്യൂസ് ചാനലിൽ വന്നിട്ടുണ്ടായിരുന്നു. ഹിന്ദി നടി കാജലിന്റെ ശബ്ദം ചേർത്ത ഇൻസ്ട്രമെന്റൽ സോങ് ആയിരുന്നു അത്. വിഡിയോ കണ്ടപ്പോൾ മലയാളത്തിൽ എന്തുകൊണ്ട് ഇങ്ങനെ ചെയ്തുകൂടാ എന്നെനിക്കു തോന്നി. അങ്ങനെ ഞാൻ സിനിമാ സീക്വൻസ് വച്ച് കുറച്ചു പാട്ടുകൾ ചെയ്തു. പിന്നീടാണ് സാധാരണക്കാരുടെ പാട്ടുകൾ എടുത്ത് ചെയ്തു നോക്കിയത്.    

 

 

ഗായകൻ കൂടിയാണല്ലോ അശ്വിൻ. സംഗീതജീവിതത്തിന്റെ തുടക്കം?

 

ഞാൻ പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ല. കുട്ടിക്കാലത്ത് കർണാടിക് സംഗീതക്ലാസിൽ ചേർന്നെങ്കിലും രണ്ടുമാസം കഴിഞ്ഞപ്പോൾ നിർത്തി. അന്ന് പാട്ടിലൊന്നും വലിയ താൽപര്യമുണ്ടായിരുന്നില്ല. പിന്നീട് പ്ലസ് ടൂ കാലത്ത് എന്റെ സുഹൃത്ത് സിദ്ദീഖ് ഭാവിയെക്കുറിച്ചു ചോദിച്ചു. മനസ്സിൽ പ്രത്യേകിച്ച് ഒന്നും തോന്നാത്തതിനാൽ എയറോനോട്ടിക്കൽ എൻജിനീയർ ആകണമെന്നു ഞാൻ വെറുതെ പറഞ്ഞു. അവന് ഓഡിയോ എൻജിനീയർ ആകാൻ ആണ് താൽപര്യമെന്ന് എന്നോടു പറഞ്ഞു. അന്നാണ് ഞാൻ ആദ്യമായി ഓഡിയോ എൻജിനീയറിങ്ങിനെക്കുറിച്ചു കേൾക്കുന്നത്. തുടർന്ന് അവനോടു ഞാൻ അതിനെക്കുറിച്ചു കൂടുതൽ കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. കുറെ ഇംഗ്ലിഷ് പാട്ടുകൾ അവൻ എന്നെ കേൾപ്പിച്ചു. സംഗീതം  ഉണ്ടാക്കുന്ന സോഫ്ട്‍വെയർ ഒക്കെ എനിക്ക് പരിചയപ്പെടുത്തിത്തന്നു. ഓരോന്നും ചെയ്തു നോക്കിയപ്പോൾ എന്റെ താല്പര്യം കൂടിക്കൂടി വന്നു. അങ്ങനെയാണ് എന്റെ ഇഷ്ടമേഖല ഇതാണെന്നു ഞാൻ‌ തിരിച്ചറിഞ്ഞത്. എനിക്ക് പാട്ടുപാടാൻ അറിയില്ലായിരുന്നു. ആദ്യമൊക്കെ വെറുതെ പാടിനോക്കിയെങ്കിലും എനിക്ക് ഇഷ്ടപ്പെട്ടില്ല. പിന്നെ കുറെ യൂട്യൂബ് വിഡിയോ ഒക്കെ കണ്ട് കേട്ട് പഠിച്ചു. അങ്ങനെയാണ് പാട്ടുപാടാൻ പഠിക്കുന്നത്.

 

 

റീമിക്സിങ് ഹോബി ആണോ? എത്തരത്തിലാണ് വിഡിയോകൾ തിരഞ്ഞെടുക്കുന്നത്? 

 

ഇപ്പോൾ റീമിക്സിങ് എന്റെ പാഷൻ ആയി മാറിയിരിക്കുകയാണ്. ഹോബിയും ജോലിയും എല്ലാം ഇപ്പോൾ ഇതുതന്നെ. കാണുമ്പോൾ ആളുകളുടെ ചുണ്ടിലൊരു ചിരി വരുന്ന വിഡിയോകൾ ആണ് ഞാൻ തെരഞ്ഞെടുക്കുന്നത്. രാഷ്ട്രീയമോ വിമർശനങ്ങൾ ഉണ്ടാക്കുന്ന തരത്തിലുള്ള വിഡിയോകളോ ചെയ്യാറില്ല. ആളുകൾക്ക് സന്തോഷം പകരുകയും അവരെ രസിപ്പിക്കുകയുമാണ് ലക്ഷ്യം.  

 

 

ലഭിക്കുന്ന പ്രതികരണങ്ങൾ എത്തരത്തിലാണ്? 

 

വിഡിയോകൾക്ക് ഒരുപാട് പ്രതികരണങ്ങൾ കിട്ടുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ ഒരുപാടുപേർ തിരിച്ചറിയുന്നു. പലരും അടുത്തുവന്ന് പരിചയപ്പെടുകയും ഫോട്ടോ എടുക്കുകയും ചെയ്യാറുണ്ട്. അതൊക്കെ സന്തോഷം തരുന്ന കാര്യമാണ്.

 

 

മറ്റെന്തെങ്കിലും ജോലി ചെയ്യുന്നുണ്ടോ?

 

ഞാൻ ഓഡിയോ എൻജിനീയർ ആണ്. ചെന്നൈയിൽ എ.ആർ റഹ്‌മാൻ സാറിന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ ആയിരുന്നു പഠനം. 2012ൽ ആണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. ഇപ്പോൾ പത്തു വർഷമായി. എന്നാൽ 2018 മുതലാണ് യൂട്യൂബിന്റെ സാധ്യതകൾ പഠിച്ച് നല്ല രീതിയിൽ വിഡിയോകൾ ചെയ്തു തുടങ്ങിയത്. ഇപ്പോൾ ഡയലോഗ് വിത്ത് ബീറ്റ്‌സ് ഒരു ആസ്വാദനം പോലെ ആണ് ചെയ്യുന്നത്. ഭാര്യ ലീനയും സൗണ്ട് എൻജിനീയർ ആണ്. ഭാര്യ വിഡിയോകളെക്കുറിച്ച്  പുത്തൻ ആശയങ്ങൾ തരാറുണ്ട്. വീട്ടിൽ ഹോം സ്റ്റുഡിയോ സെറ്റ് ചെയ്തിട്ടുണ്ട്. അവിടെയിരുന്നാണ് എന്റെ ജോലി. പാട്ടുകൾ ഞാൻ തന്നെ എഴുതി സംഗീതം കൊടുക്കുന്നതിലാണ് ഇപ്പോൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ‌അങ്ങനെ കുറെ പാട്ടുകൾ ചെയ്യണം എന്ന് ആഗ്രഹമുണ്ട്. പലതിന്റെയും പണിപ്പുരയിലാണ് ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com