ADVERTISEMENT

സ്നേഹിക്കാനും ചേർത്ത് പിടിക്കാനും ജീവിക്കാനും മറന്നുപോകുന്നവർക്ക് ഒരു ഓർമ്മപ്പെടുത്തലാണ് അനൂപ് മേനോൻ സംവിധാനം ചെയ്ത്, അഭിനയിച്ച പദ്മ എന്ന ചിത്രം. ഒരു കുളിർകാറ്റ് വീശുന്ന നനുത്ത സുഖമുള്ള നിരവധി പാട്ടുകളോടെയാണ് പാട്ടുകളെ പ്രണയിക്കുന്ന പദ്മ എന്ന ടൈറ്റിൽ കഥാപാത്രമായി സുരഭി ലക്ഷ്മി ചിത്രത്തിൽ എത്തുന്നത്. പുതുമുഖങ്ങളെ എന്നും പിന്തുണച്ചിട്ടുള്ള അനൂപ് മേനോൻ ഇക്കുറി രാജ്‌കുമാർ രാധാകൃഷ്ണൻ എന്ന ഗായകനെ പദ്മയിലൂടെ അവതരിപ്പിക്കുന്നു. ചിത്രത്തിലെ നാല് പാട്ടുകൾ മാത്രമല്ല പ്രധാനപ്പെട്ട ഒരു വേഷവും കൈകാര്യം ചെയ്യാൻ രാജ് കുമാറിന് അനൂപ് മേനോൻ അവസരം കൊടുത്തു. ഒരു മുഖ്യധാരാ ചിത്രത്തിനു വേണ്ടി ഗാനം ആലപിക്കുകയെന്നത് ഏതൊരു പുതുമുഖത്തിനും സ്വപ്നതുല്യമായ കാര്യമാണ്. ജോലി ഉപേക്ഷിച്ച് കലയെ പിന്തുടരാൻ തീരുമാനിച്ച രാജ്‌കുമാർ എന്ന ഗായകൻ പദ്മയിലൂടെ സിനിമാ പിന്നണി ഗാനരംഗത്തും അഭിനയ രംഗത്തും ചുവടുറപ്പിക്കുകയാണ്. പാട്ടുവിശേഷങ്ങൾ പങ്കിട്ട് രാജ്കുമാർ മനോരമ ഓൺലൈനിനൊപ്പം. 

 

ആറാട്ടിലൂടെ തുടക്കം 

 

ആറാട്ട് എന്ന ചിത്രത്തിനു വേണ്ടി ഞാൻ ഗാനം ആലപിച്ചിരുന്നു. ചിത്രത്തിൽ രാഹുൽ രാജ് ഈണമൊരുക്കിയ ‘ഒന്നാം കണ്ടം കേറി’ എന്ന പാട്ടിൽ ഒരുപാട് ഗായകർ പാടിയിട്ടുണ്ട്. എല്ലാവരും കൂടിയാണ് പാടിയതെങ്കിലും ഓരോ പാട്ടുകാർക്കും ഒന്നോരണ്ടോ ലൈൻ സോളോ വരുന്നുണ്ട്. അതിൽ ഭാഗമാകാൻ എനിക്കു സാധിച്ചു. പദ്മയിൽ ആണ് ഒരു ഗായകൻ എന്ന നിലയിൽ സ്വതന്ത്രമായി പാട്ടുകൾ പാടിയത്. ആദ്യത്തെ സിനിമയിൽ തന്നെ നാല് പാട്ടുകൾ പാടാൻ അവസരം ലഭിച്ചത് വലിയ ഭാഗ്യമായി കാണുന്നു. പാടി അഭിനയിക്കുന്ന ഒരു കഥാപാത്രം ആകാനും സാധിച്ചു.

 

നിമിത്തം കൈലാസ് മേനോൻ  

 

കൈലാസ് മേനോൻ വഴിയാണ് രാഹുലേട്ടനും അനൂപേട്ടനും എന്നെ കണ്ടെത്തുന്നത്. കോവിഡ് സമയത്ത് ഞാൻ ഒരു വേദിയിൽ 'ശ്രീരാഗമോ' എന്ന പാട്ട് പാടുന്ന ഒരു ചെറിയ വിഡിയോ കൈലാസേട്ടൻ ഒരു കുറിപ്പോടെ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു. അത് വൈറൽ ആയി. ആ വിഡിയോ കണ്ടിട്ടാണ് പദ്മയിലേയ്ക്ക് എനിക്കു ക്ഷണം കിട്ടിയത്. അവസരങ്ങൾ വന്നു ചേരാൻ നിമിത്തമായത് കൈലാസേട്ടൻ ആണ്. അദ്ദേഹത്തോടെ നന്ദിയും സ്നേഹവും അറിയിക്കുകയാണ്. 

 

അനൂപേട്ടനും ഞാനും പിന്നെ പദ്മയും 

 

അനൂപേട്ടൻ പദ്മ എഴുതി തുടങ്ങുമ്പോൾ അതിൽ പാട്ടുകൾ വേണമെന്ന് തീരുമാനിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ സിനിമകളിലും പാട്ടുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. പക്ഷേ ഈ സിനിമ വേറൊരു രീതിയിലാണ് അദ്ദേഹം പ്ലാൻ ചെയ്തിരുന്നത്. അനൂപേട്ടൻ എന്നെ ആദ്യം വിളിച്ചത് ഒരു ചെറിയ വേഷം അഭിനയിക്കാനാണ്. ഫോണിൽ പാട്ട് പാടിക്കൊടുക്കുന്ന ചെറിയ രംഗം ചെയ്യാനുണ്ട് എന്നാണ് എന്നോടു പറഞ്ഞത്. ഡബ്ബ് ചെയ്തുകൊണ്ടിരുന്നപ്പോൾ അനൂപേട്ടന് തോന്നി ഞാനും സുരഭിയും ഫോണിൽ സംസാരിക്കുന്ന കുറച്ച് രംഗങ്ങൾ വേണമെന്ന്. വിജയ് യേശുദാസിന്റെ "മഴകൊണ്ട് മാത്രം" എന്ന പാട്ടിന്റെ കവർ വേർഷൻ ഞാൻ മുൻപ് പാടിയിട്ടുണ്ട്. ആ പാട്ട് നമുക്ക് ഇവിടെ കൊടുത്തു നോക്കാം എന്ന് അനൂപേട്ടൻ പറഞ്ഞു അങ്ങനെയാണ് നിനോയ് വർഗീസിനെ വിളിച്ചത്. ചർച്ചയ്ക്കൊടുവിൽ പദ്മ ഏഴു പാട്ടുകളിൽ എത്തി. അതിൽ നാലെണ്ണം പാടാൻ എനിക്ക് അവസരവും ലഭിച്ചു. മറ്റുള്ളവ വിജയ് യേശുദാസ്, സിതാര, ഹരിശങ്കർ എന്നിവരാണ് പാടിയത്. എന്റെ മുഖം ഇല്ലാതെ ഒരു സൈഡ് മാത്രം കാണിക്കുന്ന സീൻ ആണ് വേണ്ടതെന്നു പറഞ്ഞ് ഒടുവിൽ ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാവുകയും നാല് പാട്ടുകൾ പാടുകയും ചെയ്യുന്ന അവസ്ഥയിലേക്ക് എത്തിയത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അധികമാരും ഒരു പുതുമുഖത്തിന് ഇത്രയും അവസരം കൊടുക്കാറില്ല. അനൂപേട്ടനോട് അകമഴിഞ്ഞ സ്നേഹം. 

 

പ്രതികരണങ്ങൾ വിസ്മയിപ്പിക്കുന്നു 

 

പദ്മ കണ്ടവരൊക്കെ മികച്ച അഭിപ്രായമാണ് അറിയിക്കുന്നത്. 21 ഗ്രാംസിൽ ഞാൻ ഒരു വേഷം ചെയ്തിരുന്നു. സിനിമയിൽ എന്നെക്കണ്ടു തിരിച്ചറിഞ്ഞ് ഒരുപാട് പേർ പ്രശംസയറിയിക്കാൻ വിളിക്കുന്നുണ്ട്. പിന്നണിയിൽ പാടുകയെന്നത് സ്വപ്നം മാത്രമായിരുന്നു. അഭിനയിക്കാൻ കൂടി സാധിച്ചത് ഇരട്ടി സന്തോഷമാണ്. ‍ഏറെ പ്രസക്തമായ ഒരു കഥയാണ് പദ്മയുടെത്. ദമ്പതിമാർക്കും വിവാഹിതരാകാൻ പോകുന്നവർക്കും കണ്ടുപഠിക്കാൻ ഏറെയുണ്ട്.  അനൂപേട്ടൻ–സുരഭി കോംബോ മത്സരിച്ചഭിനയിച്ചു. ഇമോഷണൽ സീനൊക്കെ രണ്ടുപേരും ഗംഭീരമായി ചെയ്തിട്ടുണ്ട്. അനൂപേട്ടൻ ഒരുപാട് റിസ്ക് എടുത്ത ചിത്രം കൂടിയാണ് പദ്മ. നല്ല കുറെ പാട്ടുകൾ ഉണ്ടെന്നുള്ളതും ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

 

ജോലി ഉപേക്ഷിച്ച് പാടാനിറങ്ങി

 

കലാകാരൻ എന്ന നിലയിൽ അറിയപ്പെടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. കുട്ടിക്കാലത്ത് നാടകത്തിലൊക്കെ അഭിനയിച്ചിട്ടുണ്ട്. മുതിർന്നപ്പോൾ പാട്ട് മാത്രമായി. കോളജ് കാലത്ത് ഗാനമേളയൊക്കെ ചെയ്തിട്ടുണ്ട്. കലാഭവനിലും മാമംഗലം മധുസൂദനൻ സാറിന്റെയടുത്തും കുറച്ചുനാൾ പാട്ട് പഠിക്കാൻ പോയെങ്കിലും അതെല്ലാം പാതിയിൽ നിർത്തി. വീട്ടിലെ ചില അത്യാവശ്യങ്ങൾ കൊണ്ട് പെട്ടെന്ന് ജോലി തേടേണ്ടി വന്നു. അങ്ങനെ കുറേക്കാലം പാട്ടിൽ നിന്ന് അകന്നു നിന്നു. കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടും പാട്ടിനെ തിരിച്ചുപിടിച്ചു. പരിശീലനത്തിനായി കൂടുതൽ സമയം കണ്ടെത്തി. പാട്ടും ജോലിയും ഒരുമിച്ചു കൊണ്ടുപോകാൻ പറ്റാത്ത അവസ്ഥയിലെത്തിയപ്പോഴാണ് ജോലി ഉപേക്ഷിച്ച് പൂർണമായും പാട്ടിലേയ്ക്കു തിരിഞ്ഞത്. പ്രളയവും മഹാമാരിയുമെല്ലാം വന്നതോടെ ഒരുപാട് പ്രയാസങ്ങൾ നേരിട്ടു. എങ്കിലും ഞാൻ ക്ഷമയോടെ കാത്തിരുന്നു. അങ്ങനെ അഭിനയത്തിലും പിന്നണിഗാനരംഗത്തും എത്തി. മനസ്സ് നിറയെ സംഗീതമാണെങ്കിലും അഭിനയിക്കാനുള്ള ആത്മവിശ്വാസവുമുണ്ട് ഇപ്പോൾ. 

 

പുതിയ ചിത്രങ്ങൾ 

 

ഷെല്ലി ജോയ്, ഷോജി സെബാസ്റ്റിയൻ എന്നിവർ സ്ക്രിപ്റ്റ് എഴുതി ഷോജി സെബാസ്റ്റ്യൻ സംവിധാനം ചെയ്യുന്ന ‘എൽ’ എന്നൊരു ത്രില്ലർ ചിത്രത്തിലെ അഭിനയ തിരക്കിലാണ് ഞാനിപ്പോൾ. അനൂപ് മേനോൻ പ്രകാശ് രാജ് കോമ്പിനേഷനിൽ കണ്ണൻ താമരക്കുളം സർ സംവിധാനം ചെയ്യുന്ന ‘വരാൽ’ എന്ന ചിത്രത്തിൽ പാട്ട് പാടുകയും ചെയ്തു. ജ്യോത്സ്നയ്ക്കൊപ്പമുള്ള യുഗ്മഗാനമാണത്. പാട്ടിലും അഭിനയത്തിലും സജീവമായി തുടരണമെന്നാണ് ആഗ്രഹം. പുതിയ പാട്ടുകളും കഥാപാത്രങ്ങളൂം തേടിയെത്തുമെന്നു പ്രതീക്ഷിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com