ADVERTISEMENT

‘മേ ഹും  മൂസ’ തിയറ്ററില്‍ മികച്ച പ്രകടനവുമായി മുന്നേറുമ്പോള്‍ ഗായകനും സംഗീതസംവിധായകനുമായ ശ്രീനാഥ് ശിവശങ്കരന്‍ ഏറെ  സന്തോഷത്തിലാണ്. മൂസയ്ക്കു വേണ്ടി ശ്രീനാഥ് ചിട്ടപ്പെടുത്തിയ എല്ലാ ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. ‘തെങ്ങോലപ്പൊന്‍ മറവില്‍’ എന്ന തട്ടുപൊളിപ്പന്‍ പാട്ടും ‘ആരംഭതേരില്‍’ എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട് ശൈലിയിലുള്ള പാട്ടും 2 മില്യൻ പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മമ്മൂട്ടി നായകനായ  ഒരു കുട്ടനാടന്‍ ബ്ലോഗിലൂടെയാണ് സംഗീതസംവിധായകനായ‌ുള്ള ശ്രീനാഥിന്റെ അരങ്ങേറ്റം. സ്വകാര്യ ചാനലിലെ റിയാലിറ്റി ഷോ വേദിയിലൂടെയാണ് ശ്രീനാഥ് ശിവശങ്കരന്‍ സംഗീതലോകത്തേക്ക് എത്തുന്നത്‌. പുത്തൻ പാട്ടുവിശേഷം ശ്രീനാഥ് മനോരമ ഓൺലൈനിനോടു പങ്കുവയ്ക്കുന്നു. 

 

‘സഭാഷ് ചന്ദ്രബോസ്’ വഴി മൂസയിലേയ്ക്ക്

 

വി.സി അഭിലാഷ് സംവിധാനം ചെയ്ത സഭാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്‍റെ പാട്ടുകളും പശ്ചാത്തല സംഗീതവും കേട്ട്  ഇഷ്ട്ടപെട്ടിട്ടാണ് ജിബു സർ  എന്നെ  മൂസയിലേയ്ക്ക് ക്ഷണിക്കുന്നത്. ഗ്രാമീണത വിളിച്ചോതുന്ന പാട്ടുകളും പശ്ചാത്തല സംഗീതവും ആയിരുന്നു സഭാഷ് ചന്ദ്രബോസിലേത്. മൂസയ്ക്ക്    വേണ്ടതും അത്തരം ഒരു ശൈലി ആയിരുന്നു. എന്നെ കണ്ടയുടന്‍ തന്നെ ജിബു സർ മൂസയുടെ തിരക്കഥ വായിക്കാന്‍ തന്നു. വായിച്ചു കഴിഞ്ഞപ്പോള്‍ നമ്മള്‍  ഈ പടം ചെയ്യുകയാണെന്ന് ജിബു സര്‍ എന്നോടു പറഞ്ഞു. സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ തന്നെ ചെയ്യാന്‍ പോകുന്ന സംഗീതത്തെക്കുറിച്ച് വ്യക്തമായ   ധാരണ ഉണ്ടായിരുന്നു. അത്രയധികം വ്യക്തമായി തന്നെയാണ് തിരക്കഥാകൃത്ത് രൂപേഷ് റെയിന്‍ എഴുതിവച്ചിരുന്നത്.  

 

ശങ്കര്‍ മഹാദേവന്‍ എന്ന സ്വപ്ന സാക്ഷാത്കാരം

 

