ആ പാട്ടുകൾക്ക് വയസ് 24! പ്രണയവും ഓണവും ഇഴചേർത്ത വരികൾ; തിരുവോണക്കൈനീട്ടത്തിൽ മനം നിറഞ്ഞ് സുജാത
Mail This Article
വിദ്യാസാഗറിന്റെ ഈണത്തില്‍ ഗിരീഷ് പുത്തഞ്ചേരി വരികളെഴുതി ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് പുറത്തിറങ്ങിയ തിരുവോണക്കൈനീട്ടത്തെ ഓര്‍ക്കാതെ മലയാളിയുടെ ഒരോണവും കടന്നുപോകുന്നില്ല. ഓണത്തിന്റെ തന്നെ സിഗ്നേചര്‍ ട്യൂണ് ആയി മാറിയ പറനിറയെ പൊന്നളക്കും പൗര്‍ണമിരാവിന്റെ ബിജിഎം പോലെ, അതിലെ ഓരോ പാട്ടും ഇന്നും ഹൃദയത്തില്‍ സൂക്ഷിക്കുന്നു. തിരുവോണക്കൈനീട്ടത്തിലെ പാട്ടുകളെക്കുറിച്ച് ഗായിക സുജാത മനസ്സു തുറക്കുന്നു.
ഇരുപത്തിനാല് വര്‍ഷങ്ങള്‍ക്കു മുമ്പ് വിദ്യാസാഗറിന്റെ ഈണത്തില്‍ ഗിരീഷ് പുത്തഞ്ചേരി വരികളെഴുതി ദാസേട്ടനും ഞാനും വിജുവും (വിജയ് യേശുദാസ്) പാടിയതാണ് തിരുവോണക്കൈനീട്ടത്തിലെ പാട്ടുകള്‍. ഓരോ പാട്ടും ഒന്നിനൊന്ന് ഹിറ്റായിരുന്നു. പറനിറയെ പൊന്നളക്കും... പാട്ടിന്റെ ബിജിഎമ്മിനെക്കുറിച്ച് പ്രത്യേകം പറയേണ്ട കാര്യമേയില്ലല്ലോ. അത് കേള്‍ക്കാത്തവരായി ഒരു മലയാളിപോലും ഉണ്ടാകില്ല. ആ ബിജിഎം പോലെ ഇരുപത്തിനാല് കൊല്ലമായി മലയാളി ഓണത്തിന് ഇത്രയേറെ ഇഷ്ടപ്പെടുന്ന വേറൊരു സിഗ്നേച്ചര്‍ ട്യൂണ്‍ ഉണ്ടോ? ഓണമെത്തി എന്നറിയുന്നതു തന്നെ ചിലപ്പോള്‍ ഓണത്തിന്റെ സിഗ്നേച്ചര്‍ ട്യൂണ്‍ ആയി മാറിയ ഈ ബിജിഎം കേള്‍ക്കുമ്പോഴാണ്. അത്രയ്ക്ക് ഹിറ്റായ ആല്‍ബമായിരുന്നു തിരുവോണക്കൈനീട്ടം. ആ പാട്ടുകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ എന്നും സന്തോഷമാണ്. അതുപോലൊരു വലിയ സന്തോഷത്തിലാണ് ഈ ഓണക്കാലത്ത് ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത്. തിരുവോണക്കൈനീട്ടം ഇറക്കിയ തരംഗിണി പതിനെട്ടുവര്‍ഷത്തിനുശേഷം പൊന്‍ചിങ്ങത്തേര് എന്ന ആല്‍ബത്തിലൂടെ വീണ്ടും ദാസേട്ടന്റെ ഓണപ്പാട്ട് നമുക്ക് തന്നിരിക്കുന്നു! ആ സന്തോഷമാണ് മനസ്സു നിറയെ.
പറനിറയെ പൊന്നളക്കും പൗര്‍ണമി രാവായി...
പടിഞ്ഞാറേ പൂപ്പാടം അഴകിന്‍ പാല്‍ക്കടലായ്...
ഓണക്കാലത്തേക്കുള്ള പാട്ടായി മാത്രമല്ല, ലവ് സോങ് ആയിട്ടുകൂടി ആളുകള്‍ക്ക് ഇഷ്ടമാണീ പാട്ട്. അന്ന് ഒരു ബോട്ടില്‍ ഇരുന്നും സ്റ്റൂഡിയോയില്‍ പാടുന്നതുമൊക്കെ വിഷ്വല്‍ എടുത്തിരുന്നു. ഷൂട്ടിങ്ങിനായി വിദ്യാജി അടക്കം ഞങ്ങളെല്ലാവരും ചെന്നൈയില്‍ നിന്ന് എറണാകുളത്ത് വന്നു. കൊച്ചിയിലെ സ്റ്റൂഡിയോയില്‍ ദാസേട്ടനും ഞാനും പാടുന്നതും വിദ്യാജി കണ്ടക്റ്റ് ചെയ്യുന്നതുമെല്ലാം വിഷ്വല്‍ എടുത്തു. ദാസേട്ടന്‍ ഒരു പാട്ടിനു വേണ്ടി വിഡിയോ ഷൂട്ട് ചെയ്യുക എന്നത് വലിയ അദ്ഭുതമാണല്ലോ. ദാസേട്ടന്റെ ഓണം വിഷ്വല്‍ ഉള്ള ഒരാല്‍ബം കൂടിയാണത്. അന്നെടുത്ത ആ പാട്ട് ഇപ്പോള്‍ യൂട്യൂബില്‍ കാണാം. ഓണപ്പാട്ടുകളെക്കുറിച്ചു പറയുമ്പോള്‍ തിരുവോണക്കൈനീട്ടം എന്നും ഒന്നാംനിരയില്‍ത്തന്നെ. അതില്‍ സംശയമൊന്നുമില്ല.
അതുപോലെ ദാസേട്ടനും ഞാനും പാടിയ മറ്റൊരു പാട്ട്,
പൂമുല്ലക്കോടിയുടുക്കേണം പൊന്‍വളവേണം ...
പൊന്നൂഞ്ഞാലാടിപ്പാടേണം....
ചിന്ദൂരച്ചാന്തും വേണം തുളസിപ്പൂ വേണം
ഇന്നല്ലോ പെണ്ണിനു കല്യാണം... പൂത്തിരുവോണം...
അതും ഒരു ടിപ്പിക്കല്‍ ലവ് സോങ് തന്നെ. തൊട്ടുരുമ്മിയിരിക്കാന്‍ കൊതിയായി... പാട്ടിന്റെയൊക്കെയൊരു മൂഡ് തോന്നും ഇത് കേള്‍ക്കുമ്പോള് എനിക്ക്. പ്രണയവുമായി ഓണത്തെ ഇഴചേര്‍ത്താണ് ഗിരീഷേട്ടന്‍ അതിലെ പാട്ടുകള്‍ എഴുതിയിരിക്കുന്നത്. അത്രയ്ക്ക് റൊമാന്റിക് ആണ്. അതുകൊണ്ടുതന്നെ ഓണം അല്ലാത്ത സമയത്തും നമുക്ക് അത് കേള്‍ക്കാന്‍ ഇഷ്ടമാകും. ഒരു പ്രണയ ഓര്‍മയായിട്ടോ നൊസ്റ്റാള്‍ജിയ തോന്നുമ്പോഴോ ഒക്കെ കേള്‍ക്കാവുന്നതാണ് തിരുവോണക്കൈനീട്ടത്തിലെ ഭൂരിഭാഗം പാട്ടുകളും. അതില്‍ ഞാന്‍ പാടിയ ചന്ദനവളയിട്ട കൈകൊണ്ടു ഞാന്‍... എന്ന സോളോ സോങ്ങിന്റെ വരികൾ എന്തുരസമാണ്! ഗിരീഷേട്ടനല്ലേ എഴുതിയത്, പിന്നെ അതെത്ര മനോഹരമായിരിക്കും എന്നു പറയാനുണ്ടോ? വല്ലാത്തൊരു റൊമാന്റിക് ഫീലുള്ള പാട്ടാണത്. അതിന്റെ മെയില്‍ വെര്‍ഷന്‍ പാടിയത് വിജു ആണ്. വിജു ആദ്യമായി സോളോ പാടിയ പാട്ടുകൂടിയാണത്.
ചന്ദനവളയിട്ട കൈകൊണ്ടു ഞാൻ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍
പിറകിലൂടാരൊരാള്‍
മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്തൊരെന്‍
മിഴികള്‍ പൊത്തീ... എന്നു പാടുമ്പോഴൊക്കെ എന്തൊരു റൊമാൻസ് ആണ് തോന്നുക, അല്ലേ?
ഇതു കൂടാതെ, ദാസേട്ടന്‍ പാടിയ ആരോ കമഴ്ത്തിവച്ചൊരോട്ടുരുളി പോലെ.... എന്ന പാട്ടിന്റെ ഫീമെയില്‍ വെര്‍ഷനും ഞാന്‍ പാടിയിട്ടുണ്ട്. അതും കുറേപ്പേരുടെ പ്രിയപ്പെട്ട ഗാനമാണ്. ദുഃഖഗാനമാണെങ്കിലും അച്ഛന്റെ ഓര്‍മയും ഓണവും ബന്ധിപ്പിച്ചുള്ള പാട്ടായിട്ടാണ് ഏറെപ്പേരും അതിഷ്ടപ്പെടുന്നത്.
ഓണപ്പാട്ടുകള്‍ ആയിട്ടല്ല നമ്മള്‍ തിരുവോണക്കൈനീട്ടത്തിലെ പാട്ടുകളെ സമീപിച്ചത്. ഓണം എന്നു പറയുമ്പോള്‍ കൂടുതലും ഉത്സവഛായയുള്ള പാട്ടുകളല്ലേ? ഇതില്‍ മിക്കവാറും എല്ലാ പാട്ടുകളും റൊമാന്റിക് സോങ്‌സ് ആയിരുന്നു. പ്രത്യേകിച്ച് വരികള്‍ ശ്രദ്ധിച്ചാല്‍ അതു മനസ്സിലാകും. പാടുമ്പോള്‍ തന്നെ ആ രംഗങ്ങളെല്ലാം നമ്മുടെ ഭാവനയില്‍ തെളിഞ്ഞു വരും. പറനിറയെ പൊന്നളക്കും പാട്ടും അതിലെ പൂവേ പൊലി പൂവേ... എന്ന ഭാഗവും കുറേ അഭിമുഖങ്ങളില്‍ ഞാന്‍ പാടിയിട്ടുണ്ട്. കുറേയിടത്ത് ഞാനും ശ്വേതയും കൂടിയും കുറേ ഓണം ഷോകള്‍ക്കും പാടിയിട്ടുണ്ട്. ചന്ദനവള പക്ഷേ, കുറച്ച് ക്ലാസി സോങ് ആയതുകൊണ്ട് അധികം വേദികളിലൊന്നും പാടിയിട്ടില്ല. എങ്കിലും എന്റെ പ്രിയപ്പെട്ട പാട്ടുകളില്‍ ഒന്നാണ് ചന്ദനവളയും.
റഹ്മാനും വിദ്യാജിയും എന്റെ ശബ്ദത്തെ ഏറ്റവും നന്നായി മനസ്സിലാക്കി പാട്ടുകള്‍ തന്ന കംപോസര്‍മാരാണ് വിദ്യാജിയും എ.ആര്‍.റഹ്മാനും. ഏറ്റവും കൂടുതല്‍ ഉപയോഗപ്പെടുത്തിയതും അവര്‍ തന്നെ. അവരുടെ കൂടെ പാടുമ്പോള്‍ കൂടുതല്‍ കോണ്‍ഫിഡന്‍സ് കിട്ടും. എനിക്ക് എന്തൊക്കെ കഴിയുമെന്ന് എനിക്കു തന്നെ മനസ്സിലായതും ഇവരുടെ പാട്ടുകള്‍ പാടിയപ്പോഴാണ്. റെക്കോര്‍ഡിങ്ങില്‍ അങ്ങനെ വലിയ കടുംപിടിത്തമൊന്നുമില്ല വിദ്യാജിക്ക്. റഹ്മാന്‍ നമ്മളെ നമ്മുടെ ഇഷ്ടത്തിന് പറക്കാന്‍ സമ്മതിക്കും. നമുക്ക് ഇഷ്ടമുള്ളതെല്ലാം പാടിയിട്ട് അതില്‍ നിന്ന് അദ്ദേഹത്തിന് ഇഷ്ടമുള്ളതാണ് അദ്ദേഹം എടുക്കുക. വിദ്യാജിയുടെ പാട്ടുകളില്‍ നമ്മുടേതായിട്ട് പാടാന്‍ കൂടുതലൊന്നും ഉണ്ടാവില്ല. അത്ര വിപുലമായിട്ടായിരിക്കും വിദ്യാജി ഒരു പാട്ടും അതിന്റെ വേരിയേഷന്‍സും പറഞ്ഞു തരുന്നത്. വോയ്‌സിന്റെ ടെക്ചര്‍ കൊണ്ട് എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് അദ്ദേഹത്തിനു നന്നായറിയാം. ഇവരെപ്പോലെയുള്ള കുറച്ച് സംഗീതസംവിധായകരാണ് എന്നിലെ കലാകാരിയെ ശരിക്കും പുറത്തുകൊണ്ടു വന്നത് എന്നു ഞാന്‍ വിശ്വസിക്കുന്നു.