ADVERTISEMENT

എ.ആർ.റഹ്മാന്റെ സംഗീതത്തിൽ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവനു വേണ്ടി പാട്ട് പാടാൻ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഗായിക സന മൊയ്തൂട്ടി. കല്‍ക്കി കൃഷ്ണ മൂര്‍ത്തിയുടെ നോവലിനെ ആസ്പദമാക്കി മണിരത്‌നം സംവിധാനം ചെയ്ത ചിത്രത്തിലെ കുന്ദവായിയുടെയും വാനതിയുടെയും സൗഹൃദം ആഘോഷിക്കുന്ന 'ചൊല്‍' എന്ന ഗാനമാണ് സനയുടെ ശബ്ദത്തിൽ പുറത്തുവന്നത്. പുത്തൻ പാട്ടുവിശേഷങ്ങൾ സന മൊയ്തൂട്ടി മനോരമ ഓൺലൈനിനോടു പങ്കുവച്ചപ്പോൾ. 

 

 

റഹ്മാൻ സാറിന്റെ ആ ഫോൺ കോൾ

 

‌പാട്ട് സിനിമയിൽ കാണാൻ വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു ഇത്ര നാളും. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ മുതൽ മികച്ച പ്രതികരണങ്ങളാണു ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരുപാട് സന്തോഷം. റഹ്മാൻ സാറിന്റെ എൻജിനീയർ ആണ് എന്നെ ഈ ചിത്രത്തിൽ പാടാൻ വിളിച്ചത്. ഏതു പടത്തിലേക്കാണ് എന്നറിഞ്ഞപ്പോൾ ഞാൻ ഒരുപാട് സന്തോഷിച്ചു. കാരണം മണിരത്നം സാറിന്റെ ചിത്രത്തിൽ റഹ്മാൻ സാറിന്റെ സംഗീതത്തിൽ പാടുന്നതൊക്കെ എല്ലാ പാട്ടുകാരുടെയും സ്വപ്നമാണ്. വളരെ വലിയൊരു ക്യാൻവാസിൽ എടുക്കുന്ന ഈ ചിത്രത്തിൽ ഇന്ത്യയിലെ പ്രഗത്ഭരായ താരങ്ങളാണ് അണിനിരക്കുന്നത്. അവരോടൊപ്പം ഒരു സിനിമയുടെ ഭാഗമാക്കുക എന്നത് ഭാഗ്യം തന്നെയായിരുന്നു. മുംബൈയിൽ വച്ചായിരുന്നു പാട്ടിന്റെ റെക്കോർഡിങ്. 

 

‘ചൊൽ’ ഒരു മൈൽസ്റ്റോൺ 

 

റഹ്മാൻ സാറിനൊപ്പം ചെയ്യുന്ന ഓരോ വർക്കും ഓരോ മൈൽസ്റ്റോൺ ആണ്. സംഗീതലോകത്തേക്കു കടന്നുവരാന്‍ എനിക്കു പ്രചോദനമായതുപോലും അദ്ദേഹമായിരുന്നു. ചെറുപ്പം മുതൽ അദ്ദേഹത്തിന്റെ ആരാധികയായ എനിക്ക് അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ കഴിയുകയെന്നത് കിട്ടാവുന്നതിൽ വച്ച് ഏറ്റവും മികച്ച അവസരമാണ്.

 

മലയാളം എനിക്ക് അന്യമല്ല

 

ഞാൻ ചെറുപ്പം മുതൽ ചാനലുകളിൽ വരുന്ന മലയാളം സിനിമകൾ കാണാറുണ്ടായിരുന്നു. മലയാളം പാട്ടുകൾ എനിക്ക് അന്യമല്ല. അതുകൊണ്ടാണ് ഞാൻ പഴയ മലയാളം പാട്ടുകളുടെ കവർ വേർഷൻ ചെയ്യുന്നത്. അതെല്ലാം എനിക്ക് ഗൃഹാതുരത്വം ഉണർത്തുന്ന പാട്ടുകളാണ്. ഈ വർഷം മലയാളത്തിൽ വരയൻ, ഉല്ലാസം എന്നീ ചിത്രങ്ങള്‍ക്കു വേണ്ടി പാടാൻ കഴിഞ്ഞു. ഇപ്പോൾ 'ഡിയർ വാപ്പി' എന്നൊരു ചിത്രത്തിലും പാടിയിട്ടുണ്ട്. സാധാരണ ഞാൻ തെലുങ്ക്, തമിഴ് ഹിന്ദി ഒക്കെയാണ് പാടാറുള്ളത് പക്ഷേ  ഈ വർഷം കൂടുതൽ മലയാളം പാട്ടുകൾ പാടാൻ സാധിച്ചു. 

 

സ്വതന്ത്ര സംഗീതം ആസ്വദിക്കുന്നു 

 

പിന്നണി ഗാനരംഗവും സ്വതന്ത്ര സംഗീതവും വളരെ വ്യത്യസ്തമാണ്. പിന്നണി പാടുമ്പോൾ ഒരാൾ പറഞ്ഞു തരുന്നത് പാടിയാൽ മാത്രം  മതി. പക്ഷേ  സ്വതന്ത്ര സംഗീതമാകുമ്പോൾ ആ പാട്ടിന്റെ പിറവി മുതൽ അതിന്റെ വിഡിയോ ഷൂട്ട് ചെയ്ത് ഔട്ട് ഇറക്കുന്നതുവരെ വളരെ ശ്രദ്ധിച്ചിരിക്കണം. നമ്മുടെ സ്വന്തം സൃഷ്ടിയായതുകൊണ്ട് ആ പാട്ടിനോട് വൈകാരികമായ അടുപ്പമുണ്ടാകും. ആ പ്രോസസ്സ് ആസ്വദിക്കുകയും ചെയ്യും. പിന്നണി പാടിയാൽ സിനിമ ഇറങ്ങുമ്പോൾ മാത്രമേ ഔട്പുട്ട് എന്താണെന്ന് കാണാൻ പറ്റൂ. പക്ഷേ ഇത് അങ്ങനെയല്ല നമുക്ക് ആ പാട്ടിന്റെ എല്ലാ ഘട്ടവും കണ്ട് ആസ്വദിക്കാം. രണ്ടും എനിക്കിഷ്ടമാണ്. എല്ലാം സംഗീതമാണല്ലോ. ഞാനിപ്പോൾ തമിഴ് കവർ സോങ് ചെയ്യാറുണ്ട്.  ഇപ്പോൾ സോണിയുമായി ചേർന്ന് ചില വർക്കുകൾ ചെയ്യുന്നുണ്ട്. ഈ വർഷം തന്നെ ഞാൻ എന്റെ ആദ്യത്തെ ഒറിജിനൽ സോണിയോടൊപ്പം ചേർന്ന് റിലീസ് ചെയ്തു. അതിനു തമിഴ്, മലയാളം, തെലുങ്ക് പതിപ്പുകൾ ഉണ്ടായിരുന്നു. മറ്റൊരു പോപ്പ് ഒറിജിനൽ ചെയ്തുകൊണ്ടിരിക്കുകയാണ് അതിനെപ്പറ്റി പറയാറായിട്ടില്ല. ഞാൻ പാടിയ കവർ പാട്ടുകളും സിനിമാ ഗാനങ്ങളുമൊക്കെ ആസ്വദിച്ച് നല്ല പ്രതികരണങ്ങൾ തരുന്ന മലയാളി ആസ്വാദകർക്ക് എന്റെ നന്ദിയും സ്നേഹവും അറിയിക്കുന്നു. പ്രതികരണങ്ങൾ എനിക്ക് കൂടുതൽ പഠിക്കാനും പാടാനുമുള്ള ഉത്തേജനം നൽകുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com