എന്‍റെ മൂന്നാമത്തെ ചിത്രത്തില്‍ തന്നെ ശങ്കര്‍ മഹാദേവനെപ്പോലെ ഇന്ത്യ അറിയപ്പെടുന്ന ഗായകനെ പാടിക്കാന്‍ കഴിഞ്ഞത് ഏറ്റവും വലിയ ഭാഗ്യമായി കരുതുന്നു. ശങ്കര്‍മഹാദേവന്‍ ആലപിച്ച ‘സസുരാങ്ക്  മില്ഖേ….. എന്നു തുടങ്ങുന്ന  ഹിന്ദി  ഗാനമാണ് മൂസയ്ക്കു വേണ്ടി ആദ്യമായി ചിട്ടപ്പെടുത്തിയത്.   ഗുജറാത്ത്, പഞ്ചാബ്, വാഗാ അതിര്‍ത്തി തുടങ്ങിയ ഇന്ത്യയുടെ പല ഭാഗങ്ങളിലൂടെ യാത്ര ചെയ്യുന്ന ഒരു ഗാനമായിരുന്നു അത്. ദേശഭക്തി എന്ന  വികാരമായിരുന്നു പ്രധാനമായും ആ പാട്ടിന് വേണ്ടിയിരുന്നത്. ആ പാട്ടിന്‍റെ കാര്യത്തില്‍ മാത്രമായിരുന്നു ജിബു ചേട്ടന് ഏറ്റവും വലിയ ടെന്‍ഷന്‍   ഉണ്ടായിരുന്നത്. എനിക്ക് കൂടുതല്‍ വിശദീകരിച്ചു തന്നതും ആ പാട്ടിന്‍റെ സന്ദര്‍ഭങ്ങളായിരുന്നു. സൂഫി സംഗീതം  പശ്ചാത്തലമാകുന്ന രീതിയിലായിരുന്നു  ആദ്യം ഞാന്‍ ചിട്ടപ്പെടുത്തിയത്. എന്നാല്‍ കേള്‍ക്കാന്‍ സുഖമുണ്ടെങ്കിലും സിനിമയില്‍ സൂഫി സംഗീതത്തിനു പ്രാധാന്യം ഇല്ലെന്നു മനസിലാക്കിയ ഞാന്‍   പിന്നീട് ആ ഭാഗങ്ങള്‍ മാറ്റി ചിട്ടപ്പെടുത്തുകയായിരുന്നു. ഹിന്ദുസ്ഥാനി രാഗമായ ജോഗിലാണ് ഞാന്‍ ഈ ഗാനം പിന്നീട് ചിട്ടപ്പെടുത്തിയത്. പൊതുവേ  സിനിമകളില്‍ ജോഗ് രാഗത്തില്‍ ചിട്ടപ്പെടുത്തിയ ഭൂരിഭാഗം പാട്ടുകളും ഹിറ്റാണ്. കേള്‍ക്കുമ്പോള്‍ സന്തോഷവും സാന്ത്വനവും പ്രധാനം ചെയ്യുന്ന   രാഗമാണല്ലോ ജോഗ്.  

 

മാപ്പിളപാട്ട് ശൈലിയിലുള്ള ആരംഭതേരില്‍  

 

ഒരു പക്കാ മാപ്പിളപാട്ട് സംസ്കാരത്തില്‍ നിന്നുകൊണ്ട് ചെയ്ത പാട്ടാണ് ആരംഭതേരില്‍. മാപ്പിളപാട്ടിന്‍റെ താളത്തില്‍ തന്നെയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. എറണാകുളത്തു ഫ്ലാറ്റില്‍ മൂസയുടെ ചര്‍ച്ചയുമായി ഇരിക്കുന്ന സമയത്ത് പെട്ടെന്ന് മനസ്സിലേയ്ക്കു വന്ന ഒരു ട്യൂണ്‍ ആണ് ആരംഭതേരില്‍ എന്ന പാട്ടിലേത്.  പല്ലവിയുടെ ട്യൂണ്‍ മൂളിയപ്പോള്‍ തന്നെ ജിബു ചേട്ടനും സിനിമയുടെ അസോസിയേറ്റിനും വളരയധികം ഇഷ്ട്ടപെട്ടു. അതിനുശേഷമാണ് റഫീഖ് അഹമദ്   സാറിനെക്കൊണ്ട് പാട്ടിലെ വരികള്‍ എഴുതി പൂര്‍ണ്ണമായി ചിട്ടപ്പെടുത്തിയത്. വളരെ പെട്ടെന്നായിരുന്നു ആ പാട്ടിന്‍റെ കമ്പോസിങ് നടന്നത്. മാപ്പിളപാട്ടുകള്‍ക്കു പ്രധാനമായും ഒന്നോ രണ്ടോ താളമേ ഉണ്ടാകാറുള്ളൂ. മലയാളികള്‍ കേട്ട് തഴമ്പിച്ച പെരുന്നാള്‍ മാപ്പിളപാട്ട് ശൈലിയില്‍ തന്നെയാണ് ഈ പാട്ടും   ചെയ്തിട്ടുള്ളത്. 

