ADVERTISEMENT

ഏതാനും ആഴ്ചകൾക്കു മുൻപ് ഗായിക സയനോര പോസ്റ്റ് ചെയ്ത പ്രഗ്നന്‍സി ടെസ്റ്റിലെ ‘രണ്ടുവര’ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കു വഴി തുറന്നാണ്. ഗായിക വീണ്ടും അമ്മയാകാനൊരുങ്ങുന്നുവെന്ന തരത്തിൽ വാർത്തകളും പ്രചരിച്ചു. നിരവധി പേരാണ് സയനോരയെ നേരിട്ടും അല്ലാതെയും അഭിനന്ദനങ്ങൾ അറിയിച്ചത്. എന്നാൽ ജീവിതത്തിലെ പുതിയൊരു കാൽവയ്പിനെക്കുറിച്ചുള്ള സൂചനയാണു സയനോര നൽകിയതെന്നു പലരും തിരിച്ചറിഞ്ഞത് ഏറെ വൈകിയാണ്. അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന ‘വണ്ടർ വുമൺ’ എന്ന ചിത്രത്തിന്റെ പോസ്റ്റർ ആണ് ഗായിക അന്നു പങ്കുവച്ചത്. അപ്രതീക്ഷിതമായെത്തിയ അവസരത്തിലൂടെ അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് സയനോര. പാട്ടിലും ഡബ്ബിങ്ങിലും പരിചിതയായ സയനോര അഭിനയത്തിലേയ്ക്കുമെത്തിയതിന്റെ സന്തോഷം പ്രേക്ഷകരും പങ്കുവയ്ക്കുന്നു. സിനിമാ അരങ്ങേറ്റത്തെക്കുറിച്ചുള്ള വിശേഷങ്ങളുമായി സയനോര ഫിലിപ് മനോരമ ഓൺലൈനിനൊപ്പം.  

 

 

ഞാൻ സായ തന്നെ

 

വണ്ടർ വുമൺ എന്ന ചിത്രത്തിൽ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര് തന്നെ സായ എന്നുതന്നെയാണ്. ഗോവയിൽ നിന്നുള്ള ഒരു ഗായികയാണ് സായ.  പേര് പോലെ തന്നെ എന്റെ സ്വഭാവത്തിനോടും സാമ്യമുള്ള കഥാപാത്രമാണ് അത്. സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ഒരു സ്ത്രീ. ജീവിത പങ്കാളിയുടെ അമിത സ്നേഹം പോലും അവളെ വീർപ്പുമുട്ടിക്കുന്നു. ജീവിതത്തിൽ അവൾക്ക് അവളുടേതായ ഇടം വേണം. പങ്കാളി പോലും എല്ലായിടത്തും ഇടിച്ചു കയറിച്ചെല്ലുന്നത് അവൾക്ക് സഹിക്കാൻ കഴിയുന്നില്ല. അതിന്റെ പേരിൽ അവർ തമ്മിൽ വഴക്കുണ്ടാകാറുണ്ട്. ശരിക്കും പറഞ്ഞാൽ എനിക്ക് ഒരുപാട് റിലേറ്റ് ചെയ്യാൻ കഴിഞ്ഞു.  ഓരോ സന്ദർഭത്തിലും. അഞ്ജലി വന്നു ചോദിക്കും ഇവിടെ സയനോര ആണെങ്കിൽ എങ്ങനെ പ്രതികരിക്കും അപ്പോൾ ഞാൻ പറയും ഇങ്ങനെയൊക്കെ ആയിരിക്കും, അപ്പോൾ അഞ്ജലി എന്നാൽ സായ അങ്ങനെ തന്നെ ചെയ്തോളൂ. അതുകൊണ്ട് എനിക്ക് ഇതിൽ ഒന്നും അഭിനയിക്കേണ്ടി വന്നിട്ടില്ല. ബിഹേവ് ചെയ്താൽ മാത്രം മതി. ഞാൻ ഈ ചിത്രത്തിൽ സായയായിരിക്കുക എന്ന കാഴ്ചപ്പാടാണ് എടുത്തത്. അഭിനയിക്കേണ്ട ചില സമയങ്ങളും ഉണ്ടായിരുന്നു.  എനിക്കു പുതിയ കാര്യങ്ങൾ ചെയ്തു നോക്കാൻ വലിയ ഇഷ്ടമാണ്. അഞ്ജലി മേനോന്റെ ഒരു ചിത്രത്തിൽ അവസരം ലഭിച്ചത് വലിയ സന്തോഷം തരുന്ന കാര്യമാണ്.  

