ADVERTISEMENT

മലബാറിനെ പാട്ടുപാടി ഇളക്കിമറിച്ച ഗായകനാണ് ഷാഫി കൊല്ലം. ഇതാ, വീണ്ടും ഷാഫി കൊല്ലം തരംഗം തീർക്കുകയാണ്. ഇത്തവണ പാട്ടുകളിലൂടെയല്ലെന്നു മാത്രം. കേരളത്തിലെ തിയറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയ ഹിറ്റ് സിനിമ ‘തല്ലുമാല’യിലെ നടനായാണ് ഇത്തവണ ഷാഫിയുടെ വരവ്. ഷാഫിയുടെ ഡയലോഗുകൾ കേട്ട് തിയറ്ററിൽ കാണികൾ ചിരിച്ചുമറിയുകയാണ്. തന്റെ എക്കാലത്തെയും ഹിറ്റുപാട്ടുകളിലൊന്നായ ‘‘ചക്കരച്ചുണ്ടിൽ..’’ തല്ലുമാലയിൽ പാടി അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഷാഫി.

 

കോഴിക്കോട്ടുകാരുടെ പ്രിയപ്പെട്ട ‘ഷാഫിക്ക’ പാടിയ ഹിറ്റുപാട്ടുകളിൽ വമ്പൻ സാഹിത്യമൊന്നുമില്ല. പക്ഷേ കൂലിപ്പണിക്കാരനും ഓട്ടോറിക്ഷക്കാരനുമടങ്ങുന്ന സാധാരണക്കാർ ഉള്ളിൽ കൊണ്ടുനടക്കുന്ന പ്രണയവും വിരഹവും വേദനയുമൊക്കെ അതേപോലെ ലളിതമായ ഭാഷയിലേക്ക് പകർത്തിയെഴുതിയതായിരുന്നു ആ പാട്ടുകൾ. സാധാരണക്കാർ ബസ്സിലും ജീപ്പിലും ഓട്ടോറിക്ഷയിലുമൊക്കെ കയറുമ്പോൾ റിപ്പീറ്റ് മോഡിൽ കേട്ടുകൊണ്ടിരുന്നത് ഷാഫിയുടെ പാട്ടുകളാണ്. സുന്ദരി നീ വന്നു ഗസലായ്, ചക്കരച്ചുണ്ടിൽ, കലാലയം തുടങ്ങിയ പാട്ടുകൾ മൂളാത്ത മലബാറുകാരില്ല. സമീപകാലത്ത് സൂഫിയും സുജാതയും, കുഞ്ഞാലിമരയ്ക്കാർ തുടങ്ങിയ സിനിമകൾക്കുവേണ്ടി ഷാഫി കൊല്ലം പാട്ടെഴുതുകയും ചെയ്തു. കൊല്ലം സ്വദേശിയായ ഷാഫി പ്രവാസി മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകളുമായി ഗൾഫിലെയും മറ്റും വേദികളിൽ ഓടിയെത്താനുള്ള നെട്ടോട്ടത്തിലാണ്. ‘തല്ലുമാല’ സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ‘മണവാളൻ വസീമി’ന്റെ ‘അളിയൻ ഷാഫി’ ! 

 

സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം ഷാഫി മുൻപു പറഞ്ഞിട്ടുണ്ടല്ലോ. വൈകിയതെന്താണ്?

 

മിമിക്രിയുമായി നടക്കുന്ന കാലത്തുതന്നെ സിനിമയിൽ അഭിനയിക്കണമെന്ന മോഹമുണ്ട്. നമ്മുടെ പരിമിതികളുണ്ട്. ആരോടെങ്കിലും ചോദിച്ചാൽ മോശമായിപ്പോവുമോ എന്നും ചിന്തിച്ചിരുന്നു. ആ ആഗ്രഹങ്ങളൊക്കെ പിൽക്കാലത്ത് ആൽബങ്ങളിൽ എന്റെ പാട്ടുകളിൽ വേഷമിട്ട് സഫലീകരിച്ചുതുടങ്ങി. ഇടയ്ക്ക് കുറച്ചു ഷോർട്ഫിലിമുകളും ചെയ്യുന്നുണ്ടായിരുന്നു. സിനിമാരംഗത്ത് അനേകം ബന്ധങ്ങളുണ്ട്. പക്ഷേ പേടിയായതുകൊണ്ട് ആരോടും പറയാറുണ്ടായിരുന്നില്ല. ചോദിക്കാത്തതുകൊണ്ട് അവസരമില്ലാതായി പോവരുതെന്ന് കോവിഡ് കാലത്തിനുശേഷം എനിക്കു തോന്നി. അങ്ങനെ സുഹൃത്ത് സിയാ ഉൽ ഹഖിന്റെയൊക്കെ സഹായത്തോടെ രണ്ടുമൂന്നു സംവിധായകരുടെ അടുത്ത് അവസരങ്ങൾ ചോദിച്ചു. പക്ഷേ അവരൊന്നും പുതിയ സിനിമകൾ ചെയ്യുന്നില്ല. പുതിയ സിനിമ ചെയ്യുമ്പോൾ വിളിക്കാമെന്ന് അവർ പറഞ്ഞു. ഒരു വർഷം കൂടിക്കഴിഞ്ഞു.

 

എങ്ങനെയാണ് തല്ലുമാലയിലേക്ക് എത്തിച്ചേർന്നത്?

 

‌ദുബായിൽ ഒരു പരിപാടിക്കുപോയ സമയത്താണ് എനിക്കു നഹാസ് നാസറിന്റെ മെസേജ് വന്നത്. ഖാലിദ് റഹ്മാന്റെ അസി.ഡയറക്ടറാണ് നഹാസ്. ഖാലിദിന്റെ പുതിയ സിനിമയിലേക്ക് ഒരു റോൾ ചെയ്യാൻ താൽപര്യമുണ്ടോ എന്ന് ചോദിച്ചു. ആദ്യം ഞാൻ വിശ്വസിച്ചില്ല. ആരോ പറ്റിക്കാൻ മെസേജ് അയച്ചതാണെന്നാണു ഞാൻ കരുതിയത്. പക്ഷേ സംഗതി ഇതാണെന്നും നാട്ടിൽവന്നാൽ നേരിട്ടുകാണണമെന്നും നഹാസ് ഫോണിലൂടെ പറഞ്ഞു. നാട്ടിലെത്തിയ ഉടനെ നഹാസിനെ വിളിച്ചു. ഖാലിദ് റഹ്മാനെ കാണാൻ എറണാകുളത്ത് ചെല്ലാൻ പറഞ്ഞു. അദ്ദേഹത്തിന്റെ ‘അനുരാഗക്കരിക്കിൻവെള്ളം’, ‘ഉണ്ട’, ‘ലവ്’ എന്നീ സിനിമകൾ കണ്ടിട്ടുണ്ട്. ഓരോ സിനിമയും തികച്ചും വ്യത്യസ്തമാണ്. ‘‘തല്ലുമാലയുടെ ഒരു ഷെഡ്യൂൾ കഴിഞ്ഞു. അടുത്ത ഷെഡ്യൂളിലേക്ക് വരണം.’’ എന്ന് അദ്ദേഹം പറഞ്ഞു. അപ്പോഴും എന്റെയുള്ളിൽ ഒരു പേടി കിടപ്പുണ്ടായിരുന്നു.

 

‘‘എന്നെക്കൊണ്ട് ഒരുവട്ടം അഭിനയിപ്പിച്ച് നോക്കുന്നില്ലേ, നിങ്ങള് ആഗ്രഹിക്കുന്ന രീതിയിൽ എനിക്ക് അഭിനയിക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ എന്നെ ഒഴിവാക്കുമോ’’ എന്നൊക്കെ ഞാൻ ചോദിച്ചു. സംവിധായകൻ ഖാലിദ് റഹ്മാൻ കോളജിൽ പഠിക്കുമ്പോൾ എന്റെ പാട്ടൊക്കെ കേട്ടിട്ടുണ്ടെന്നു പറഞ്ഞു. ഞാൻ കൂളായിട്ട് ചെയ്യുമെന്ന് വിശ്വാസമുണ്ട് എന്ന് ഖാലിദ് റഹ്മാൻ ധൈര്യം തന്നു. അപ്പോഴും എനിക്കു സംശയമായിരുന്നു. ‘‘അഥവാ എനിക്കെന്തെങ്കിലും തെറ്റുപറ്റിയാൽ പറഞ്ഞുവിടരുത്. എനിക്ക് റീടേക്കുകൾ തരണം’’ എന്നൊക്കെ അദ്ദേഹത്തോടു ഞാൻ പറഞ്ഞിരുന്നു. ഒരു സീനൊക്കെയേ ഉണ്ടാവൂ എന്നാണ് ഞാൻ കരുതിയത്. ടോവിനോയും കല്യാണിയുമൊക്കെ ഉൾപ്പെട്ട വലിയ ബജറ്റിന്റെ സിനിമയാണല്ലോ. യുവാക്കൾ കാത്തിരിക്കുന്ന സിനിമ. അതിന്റെ ഭാഗമാവണമെന്ന ആഗ്രഹം മനസ്സിൽകയറിക്കൂടി. അങ്ങനെ ഷൂട്ട് തുടങ്ങി.

 

സിനിമാ ഷൂട്ടിങ് അനുഭവം എന്തായിരുന്നു?

സെറ്റിലൊക്കെ എനിക്ക് വലിയ കെയറിങ്ങായിരുന്നു ലഭിച്ചത്. അവരുടെ കൂടെ നടന്ന് എല്ലാംകാണാൻ പറ്റി. ‌ഹാർഡ്‌വർക്ക് ചെയ്യുന്ന ഒരു ടീമിന്റെ ഭാഗമാവാൻ കഴിഞ്ഞതുതന്നെയാണ് ഭാഗ്യം. എനിക്ക് റീടേക്കുകൾ അധികം വേണ്ടിവന്നിട്ടില്ലെന്നാണു വിശ്വാസം. സെറ്റിൽ എല്ലാവരുടെയുമൊപ്പം പെട്ടന്ന് കൂട്ടായി. 

 

ടോവിനോയുമൊത്തുള്ള അനുഭവം?

 

ഷൂട്ടിങ് തുടങ്ങിയ ശേഷം ഒരുദിവസം ഒരു ടേക്കിനുവേണ്ടി ഞാൻ മേശയുടെ അടുത്ത് ഇരിക്കുകയാണ്. എന്താണ് ഞാൻ പറയണ്ട ഡയലോഗ് എന്ന് അസി.ഡയറക്ടറോട് ചോദിക്കുമ്പോൾ തൊട്ടുപിറകിൽനിന്ന് ‘‘ആ..ഷാഫിക്കാ...’’ എന്നു ടോവിനോയുടെ ശബ്ദം കേട്ടു. എത്രയോകാലം പരിചയമുള്ളതുപോലെയായിരുന്നു ആ വിളി. ഞാൻ ചാടിയെഴുന്നേറ്റു. ഞാൻ ടൊവിനോയുടെ ആരാധകനാണെന്നും തീവണ്ടി സിനിമയുടെ ഷൂട്ട് പയ്യോളിയിൽ നടക്കുമ്പോൾ ഒന്നു കാണാൻവേണ്ടി ഞാൻ വന്നിരുന്നുവെന്നുമൊക്കെ പറഞ്ഞു. തിരക്കായതുകൊണ്ട് കാണാൻ പറ്റില്ലെന്നുപറഞ്ഞ് ആരോ എന്നെ തിരിച്ചുവിട്ട കഥയും പറഞ്ഞു.

 

സെറ്റിൽ ടെൻഷനടിച്ചോ?

