‘ആ വരികൾ ഞാൻ എഴുതിയതല്ല, റഹ്മാന്റെ പേര് പാട്ടിൽ വന്നത് യാദൃച്ഛികം’; പെരിയോനേ റഹ്മാനേ... പിന്നണിക്കഥ!
Mail This Article
‘ആടുജീവിതം’ എന്ന സിനിമ മലയാളത്തിൽ ആദ്യം അടയാളപ്പെടുത്തപ്പെട്ടത് ഒരു പാട്ടിലൂടെയാണ്. ‘പെരിയോനേ എൻ റഹ്മാനേ’ എന്ന ഗാനം ആദ്യ കേൾവിയിൽ തന്നെ മലയാളികളുടെ കാതിനും മനസ്സിനും കുളിർമഴയായി. പുതിയ തലമുറയോടൊപ്പം തന്നെ മുതിർന്നവരും പെരിയോനെ ഏറ്റെടുത്തു. ‘പെരിയോനേ എൻ റഹ്മാനേ’ എന്നു നീട്ടി പാടിയവരെല്ലാം വൈറലായി. എ.ആർ.റഹ്‌മാൻ മലയാളികൾക്കു സമ്മാനിച്ച ഭക്തിയും വിരഹവും ഇഴപിരിഞ്ഞു കേൾവിക്കാരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്ന ഗാനത്തിന് വരികളെഴുതിയത് മലയാളികളുടെ പ്രിയകവി റഫീഖ് അഹമ്മദ് ആണ്. പാട്ടുവിശേഷങ്ങൾ അദ്ദേഹം മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.
ഭക്തിയും വിരഹവും അലിഞ്ഞു ചേർന്ന ‘പെരിയോനേ’
ബ്ലെസി ആണ് ഈ പാട്ട് എഴുതാൻ എന്നോട് ആവശ്യപ്പെട്ടത്. സിനിമയിൽ മൂന്ന് പാട്ടുകളുണ്ട്. അതിൽ രണ്ടെണ്ണം ഈണമിട്ടിട്ടാണ് എഴുതിയത്. ‘പെരിയോനേ’ വരികൾ എഴുതിയിട്ട് ഈണമിടുകയായിരുന്നു. ആടുജീവിതത്തിലെ നജീബിന്റെ ഒറ്റപ്പെടൽ ആയിരുന്നു വിഷയം. അദ്ദേഹം അവിടെയിരുന്ന് നാടിനെക്കുറിച്ച് ഓർക്കുന്നതും അവിടെ നേരിടുന്ന ദുരന്തങ്ങളുമെല്ലാം ഫീൽ ചെയ്യുന്ന ഒരു പാട്ട് വേണമെന്ന് ബ്ലെസി പറഞ്ഞു. ഭാര്യയെ പിരിഞ്ഞു പോയ അദ്ദേഹം, മരുഭൂമിയിലെ ഏകാന്തതയിലിരുന്ന് ഭാര്യയെ ഓർക്കുന്നു. അവരുടെ വിരഹം, ദൈവത്തോടുള്ള അതിരുകവിഞ്ഞ ഭക്തി ഇതെല്ലാം പ്രേക്ഷകനിൽ എത്തിക്കാനുള്ള ഒരു പാട്ടാണ് എഴുതിയത്.
പ്രതീക്ഷിക്കാത്ത സ്വീകാര്യത
‘പെരിയോനേ’ എഴുതിയപ്പോൾ ഇത്രത്തോളം വൈറൽ ആകുമെന്നു കരുതിയില്ല. എഴുതി ഈണമിട്ടപ്പോൾ തരക്കേടില്ലാത്ത ഒരു പാട്ട് എന്നാണു തോന്നിയത്. ഇതുപോലെ എല്ലാവരും ഈ പാട്ട് ഏറ്റെടുക്കുമെന്നു കരുതിയില്ല. ഇപ്പോൾ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിൽ മുഴുവൻ ഈ പാട്ടാണ്. നിരവധി പേർ എനിക്ക് ഈ പാട്ടിന്റെ വിഡിയോകൾ അയക്കാറുണ്ട്. പലരും അവരുടേതായ വേർഷൻ പാടി അയയ്ക്കും. ഒരുപാടുപേർ വിളിച്ച് പാട്ടിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കുന്നു. ഞാൻ വിചാരിച്ചതിനേക്കാൾ പ്രാധാന്യം ഈ പാട്ടിനു കിട്ടി. സിനിമ റിലീസ് ആകുന്നതിനു മുൻപ് തന്നെ പാട്ട് പുറത്തിറങ്ങിയിരുന്നു. ഒരുപക്ഷേ ഈ പാട്ട് സിനിമ കാണാൻ ആളുകളെ പ്രേരിപ്പിച്ചിരിക്കാം. പാട്ടു കേട്ടപ്പോൾ സിനിമ എങ്ങനെയായിരിക്കും എന്നറിയാൻ ആകാംക്ഷയുണ്ടെന്നും, സിനിമ കാണാൻ കാത്തിരിക്കുകയാണെന്നുമൊക്കെ കുറേപേർ എന്നോടു പറഞ്ഞു.
എ.ആർ.റഹ്മാനൊപ്പം ആദ്യം, പക്ഷേ
എ.ആർ.റഹ്മാനൊപ്പം ഒരു സിനിമയ്ക്കു വേണ്ടി പാട്ടെഴുതുന്നത് ആദ്യമായിട്ടാണെങ്കിലും അദ്ദേഹത്തിന്റെ അന്യഭാഷാ സിനിമകൾക്കു മലയാളം വരികൾ എഴുതിയിട്ടുണ്ട്. പൊന്നിയിൻ സെൽവൻ, പ്രതിനായകൻ തുടങ്ങി നിരവധി സിനിമകൾക്കു വേണ്ടി മലയാളഗാനങ്ങൾ എഴുതിയത് ഞാനാണ്.
‘റഹ്‌മാനേ’ എന്ന വരി റഹ്മാന്റെ തന്നെ സംഭാവന
എ.ആർ.റഹ്മാൻ ഈണമിട്ട പാട്ടിന് ‘റഹ്‌മാൻ’ എന്ന വാക്ക് വന്നത് തികച്ചും യാദൃച്ഛികമാണ്. ആ പാട്ടിലെ ‘അങ്ങകലെ അങ്ങകലെ മണ്ണിൽ പുതുമഴ പെയ്യണുണ്ടേ’ മുതലുള്ള വരികളാണ് ഞാൻ എഴുതിയത്. ‘പെരിയോനേ റഹ്മാനെ’ എന്ന ആദ്യത്തെ ഒരു വരി എ.ആർ.റഹ്‌മാൻ കൂട്ടിച്ചേർത്താണ്. അത് കോമ്പോസിഷന്റെ ആവശ്യത്തിനു അദ്ദേഹം ചേർക്കുകയായിരുന്നു. മ്യൂസിക് ചെയ്യുന്നവർക്ക് അറിയാമല്ലോ ഒരു പാട്ട് എങ്ങനെ വരണമെന്നുള്ളത്. ആ പാട്ടിന് അങ്ങനെയൊരു തുടക്കം ആവശ്യമുള്ളതുകൊണ്ട് അത് അദ്ദേഹം ചേർത്തതാണ്. ആ വരി വന്നപ്പോൾ പാട്ടിന് ഒരുപാട് വ്യത്യാസം വന്നു. നജീബ് ഒരു വിശ്വാസിയാണ്. അവിടെ കഴിഞ്ഞ സമയം മുഴുവൻ അദ്ദേഹം പ്രാർഥനയിലൂടെയാണ് കടന്നുപോയത്. അതുകൊണ്ട് പാട്ടിലും പ്രാർഥനയുടെ ഒരു ഫീൽ വരാൻ വേണ്ടി അങ്ങനെ ഒരു തുടക്കം വേണം. അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. തുടക്കത്തിൽ ദൈവത്തെ വിളിച്ചു പ്രാർഥിക്കുകയാണ് നജീബ്.
ചരിത്രത്തിൽ അടയാളപ്പെടുത്താൻ പോകുന്ന ആടുജീവിതം
മലയാളത്തിൽ വളരെ അപൂർവമായ ഒരു സിനിമയാണ് ആടുജീവിതം. ഇത്തരം ഒരു സിനിമ മലയാളത്തിൽ മുൻപ് ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു സിനിമ പണ്ടാണെങ്കിൽ ആളുകൾ സ്വീകരിക്കുമോയെന്നു സംശയമുണ്ട്. ഇന്ന് ഈ സിനിമയെ വളരെ നല്ല രീതിയിൽ പ്രേക്ഷകർ സ്വീകരിച്ചു. അത് വളരെ അഭിലഷണീയമായ കാര്യമാണ്. നല്ല സിനിമകൾ മലയാളി നെഞ്ചിലേറ്റും എന്നതിന്റെ തെളിവാണ് ‘ആടുജീവിതം’. അത്രയും കഷ്ടപ്പെട്ട് ചെയ്ത സിനിമയാണ്. ഒരുപാട് സാങ്കേതിക മികവുള്ള സിനിമ. ലോകനിലവാരമുള്ള ഒരു സിനിമ മലയാളത്തിൽ വന്നു, അത് മലയാളി പ്രേക്ഷകർ സന്തോഷത്തോടെ ഏറ്റുവാങ്ങുകയും ചെയ്തു. ഇത് മലയാള സിനിമ ചരിത്രത്തിൽ തന്നെ ഒരു പ്രധാനപ്പെട്ട അടയാളപ്പെടുത്തലായിരിക്കും. അത് വളരെ സന്തോഷം തരുന്ന കാര്യമാണ്.
പൃഥ്വിരാജ് ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാൾ
പൃഥ്വിരാജ് ഈ സിനിമയ്ക്കു വേണ്ടി ചെയ്ത കഠിനാധ്വാനം എടുത്തുപറയേണ്ടതാണ്. വളരെ ഗംഭീരമായി അദ്ദേഹം നജീബിനെ അവതരിപ്പിച്ചു. സാധാരണ മനുഷ്യർക്കു സാധ്യമല്ലാത്ത അത്രയും വലിയ കഷ്ടതകളിൽ കൂടിയാണ് അദ്ദേഹം കടന്നുപോയത്. കലയോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയാണ് അതിലൂടെ പ്രകടമാകുന്നത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച നടൻമാരിൽ ഒരാൾ എന്ന നിലയിൽ പൃഥ്വിരാജ് ഇനി അറിയപ്പെടും.