‘പാട്ട് ഹിറ്റ് ആയപ്പോൾ ഏറ്റവും മിസ് ചെയ്യുന്നത് അവളെ, കൂടെ ഉണ്ടായിരുന്നെങ്കിൽ...’; വേദന മാറാതെ ബിജു നാരായണൻ

biju-devadoothar
SHARE

ഒരിക്കൽ തനിക്കുവച്ചു നീട്ടിയ നായകവേഷം ആ ഗായകൻ നിരസിച്ചപ്പോൾ പകരം നായകവേഷത്തിൽ എത്തിയത് ബിജുമേനോൻ; മറ്റൊരിക്കൽ നിരസിച്ച നായകവേഷത്തിൽ അഭിനയിച്ചത് വിക്രം. വർഷങ്ങൾക്കിപ്പുറം മലയാളക്കരയിലെ ന്യൂജനറേഷൻ കുട്ടികൾ ഒന്നടങ്കം താൻപാടിയ പാട്ടിനു ചുവടുവച്ച്  തരംഗം സൃഷ്ടിക്കുന്നു. ബിജുനാരായണനെന്ന ഗായകന്റെ ജീവിതം വിസ്മയങ്ങളിലൂടെയുള്ള യാത്രയാണ്. കുഞ്ചാക്കോ ബോബൻ നായകനായെത്തുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയിലൂടെ ‘ദേവദൂതർ പാടി’ എന്ന പഴയ ഗാനമാണ് വീണ്ടും തരംഗം സൃഷ്ടിക്കുന്നത്. കാതോടുകാതോരത്തിൽ യേശുദാസ് പാടിയ ആ ഗാനം ഇത്തവണ സിനിമക്കായി വീണ്ടും പാടിയത് ഗായകൻ ബിജു നാരായണനാണ്. പാട്ട് വൈറലായി. കുഞ്ചാക്കോ ബോബന്റെ നൃത്തവും വൈറൽ. പാട്ടുവിശേഷം ബിജുനാരായണൻ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു. 

നായകൻ ആകാനുള്ള അവസരങ്ങൾ രണ്ടുതവണ വേണ്ടെന്നുവച്ച ഗായകനാണല്ലോ. ആ കഥ പറയാമോ? 

നമ്മൾ പാട്ടുപാടുന്നതുപോലെയല്ലല്ലോ അഭിനയം. എനിക്ക് നല്ല ചമ്മലുണ്ടായിരുന്നു. ഒരിക്കൽ ലെനിൻ രാജേന്ദ്രൻ സർ എന്നെ വിളിച്ചു. മഴ എന്ന സിനിമയുടെ ആലോചന നടക്കുന്ന സമയമാണ്. എറണാകുളത്തുവച്ച് ഞങ്ങൾ കണ്ടു. അദ്ദേഹം പുതിയ സിനിമയുട കഥ പറഞ്ഞു. കർണാടകസംഗീതജ്ഞനായ കഥാപാത്രമാണ് മുഖ്യവേഷത്തിൽ. നീയാണ് മോനേ നായകൻ എന്ന് അദ്ദേഹം പറഞ്ഞു. ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. ‘‘ചെറിയ വല്ല റോളുമാണെങ്കിൽ ഓകെ. മെയിൻ ക്യാരക്ടറൊക്കെ ഞാൻ ചെയ്താൽ ശരിയാവുമോ’’ എന്നൊക്കെ ചോദിച്ച് ഞാൻ പിൻമാറി. ബിജു മേനോനാണ് മഴയിൽ ആ കഥാപാത്രം അവതരിപ്പിച്ചത്.

ക്യാപ്റ്റൻ രാജു സംവിധാനം ചെയ്ത ‘ഇതാ ഒരു സ്നേഹഗാഥ’ എന്ന സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ ഞാൻ ഞെട്ടിപ്പോയി. ആ ചിത്രത്തിൽ ഞാൻ ഗായകനായി എത്തിയതാണ്. ജോൺസൺ മാഷായിരുന്നു സംഗീതം. റെക്കോർഡിങ് നടക്കുമ്പോൾ എന്നെ അദ്ദേഹം വിളിച്ചു. അതിൽ രണ്ടു പാട്ടുകൾ‍ പാടി. ചെന്നൈയിൽ വച്ചാണ് സിനിമയുടെ പൂജാ ചടങ്ങുകൾ നടത്തിയത്. മമ്മൂക്കയൊക്കെ പങ്കെടുത്ത വലിയ ചടങ്ങായിരുന്നു അത്. ‘നായകൻ  സസ്പെൻസ്’ എന്ന രീതിയിലായിരുന്നു അന്ന് പദ്ധതി അനൗൺസ് ചെയ്തത്.

ഒരു ദിവസം ക്യാപ്റ്റൻ രാജു വിളിച്ച് ‘മോനേ, നീയാണ് ഇതിലെ നായകൻ’ എന്നു പറഞ്ഞു. ഞാൻ ഞെട്ടിപ്പോയി. എന്റെ കല്യാണമുറപ്പിച്ച സമയമാണ്. ‘‘ചേട്ടാ, പുതിയൊരു ജീവിതത്തിലേക്ക് ഞാൻ കടക്കുകയാണ്. പാട്ടും പോകും, അഭിനയവും പോകും. ഇപ്പോൾ അത്യാവശ്യം തിരക്കുണ്ട്. തൽക്കാലം അഭിനയിക്കാനില്ല’’ എന്നൊക്കെ മുടന്തൻന്യായം പറഞ്ഞ് ഒഴിഞ്ഞു. അന്ന് താരതമ്യേന  ചെറിയ താരമായിരുന്ന വിക്രമാണ് നായകനായെത്തിയത്. പിൽക്കാലത്ത് വിക്രമിന്റെ രാശി തെളിഞ്ഞു. തമിഴിൽ നായകനായത്. ശരിക്കും വിക്രമിനു പകരം നായകനാവേണ്ടിയിരുന്നത് ഞാനാണെന്നു മക്കളോട് ഇപ്പോഴും പറഞ്ഞു ചിരിക്കാറുണ്ട്. 

തീരെ അഭിനയിച്ചിട്ടില്ലെന്നു പറയാൻ പറ്റില്ല. ഒന്നുരണ്ടു സിനിമകളിൽ ബിജു നാരായണനായിത്തന്നെ വന്നു മുഖം കാണിച്ചു. ദിലീപിന്റെ കാര്യസ്ഥനിൽ ഒരു പാട്ടുരംഗത്തിൽ വന്നു. അന്ന് പ്രൊഡക്‌ഷൻ കൺട്രോളറായിരുന്ന നിർമാതാവ് ആന്റോ ജോസഫ് നല്ലൊരു സുഹൃത്താണ്. അദ്ദേഹമാണ് എന്നെ കാര്യസ്ഥനിലേക്ക് വിളിച്ചത്. മിമിക്സ് സൂപ്പർ 1000 എന്ന സിനിമയിലും ബിജുനാരായണനായിത്തന്നെ മുഖം കാണിച്ചു. 1996ൽ ജഗദീഷിനൊപ്പം ഗൾഫിൽ സ്റ്റേജ് പ്രോഗ്രാമുകളുമായി ഒരു യാത്ര പോയിരുന്നു. പഴയ പാട്ടുകളും പുതിയ പാട്ടുകളും തമ്മിലുള്ള മത്സരം പോലെ ഒരു സ്കിറ്റ് ആ യാത്രയിൽ അവതരിപ്പിച്ചു. അത് ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുകഴിഞ്ഞുവന്ന് കുറച്ചുമാസം കഴിഞ്ഞപ്പോഴാണ് ജദഗീഷ് വിളിക്കുന്നത്. ആ സംഗതി ഒരു സിനിമയിൽ അവതരിപ്പിക്കണമെന്നാവശ്യപ്പെട്ടു. അങ്ങനെയാണ് സിനിമയിൽ വന്നത്. രണ്ടുതോണിയിലും കാലുവയ്ക്കണ്ട എന്ന തീരുമാനത്തെതുടർന്നാണ് തേടിവന്ന പല വേഷങ്ങളും ഒഴിവാക്കിയത്.

‘ദേവദൂതർ’ വീണ്ടും പാടിയപ്പോൾ?

ദേവദൂതർ പാടി എന്ന പാട്ട് വീണ്ടും അവതരിപ്പിക്കണമെന്ന തീരുമാനം ചിത്രത്തിന്റെ സംവിധായകൻ രതീഷ് ബാലകൃഷ്ണന്റേതാണ്. രണ്ടു മാസം മുൻപ് സംഗീതസംവിധായകൻ ഡോൺ വിൻസെന്റ് എന്നെ പാട്ടുപാടാൻ വിളിക്കുകയായിരുന്നു. ഡോൺ നല്ലൊരു സുഹൃത്താണ്. രാജീവ് രവിയുടെ തുറമുഖം എന്ന  സിനിമയിൽ പാടുമ്പോഴാണ് ഡോണിനെ പരിചയപ്പെട്ടത്. മഞ്ജു വാരിയരുടെ ചതുർമുഖവും കുറ്റവുംശിക്ഷയുമൊക്കെ ചെയ്ത കഴിവുറ്റ സംഗീതസംവിധായകനാണ് ഡോൺ. അദ്ദേഹം എന്നെ വിളിച്ച് ഒരു പാട്ടുപാടാൻ വരണമെന്നു പറഞ്ഞു. ഏതാണ് സിനിമയെന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. പാടാൻ വിളിച്ചാൽ സിനിമയേതാണെന്നു ചോദിക്കാതെ, ഒരു നിബന്ധനയും പറയാതെ പോയി പാടുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ദേവദൂതർ പഴയ പാട്ടാണല്ലോ. പകർപ്പവകാശങ്ങൾ നിയമപരമായി വാങ്ങിയിട്ടുണ്ടോ എന്നതുമാത്രമാണ് ഞാൻ ആകെ ചോദിച്ചത്. അതൊക്കെ ചെയ്തിട്ടുണ്ടെന്ന് അവർ പറഞ്ഞു. അങ്ങനെയാണ് പാട്ടുപാടി റെക്കോർഡ് ചെയ്തത്. പഴയ പാട്ടിന്റെ ട്രാക്ക് വച്ചാണ് അവർ ചിത്രീകരണം നടത്തിയത്. സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞ ശേഷമാണ് ഞാൻ പാട്ടുപാടിയത്. പാട്ടിറങ്ങി 37 വർഷം കഴിഞ്ഞ് ഇതേ പാട്ട് വീണ്ടും ഒരു സിനിമയ്ക്കു വേണ്ടി എടുക്കുന്നു. ആ പാട്ട് പാടാനുള്ള ഭാഗ്യം എന്നെത്തേടി വരുന്നു. ഇതു സ്വപ്നത്തിൽപ്പോലും കരുതിയതല്ല. നിനച്ചിരിക്കാത്ത ഭാഗ്യമാണിത്. ഇവിടെ നിരവധി ഗായകരുണ്ടെങ്കിലും ഈ അവസരം എന്നെ തേടിയെത്തിയത് ഭാഗ്യമാണ്. 

മലയാളികളുടെ നൊസ്റ്റാൾജിക് ഗാനം വീണ്ടും അവതരിപ്പിക്കുമ്പോൾ എന്തായിരുന്നു മനസ്സിൽ?