 

മിന്നൽ മുരളി പോലെ സൂപ്പർഹീറോ കഥാപാത്രമൊക്കെ ചെയ്ത ഒരു താരം നമ്മുടെ കൂടെയിരുന്ന് തമാശ പറയുകയും ഗെയിം കളിക്കുകയുമൊക്കെ ചെയ്യുന്നത് വല്ലാത്തൊരു അനുഭവമായിരുന്നു. ഷൈൻ ടോം ചാക്കോ വേറെയൊരു കഥാപാത്രമാണ്. ഏറെ അറിവുള്ള വലിയൊരു മനുഷ്യന്‍ പത്തുവർഷത്തോളം അസി.ഡയറക്ടറായിരുന്നയാളാണ്. ഓരോ ഷോട്ടും എങ്ങനെയായിരിക്കുമെന്ന് അദ്ദേഹത്തിന് അറിയാം. ലുക്മാൻ, അദ്രി, ബിനു പപ്പു തുടങ്ങി ആ സെറ്റിലെ എല്ലാവരും അടിപൊളിയായിരുന്നു.

 

‘ചക്കരച്ചുണ്ടിൽ’ എങ്ങനെ തല്ലുമാലയിലെത്തി?

 

തല്ലുമാലയിൽ കല്ല്യാണത്തലേന്നു കല്യാണവീട്ടിൽ രണ്ടു ടീമായി പാടുന്ന ഒരു പാട്ടുവേണം. അതിന്റെ ചർച്ചയിങ്ങനെ നടക്കുകയാണ്. മുഹ്സിൻ പെരാരിയും വിഷ്ണു വിജയും ‘‘ജ്ജ് ണ്ടാക്ക്’ എന്ന പാട്ടിന്റെ വരികൾ പാടി. ഇതിനോടു ചേർത്തുവയ്ക്കാൻ പറ്റുന്നൊരു പാട്ടുണ്ടാക്കാമോ എന്നു ചോദിച്ചു. പെപ്പരപര പെപ്പരപര എന്ന ട്യൂൺ പാടി. ഇതിനോടു ചേർന്ന് എന്റെ ഏതെങ്കിലും പഴയ ഹിറ്റ് പാട്ട് ചേർത്തുവയ്ക്കാമോ എന്നു ചോദിച്ചു. പെട്ടന്ന് ‘‘ചക്കരച്ചുണ്ടിൽ...’’ എന്ന പാട്ട് ഇതിന്റെ കൂടെ ഒത്തുപോവുമെന്നു തോന്നി. അവർക്കും ഇഷ്ടപ്പെട്ടു. അങ്ങനെ എല്ലാവരും കൂടിയിരുന്നു. പത്തുപതിനഞ്ചുമിനിറ്റുകൊണ്ട് എല്ലാവരും പാട്ടുപഠിച്ചു. അങ്ങനെ പാടി ഷൂട്ട് ചെയ്തു. അവർ പണ്ടു കേട്ട പാട്ടായതിനാൽ  ഈ പാട്ട് സിനിമയിൽ വന്നാൽ ആളുകൾ ശ്രദ്ധിക്കുമെന്നേ കരുതിയുള്ളൂ. പക്ഷേ ഇപ്പോൾ ഗൾഫിലൊക്കെ ഈ പാട്ട് എന്റെ പഴയ വിഷ്വലൊക്കെ ചേർത്ത് ആളുകൾ വാട്സാപ്പിലൂടെ കാണുകയും പലയിടത്തും പ്ലേ ചെയ്യുകയുമൊക്കെയാണെന്ന് കൂട്ടുകാർ പറഞ്ഞു. വലിയ സന്തോഷമുണ്ട്. 

 

കോമഡി ട്രാക്ക് വഴങ്ങുമെന്ന് തോന്നിയിരുന്നോ?

 

എല്ലാവരെയും ചിരിപ്പിച്ച എന്റെ സീനുണ്ട്. കല്യാണത്തിനു വണ്ടിയിൽ ചെന്നിറങ്ങിയ ശേഷം ‘ഇങ്ങനെ ഞാനൊരു ഡയലോഗ് പറഞ്ഞോട്ടെ?’ എന്നു ചോദിച്ചപ്പോൾ ഖാലിദ് റഹ്മാനും മുഹ്സിൻപെരാരിയുമൊക്കെ പ്രോത്സാസാഹിപ്പിച്ചു. പക്ഷേ ആ ഭാഗം കട്ടുചെയ്തു കളയുമെന്നാണ് ഞാൻ കരുതിയിത.് ഡബ്ബ് ചെയ്യാൻ പോയപ്പോൾ ആ സീൻ കട്ടുചെയ്തിട്ടില്ല. തിയറ്ററിലെത്തിയപ്പോഴും അത് കട്ട് ചെയ്തിട്ടില്ല. അവർ എനിക്ക് തന്ന പിന്തുണയും പ്രോത്സാഹനവുമാണ് തല്ലുമാലയിൽ അത്യാവശ്യം നല്ലൊരു വേഷം ചെയ്യാൻ എനിക്കു കരുത്തായത്. 

 

സിനിമ തിയറ്ററിൽപ്പോയി കണ്ടോ?

 

സിനിമയുടെ ഫസ്റ്റ് ഹാഫിൽ ചെറിയൊരു ഭാഗത്ത് എന്നെ കാണിക്കുന്നുണ്ടെന്നേയുള്ളൂ. സിനിമ കാണാൻ ഞാനും ഭാര്യയും കുട്ടികളുമൊക്കെ പോയിരുന്നു. കൂട്ടുകാരും പോയി. ഫസ്റ്റ് ഹാഫ് കഴിഞ്ഞപ്പോൾ ‘ശ്ശെടാ..ഇവനൊരു മിന്നായം പോലെ പോവുന്നതേയുള്ളോ’ എന്ന്  എല്ലാവരും ചിന്തിച്ചിരുന്നു. കഥ പിന്നീടാണല്ലോ തുടങ്ങുന്നത്. എന്റെ കഥാപാത്രമാണ് റജിയെന്ന കഥാപാത്രത്തെ ഇക്കണ്ട ചൊറകൾക്കൊക്കെ വേണ്ടി വിളിച്ചുകൂട്ടിക്കൊണ്ടുവരുന്നത്. അവർ തമ്മിലുള്ള പ്രശ്നങ്ങളൊന്നുമറിയാത്ത നിഷ്കളങ്കനായ അളിയനാണ് എന്റെ കഥാപാത്രം. ആ സീനുകൾ തുടങ്ങി. സജീവമായി കല്യാണരംഗങ്ങളൊക്കെ നടക്കുന്നു. എന്റെ ഡയലോഗൊക്കെ വന്നു. എന്താണ് തിയറ്ററിലെ റെസ്പോൺസ് എന്നാണ് ഞാൻ നോക്കിയത്. എന്റെ കണ്ണുനിറഞ്ഞു. സ്വന്തം കുടുംബത്തിനൊപ്പം ഇരുന്ന് സിനിമ കാണുമ്പോൾ ഇത്തരമൊരു റെസ്പോൺസ് കിട്ടുകയെന്നത് വലിയ കാര്യമാണ്. ഒരുപാടുകാലത്തെ ആഗ്രഹമാണ് സഫലമായത്. ബിഗ്സ്ക്രീനിൽ നല്ലൊരു വേഷം കിട്ടാനും അതു ജനങ്ങൾ കണ്ടിട്ട് കയ്യടിക്കാനുമുള്ള ഭാഗ്യമുണ്ടായല്ലോ. എന്റെ നാട്ടിൽ തിയറ്ററിൽ പോകാത്ത പലരും എനിക്കുവേണ്ടി മാത്രം സിനിമ കാണാൻ പോയിട്ടുണ്ട്. എന്റെ കൂട്ടുകാരുണ്ട്. അവർക്കൊക്കെ ഇഷ്ടമായി. അവർ മാത്രമല്ല, ഒരു കാലത്ത് ആൽബം കൊണ്ടൊന്നും അംഗീകരിച്ചിട്ടില്ലാത്തവർക്കുപോലും ഈ വേഷം ഇഷ്ടമായെന്നും ഒരു കുറ്റവും പറഞ്ഞില്ലെന്നതുമാണ് സന്തോഷം.

 

തിയറ്ററിൽ കാണികളുടെ സ്നേഹം കണ്ണുനിറയിച്ചോ?

 

എന്റെ നാടിനടുത്ത് ബാലുശ്ശേരി സന്ധ്യ തിയറ്ററിലെ സൗണ്ട് സിസ്റ്റം കേരളത്തിലെത്തന്നെ മികച്ചതാണ്. അവിടെയാണ് സിനിമ കാണാൻ പോയത്. ഇന്റർവെൽ സമയത്ത് കുറച്ചു കുട്ടികൾ എന്നെ കണ്ടിരുന്നു. സിനിമ കഴിഞ്ഞപ്പോൾ പിന്നിൽ നിന്ന്  ആരൊക്കെയോ ‘‘ഷാഫിക്കാ.. ഒന്നു കൈ പൊക്ക്’’ എന്നു വിളിച്ചുപറഞ്ഞു. തിയറ്ററിൽ എല്ലാവരുംകൂടി കയ്യടിച്ചു. എന്റെ കണ്ണുനിറഞ്ഞുപോയി. എന്റെ ജീവിതത്തിലെ ഏറ്റവും  മനോഹരമായ നിമിഷമായിരുന്നു അത്. നാട്ടുകാരും പരിചയക്കാരുമായ സിനിമാപ്രേമികൾ നമ്മളെയും കുടുംബത്തെയും നോക്കി ആർപ്പുവിളിക്കുകയാണ്. സിനിമ കഴിഞ്ഞ് പത്തുമിനിറ്റോളം ആഘോഷമായിരുന്നു. ഇതിന്റെ വിഡിയോ തല്ലുമാലയുടെ ഇൻസ്റ്റ പേജിലൊക്കെ വന്നിട്ടുണ്ട്.

 

അഭിനയത്തിൽ ചുവടുറപ്പിക്കുമോ?

 

തല്ലുമാല തിയറ്ററിൽ കാണുമ്പോൾ മനസ്സിൽവന്ന ചില കാര്യങ്ങളുണ്ട്. ഇങ്ങനെയൊരു നല്ല ചിത്രത്തിന്റെ ഭാഗമായതു കാണാൻ ഇന്നെന്റെ ഉപ്പയില്ല എന്നതുവിഷമമാണ്. അതിനേക്കാൾ വിഷമമാണ് എന്റെ ഏട്ടനില്ല എന്നത്. മൂന്നു വർഷം മുൻപ് ആക്സിഡന്റിലാണ് ഇക്കാക്ക  മരിച്ചുപോയത്. യാഥാസ്ഥിതികമായൊരു കുടുംബത്തിലാണ് ഞാൻ ജനിച്ചത്. സിനിമ കണ്ടതിന് ഏറ്റവുമധികം തല്ലുവാങ്ങിയിട്ടുള്ളത് ഇക്കാക്കയാണ്. സിനിമ അവന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു. തല്ലുമാല കാണുമ്പോൾ തിയറ്ററിനകത്ത് അവൻ ഒപ്പമില്ലല്ലോ എന്ന സങ്കടം എന്റെ ഉള്ളിൽവന്നു. സത്യത്തിൽ ഇത് എനിക്ക് സ്വപ്നതുല്യമായ നേട്ടമാണ്. ഇനിയും ആരെങ്കിലുമൊക്കെ സിനിമയിലേക്ക് നല്ല വേഷങ്ങളുമായി വിളിക്കുമെന്നു വിചാരിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT