പ്രണവ് സീക്രട്ട് ആലിയിലേക്കു പോകുമ്പോഴുള്ള ഫീൽ ആയിരുന്നു അന്ന് എനിക്ക്; ‘ഹൃദയം’ നിറഞ്ഞ് ഹിഷാം പറയുന്നു

pranav-hesham
SHARE

ദർശന എന്ന പാട്ടുപാടി ആരാധകരുടെ മനം കവർന്ന ആലപ്പുഴക്കാരൻ. എം.ജയചന്ദ്രനെയും ഔസേപ്പച്ചനെയും ഒരുപാടിഷ്ടപ്പെടുന്ന ചെറുപ്പക്കാരൻ. ഹൃദയത്തിലൂടെ മലയാളിയുടെ ഹൃദയത്തിലേക്കു ദേവദൂതനായി എത്തിയ സംഗീതസംവിധായകന്‍– ഹിഷാം അബ്ദുൽ വഹാബ്. സോൾട്ട് മാംഗോ ട്രീയായിരുന്നു സിനിമയിലെ അരങ്ങേറ്റ ചിത്രം. ഗായകനായി സ്ക്രീനിനു മുൻപിലെത്തുന്നത് റിയാലിറ്റി ഷോയിലൂടെയും. അതിനുശേഷം ഓഡിയോ എൻജിനീയറിങ് പഠിച്ചു. സാമി യൂസഫിന്റെ കൂടെ ജോലി ചെയ്തു. തുടർന്നായിരുന്നു സിനിമ. തന്റെ സംഗീതയാത്രയെക്കുറിച്ച് ഹിഷാം സംസാരിക്കുന്നു.

ഹൃദയം വെല്ലുവിളിയായിരുന്നോ?

തീർച്ചയായും. 15 പാട്ടുകളുള്ള ചിത്രമല്ലേ. വെല്ലുവിളി തന്നെയായിരുന്നു. പക്ഷേ, നോ പറയാൻ തോന്നിയില്ല. അല്ലെങ്കിലും സംഗീതസംവിധാനമാണ് ഏൽപിക്കുന്നതെങ്കിൽ നോ പറയാറില്ല. അത്രയേറെ ഇഷ്ടമുണ്ട് സംഗീതത്തോടും സംഗീതസംവിധാനത്തോടും.

രണ്ടര വർഷത്തോളം ഹൃദയത്തിനു പിന്നാലെയായിരുന്നു. ഓരോ പാട്ടും എങ്ങനെ വേണമെന്നും വിനീതേട്ടൻ (വിനീത് ശ്രീനിവാസൻ) പറഞ്ഞിരുന്നു. ആദ്യ ഗാനം മനസ്സേ മനസ്സേ സിംഫണി സ്റ്റൈലിലേക്കു പോയതും ദർശന പാട്ടിൽ ദർശന എന്ന പേരു വരുന്നതുമൊക്കെ അതുകൊണ്ടു കൂടിയാണ്. എത്ര കാലം കഴിഞ്ഞാലും മറക്കാത്ത പാട്ടുകൾ വേണമെന്നും നിർബന്ധമുണ്ടായിരുന്നു. ടൈംലെസ്. അതായിരുന്നു ഹൃദയത്തിന്റെ പാട്ടുകൾ ചെയ്യുമ്പോഴുള്ള പ്രധാന വെല്ലുവിളി. പാട്ടുകൾ പക്ഷേ ഹിറ്റായത് എന്റെ മാത്രം കഴിവല്ല, എല്ലാവരുടേതുമാണ്. ഗാനരചയിതാക്കളുടെ, പാട്ടുകാരുടെ...

കോവിഡ് കാലവും ഇതിനിടയ്ക്കായിരുന്നു?

അതു വല്ലാത്ത സമ്മർദം നൽകിയിരുന്നു. റിലീസ് ചെയ്യാനാകുന്നില്ല. ചെയ്ത വർക് ആരെയും കേൾപ്പിക്കാനാകുന്നില്ല. എല്ലാം സ്തംഭിച്ച അവസ്ഥ. മലയാള സിനിമയ്ക്ക് എന്തു പുതിയത് നൽകാം എന്നായിരുന്നു ഞാനും വിനീതേട്ടനും പരസ്പരം ചോദിച്ച ചോദ്യം. അതിൽ നിന്നുമാണ് പാട്ടുകൾ ജനിച്ചത്. എന്നിട്ടും അത് ആർക്കും ഷെയർ‍ ചെയ്യാനാകുന്നില്ല. വല്ലാത്തൊരു അവസ്ഥ. പക്ഷേ, അതിന്റെയല്ലാം ഫലം മധുരമായിരുന്നു.

അവാർഡ് പ്രതീക്ഷിച്ചിരുന്നോ?

