തനിനാടൻ ശീലുള്ള എന്തര് പാട്ട്; ‘ചങ്കിൽ കുത്തിക്കേറുന്ന’ ഈണക്കഥ പറഞ്ഞ് ജസ്റ്റിൻ വർഗീസ്, അഭിമുഖം

justin-song
SHARE

‘ചങ്കിൽ കുത്തിക്കേറുന്ന’ ഒരു പാട്ടാണ് ഇപ്പോൾ മലയാളി ആസ്വാദകരുടെ ചുണ്ടിൽ നിറഞ്ഞു നിൽക്കുന്നത്. നവാഗതനായ ശ്രീജിത്ത്.എന്‍ സംവിധാനം ചെയ്യുന്ന ‘ഒരു തെക്കൻ തല്ലു കേസ്’ എന്ന ചിത്രത്തിലെ ഈ പ്രണയ ഗാനം പ്രേക്ഷകരെ ഒന്നടങ്കം പുതിയൊരു ആസ്വാദനാനുഭവത്തിലേക്കെത്തിക്കുകയാണ്.  അൻവർ അലിയുടെ വരികൾക്ക് ജസ്റ്റിൻ വർഗീസ് ഈണമൊരുക്കിയ ഗാനം ജസ്റ്റിനും ഹിംന ഹിലാരിയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഒടിടി ചാനലുകളുടെ അതിപ്രസരത്തോടെ കടൽ കടന്നുപോയ പ്രേക്ഷകാഭിരുചി പിടിച്ചു നിർത്താൻ ഏറെ ശ്രമകരമാണെന്നാണ് ‘എന്തര്’ പാട്ടിന്റെ സംഗീതസംവിധായകന്റെ നിരീക്ഷണം. ഓളുളേരു, ജാതിക്കാത്തോട്ടം തുടങ്ങിയ ഹിറ്റ് പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച ജസ്റ്റിൻ വർഗീസ് തരംഗമായി മാറിയ ‘എന്തര്’ പാട്ടിന്റെ വിശേഷങ്ങളുമായി മനോരമ ഓൺലൈനിനൊപ്പം. 

തിരുവനന്തപുരം ശൈലിയിലുള്ള ‘എന്തര്’ പാട്ട്?

ഇന്ദുഗോപന്റെ ‘അമ്മിണിപ്പിള്ള വെട്ടുകേസ്’ എന്ന കഥയെ ആധാരമാക്കിയുള്ള ചിത്രമാണ് ‘ഒരു തെക്കൻ തല്ലുകേസ്’. ചിത്രത്തിൽ തിരുവനന്തപുരം പ്രാദേശികഭാഷാശൈലിയിലുള്ള ഒരു പാട്ട് വേണമെന്ന് സംവിധായകൻ ആദ്യം തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടാണ് അൻവർ ഇക്കയെ (അൻവർ അലി)കൊണ്ട് വരികൾ എഴുതിച്ചത്. കൊല്ലം ജില്ലയിലെ ഭാഷാപ്രയോഗങ്ങൾ അദ്ദേഹത്തിനു നന്നായി അറിയാം. ഈണം ഒരുക്കിയ ശേഷമാണ് പാട്ടിനു വരികൾ കുറിച്ചത്. സിനിമയിലെ ബാക്കി പാട്ടുകൾക്കെല്ലാം വരികൾ എഴുതിയ ശേഷം സംഗീതം കൊടുക്കുകയായിരുന്നു. പാട്ടിനു മികച്ച പ്രതികരണങ്ങൾ ലഭിക്കുന്നതിൽ ഒരുപാട് സന്തോഷം.  

സംഗീതസംവിധായകൻ തന്നെ ഗായകനുമായല്ലോ?

ഞാൻ ആണ് ഈ പാട്ടിനു വേണ്ടി ട്രാക്ക് പാടിയത്. എന്റെത് ഒരു നേസൽ ടോൺ ആണ്. ട്രാക്ക് പാടി കേട്ടപ്പോൾ ശ്രീജിത്ത് പറഞ്ഞു ജസ്റ്റിൻ തന്നെ പാടിയാൽ മതി എന്ന്. ഈ പാട്ട് മറ്റാരെയെങ്കിലും കൊണ്ട് പാടിപ്പിക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. മനസ്സിൽ കുറച്ചു ഗായകരുടെ പേരുകളും ഉണ്ടായിരുന്നു. പക്ഷേ ശ്രീജിത്തിന്റെ നിർബന്ധം കാരണം ഞാൻ തന്നെ പാടാൻ തീരുമാനിക്കുകയായിരുന്നു. 

ഹിംനയെക്കുറിച്ച്?

ഞാൻ പാട്ടുകൾ ചെയ്യുമ്പോൾ ട്രാക്ക് പാടാൻ എപ്പോഴും ഹിംനയെ വിളിക്കാറുണ്ട്. അജഗജാന്തരത്തിലെ ‘ഓളുളേരി’ എന്ന പാട്ടിന്റെ ട്രാക്ക് ഹിംനയാണ് പാടിയത്. സാധാരണയായി ഹിംന അത്തരം പാട്ടുകൾ പാടാറില്ല. അവളുടേത് കുറച്ച് മധുരമായ സ്വരമാണ്. ഓളുളേരി ട്രാക്ക് പാടിയപ്പോൾ ഹിംനയുടെ ശബ്ദത്തിന് ഒരു റോ ടോൺ ഉണ്ടെന്ന് എനിക്കു തോന്നിയിരുന്നു. ‘എന്തര്’ എന്ന പാട്ട് ചെയ്തപ്പോഴും ട്രാക്ക് പാടാൻ വേണ്ടിയാണ് അവളെ വിളിച്ചത്. മനസ്സിൽ ഒറിജിനൽ പാടാൻ വേറെ ആളായിരുന്നു. ഹിംന പാടിക്കേട്ടപ്പോൾ ഇഷ്ടമായി. അങ്ങനെ അവളെക്കൊണ്ടു തന്നെ പാടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എറണാകുളം സ്വദേശിനിയായ ഹിംനയ്ക്ക് തിരുവനന്തപുരം ഭാഷ അത്ര എളുപ്പത്തിൽ വഴങ്ങിയില്ല. അൻവർ ഇക്കയാണ് അത് പഠിപ്പിച്ചെടുത്തത്. 

എത്തരത്തിലുള്ള പാട്ടുകള്‍ ചെയ്യാനാണ് കൂടുതൽ ഇഷ്ടം? 

എനിക്ക് പ്രണയ ഗാനം ചെയ്യാൻ ആണ് ഏറ്റവും ഇഷ്ടം. പിന്നെ അടിപൊളി പാട്ടുകൾ ഡപ്പാം കൂത്ത് ഒക്കെ ചെയ്യാൻ ഇഷ്ടമാണ്. പക്ഷേ നമ്മുടെ സിനിമകളിൽ അത്തരം പാട്ടുകൾ കുറവാണല്ലോ. പശ്ചാത്തല സംഗീതം ചെയ്യാനാണ് എനിക്ക് ആത്മവിശ്വാസം കൂടുതലുള്ളത്. സിനിമയുടെ രംഗങ്ങൾക്കനുസരിച്ച് അതു ചെയ്താൽ മതിയല്ലോ. പക്ഷേ പാട്ട് ചെയ്യുമ്പോൾ അത് ഹിറ്റ് ആകുക എന്നൊരു വലിയ കടമ്പ ഉണ്ട്. അതിന്റെ ഈണം നന്നാകണം, വരികൾ നന്നാകണം സംവിധായകന് ഇഷ്ടമാകണം, എനിക്ക് ഇഷ്ടപ്പെടണം അങ്ങനെ ഒരുപാട് ഉത്തരവാദിത്തങ്ങളുണ്ട്. സ്കോർ ചെയ്യുമ്പോൾ ഈ പ്രശ്നങ്ങൾ ഒന്നുമില്ല. ബിജിബാൽ ഏട്ടനോടൊപ്പം ജോലിചെയ്ത അനുഭവത്തിൽ എനിക്ക് സ്കോർ ചെയ്യാൻ നല്ല ആത്മവിശ്വാസമുണ്ട്.

ബിജിബാലിനൊപ്പം തുടക്കം   

ബിജി ചേട്ടനൊപ്പമാണ് ഞാൻ വർക്ക് ചെയ്തു തുടങ്ങിയത്. മ്യൂസിക് പ്രൊഡ്യൂസർ ആയിട്ടായിരുന്നു തുടക്കം. അതുകൊണ്ടു തന്നെ പലതരം പാട്ടുകൾ ചെയ്ത് ഒരുപാട് അനുഭവങ്ങൾ കിട്ടി. അദ്ദേഹത്തിന്റെ ഒരു പഴയ സ്റ്റുഡിയോയിൽ ആണ് ഞാൻ ഇപ്പോൾ ഇരുന്നു വർക്ക് ചെയ്യുന്നത്. സ്വതന്ത്രമായി പാട്ടുകൾ ചെയ്തു തുടങ്ങിയപ്പോൾ ഞങ്ങൾക്ക് ഒരുമിച്ചു ജോലി ചെയ്യാൻ സമയം കിട്ടുന്നില്ല. പരസ്പരമുള്ള ആത്മബന്ധം അതുപോലെ തന്നെ നിലനില്‍ക്കുന്നുണ്ട്. 

സിനിമയുടെ സന്ദർഭത്തിനനുസരിച്ചു മാത്രം പാട്ടുകൾ ചെയ്യുമ്പോൾ സംഗീതസംവിധായകന് സ്വാതന്ത്ര്യക്കുറവില്ലേ? 

