മക്കൾ പോയത് ചേട്ടനു ശേഷമായതു നന്നായി, അല്ലെങ്കിൽ അദ്ദേഹമത് താങ്ങുമായിരുന്നില്ല: റാണി ജോൺസണ്‍

johnson-family
SHARE

ജോണ്‍സണ്‍ മാസ്റ്ററില്‍ നിന്ന് ഈണങ്ങള്‍ പിറക്കാതായിട്ട് പതിനൊന്ന് വര്‍ഷം. മാസ്റ്ററും മക്കളും തനിച്ചാക്കി പോയപ്പോള്‍ തളര്‍ന്നിട്ടും തളരാതെ, ആ ഓര്‍മകളില്‍ മാത്രം ജീവിച്ചുകൊണ്ടിരിക്കുന്ന ഒരാളുണ്ട്. അദ്ദേഹത്തിന്റെ നല്ലപാതിയായ റാണി. മാഷോടൊപ്പവും കുടുംബത്തോടൊപ്പവുമുള്ള പ്രിയനിമിഷങ്ങള്‍ പങ്കുവയ്ക്കുകയാണ് റാണി ജോണ്‍സണ്‍. 

വെറുതെയിരിക്കുമ്പോള്‍ പോലും ഈണങ്ങള്‍ ഒഴുകിവരുന്നത് അടുത്തിരുന്ന് കണ്ടിട്ടുണ്ട്. ഒരു ദിവസം കൊച്ചിയിലെ എന്റെ വീടിന്റെ പിന്‍ഭാഗത്ത്  കാറ്റുകൊണ്ടു കിടക്കുകയായിരുന്നു. പെട്ടെന്ന് എന്റെ അനിയത്തിയോട് പോയി ടേപ്പ് റെക്കോര്‍ഡര്‍ എടുത്തുകൊണ്ടുവരാന്‍ പറയുന്നതു കേട്ടു. ഉടനെയത് റെക്കോര്‍ഡ് ചെയ്തു വച്ചു. അപ്പോള്‍ കിട്ടിയ ഈണമാണ് മോഹം കൊണ്ടു ഞാന്‍... എന്ന പാട്ടായത്. പിന്നൊരിക്കല്‍ ചെന്നൈയിലെ വീട്ടില്‍ കുളിച്ചുകൊണ്ടു നില്‍‌ക്കുമ്പോള്‍ ഓടിവന്ന് ടേപ്പ് റെക്കോര്‍ഡര്‍ എടുത്തൊരു ഈണം മൂളി വയ്ക്കുന്നതു കണ്ടു. അതാണ് കുന്നിമണിച്ചെപ്പുതുറന്നെണ്ണി നോക്കും നേരം.

കംപോസിങ് സമയത്ത് ഉണ്ടായിട്ടുള്ള സംഭവങ്ങളെല്ലാം എന്നോടും പറയും. എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ... കല്യാണത്തിന് മുമ്പ് ചെയ്ത പാട്ടാണ്. ഈണം ശരിയാകാന്‍ കുറച്ച് ബുദ്ധിമുട്ടിയ പാട്ടാണ് എന്നു പറഞ്ഞിട്ടുണ്ട്. 'രണ്ടുമൂന്ന് ദിവസം പോക്കറ്റിലിട്ടു നടന്നു ആ പാട്ട്' എന്നാണ് അതിനെക്കുറിച്ച് തമാശയായി പറയാറുള്ളത്.  റീ റെക്കോഡിങ് ചേട്ടന് കുറച്ച് ടെന്‍ഷനായിരുന്നു.സംസ്ഥാന അവാര്‍ഡ് കിട്ടിയ സമയത്ത് കുഞ്ഞുങ്ങള്‍ ആയിട്ടുണ്ടായിരുന്നില്ല. അപ്പോള്‍ എല്ലാവരും പറഞ്ഞു, ഇത് റാണിയുടെ ഭാഗ്യമാ എന്ന്. അദ്ദേഹത്തിന്റെ കൂടെ ഒരുപാട് സന്തോഷിച്ച സന്ദര്‍ഭമായിരുന്നു അത്. ഞാനെപ്പോഴും ആലോചിക്കാറുണ്ട്, മക്കളുടെ സംഭവം ചേട്ടന്‍ പോയതിന് ശേഷമായത് നന്നായി, അല്ലെങ്കില്‍ ചേട്ടനത് സഹിക്കാന്‍ പറ്റില്ലായിരുന്നല്ലോ എന്ന്. 

റെക്കോര്‍ഡിങ് ഇല്ലെങ്കില്‍ എപ്പോഴും വീട്ടില്‍ത്തന്നെയുണ്ടാകും. അടുപ്പിച്ച് രണ്ട് മൂന്ന് വര്‍ക് കഴിയുമ്പോള്‍ ഞങ്ങളെല്ലാവരും കൂടി ചെറിയ ട്രിപ്പ് പോകും. എല്ലായിടത്തും ഞങ്ങള്‍ ഒരുമിച്ചു തന്നെയാണ് പോയിട്ടുള്ളത്. യേര്‍ക്കാട് പോകാന് വല്ലാത്ത ഇഷ്ടമായിരുന്നു ചേട്ടന്. യാത്രയില്‍ പാട്ടൊക്കെ കേട്ട് ഡാഡിയും മോളും തമ്മില്‍ വലിയ ചര്‍ച്ചയായിരിക്കും. ഡ്രൈവിങ് വലിയ ഇഷ്ടമായിരുന്നു. മിക്കവാറും ചെന്നൈയില്‍ നിന്ന് നാട്ടിലേക്ക് വരുന്നത് കാറിലായിരിക്കും. അദ്ദേഹം തന്നെ ഡ്രൈവ് ചെയ്യും. എല്ലാ ക്രിസ്മസിനും പിന്നെ ഒഴിവുകിട്ടുമ്പോഴെല്ലാം വരാറുണ്ടായിരുന്നു. ക്രിസ്മസ് അമ്മയുടെ കൂടെ വേണമെന്ന് ചേട്ടന് നിര്‍ബന്ധമായിരുന്നു. എത്ര തിരക്കായപ്പോഴും അത് മുടക്കിയിട്ടില്ല. 

ആദ്യകാലത്തൊക്കെ വീട്ടിലെ എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും ചെയ്തുതരികയും ചെയ്യുമായിരുന്നു. തിരക്കുകൂടിയപ്പോള്‍

അത് പറ്റാതായി. എത്ര തിരക്കുള്ള സമയത്തും റെക്കോര്‍ഡിങ് കഴിഞ്ഞ് എത്ര രാത്രിയായാലും വീട്ടിലേക്കു വരും. ഞാനും കുട്ടികളും മാത്രമല്ലേയുണ്ടായിരുന്നുള്ളൂ. കംപോസിങ് സമയത്ത് മാത്രമേ നാട്ടിലേക്കു വരുമായിരുന്നുള്ളൂ. സൗഹൃദങ്ങളൊക്കെയുണ്ടായിരുന്നെങ്കിലും കുടുംബത്തോടുള്ള അടുപ്പം ഒരിക്കലും കുറച്ചിട്ടില്ല. സുഹൃത്തുക്കളില്‍ സത്യനോടും ഔസേപ്പച്ചനോടുമായിരുന്നു ഏറ്റവും അടുപ്പം. 

മോളുമായി നല്ല കൂട്ടായിരുന്നു. മോള്‍ക്കും ഡാഡിയോടായിരുന്നു ഇഷ്ടം. എന്തുണ്ടെങ്കിലും ഡാഡിയോടു പറയും. മോന്‍ അല്‍പം അന്തര്‍മുഖനായിരുന്നു. അവനെപ്പോഴും 'അമ്മ പറയമ്മാ', എന്നു പറയും. തിരക്കാകുന്നതിനു മുമ്പ് വരെ കുട്ടികളുടെ സ്‌കൂളിലും കോളജിലുമൊക്കെ മീറ്റിങ്ങിന് പോകും. അവളുടെ കാര്യങ്ങള്‍ക്കെല്ലാം ചേട്ടന്‍ തന്നെയാണ് പോയത്. മകന്റെ കാര്യങ്ങള്‍ക്കും ആദ്യമൊക്കെ ചെല്ലുമായിരുന്നു. അദ്ദേഹത്തിന് സാധിക്കാതെ വന്നപ്പോള്‍ പിന്നെ ഞാന്‍ പോയിത്തുടങ്ങി. കുറച്ച് സ്ട്രിക്റ്റ് ആയിരുന്നു അവരോട്.

എല്ലാ കാര്യത്തിലും അടുക്കും ചിട്ടയും നിര്‍ബന്ധം. അതിലൊരു വിട്ടുവീഴ്ചയുമില്ല. വീട്ടിലൊന്നും വലിച്ചുവാരി ഇട്ടുകൂടാ. പേപ്പറോ മറ്റോ താഴെ വീണ് കിടന്നാലൊക്കെ ഉടനെ എടുത്തു വയ്ക്കണം. ഇല്ലെങ്കില്‍ 'അലവലാതിയാക്കി ഇട്ടിരിക്കുന്നു' എന്നു പറയും. ഭക്ഷണക്കാര്യത്തിലൊന്നും അങ്ങനെ നിര്‍ബന്ധമില്ലായിരുന്നു. വീട്ടിലെ സഹായി ഉണ്ടാക്കിയ കറികള്‍ ചിലപ്പോള്‍ ഇഷ്ടമായില്ലെങ്കില്‍ 'നീയൊരു മുട്ട പൊരിച്ചു തന്നേ' എന്നെന്നോട് പറയും. നോണ്‍വെജിനോടാണ് പൊതുവേ താല്‍പര്യം. ഞാനുണ്ടാക്കുന്ന നോണ്‍വെജ് കറികളെല്ലാം ഇഷ്ടമായിരുന്നു. എത്ര ഇഷ്ടപ്പെട്ടാലും കൊള്ളാം എന്നൊരു വാക്ക് മാത്രം. അതില്‍ക്കൂടുതലൊന്നും പറയില്ല. 'അമ്മേ, സൂപ്പറായിട്ടുണ്ട് ട്ടോ' എന്ന് മോള്‍ പറയുമായിരുന്നു. അവളോടു മാത്രമേ ചോദിക്കാന്‍ കൊള്ളൂ എന്ന് ഞാന്‍ പറയും. ഒരിക്കല്‍ ഒരു ചടങ്ങിന് പോയപ്പോള്‍ അവിടത്തെയാള്‍ മോളോട് ചോദിച്ചു, ഫൂഡ് ഇഷ്ടമായോ എന്ന്. എനിക്കെന്റെ അമ്മ ഉണ്ടാക്കുന്ന ബിരിയാണിയാണ് ഇഷ്ടം എന്നായിരുന്നു അവള്‍ പറഞ്ഞത്. 

സന്തോഷവും വിഷമവുമൊന്നും അധികം പ്രകടിപ്പിക്കില്ല ചേട്ടന്‍. എന്നാലും മോള്‍ ജനിച്ചപ്പോള്‍ അദ്ദേഹത്തെ ഏറ്റവും സന്തുഷ്ടനായി കണ്ടു. ആശുപത്രിയില്‍ അവളെ ആദ്യമായി കൈയില്‍ വാങ്ങിയപ്പോള്‍ ഒരുപാട് സന്തോഷിച്ചു. ദേശീയ അവാര്‍ഡ് കിട്ടിയപ്പോഴും അതുപോലെ സന്തോഷിച്ചു കണ്ടു. എല്ലാവരെയും വിളിച്ച് സന്തോഷം പങ്കുവയ്ക്കലും ഒക്കെയായിരുന്നു. നല്ല ഗുണങ്ങള്‍ ഒരുപാട് ഉണ്ടായിരുന്നു. ഒരു നുണ പോലും പറഞ്ഞിട്ടില്ല. എന്തുണ്ടെങ്കിലും കൃത്യമായി തുറന്നു തന്നെ പറയും. എല്ലാ കാര്യങ്ങളും പങ്കുവയ്ക്കും. ഒളിക്കലും മറയ്ക്കലുമൊന്നുമില്ല. പിന്നെ എന്നും ഒരു സാധാരണ മനുഷ്യനായിത്തന്നെയാണ് അദ്ദേഹം ജീവിച്ചത്. ജാഡയില്ലാതെ. മക്കളെയും അതുപോലെത്തന്നെ വളര്‍ത്തി. സിഗരറ്റ് വലിക്കുമായിരുന്നു. വേണ്ട എന്നു പറഞ്ഞാലും കാര്യമില്ല. എനിക്ക് വലിക്കാതെ പറ്റുന്നില്ല എന്നു പറയും. എന്നാലും ഡോക്ടര്‍മാരൊക്കെ പറഞ്ഞപ്പോള്‍ പരമാവധി കുറച്ചിരുന്നു. 

റെക്കോഡിങ് കഴിഞ്ഞ എല്ലാ പാട്ടുകളും ആദ്യം കേള്‍ക്കുന്നത് ഞാനായിരുന്നു. സ്റ്റൂഡിയോയില്‍ നിന്ന് വീട്ടിലെത്തിയാല്‍ എന്നെയും വിളിച്ച് കാറിലെ സ്റ്റീരിയോയില്‍ പാട്ടിട്ട് വെളുക്കുവോളം ഞങ്ങള്‍ കേട്ടിരിക്കും. എന്റെ മണ്‍വീണയില്‍ കൂടണയാനൊരു മൗനം പറന്നു പറന്നു വന്നൂ...ഞങ്ങളുടെ രണ്ടുപേര്‍ക്കും വളരെ വളരെ പ്രിയപ്പെട്ട ഗാനമായിരുന്നു. അധികം ഓര്‍ക്കസ്ട്രയൊന്നുമില്ലാതെ ശാന്തമായിരുന്നു കേള്‍ക്കാന്‍ പറ്റിയ പാട്ടാണല്ലോ. രാജഹംസമേ... യും എനിക്ക് ഒരുപാട് ഇഷ്ടമാണ്. മധുരം ജീവാമൃതബിന്ദു... വിനോട് ചേട്ടന് പ്രത്യേക ഒരു ഇഷ്ടമുണ്ടായിരുന്നു. ഏതോ ജന്മകല്പനയില്‍... മോള്‍ക്ക് ഇഷ്ടപ്പെട്ട പാട്ടാണ്. ചേട്ടന്റെ എല്ലാ പാട്ടുകളും സിഡിയില്‍ ആക്കി വച്ചിട്ടുണ്ട്. അടുത്തിടെ, കുറച്ച് കോളജ് കുട്ടികള്‍ വീട്ടില് വന്നിരുന്നു. 'ഇനിയേതു പാട്ടാ കേള്‍ക്കേണ്ടത്' എന്നു ചോദിച്ച് മാഷിന്റെ കുറേ പാട്ടുകള്‍ പാടിത്തന്നു. കുറേ നേരം ഇരുന്ന് എന്നോട് സംസാരിച്ചു. അദ്ദേഹത്തോടുള്ള സ്‌നേഹമാണല്ലോ എല്ലാം എന്നോര്‍ത്തപ്പോള്‍ സന്തോഷം തോന്നി.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്തുകൊണ്ടാണ് ഇത്തരം ചോദ്യങ്ങളെന്നെനിക്ക് മനസ്സിലാവും | Sreenath Bhasi Latest Interview | Chattambi

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}