അവാർഡ് ലഭിക്കണമെന്നാഗ്രഹമുണ്ടായിരുന്നു. പക്ഷേ, പ്രതീക്ഷ...അങ്ങനെ പ്രതീക്ഷ വച്ചില്ലെന്നു വേണം പറയാൻ. കിട്ടിയില്ലെങ്കിലോ? അതു വിഷമമുണ്ടാക്കും. ആഗ്രഹങ്ങൾക്കു പരിധി വച്ചില്ല. പ്രതീക്ഷകൾക്കു പക്ഷേ അതുണ്ട്.

റിയാലിറ്റി ഷോയിൽ ജയസൂര്യ താങ്കളെക്കുറിച്ചു പറഞ്ഞ കമന്റ് പുരസ്കാരം ലഭിച്ചതിനു ശേഷം വൈറലായിരുന്നു?

ഉവ്വ്. പുരസ്കാരമുണ്ടെന്നറിഞ്ഞ് ജയസൂര്യ വിളിച്ചിരുന്നു. സന്തോഷമായില്ലേ എന്നു ചോദിച്ചു. കുറച്ച് സെക്കൻഡുകളേ ഞങ്ങൾ സംസാരിച്ചുള്ളൂ. പക്ഷേ, അതു തന്ന സന്തോഷം വലുതാണ്. പാട്ടുകൊണ്ടായിരിക്കും നീ ജീവിക്കുക എന്നായിരുന്നു വർഷങ്ങൾക്കു മുൻപ് അദ്ദേഹം പറഞ്ഞത്. അതു സത്യമാണെന്നു തോന്നി. എല്ലാം ഓരോ നിമിത്തമാണെന്നും. 

വിനീത് ശ്രീനിവാസന്റെയൊപ്പമുള്ള സിനിമ?

കഴിഞ്ഞ ദിവസം ചെന്നൈയിലായിരുന്നപ്പോൾ അദ്ദേഹത്തിന്റെ കൂടെയായിരുന്നു ഉച്ചഭക്ഷണം. ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നല്ലേ എന്നാണ് അദ്ദേഹം പറഞ്ഞത്. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഫ്ലാറ്റിനോടു ചേർന്നു തന്നെയായിരുന്നു സിനിമയുടെ പ്രവർത്തനങ്ങൾക്കു വേണ്ടിയെടുത്ത ഫ്ലാറ്റും. ആ സമയമൊക്കെ നമ്മളെന്നും ഒരുമിച്ചുണ്ടാകും. പ്രണവ് സീക്രട്ട് ആലിയിലേക്കു പോകുന്ന പോലെയായിരുന്നു ഞാൻ അവിടേക്കു പോയത്. അത്രയേറെ ഓർമകളുണ്ട് അദ്ദേഹത്തെക്കുറിച്ചും ഹൃദയത്തെക്കുറിച്ചും സംഗീതത്തെക്കുറിച്ചുമൊക്കെ. സംഗീതം മാത്രമായിരുന്നു ഞങ്ങൾ സംസാരിച്ചുകൊണ്ടിരുന്നത്. സംഗീതം ഒരാളെ എങ്ങനെ സ്വാധീനിക്കുന്നു എന്നതായിരുന്നു ഞങ്ങളുടെ ചർച്ച. ഹൃദയം തുടങ്ങുന്നതും അവസാനിക്കുന്നതും പാട്ടിലൂടെയാണ്. സന്തോഷത്തോടെ എനിക്ക് അവകാശപ്പെടാനാകും അവയുൾപ്പെടെ സിനിമയിലെ എല്ലാ പാട്ടുകളും പ്രേക്ഷകരെ സ്വാധീനിച്ചിട്ടുണ്ടെന്ന്. 

വിനീതേട്ടന്റെ കൂടെ സിനിമ ചെയ്യുക എന്റെ സ്വപ്നങ്ങളിലൊന്നായിരുന്നു. അതു സാധിച്ചു. മറ്റൊരു സ്വപ്നം കൂടിയുണ്ട്. അൽഫോൺസ് പുത്രന്റെ കൂടെ ഒരു സിനിമ. അതും വൈകാതെ സംഭവിക്കും. 

രാമു കാര്യാട്ട് അവാർഡ് അടക്കം ലഭിച്ച സോൾട്ട് മാംഗോ ട്രീ ആയിരുന്നോ കരിയർ ബ്രേക്?

എപ്പോഴും എന്നോട് അടുത്തുനിൽക്കുന്ന സിനിമയാണ് സോൾട്ട് മാംഗോ ട്രീ. അതു ചെയ്തതുകൊണ്ടാണ് കാപ്പുച്ചീനോ സിനിമയിൽ വിനീതേട്ടനെക്കൊണ്ട് എനിക്കു പാട്ടു പാടിക്കാനായത്. അതിനു ശേഷം ചെയ്ത സിനിമകളാണ് ഹൃദയം പോലുള്ള ചിത്രത്തിൽ വർക് ചെയ്യാൻ എനിക്ക് ആത്മവിശ്വാസം തന്നത്. അങ്ങനെ നോക്കുമ്പോൾ എല്ലാ ചിത്രവും ഓരോ അനുഭവങ്ങളാണ്. എനിക്കു സംഗീതം ചെയ്യാനാകും എന്നു തിരിച്ചറിഞ്ഞ രാജേഷട്ടൻ മുതൽ ഇതുവരെയുള്ള എല്ലാ സംവിധായകരും എനിക്കു സമ്മാനിച്ചത് മികച്ച കരിയർ ബ്രേക്കുകൾ തന്നെ. 