മലയാളികൾ എക്കാലവും നെഞ്ചിൽ കൊണ്ടുനടക്കുന്ന പാട്ടാണ് ‘ദേവദൂതർ’. ഏതുകാലത്തു വന്നാലും ഈ പാട്ട് ഹിറ്റാവുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ടായിരുന്നു. അത്രയേറെ ഗൃഹാതുരമായ പാട്ടാണിത്. വ്യക്തിപരമായി എനിക്കും ഈ പാട്ട് ഒരു നൊസ്റ്റാൾജിയയാണ്. ഞാൻ തേവര സേക്രഡ് ഹാർട്സ് സ്കൂളിൽ എട്ടിലോ ഒൻപതിലോ പഠിക്കുന്ന കാലം. അന്നു സ്കൂൾഡേയ്ക്ക് ഈ പാട്ട് ഞാൻ പാടിയിട്ടുണ്ട്. ക്ലാസ്മേറ്റായിരുന്ന ബിജുവിന്റെ വീട്ടിൽ ഞങ്ങൾ രണ്ടുമൂന്നാഴ്ച ഒരുമിച്ചിരുന്നാണ് റിഹേഴ്സലൊക്കെ നടത്തിയത്. ബിജുവാണ് അന്ന് കീബോർഡ് വായിച്ചത്. കോറസ് പാടാനൊക്കെയുള്ളതിനാൽ ഈ പാട്ട് അന്നത്തെ എല്ലാ കൂട്ടുകാരും ചേർന്നു പാടി. പള്ളിയുടെ അങ്കണത്തിൽ പാടുന്ന പാട്ടിന്റെ പശ്ചാത്തലമൊക്കെ അന്നേ ഇഷ്ടമായിരുന്നു. അന്നത്തെ കൂട്ടുകാരൊക്കെ ഇപ്പോഴും ആ പരിപാടിയെക്കുറിച്ചു പറഞ്ഞ് വാട്സാപ്പിൽ മെസേജ് അയക്കുന്നുണ്ട്.

ദാസേട്ടന്റെ പാട്ട് വീണ്ടും പാടുകയെന്നത് വെല്ലുവിളി ആയിരുന്നോ?

ഗായകനെന്ന നിലയിൽ വലിയ വെല്ലുളിയാണ് ഈ പാട്ട്. ഓർക്കസ്ട്ര പഴയതുപോലെയാണ് ഉപയോഗിച്ചിരിക്കുന്നത്. സാധാരണ പഴയൊരു പാട്ട് റീമിക്സ് ചെയ്യുമ്പോൾ ഓർക്കസ്ട്രേഷൻ മാറ്റാറുണ്ട്. ചിലപ്പോൾ വികലമാക്കാറുണ്ട്. പക്ഷേ ആളുകളുടെ മനസ്സിൽ ആ പഴയ പാട്ടാണുണ്ടാവുക. നമ്മളിവിടെ ആ പഴയ ഓർക്കസ്ട്രേഷൻ തന്നെയാണ് കൊണ്ടുവന്നിരിക്കുന്നത്. ഒഎൻവി സാറിന്റെ അതിമനോഹരമായ വരികളാണ്. വരികളിൽ മാറ്റം വരുത്തുന്നത് ചിന്തിച്ചിട്ടുപോലുമില്ല. ഔസേപ്പച്ചൻ സാറിന്റെ അതിമനോഹരമായ സംഗീതം. അതും മാറ്റിമറിച്ചിട്ടില്ല. ഗായകൻ മാത്രമേ മാറിയിട്ടുള്ളൂ. ദാസേട്ടൻ പാടിയ പാട്ടാണ്. അത് ഞാൻ മോശമാക്കിയാൽ ആളുകൾ എന്നെ ‘എയറി’ൽ കയറ്റുമെന്ന് ഉറപ്പാണ്. അതുകൊണ്ട് പരമാവധി ശ്രദ്ധിച്ചാണ് പാടിയത്.

കാതോടുകാതോരത്തിൽ രണ്ടു ഗായകൻമാരാണ് പാട്ടുപാടിയത്. ദാസേട്ടനും കൃഷ്ണചന്ദ്രനും. ഇതിനുപുറമേ കോറസുമുണ്ട്. ദാസേട്ടനും കൃഷ്ണചന്ദ്രനും പാടിയ രണ്ടു ഭാഗവും ഇത്തവണ ഞാൻ തന്നെ പാടി. ഹമ്മിങ്ങൊക്കെ അൽപം ബുദ്ധിമുട്ടാണ്. ഏറെ ശ്രദ്ധിച്ചാണ് പാടിത്തീർത്തത്. ഒന്നര മണിക്കൂറോളം സമയമെടുത്തു. ഹിറ്റാവുമെന്ന് ഉറപ്പായിരുന്നെങ്കിലും ഇത്രമാത്രം പ്രതീക്ഷിച്ചില്ല. എല്ലാവരും വളരെ സന്തോഷത്തിലാണ്. 

കുഞ്ചാക്കോ ബോബന്റെ ഡാൻസ് 

പാട്ട് ഹിറ്റായതിന്റെ പ്രധാനഘടകം ചാക്കോച്ചന്റെ ഡാൻസ് ആണ്. മമ്മൂക്കയാണ് പാട്ട് ഔദ്യോഗികമായി പുറത്തിറക്കിയത്. പാട്ടിന്റെ തുടക്കത്തിലെ മാനറിസങ്ങൾ കണ്ടപ്പോൾ പലരും ആളെതിരിച്ചറിഞ്ഞില്ല. ചാക്കോച്ചനെ നമ്മൾ ഇങ്ങനെ കണ്ടിട്ടില്ലല്ലോ. അതിഭയങ്കര മേക്കോവറാണ്. പാട്ടുതുടങ്ങി കുറച്ചു സെക്കൻഡുകൾ കഴിയുമ്പോൾ ഒരു ക്ലോസ് ഷോട്ട് വരുന്നു. അപ്പോഴാണ് ഇതു ചാക്കോച്ചനാണല്ലോ എന്ന് പലരും തിരിച്ചറി‍ഞ്ഞ് ഞെട്ടിപ്പോവുന്നത്. ഇത് കാണികൾക്ക് വലിയൊരു അനുഭവമാണ്. ആ നിമിഷം തന്നെ ഹിറ്റ് ആകുമെന്നു തോന്നിത്തുടങ്ങി. പാട്ട് ആവർത്തിച്ചു കാണാനുള്ള കൗതുകമുണ്ടായി മനസ്സിൽ. പാട്ട് മുഴുവനായും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിനിമയുടെ ഒരു പ്രധാനഭാഗത്തു വരുന്നതുകൊണ്ട് പാട്ടിന്റെ പല്ലവിയും അനുപല്ലവിയുമാണ് ഇപ്പോൾ‍ പ്രേക്ഷകർ കണ്ടത്. പാട്ട് അവിടെവച്ച് നിർത്തുന്നിടത്ത് ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന കൗതുകം ബാക്കിവയ്ക്കുന്നുണ്ട്. 

പാട്ടിനെക്കുറിച്ച് കുഞ്ചാക്കോ ബോബൻ പറഞ്ഞതെന്ത്?

കഴിഞ്ഞ ദിവസം ചാക്കോച്ചൻ വിളിച്ചു സംസാരിച്ചിരുന്നു. അദ്ദേഹവും വളരെ സന്തോഷത്തിലാണ്. ചാക്കോച്ചൻ ബ്രില്യന്റ് ഡാൻസറാണെന്ന് എല്ലാവർക്കും അറിയാം. ഈ പാട്ട് ഒരു കോറിയോഗ്രഫറെ വച്ച് ചെയ്യാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ താൻ കയ്യിൽനിന്ന് ഒന്നുരണ്ട് സ്റ്റെപ്പ് ഇടാമെന്നും ശരിയായില്ലെങ്കിൽ ആരെയെങ്കിലും വിളിക്കാമെന്നും ചാക്കോച്ചൻ പറഞ്ഞു. പക്ഷേ സ്റ്റെപ്പുകൾ കണ്ടതോടെ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ ഇതുമതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് ചാക്കോച്ചൻ വെളിപ്പെടുത്തി. ഇതെല്ലാം നിമിത്തമാണ്. ദുൽഖർ സൽമാൻ കഴിഞ്ഞ  ദിവസം ഒരു വേദിയിൽ ചുവടുവച്ചതോടെ പാട്ട് ‘വേറെ ലെവൽ’ ആയി

പഴയ പാട്ടുകൾ വീണ്ടും അവതരിപ്പിക്കുകയെന്ന രീതി ട്രെൻഡ് സെറ്ററാകുമോ?

പണ്ടൊക്കെ ചില പാട്ടുകൾ റീമിക്സ് ചെയ്ത് നശിപ്പിച്ചുവെന്ന പരാതി കേൾക്കാറുണ്ട്. എന്നാൽ ഇപ്പോൾ അങ്ങനെയല്ല. പാട്ടിന്റെ ഉള്ളറിഞ്ഞാണ് അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. കാവാലം സാറിന്റെ ‘അതിരുകാക്കും മലയൊന്ന് തുടുത്തേ’ എന്ന പാട്ട് ജയസൂര്യയുടെ ഡേവിഡ് ആൻഡ് ഗോലിയാത്ത് എന്ന സിനിമയ്ക്കുവേണ്ടി പാടിയിട്ടുണ്ട്. രതീഷ് വേഗയായിരുന്നു സംഗീതസംവിധായകൻ. ഈ പാട്ട് ഒരു ട്രെൻഡ് സെറ്ററാവുമെന്നാണ് ഞങ്ങൾ കരുതുന്നത്. പഴയ പാട്ടുകൾ ആളുകളുടെ മനസിൽ കിടക്കുന്നതാണ്. അവർക്കത് അതിവേഗം റിലേറ്റ് ചെയ്യാൻ കഴിയും. ചാക്കോച്ചന്റെ മകൻ ഇപ്പോൾ ഈ പാട്ടുംപാടി നടക്കുകയാണെന്നു പറഞ്ഞു. ഗായകൻ നജീം അർഷാദും തന്റെ കുട്ടി ഈ പാട്ടുപാടിക്കൊണ്ട് നടക്കുകയാണെന്ന്  മെസേജ് അയച്ചിരുന്നു. ദേവദൂതർ പാടി, സ്നേഹദൂതർ പാടി എന്ന ട്യൂൺ ക്യാച്ചിങ്ങാണ്. പാടാനറിയാത്തവരാണെങ്കിൽപ്പോലും ഏതൊരാൾക്കും താളം പിടിക്കാൻ പറ്റുന്നതാണ്. തലയാട്ടാനെങ്കിലും പറ്റും.

പഴയ ആ പാട്ടിലെ  പലരും ഇന്നില്ല. അവരെക്കുറിച്ചുള്ള ഓർമകൾ?

ഒഎൻ‍വി സർ മരിച്ച ശേഷമാണ് പാട്ട് വീണ്ടുംവരുന്നത്. കാതോടുുകാതോരത്തിലെ ആ പാട്ടു രംഗത്തിൽ നെടുമുടി വേണുസാറുണ്ടായിരുന്നു. അദ്ദേഹവും ഇന്നില്ല. ഇതിലെല്ലാം വലുതായി എനിക്ക് വ്യക്തിപരമായുള്ള സങ്കടം ആ ചിത്രത്തിന്റെ സംവിധായകൻ ഭരതേട്ടൻ ഇന്നില്ല എന്നതാണ്.

ഭരതേട്ടന്റെ വെങ്കലത്തിൽ ‘പത്തുവെളുപ്പിന്’ എന്ന പാട്ടു പാടിയാണ് 1992ൽ ഞാൻ സിനിമയിലേക്ക് വരുന്നത്. സിനിമയിലെ എന്റെ 30ാം വർഷമാണിത്. ‘സൂര്യനായ് തഴുകി’, മാന്ത്രികത്തിലെ ‘കേളീവിപനം’, സമ്മർ ഇൻ ബത്‌ലഹേമിലെ ‘മാരിവില്ലിൻ’, വടക്കുംനാഥനിലെ ‘കളഭം തരാം’, ഞാൻ മേരിക്കുട്ടിയിലെ ‘ദൂരെദൂരെ’ തുടങ്ങിയ ഒരുപാട് ഹിറ്റുപാട്ടുകൾ എനിക്ക് ഇക്കാലത്തിനിടയ്ക്ക് കിട്ടിയിട്ടുണ്ട്. എന്നാൽ ഈ മുപ്പതാം വർഷംതന്നെ ഭരതേട്ടന്റെ ഒരുസിനിമയിലെ പാട്ട് വീണ്ടുമൊരു സിനിമയില്‍ പാടി ഹിറ്റാവുകയെന്നത് ഒരു നിമിത്തമാണ്. ചാക്കോച്ചൻ സിനിമയിലെത്തിയിട്ട് 25ാം വർഷമാണിത്.

സംഗീതസംവിധായകൻ രവീന്ദ്രന്റെ കണ്ടെത്തലാണല്ലോ ബിജുനാരായണനെന്ന ഗായകൻ. എന്താണ് അദ്ദേഹവുമൊത്തുള്ള ഓർമകൾ?

രവീന്ദ്രൻ മാസ്റ്ററുടെ ഈണത്തിൽ ഏറ്റവുമൊടുവിൽ പാടിയത് കളഭംതരാം എന്ന പാട്ടാണ്. ‘വടക്കുംനാഥന്‍’ സിനിമയുടെ ഓർമകൾ കോഴിക്കോടുമായി ബന്ധപ്പെട്ടുകിടക്കുകയാണ്. കോഴിക്കോട്ടുകാരായ ഗിരീഷ് പുത്തഞ്ചേരിയുടെയും ഷാജൂൺ കാര്യാലിന്റെയും സിനിമയാണത്. വടക്കുംനാഥനിലെ പാട്ടുകളുടെ കമ്പോസിങ് സമയത്തൊക്കെ രവീന്ദ്രൻമാഷിനെ ഞാൻ കണ്ടിട്ടുണ്ട്, സംസാരിച്ചിട്ടുമുണ്ട്. വടക്കുംനാഥന്റെ റെക്കോർഡിങ് കോഴിക്കോട്ടെ രാജശ്രീ സ്റ്റുഡിയോയിൽ‍ തുടങ്ങിയ ഒരു ദിവസം രവീന്ദ്രൻമാഷ് എന്നെ വിളിച്ചു. ‘‘എടാ..നമുക്കൊരു പാട്ട് പാടണം.. നമുക്കത് പിടിക്കാം.. നീ നാളെ ഇങ്ങോട്ടുവാ’’ എന്നാണ് പറഞ്ഞത്. പിറ്റേദിവസം രാവിലെ എറണാകുളത്തുനിന്ന് പുറപ്പെട്ടു. ഉച്ചയോടെ ഞാൻ കോഴിക്കോട്ടെത്തി. രവീന്ദ്രൻമാസ്റ്ററും ഗിരീഷ് പുത്തഞ്ചേരിയും ഷാജൂൺ കാര്യാലുമുണ്ട്. ഉച്ചയ്ക്കാണ് പാട്ട് റെക്കോർഡ് ചെയ്തത്. എറണാകുളത്ത് പിന്നീട് റീമിക്സ് ചെയ്തു.

ശാസ്ത്രീയസംഗീതം അടിസ്ഥാനമാക്കിയുള്ള ഗാനങ്ങളുടെ കാലം കഴിഞ്ഞോ?

പുതിയ പാട്ടുകാരിൽ ശാസ്ത്രീയസംഗീതം അടിത്തറയുള്ളവരുണ്ട്. ഇപ്പോൾ ട്രെൻഡ് മാറിക്കഴിഞ്ഞു. പഴയതരം പാട്ട് ഡിമാൻഡ് ചെയ്യാറില്ല. പുതിയ സംഗീതസംവിധായകർ ഇതൊക്കെ പരീക്ഷിക്കുന്നുണ്ട്. ഇതൊക്കെ ഹിറ്റുമാവുന്നുണ്ട്.‌ സമ്മർ ഇൻ ബെത്‌ലഹേമിലെ ‘മാരിവില്ലിൻ മച്ചകങ്ങളും’ രസികനിലെ ‘നീ വാടാ തെമ്മാടി’യും പോലെ ഞാൻ രണ്ടുതരം പാട്ടുകളും പാടിയിട്ടുണ്ട്. മെലഡി എല്ലാക്കാലത്തും മനസ്സിൽ നിൽക്കും. ഇതുവരെ അയ്യായിരത്തോളം ഭക്തിഗാന കസെറ്റുകളിലും ആൽബങ്ങളിലും പാടി. 1989ലാണ് ആദ്യത്തെ റെക്കോർഡിങ്. ഇപ്പോഴും തുടരുന്നു. സിനിമകളിലെ ഒരു പാട്ട് ഹിറ്റാകുന്നത് ജാക്ക്പോട്ട് പോലെയാണ്. അതിന്റെ സ്വീകാര്യത വളരെ വലുതാണ്. ഗായകനെന്ന നിലയിൽ ഏറെ സന്തോഷമാണ്.

ഭാര്യ വിട പറഞ്ഞത് അടുത്തിടെയാണല്ലോ. ഈ പാട്ട് കേൾക്കാൻ അവരില്ല. എന്താണ് മനസ്സിൽതോന്നുന്നത്?

ഈ പാട്ട് ഹിറ്റായപ്പോൾ ഞാൻ ഏറ്റവുമധികം മിസ് ചെയ്യുന്നത് ഭാര്യയെയാണ്. ഏറ്റവുമൊടുവിൽ ‘ഞാൻ മേരിക്കുട്ടി’ എന്ന സിനിമയിലെ ദൂരെ ദൂരെ എന്ന പാട്ടിന് ഒരുപാട് അവാർഡുകൾ കിട്ടിയിരുന്നു. അന്ന് അവൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. അവാർഡുകൾ മേടിക്കാൻ ഞങ്ങൾ ഒരുമിച്ചാണ് പോയത്. ഇപ്പോൾ അവളുണ്ടായിരുന്നെങ്കിൽ ഒത്തിരി ഹാപ്പി ആയേനെ. പ്രീഡിഗ്രി കാലത്തുതുടങ്ങിയ ബന്ധമാണ് ഞങ്ങളുടേത്. ഡിഗ്രിക്കാലത്താണ് കസെറ്റുകളിൽ പാടിത്തുടങ്ങിയത്. പിന്നെ സിനിമയിലേക്ക് എത്തി. എന്റെ എല്ലാ ഉയർച്ചകളിലും താഴ്ചകളിലും അവൾ എന്റെ കൂടെയുണ്ടായിരുന്നു. അവളുടെ മരണം ശരിക്കും പിടിച്ചുലച്ചു. ഈ സമയത്ത് ഏറ്റവുമധികം വിഷമിപ്പിക്കുന്നത് അവളുടെ അഭാവമാണ്. ഞങ്ങളുടെ മൂത്തമകൻ ബെംഗളൂരുവിൽ എൽഎൽബി അവസാനവർഷ വിദ്യാർഥിയാണ്. രണ്ടാമത്തെ മകൻ ബികോം വിദ്യാർഥി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}