 

ബോഡി ഷെയ്മിങ് പോസിറ്റീവ് ആയി തീർന്നു 

 

എനിക്ക് ഒരിക്കലും അഭിനയമോഹം ഉണ്ടായിട്ടില്ല. പക്ഷേ അഭിനയിക്കാൻ കഴിയുമെന്ന് അറിയാമായിരുന്നു. ഞാൻ ഡബ്ബ് ചെയ്യുന്ന സമയത്ത് മുഖത്ത് എക്സ്പ്രെഷൻ വരുത്തിയിട്ടു തന്നെയാണ് അഭിനയിക്കുന്നത്. ആദ്യദിനം തന്നെ ഞാൻ അഞ്ജലിയോടു ചോദിച്ചു, എന്തിനാണ് ഈ കഥാപാത്രം ചെയ്യാൻ എന്നെ വിളിച്ചതെന്ന്. അഞ്ജലി പറഞ്ഞ മറുപടി എന്നെ ശരിക്കും ഞെട്ടിച്ചു. മുൻപൊരിക്കൽ ഞാൻ ഷോർട്സ് ഇട്ടത് സംബന്ധിച്ച് വലിയ സോഷ്യൽ മീഡിയ ആക്രമണം ഉണ്ടായപ്പോൾ അഞ്ജലി എന്നെ നിരീക്ഷിക്കുകയായിരുന്നു എന്നു പറഞ്ഞു. ആ സംഭവത്തോടുള്ള എന്റെ പ്രതികരണവും എന്റെ നോട്ടിനെസ്സും ഒന്നും കൂസാതെയുള്ള പെരുമാറ്റവും അഞ്ജലിക്ക് ഒരുപാടിഷ്ടപ്പെട്ടു. അങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം സയനോരയെ ഏൽപ്പിക്കാം എന്ന് അഞ്ജലിക്കു തോന്നിയത്. അത് എനിക്കൊരു സർപ്രൈസ് ആയിരുന്നു. ബോഡി ഷെയ്മിങ് ചെയ്തതിനോടു പ്രതികരിച്ച എനിക്ക് പോസിറ്റീവ് ആയ ഒരു നേട്ടമാണ് അതുകൊണ്ട് ഉണ്ടായത്. ആ ബോഡി ഷെയ്മിങ് സംഭവം കഴിഞ്ഞു ഞാൻ ഒട്ടും കൂസാതെ ഒരു ഡാൻസ് വിഡിയോയുമായി വന്നതൊക്കെ ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് അഞ്ജലി പറഞ്ഞു. അങ്ങനെയാണ് അഞ്ജലിയുടെ വണ്ടർ വുമണിലേക്ക് എന്നെ കാസ്റ്റ് ചെയ്‌തത്‌. എനിക്കായി ഒരു കഥാപാത്രത്തെ ഉണ്ടാക്കുകയായിരുന്നു, എനിക്ക് പുതിയതായി അഭിനയിക്കേണ്ടി വന്നില്ല. ഒരു ഗായികയെ അതുപോലെ തന്നെ സിനിമയിൽ കൊണ്ടുവരിക. അഞ്ജലിയുടെ കരിയറിൽ ആദ്യമായിട്ടായിരിക്കും ഇത്തരമൊരു കഥാപാത്രത്തെ സൃഷ്ടിക്കുന്നത്. ഇതിലെ ഒരു പാട്ട് ഞാൻ പാടുകയും ചെയ്തിട്ടുണ്ട്. ഗോവിന്ദ് വസന്തയാണ് ചിത്രത്തിനു വേണ്ടി സംഗീതം ചെയ്തിരിക്കുന്നത്. 