ലിവ് വിത് മ്യൂസിക്?

എറണാകുളത്ത് 2018ലാണ് ലിവ് വിത് മ്യൂസിക് ഇൻസ്റ്റിറ്റ്യൂഷൻ‍ തുടങ്ങുന്നത്. ഇതുവരെ 30 കുട്ടികളെ സംഗീതം പഠിപ്പിച്ചു. ഓട്ടിസം ബാധിച്ച കുഞ്ഞുങ്ങളെയും പഠിപ്പിക്കുന്നുണ്ടായിരുന്നു. കുട്ടികളെ പഠിപ്പിച്ചു തുടങ്ങിയതിനു ശേഷമാണ് ഇത്രയേറെ ക്ഷമ പഠിച്ചത്. 

ഓഡിയോ എൻജിനീയറിങ്ങിന്റെ മലയാള സിനിമാ സാധ്യതകൾ എന്തൊക്കെയാണ്?

ഒരു പാട്ടു കേട്ടാൽ ഭാഷ അറിയാതെ പോലും നമുക്കിപ്പോൾ തിരിച്ചറിയാം അത് ഏത് ഇൻഡസ്ട്രിയിൽ നിന്നു വരുന്നെന്ന്. മലയാളത്തിൽ ഇനിയും അപ്ഡേഷൻ സംഭവിക്കാനുണ്ട്. നമ്മുടെ ചിന്തകളിൽ നിന്നാണു വികസനം വരുന്നത്. എങ്ങനെ വ്യത്യസ്തമാകാം എന്ന ചിന്തയും സ്വപ്നവും ശബ്ദത്തെ ഇനിയും കൂടുതൽ മിഴിവുള്ളതാക്കാൻ സഹായിക്കും. 

സൂഫി സംഗീതവും സാമി യൂസഫും?

എന്റെ ഗുരുവാണ് സാമി യൂസഫ്. അദ്ദേഹത്തിന്റെ കൂടെയായിരുന്നു ബിരുദശേഷം ഞാൻ ജോലി ചെയ്തത്. അതാണ് ‘ഖദം ബഡ്ഹാ’ എന്ന ആൽബത്തിലേക്കു നയിക്കുന്നതും. സത്യത്തിൽ ഹൃദയത്തിലേക്കെത്താൻ പോലും ‘ഖദം ബഡ്ഹാ’ സഹായിച്ചിട്ടുണ്ട്. സൂഫി സംഗീതം കൂട്ടിച്ചേർത്തുകൊണ്ടാണ് ആ ആൽബം ചെയ്തത്.

പുതിയ സിനിമകൾ?

തമിഴിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ്. തെലുങ്കിൽ‍ രണ്ടു ചിത്രങ്ങളുണ്ട്. ഖുഷിയാണ് ആദ്യം പുറത്തിറങ്ങുക. മൈക്ക്, ഫിലിപ്സ്, ഇനിയുത്തരം തുടങ്ങി കുറച്ചു ചിത്രങ്ങൾ കൂടി വരാനിരിക്കുന്നു.

കുടുംബം?

ഞാൻ‍ വളർന്നത് സൗദിയിലെ റിയാദിലാണ്. ഉമ്മ ഷക്കീല അബ്ദുൽ വഹാബ് അവിടെ ടീച്ചറാണ്. വാപ്പ അബ്ദുൽ വഹാബ് അക്കൗണ്ടന്റാണ്. മുത്തച്ഛൻ ഹിന്ദുസ്ഥാനി സംഗീതഞ്ജനായിരുന്നു. സഹോദരൻ ഷിയാസും പാട്ടുകാരനാണ്. എന്റെ മൂത്താപ്പയാണ് (വല്യച്ഛൻ) സംവിധായകൻ ഫാസിൽ. അദ്ദേഹത്തെ കണ്ട് അനുഗ്രഹം വാങ്ങിയാണ് ആദ്യ സിനിമ ചെയ്യുന്നത്. പുരസ്കാരം കിട്ടിയപ്പോഴും അദ്ദേഹത്തെ ചെന്നു കണ്ടിരുന്നു. 

ഭാര്യ അയിഷത്ത് സഫ. സിനിമ ചെയ്യുമ്പോൾ സംവിധായകരാണ് എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കൾ. പക്ഷേ, ജീവിതത്തിൽ അയിഷത്താണ് എന്റെ കൂട്ടുകാരി. അവളോടൊപ്പം സമയം ചെലവഴിക്കാനാണ് എനിക്കേറ്റവും ഇഷ്ടം. എന്റെ ഏറ്റവും നല്ല വിമർശകയും അവളാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA