ADVERTISEMENT

'ചിത്ര ചേച്ചിയുടെ സ്വന്തം നിഷാദ്'– പിന്നണിഗായകനായ കെ.കെ.നിഷാദിനെക്കുറിച്ച് ഒരിക്കൽ ഒരു സംഗീതാസ്വാദകൻ സമൂഹമാധ്യമത്തിൽ എഴുതിയത് ഇങ്ങനെയാണ്. കെ.എസ്.ചിത്രയുടെ ലൈവ് പരിപാടി ആസ്വദിച്ചവരെല്ലാവരും പ്രത്യേകം എടുത്തു പറയുന്ന പാട്ടുകളിൽ ഉറപ്പായും കെ.എസ്.ചിത്ര–കെ.കെ.നിഷാദ് കോംബോ ഉണ്ടാകും. കഴിഞ്ഞ 18 വർഷമായി കെ.എസ്.ചിത്രയ്ക്കൊപ്പം ലൈവ് പാടുന്നുണ്ട് കെ.കെ.നിഷാദ്. ചിത്രയെന്ന മഹാഗായികയ്ക്കൊപ്പമുള്ള അനുഭവങ്ങൾ മനോരമ ഓൺലൈന്റെ പ്രത്യേക പരിപാടിയായ മ്യൂസിക് ടെയ്ൽസിൽ കെ.കെ.നിഷാദ് പങ്കുവച്ചപ്പോൾ. 

ചിത്ര ചേച്ചി വീട്ടിലെ അംഗത്തെപ്പോലെ

ചിത്ര ചേച്ചി വീട്ടിലെ ഒരു അംഗത്തെപ്പോലെയാണ്. ഇത്രയും ഉയരത്തിലുള്ള ഒരാളാണെന്നു ചേച്ചിയുടെ പെരുമാറ്റം കാണുമ്പോൾ തോന്നില്ല. ചേച്ചിയുടെ ചെന്നൈയിലെ സ്റ്റുഡിയോയിൽ ഞാൻ റെക്കോർഡിങ്ങിനു പോകാറുണ്ട്. അവിടെയൊക്കെ വച്ചു കണ്ടിട്ടുണ്ട്. ചേച്ചിയെ കാണുന്നത് എപ്പോഴും കൗതുകമാണ്. ഇപ്പോഴും അങ്ങനെ തന്നെ. ചേച്ചിയുടെ ഭർത്താവ് വിജയശങ്കർ ചേട്ടനാണ് എന്നെ ഒരിക്കൽ ചിത്ര ചേച്ചിക്കൊപ്പം ലൈവ് പാടാൻ വിളിക്കുന്നത്. അങ്ങനെയാണ് ചേച്ചിയുടെ ഒപ്പം കൂടുന്നത്. ഇപ്പോൾ 18 വർഷമായി. 

chitra2
കെ.എസ്.ചിത്ര (Facebook/KS Chithra)

എപ്പോഴുമുള്ള കരുതൽ

ചിത്ര ചേച്ചിയുടെ ജീവിതത്തിലെ ഒരുപാടു നല്ല മുഹൂർത്തങ്ങൾക്ക് സാക്ഷിയാകാനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. പാട്ടിന്റെ കാര്യങ്ങൾ ചിലതു ചേച്ചി പറഞ്ഞു തരും. അതല്ലാതെ, ചേച്ചിയിൽ നിന്നു ഒരുപാടു കാര്യങ്ങൾ കണ്ടു പഠിക്കാൻ കഴിഞ്ഞിട്ടുണ്ട്. ചേച്ചി പെരുമാറുന്ന രീതി എടുത്തു പറയണം. ഇത്ര ഉയരത്തിൽ നിൽക്കുമ്പോഴും എങ്ങനെ ഇത്ര വിനയാന്വിതയായി പെരുമാറാനും ഓരോരുത്തരെയും പ്രത്യേകം ഗൗനിക്കാനും പറ്റുന്നു എന്ന് അദ്ഭുതത്തോടെ ആലോചിക്കാറുണ്ട്. ഓരോ പ്രോഗ്രാം നടക്കുമ്പോഴും കൂടെയുള്ള പാട്ടുകാർക്ക് പാടാനുള്ള പാട്ടുകൾ കുറഞ്ഞു പോകരുതെന്ന ശ്രദ്ധയും കരുതലും ചേച്ചി എപ്പോഴും കാണിക്കാറുണ്ട്. ഇതൊക്കെ എങ്ങനെ സാധിക്കുന്നുവെന്ന് ഞാൻ ഇടയ്ക്ക് ആലോചിക്കും. 

nishad1
കെ.കെ.നിഷാദ് (ഫയൽ ചിത്രം)

ആരും കാണാത്ത 'ചിത്രഭാവങ്ങൾ'

ആരും കാണാത്ത 'ചിത്രഭാവങ്ങൾ' കാണാനുള്ള അവസരം കിട്ടിയിട്ടുണ്ട്. ചില വേദികളിൽ പാടുമ്പോൾ ചില അസ്വസ്ഥതകൾ ചേച്ചിക്ക് ഉണ്ടാവാറുണ്ട്. ഞങ്ങൾക്ക് അതു പെട്ടെന്നു മനസ്സിലാകും. ചിലപ്പോൾ എന്നോടാകും ദേഷ്യപ്പെടുക. അല്ലെങ്കിൽ, ചേച്ചിയുടെ മാനേജർ വിനു ചേട്ടനോട്. എന്തോ ഇഷ്ടപ്പെടാത്തതു നടന്നിട്ടുണ്ടെന്ന് അപ്പോൾ മനസ്സിലാകും. വളരെ അടുപ്പമുള്ളവരോടല്ലേ അങ്ങനെ ദേഷ്യപ്പെടാൻ പറ്റൂ. ഇതൊക്കെ വളരെ അപൂർവമായേ സംഭവിക്കാറുള്ളൂ. ചേച്ചി നോക്കുമ്പോൾ തന്നെ മനസ്സിലാകും, എന്തോ പ്രശ്നമുണ്ടെന്ന്! ഉടനെ തന്നെ അതു പരിഹരിക്കാൻ നോക്കും. 

chitra1
കെ.എസ്.ചിത്ര (Facebook/KS Chithra)

കുഞ്ഞു ഫാനും കുപ്പിയും

സ്റ്റേജിൽ വെള്ളം കുടിക്കാൻ ചേച്ചിക്ക് സ്പെഷൽ ബോട്ടിലുകളുണ്ട്. നൊട്ടേഷൻ സ്റ്റാൻഡിൽ വയ്ക്കാൻ പറ്റുന്ന ചെറിയ ബോട്ടിലുകൾ ചേച്ചി പ്രത്യേകം വാങ്ങാറുണ്ട്. അതുപോലെ, യുഎസ്ബിയിൽ പ്രവർത്തിക്കുന്ന ചെറിയ ഫാനുകൾ... അങ്ങനെ ചിലതൊക്കെ വളരെ കൗതുകത്തോടെ കൊണ്ടു നടക്കുന്ന കക്ഷിയാണ് ചേച്ചി. ആദ്യത്തെ രണ്ടു പാട്ടു കഴിയുന്നതുവരെ ചേച്ചിക്ക് നല്ല ടെൻഷനാണ്. എന്തു പറഞ്ഞു കൂളാക്കാൻ നോക്കിയാലും നടക്കില്ല. സത്യത്തിൽ ഞങ്ങളെയൊക്കെ കൂളാക്കി നിറുത്തുന്നത് ചേച്ചിയാണ്. ആർട്ടിസ്റ്റുകളോടു മാത്രമല്ല ചേച്ചിയെ കാണാൻ വരുന്ന ഓരോരുത്തരോടും ഏറ്റവും മാനുഷിക പരിഗണനയോടെയാണ് ചേച്ചി പെരുമാറുക.  

nishad2
കെ.കെ.നിഷാദ് (ഫയൽ ചിത്രം)

േചച്ചിക്കു മാത്രമേ ഇതിനു കഴിയൂ

ഒരു പ്രോഗ്രാം കഴിഞ്ഞാൽ ആളുകൾ വന്നു ചേച്ചിയെ പൊതിയും. എത്ര ആളുകൾ വന്നാലും അവർക്കൊപ്പം നിന്നു ഫോട്ടോ എടുത്തിട്ടേ ചേച്ചി പോകൂ. അതിപ്പോൾ എത്ര ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ ആണെങ്കിലും! ഒരിക്കൽ മാളയിൽ ഒരു പ്രോഗ്രാമിനു പോയി. പാട്ടുകൾ പാടി ചേച്ചി ആകെ തളർന്നിരിക്കുകയാണ്. മുഖമൊക്കെ ആകെ വിളറയിരിക്കുകയാണ്. ഒട്ടും വയ്യ. ഒരു സ്കൂളിലായിരുന്നു പ്രോഗ്രാം. പരിപാടി കഴിഞ്ഞപ്പോൾ, ആളുകൾ പോകുന്നതിന്റെ തിരക്ക് മാറിയിട്ട് ഇറങ്ങാമെന്നു പറഞ്ഞ് ഒരു ക്ലാസ് മുറിയിൽ ചേച്ചിയും ഞങ്ങളും ഇരുന്നു. ജനലിലൂടെ ചേച്ചി ഇരിക്കുന്നത് ആളുകൾക്ക് കാണാം. 'ചേച്ചീ... ഒരു ഫോട്ടോ എടുത്തോട്ടെ', എന്ന് ജനലിലൂടെ ആളുകൾ ചോദിക്കുകയാണ്. ക്ഷീണിച്ചിരിക്കുന്ന അവസ്ഥയിൽ പോലും ചേച്ചി എണീറ്റു ചെന്ന്, അവരിൽ നിന്നു ഫോൺ വാങ്ങി ഒരു സെൽഫി എടുത്തു കൊടുത്തു. ഫോട്ടോ എടുക്കുന്നതിൽ അസ്വസ്ഥതയുള്ളവരെയൊക്കെ നാം കാണുന്നതാണ്. അവർക്കിടയിലാണ് ചേച്ചി ഇങ്ങനെയൊക്കെ ചെയ്യുന്നത്. ചുറ്റുമുള്ളവരെക്കൂടി പരിഗണിക്കുന്നതുകൊണ്ടാണ് ചേച്ചിക്ക് ഇതു സാധിക്കുന്നത്. 

English Summary:

Singer KK Nishad opens up about KS Chithra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com