 

മൂസയുടെ ചിത്രീകരണസമയത്തു തന്നെ ഞാന്‍ ഇടയ്ക്കിടെ ലൊക്കേഷനില്‍ പോകാറുണ്ടായിരുന്നു. സസുരാങ്ക് മില്ഖേ എന്ന പാട്ടും തെങ്ങോലപ്പൊന്‍  പറമ്പില്‍ എന്ന പാട്ടും ആ സമയത്ത് ഞാന്‍ സുരേഷ് ഗോപി സാറിനെ കേള്‍പ്പിച്ചിരുന്നു. കേട്ടയുടന്‍ തന്നെ വളരെ നന്നായിട്ടുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.     പിന്നീട് നടന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ അദ്ദേഹം കിസ തുന്നിയ തട്ടവുമിട്ട്… എന്നു തുടങ്ങുന്ന ഗാനം പാടുകയും ചെയ്തു. സിനിമയിലെ നാല്  പാട്ടും സാറിനു വളരെയധികം ഇഷ്ട്ടപെട്ടു. 

 

പൊതുവേ വലിയ തയ്യാറെടുപ്പുകളില്ല

 

പാട്ടുകള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പൊതുവേ ഞാന്‍ വലിയ തയ്യാറെടുപ്പുകളും റിസര്‍ച്ചുകളും ഒന്നും ചെയ്യാറില്ല. വര്‍ഷങ്ങളായി സ്റ്റേജ് ഷോ ചെയ്യുന്നതുകൊണ്ട്  തന്നെ കേള്‍വിക്കാരുടെ പള്‍സ് കുറച്ചുകൂടി വ്യക്തമായി അറിയാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ പാട്ടിനും വേണ്ട സിറ്റുവേഷന്‍ സംവിധായകര്‍ പറയുമ്പോള്‍ തന്നെ ജനങ്ങള്‍ എങ്ങനെയാണ് ആ പാട്ടുകള്‍ ആസ്വദിക്കുന്നത് എന്ന ബോധ്യമുണ്ടാകും. ഒരു മാപ്പിളപാട്ട് കേള്‍ക്കുമ്പോള്‍ ജനങ്ങള്‍ എങ്ങനെയാണ് കയ്യടിക്കുക എന്ന് അറിയാമായിരുന്നു.  

 

ഖവാലി ശൈലിയില്‍ ‘തെങ്ങോലപ്പൊന്‍ പറമ്പില്‍’

 

ഖവാലി ശൈലിയിലാണ് തെങ്ങോലപ്പൊന്‍ പറമ്പില്‍ എന്ന പാട്ട് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു തട്ടുപൊളിപ്പന്‍ പാട്ടിന്‍റെ രീതിയില്‍ പെപ്പി സ്റ്റൈലില്‍ ആണ്  വേണ്ടതെന്നു ജിബു ചേട്ടന്‍ പറഞ്ഞതിന് അനുസരിച്ചാണ് ആ പാട്ട് ചെയ്തിരിക്കുന്നത്. പൊന്നാനിയുടെ ഇസ്‌ലാം പശ്ചാത്തലത്തില്‍ പറയുന്ന കഥയാണ്‌    മൂസയുടെത്. അതുകൊണ്ടു തന്നെ ഒരു അറബിക് - ഇസ്‌ലാം സംഗീതത്തിന്‍റെ പാശ്ചാത്തലം വേണ്ടത് ആവശ്യമായിരുന്നു. ഹിന്ദി പാട്ട് ഒഴികെയുള്ള എല്ലാ    പാട്ടുകള്‍ക്കും ഒരു ഇസ്‌ലാം ഈണം കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്.  

 

ജിബു ചേട്ടന്‍ സഹോദരനെപ്പോലെ 

 

മൂസയുടെ സംവിധായകന്‍ എന്നതിനപ്പുറം എന്‍റെ ജ്യേഷ്ഠന്‍റെ സ്ഥാനത്താണ് ഞാന്‍ ജിബു ചേട്ടനെ കാണുന്നത്. അത്രയധികം  ജിബു ചേട്ടനുമായി അടുത്തു  എന്നു പറയാം. പാട്ടുകള്‍ ചിട്ടപ്പെടുത്തുന്ന സമയത്ത് അദ്ദേഹം വളരെയധികം സ്വാതന്ത്ര്യം തന്നിട്ടുണ്ട്. ദേഷ്യപ്പെടുകയോ തന്‍റെ ഇഷ്ടങ്ങള്‍    അടിച്ചേൽപിക്കുകയോ ചെയ്യുന്ന ആളല്ല ജിബു ചേട്ടന്‍. എന്നോടു മാത്രമല്ല സിനിമയിലെ എല്ലാ  ടെക്നീഷ്യന്‍മാരോടും അദ്ദേഹം അങ്ങനെ തന്നെയാണ്   പെരുമാറുന്നത്. പേടിക്കാതെ തന്നെ നമുക്ക് അദ്ദേഹത്തോടു കാര്യങ്ങൾ പറയാം. 

 

സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ല 

 

സംഗീതസവിധാനതിലോ പശ്ചാത്തല സംഗീതം ചെയ്യുന്നതിലോ എനിക്കു സിനിമയില്‍ ഗുരുക്കന്മാര്‍ ആരും തന്നെയില്ല. എനിക്ക് സ്വന്തമായി മ്യൂസിക്   പ്രോഗ്രാം ചെയ്തു തരുന്ന ഒരു ടീമുണ്ട്. എന്‍റെ ആശയങ്ങള്‍ ഞാന്‍ വിശദമായി അവരോടു  പറയും. അവര്‍  സാങ്കേതികമായി ആ ആശയത്തെ  പൂര്‍ണ്ണതയിലെത്തിക്കും. ലൈവ് ഇന്‍സ്ട്രമെന്റുകള്‍ കൂടുതലായി ഉപയോഗിക്കാനാണ് എനിക്ക് ഇഷ്ടം. അങ്ങനെ ചെയ്യുമ്പോള്‍ ലഭിക്കുന്ന പൂര്‍ണ്ണത   ഇലക്ട്രിക് സൗണ്ടുകള്‍ ഉപയോഗിക്കുമ്പോള്‍ കിട്ടില്ല. സഭാഷ് ചന്ദ്രബോസിലും മേ ഹും മൂസയിലും അതിനു ധാരാളം സാധ്യതകള്‍ ഉണ്ടായിരുന്നു. ഇലക്ട്രിക്   സൗണ്ടുകളും അത്തരം സംഗീതരീതികളും ഒരു സിനിമയെ നല്ലതാക്കാനും അതുപോലെ തന്നെ ചീത്തയാക്കാനും സാധിക്കും. നമ്മള്‍ എങ്ങനെ അത്തരം  സങ്കേതങ്ങളെ സിനിമയില്‍ ഉപയോഗിക്കുന്നു എന്നതിനെ അനുസരിച്ചിരിക്കും കാര്യങ്ങള്‍. എപ്പോഴും മൂളി നടക്കാന്‍ കൊതിക്കുന്ന മെലോഡിയസ് ആയിട്ടുള്ള  പാട്ടുകള്‍ ചെയ്യാനാണ് എനിക്ക് കൂടുതലിഷ്ടം. ഇന്ന് അത്തരം പാട്ടുകള്‍ ചിലപ്പോള്‍ എണ്ണത്തില്‍ വളരെ കുറവായിരിക്കും. ഇപ്പോഴത്തെ ചില പാട്ടുകള്‍   ഇലക്ട്രോണിക്  സൗണ്ടുകള്‍ കൊണ്ട് ചെയ്ത തീര്‍ത്തും അരോചകമായ അനുഭവമാണ് നമുക്ക് പ്രധാനം ചെയ്യുന്നത്. മാസങ്ങളുടെ ആയുസ്സ് പോലും ഇത്തരം  പാട്ടുകള്‍ക്ക് ഉണ്ടാവാറില്ല. ഞാന്‍ ഏറെ പ്രതീക്ഷയോടെ ചിട്ടപ്പെടുത്തിയ ഒരു മെലഡി ആയിരുന്നു സഭാഷ് ചന്ദ്രബോസിലെ നീ എന്‍റെ കാമുകി അല്ലേടീ………. എന്ന ഗാനം. എനിക്കേറെ ഇഷ്ടപെട്ട ആരഭി രാഗത്തില്‍ ചിട്ടപ്പെടുത്തിയ പാട്ട് പ്രതീക്ഷിച്ചതുപോലുള്ള സ്വീകാര്യത ലഭിച്ചില്ല. സത്യത്തില്‍ ഇന്ന് ഏത് രീതിയില്‍ സംഗീതം ചെയ്താലാണ് ജനം സ്വീകരിക്കുന്നതെന്ന് ആര്‍ക്കും ഒരു ധാരണയുമില്ല. സിനിമയ്ക്കു വേണ്ടത് ചെയ്യുക എന്നതാണ് ഏറ്റവും പ്രധാനം. സിനിമയ്ക്ക്  ആവശ്യമില്ലാതെ അവിടെ നമ്മുടെ ശൈലി അടിച്ചേൽ‌പ്പിക്കേണ്ട ആവശ്യമില്ല. 

 

ആദ്യ ചിത്രം മമ്മൂക്കയോടൊപ്പം

 

2018ല്‍ റിലീസായ കുട്ടനാടന്‍ ബ്ലോഗ്‌ ആണ് ഞാന്‍ സംഗീതസംവിധാനം നിര്‍വഹിച്ച ആദ്യ ചിത്രം. നടന്‍ ഉണ്ണിമുകുന്ദന്‍ ആണ് എനിക്ക് കുട്ടനാടന്‍  ബ്ലോഗിലേക്ക് വഴിതുറന്നു തന്നത്. ഒരു അമേരിക്കന്‍ ഷോയ്ക്കിടയില്‍ ആണ് ഞാനും ഉണ്ണി മുകുന്ദനും പരിചയപ്പെടുന്നത്. ആ ദിവസങ്ങളില്‍ ഞാന്‍ വെറുതെ   ഇരിക്കുന്ന സമയത്ത് കമ്പോസ് ചെയ്തു വച്ച കുറേ ഈണങ്ങള്‍ ഉണ്ണി ചേട്ടനെ കേള്‍പ്പിച്ചിരുന്നു. അദ്ദേഹത്തിന് ആ ഈണങ്ങള്‍ എല്ലാം  നന്നായി   ഇഷ്ട്ടപെട്ടു. അദ്ദേഹമാണ് എന്നെ കുട്ടനാടന്‍ ബ്ലോഗിന്‍റെ സംവിധായകന്‍ സേതുവിന് പരിചയപ്പെടുത്തുന്നത്. മാനത്തെ മാരിവില്‍ എന്നു തുടങ്ങുന്ന പാട്ടിന്‍റെ  ഈണമാണ് ഞാന്‍ ആദ്യമായി സേതു ചേട്ടനെയും മമ്മൂക്കയേയും കേള്‍പ്പിക്കുന്നത്. ആ പാട്ട്  കേട്ട് ഇഷ്ട്ടപെട്ടതിനു ശേഷമാണ് എന്നെ അവര്‍  സിനിമയിലേയ്ക്കു ക്ഷണിക്കുന്നത്. കുട്ടനാടന്‍ ബ്ലോഗിലെ പാട്ടുകള്‍ എല്ലാം തന്നെ മോശമല്ലാത്ത രീതിയില്‍ വന്നെങ്കിലും ആ സിനിമ വേണ്ട രീതിയില്‍   തിയറ്ററുകളില്‍ വിജയിക്കാത്തതുകൊണ്ട് എന്നെയും ആരും ശ്രദ്ധിച്ചതേയില്ല. പിന്നീട് പലരും അതിലെ പാട്ടുകള്‍ കേട്ടിട്ട് ഇത് ശ്രീനാഥ് ആയിരുന്നോ  ചെയ്തതെന്നു ചോദിച്ചിട്ടുണ്ട്. 

 

 

കൂട്ടുകെട്ടുകള്‍ ഇല്ലാത്തതുകൊണ്ട് അവസരം  കുറഞ്ഞു 

 

ആദ്യ ചിത്രം സാമാന്യം വലിയ ബജറ്റിലുള്ള ഒരു മമ്മൂട്ടി ചിത്രമായിരുന്നിട്ടുകൂടി പിന്നീട് ഒരവസരവും എന്നെത്തേടി വന്നിട്ടില്ല. പാട്ടുകള്‍ മോശമല്ലാത്ത   അഭിപ്രായം നേടിയതുകൊണ്ട് തന്നെ എന്നെ ആരെങ്കിലുമൊക്കെ വിളിക്കുമെന്നു ഞാന്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പ്രത്യേകിച്ച് ഒരു കൂട്ടുകെട്ടുകളുടെയും    ഭാഗമല്ലാത്തതുകൊണ്ടായിരിക്കാം  എനിക്ക് കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ പോയത്. ഇപ്പോള്‍ എല്ലാം ഒരു ടീം വര്‍ക്കാണല്ലോ. ഓരോ  സംവിധായകന്റെയും എഴുത്തുകാരന്റെയും പിന്നില്‍ മ്യൂസിക്, എഡിറ്റിങ്, ക്യാമറ തുടങ്ങിയ എല്ലാ വിഭാഗളിലെയും ഒരു ടീം തന്നെ കാണാറുണ്ട്. കംഫര്ട്ടബിള്‍ ആയവരുടെ കൂടെ ആയിരിക്കും എല്ലാവരും വര്‍ക്ക് ചെയ്യുന്നത്. കുട്ടനാടന്‍ ബ്ലോഗിലെ മാനത്തെ എന്നു തുടങ്ങുന്ന പാട്ട് കേട്ടാണ് സംവിധായകന്‍ വി.സി  അഭിലാഷ് എന്നെ സഭാഷ് ചന്ദ്രബോസിലേയ്ക്ക് വിളിക്കുന്നത്‌. മൂന്ന് വര്‍ഷത്തിനു ശേഷമാണെങ്കിലും ആദ്യ ചിത്രത്തിലെ പാട്ട് കേട്ട് വന്ന അവസരത്തില്‍   ഞാന്‍ ഏറെ സന്തോഷിക്കുന്നു. കഠിനാധ്വാനത്തിനും ആത്മസമര്‍പ്പണത്തിനും എന്നായിരുന്നാലും ഫലം ഉണ്ടാകുമെന്നു തന്നെയാണ് ഞാന്‍    വിശ്വസിക്കുന്നത്. നമ്മള്‍ നമ്മുടെ ജോലി നല്ല വൃത്തിയായി ചെയ്യുമ്പോള്‍ മറ്റുള്ളതെല്ലാം ജീവിതത്തില്‍ സ്വാഭാവികമായി സംഭവിക്കും. 

 

റിയലിറ്റി ഷോ വഴി സംഗീതലോകത്തേക്ക്

 

സ്വകാര്യ ചാനലുകളിലെ റിയാലിറ്റി ഷോ വേദികളിലൂടെയാണ് ഞാൻ സംഗീതരംഗത്തെത്തിയത്. കഴിഞ്ഞ 12 വർഷമായി സ്റ്റേജ്  ഷോകള്‍ ചെയ്യുന്നു. ജീവിതം മുന്നോട്ടു പോകുന്നത് സ്റ്റേജ് ഷോയിലൂടെ ലഭിക്കുന്ന വരുമാനം കൊണ്ടാണ്. സിനിമയില്‍ പാടാന്‍ അവസരങ്ങള്‍ക്കായി ഒരുപാട് അലഞ്ഞു. ഒടുവില്‍ അത് നടക്കില്ല എന്നു തിരിച്ചറിഞ്ഞതോടെയാണ് സംഗീതസംവിധാനത്തിലേയ്ക്കു വരുന്നത്. മൂസയിലെ തെങ്ങോല പറമ്പില്‍ എന്ന പാട്ടാണ് ഞാന്‍ ആദ്യമായി പാടുന്ന സിനിമ പാട്ട്. കര്‍ണ്ണാടക സംഗീതം ഇപ്പോഴും പഠിക്കുന്നുണ്ട്. സദനം ഹരികുമാര്‍ ആണ് കര്‍ണ്ണാടക സംഗീതത്തിലെ എന്‍റെ ഗുരു. 

 

കുടുംബം

 

കലാരംഗത്ത്‌ എല്ലാവിധ പിന്തുണയും നല്‍കുന്നത് എന്‍റെ കുടുംബം തന്നെയാണ്. അച്ഛന്‍ മണ്ണൂര്‍ ശിവശങ്കരന്‍ റിട്ട. സ്കൂള്‍ അധ്യാപകനാണ്. അമ്മ മിനി    വീട്ടമ്മ. അനുജത്തി അഖില കോളജ് അധ്യാപികയാണ്. അടുത്ത മാസം  26ന് എന്‍റെ വിവാഹം നിശ്ചയിച്ചിരിക്കുകയാണ്. കുട്ടനാടന്‍  ബ്ലോഗിന്‍റെ സംവിധായകന്‍ സേതു ചേട്ടന്‍റെ മകള്‍ അശ്വതി സേതുനാഥ് ആണ് വധു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com