 

 

കഴിവ് തെളിയിച്ച താരങ്ങളോടൊപ്പം 

 

വണ്ടർ വുമൺ എന്ന ചിത്രത്തിൽ എനിക്ക് അഭിനയിക്കാനുണ്ടായിരുന്നത് നിത്യ മേനൻ, പാർവതി തുടങ്ങി കഴിവ് തെളിയിച്ച താരങ്ങളോടൊപ്പമാണ്.  അതുകൊണ്ട് എന്നെക്കൊണ്ടിത് സാധിക്കുമോ എന്നൊരു പേടി ആദ്യം തോന്നിയിരുന്നു. ഞാൻ പാടുന്നതായി വിഡിയോയ്ക്കു വേണ്ടി അഭിനയിച്ചിട്ടുണ്ട് എന്നുള്ളതല്ലാതെ ഒരു ഷോർട് ഫിലിമിൽ പോലും മുഖം കാണിച്ചിട്ടില്ല. പക്ഷേ സെറ്റിലെത്തിയപ്പോൾ അതെല്ലാം മാറി. എല്ലാവരും എന്റെ സുഹൃത്തുക്കളാണ്. അതുകൊണ്ടു പുതിയൊരു സ്ഥലത്താണെന്നു തോന്നിയില്ല. ഞാൻ ആദ്യമായി അഭിനയിക്കാനെത്തിയതാണെന്ന് അവർക്കും തോന്നിയിട്ടില്ല. അവരുടെ അഭിനയം കണ്ടു ഞാൻ അത്ഭുതപ്പെട്ടിരുന്നു. പാർവതി ഒരു സിംഗിൾ മോം ആയിട്ടാണ് അഭിനയിച്ചത്, അവൾ എപ്പോഴും ആ കഥാപാത്രത്തിനുള്ളിൽ ആയിരിക്കും. നിത്യ കളിച്ചു ചിരിച്ച് ഇരുന്നിട്ട് ഓൺ ദ് സ്പോട്ട് കഥാപാത്രത്തിലേക്കു മാറുന്ന താരമാണ്. ഇവർ ക്യാമറയ്ക്കു മുന്നിൽ നിന്നു ചെയ്യുന്നതു കാണാൻ നല്ല രസമാണ്. ബാക്കിയുള്ളവർ അഭിനയിക്കുമ്പോൾ മറ്റുള്ളവർ അതിനനുസരിച്ചു പ്രതികരണം കൊടുക്കുന്നത് അങ്ങനെ കണ്ടുപഠിക്കാൻ ഒരുപാടുണ്ടായിരുന്നു. ഞാൻ നന്നായി ആസ്വദിച്ചാണ് സെറ്റിൽ സമയം ചിലവഴിച്ചത്. നല്ല ഫൺ സെറ്റായിരുന്നു. ജീവിതത്തിൽ കിട്ടിയ ഏറ്റവും നല്ല അനുഭവമാണ് ഈ സിനിമയുടെ സെറ്റ്.  

 

 

എല്ലാ മേഖലകളിലും സ്ത്രീപ്രാതിനിധ്യമുള്ള ചിത്രമാണോ ഇത്? 

 

 

സ്ത്രീകൾ കൂടുതലുള്ള സെറ്റ് തന്നെയായിരുന്നു. അസിസ്റ്റന്റ്, അസോസിയേറ്റ് ഡയറക്ടർ ഒക്കെ സ്ത്രീകൾ ആയിരുന്നു. നമ്മുടെ പാർട്ണർ ആയി അഭിനയിക്കുന്നവർ, സിനിമാറ്റോഗ്രാഫർ അങ്ങനെ കുറേപ്പേർ പുരുഷന്മാരും ഉണ്ടായിരുന്നു. സ്ത്രീകൾ മാത്രം പ്രവർത്തിച്ച സിനിമ എന്നു പറയാൻ കഴിയില്ല. 

 

 

സ്വന്തം ഗർഭകാല അനുഭവവവുമായി ചേർത്തു വായിക്കാനായോ വണ്ടർ വുമൺ?

 

 

ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ തമ്മിലുണ്ടാകുന്ന കൂട്ടുകെട്ടിന്റെ കഥ പറയുന്ന ചിത്രമാണ് വണ്ടർ വുമൺ. ഞാൻ ഒരു അമ്മയായതുകൊണ്ടുതന്നെ ഷൂട്ടിങ്ങിനിടെ പലപ്പോഴും സംശയം വരുമ്പോൾ മറ്റുള്ളവർ എന്നോടു ചോദിക്കുമായിരുന്നു. സത്യം പറഞ്ഞാൽ ഇതുപോലെയുള്ള കാര്യങ്ങൾ എന്റെ പ്രസവസമയത്ത് ഉണ്ടായിരുന്നെങ്കിൽ എന്നു ഞാൻ ആഗ്രഹിച്ചുപോയി. ഗർഭാവസ്ഥയിലുള്ള സ്ത്രീകൾ ഒരു പ്രീനേറ്റൽ ക്യാമ്പിൽ പോയി പരിചയപ്പെടുന്നതാണു കഥ. അങ്ങനെയുള്ള ആശയമൊന്നും നമ്മുടെ നാട്ടിൽ ഇല്ലല്ലോ. അവിടേക്കു പങ്കാളികൾ വരുന്നുണ്ട് അവരോടു കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യാനുള്ള അവസരമുണ്ട്. ഇതൊന്നും യഥാർഥ ജീവിതത്തിൽ ഇല്ലാത്തതാണ്. എന്റെ ഗർഭാവസ്ഥ തിരക്കുപിടിച്ചതായിരുന്നു. ഞാൻ ഗർഭിണിയായിരുന്നപ്പോഴും റെസ്റ്റ് എടുത്തിട്ടില്ല. എന്റെ ജീവിതം തിരക്കുകളിലൂടെ മുന്നോട്ടു നീങ്ങുകയായിരുന്നു. സ്റ്റേജ് ഷോകളിൽ പങ്കെടുക്കും. അവിടെ നിന്നു മടങ്ങുമ്പോൾ ഛർദിക്കും. അടുത്ത തട്ടുകടയിൽ നിന്ന് വല്ലതും വാങ്ങി കഴിക്കും. അങ്ങനെ തിരക്കുപിടിച്ച ജീവിതമായിരുന്നു ആ സമയത്ത്. ഈ സിനിമയിൽ അഭിനയിച്ചപ്പോൾ ഞാൻ രണ്ടാമത്തെ ഗർഭകാലം വളരെ ആസ്വദിച്ച് ജീവിച്ചതുപോലെ തോന്നി.

 

 

പുതുമയുള്ള പ്രമോഷൻ

 

 

വളരെ പുതുമയുള്ള ഒരു പ്രമോഷനുമായിട്ടാണ് വണ്ടർ വുമൺ വന്നത്. ഞങ്ങളെല്ലാം പ്രെഗ്നൻസി ടെസ്റ്റ് പോസിറ്റീവ് എന്ന പടം പോസ്റ്റ് ചെയ്തു. എന്നെ അടുത്ത് അറിയാവുന്നവർ ഉടനെ വിളിച്ച് ആശംസകൾ അറിയിക്കുകയായിരുന്നു. പലരും ഉപദേശിക്കുകയാണ് സായ നിനക്കിതിന്റെ വല്ല കാര്യവുമുണ്ടായിരുന്നോ ആദ്യത്തേത് തന്നെ നീ എന്ത് പാടുപെട്ടാണ് മാനേജ് ചെയ്തത്. മൃദുല എന്നെ വിളിച്ച് ചീത്ത പറഞ്ഞു സായ ചേച്ചിക്ക് വേറെ പണി ഒന്നുമില്ലേ എന്നാണു അവൾ ചോദിച്ചത്. ഞാൻ അടുത്ത സുഹൃത്തുക്കളോടു പോലും പറഞ്ഞില്ല. ഞാൻ അഭിനയിക്കുന്ന കാര്യം അവർക്കറിയാം. പക്ഷേ ഈ പോസ്റ്റ് അതുമായി ബന്ധപ്പെട്ടതാണെന്ന് അവർക്ക് അറിയില്ല. കാര്യമറിഞ്ഞപ്പോൾ ഭാവന പറഞ്ഞത് ഞാൻ പടം കാണട്ടെ എന്നിട്ടു വരുന്നുണ്ട് നിന്റെ അടുത്ത് എന്നാണ്. പാർവതി, നിത്യ തുടങ്ങി എല്ലാവർക്കും നല്ല റെസ്പോൺസ് ആണ് കിട്ടിയത്. ശരിക്കും ഞങ്ങൾ ഒരു സോഷ്യൽ എക്സ്പിരിമെന്റ്‌ പോലെയാണ് ഈ ക്യാംപെയ്ൻ ചെയ്തത്. നമ്മുടെ നാട്ടിൽ ഒരുപാടു മാറ്റങ്ങൾ വന്നു എന്നറിഞ്ഞ ഒരു ക്യാംപെയ്ൻ കൂടിയാണ് ഇത്. വിവാഹം കഴിക്കാത്തവർ ഈ പോസ്റ്റ് ചെയ്തപ്പോൾ പോലും ആരും നിങ്ങൾ കല്യാണം കഴിക്കാതെ ഗർഭിണിയായോ എന്നൊന്നും. ചോദിച്ചില്ല എല്ലാവരും ആശംസകൾ അറിയിക്കുകയായിരുന്നു.  അതൊരു വലിയ മാറ്റമായി തോന്നി.      

 

 

പാട്ടിനു പുറമേ ഡബ്ബിങ്ങിലും മികവ് തെളിയിച്ചിരുന്നു. ഇപ്പോഴിതാ അഭിനയത്തിലും എത്തി. അടുത്ത പദ്ധതി? 

 

 

ഉറപ്പായും സംവിധാനം പ്രതീക്ഷിക്കാം. അഭിനയിക്കണമെന്നു ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ സംവിധാനം ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ട്. അതിപ്പോൾ സിനിമ തന്നെ വേണമെന്നില്ല. ഒരു മ്യൂസിക് വിഡിയോ അല്ലെങ്കിൽ ഒരു ഷോർട് ഫിലിം. അങ്ങനെ എന്തായാലും കുഴപ്പമില്ല. സംവിധാനം വളരെ സങ്കീർണ്ണമായ പ്രക്രിയയാണ്. ഒരുപാടു കാര്യങ്ങൾ പഠിച്ചു മാത്രമേ അതിലേക്കു കാലെടുത്തു വയ്ക്കാൻ പറ്റൂ. എന്നെങ്കിലും ഒരിക്കൽ ചെയ്യാൻ കഴിയും എന്നു കരുതുന്നു.  ഞാൻ ഒരിക്കലും ഒരു കാര്യം മാത്രമേ ചെയ്യൂ എന്നുപറഞ്ഞിരിക്കില്ല. എന്റെ പ്രതിഭ തെളിയിക്കാൻ കഴിയുന്ന എന്ത് അവസരം വന്നാലും ഞാൻ അത് ചെയ്തുനോക്കും. പാടുന്നു, സംഗീത സംവിധാനം ചെയ്യുന്നു, ഡബ്ബ് ചെയ്യുന്നു, ഇപ്പോൾ അഭിനയിക്കുകയും ചെയ്തു. ഇനിയും ജീവിതം തുറന്നു തരുന്ന അവസരങ്ങളെല്ലാം പ്രയോജനപ്പെടുത്തണം എന്നാണ് ആഗ്രഹം.    

 

വണ്ടർ വുമൺ ഒരു പാൻ ഇന്ത്യൻ ചിത്രം 

 

വണ്ടർ വുമൺ ഒരു ഇംഗ്ലിഷ് ചിത്രമാണ്. ഇന്ത്യയിലെ എല്ലാ സ്ഥലത്തുമുള്ള ആളുകൾ സംസാരിക്കുന്ന ഇംഗ്ലിഷ് വ്യത്യസ്തമാണ്. ഏതു ഭാഗത്തുള്ള ഇന്ത്യക്കാർക്കും മനസ്സിലാകുന്ന വിധത്തിൽ ഒരു പാൻ ഇന്ത്യൻ ചിത്രമായിട്ടാണ് ഇത് ചെയ്തിരിക്കുന്നതിന്. ചിത്രം റിലീസിനൊരുങ്ങുമ്പോൾ വലിയ പ്രതീക്ഷയാണുള്ളത്. ആദ്യത്തെ ചുവടുവയ്പാണ്. എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തിട്ടുണ്ട്. ഇപ്പോൾ സുഹൃത്തുക്കളുടെയും പ്രേക്ഷകരുടെയും പ്രതികരണങ്ങൾക്കായി കാത്തിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com