സിനിമാ ഗാനങ്ങൾ ചെയ്യുമ്പോൾ ഉള്ള വെല്ലുവിളി അതാണ്. സന്ദർഭത്തിന് അനുസരിച്ച് പാട്ടുകൾ ചെയ്യണം അത് ആ സന്ദർഭത്തിനു ചേരണം, വരികൾ ഈണത്തിനു ചേരണം, ശ്രോതാക്കൾക്ക് പാട്ട് ഇഷ്ടപ്പെടണം തുടങ്ങി ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. സിനിമയിൽ ഒരു ഗാനം വരുമ്പോൾ അത് ഹിറ്റ് ആകണം എന്നൊരു ഉത്തരവാദിത്തം ഉണ്ട്. ചെയ്യുന്ന പാട്ടുകൾ ഹിറ്റായി കാണാൻ ആരാണ് ആഗ്രഹിക്കാത്തത്. പണ്ടത്തെ പോലെയല്ല, യൂട്യൂബിൽ പാട്ട് വരുമ്പോൾ അഭിനന്ദനം ആയാലും ചീത്തവിളി ആയാലും അപ്പോൾ തന്നെ കിട്ടും. സ്വതന്ത്ര ഗാനങ്ങൾ ചെയ്യുമ്പോൾ ആ പ്രശ്നം ഇല്ല. അതിനു സിനിമയുമായി യോജിച്ചു പോകണം എന്ന ഉത്തരവാദിത്തം ഇല്ല. ഓളുളേരി ഒരു നാടൻ പാട്ടാണ്. ആ പാട്ടിനു മുൻപേ തന്നെ ഒരു വൈബ് ഉണ്ട്. അതിന്റെ ഒപ്പം എന്റെ കൂടി ഇൻപുട്ട് ഇട്ടപ്പോൾ അത് ശ്രദ്ധിക്കപ്പെട്ടു. ജാതിക്കാ തോട്ടവും ശ്രദ്ധിക്കപ്പെട്ട പാട്ടാണ്.

നല്ല പാട്ടുകൾ സൃഷിടിക്കുക എന്നതിനപ്പുറം മത്സരക്കളമായി മാറിയിട്ടുണ്ടോ സിനിമാ സംഗീതലോകം? പിടിച്ചു നിൽക്കാൻ പ്രയാസമാണോ? 

വലിയ മത്സരമുള്ള രംഗമാണിത്. ചെയ്യുന്ന പാട്ടുകൾ‌ ശ്രദ്ധിക്കപ്പെടുകയെന്നത് വലിയ കടമ്പ തന്നെയാണ്. മലയാളം പാട്ടുകൾ മാത്രമല്ല തമിഴ്, ഇംഗ്ലീഷ് ഉൾപ്പടെ എല്ലാ ഭാഷകളിലെയും പാട്ടുകൾ നമ്മുടെ നാട്ടിൽ ഹിറ്റാണ്. മുൻപൊക്കെ വിരലിൽ എണ്ണാവുന്ന അത്രയും പാട്ടുകൾ മാത്രമാണ് ശ്രദ്ധിക്കപ്പെട്ടിരുന്നത്. ഇപ്പോഴത്തെ പാട്ടുകൾക്കിടയിൽ നമ്മുടേതു ശ്രദ്ധിക്കപ്പെടണമെങ്കിൽ പാട്ടിൽ ഒരു കൗതുകം ഉണ്ടാകണം. നല്ല സിനിമയുടെ ഭാഗമായി പാട്ടുകൾ വരുമ്പോൾ അതിനു ശ്രദ്ധ കിട്ടാറുണ്ട്.

പുതിയ പാട്ടുകൾ 

‘ഒരു തെക്കൻ തല്ലുകേസി’നൊപ്പം തന്നെ ‘പാൽത്തു ജാൻവർ’ എന്ന ചിത്രത്തിലും പാട്ടുകൾ ചെയ്തിട്ടുണ്ട്. മറ്റു ചില ചിത്രങ്ങളുടെ ചർച്ചകൾ നടക്കുകയാണ്.  കുറച്ചു സ്വതന്ത്ര ആൽബം പാട്ടുകൾ ചെയ്യണമെന്നുണ്ട്. ഇപ്പോൾ സിനിമകളുടെ തിരക്കുകൾ ഉള്ളതുകൊണ്ട് വേറെ പാട്ടുകൾ ഒന്നും ചെയ്യാൻ സാധിക്കുന്നില്ല.  ചില ആശയങ്ങള്‍ മനസ്സിലുണ്ട്. സമയം കണ്ടെത്തി എല്ലാം ചെയ്യണം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തിയേറ്ററിൽ പോയി പൈസ കൊടുത്ത് കാണുമ്പോൾ എനിക്ക് ഇഷ്ടമാകുമോ എന്ന് നോക്കാറുണ്ട് | Balu Varghese Speaks

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA