'മോളെ, നന്നായി പാടൂ' എന്ന് ലാൽ സർ അനുഗ്രഹിച്ചു; ഗായിക അനാമിക പി എസ്
Mail This Article
ബറോസ് എന്ന മോഹൻലാൽ സിനിമയിലെ ‘മാനമേ’ എന്ന ഗാനം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റിലീസായി അൽപ ദിവസങ്ങൾക്കുള്ളിൽ മില്യൻ കേൾവിക്കാരുമായി മുന്നേറുന്ന പാട്ടിന്റെ ഗായിക അനാമിക പി എസാണ്. കുഞ്ഞുനാൾ മുതൽ പാട്ടിന്റെ ലോകത്തുള്ള അനാമിക മനോരമ ഓൺലൈനിനോട് സംസാരിക്കുന്നു.
റിയാലിറ്റി ഷോയിലെ കുട്ടി
ഏതാണ്ട് പത്തു വർഷം മുൻപാണ് വളരെ പ്രശസ്തമായൊരു സംഗീത റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. അന്ന് കുറേപേർ തിരിച്ചറിയുമായിരുന്നു. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോഴായിരുന്നു ആ മത്സരം. പിന്നീട് ഞാൻ പഠനത്തിലേക്ക് ശ്രദ്ധ തിരിച്ചു.
പല പുതിയ റിയാലിറ്റി ഷോകളിലേക്കും ക്ഷണം ഉണ്ടായിരുന്നു. അപ്പോഴൊക്കെ ഞാൻ മുൻഗണന നൽകിയത് പഠനത്തിനായിരുന്നു. പിന്നെ ഈ റിയാലിറ്റി ഷോകൾ വലിയ ഉത്തരവാദിത്തവും അധ്വാനവുമാണ്. അതിനുള്ള ത്രാണി അപ്പോൾ ഉണ്ടായിരുന്നില്ല.
ഈ വർഷം ഞാൻ പഠിക്കുന്ന കോഴ്സ് തീരും. പിന്നീട് പാട്ടിലേക്ക് കൂടുതൽ ശ്രദ്ധിക്കാനാണ് തീരുമാനം.
ബറോസിലെ പാട്ടും മോഹൻലാലും
ചില സിനിമകളിലൊക്കെ പാടിയിട്ടുണ്ടെങ്കിലും വലിയൊരു ബാനറിൽ പുറത്തിറങ്ങുന്ന എന്റെ ആദ്യ സിനിമാഗാനമാണ് ഇത്. പാടാൻ ചെന്നപ്പോൾ ലാൽ സർ അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ, റെക്കോർഡിങ് തുടങ്ങുന്നതിനു തൊട്ടു മുൻപ് 'മോളെ, നന്നായി പാടൂ കേട്ടോ' എന്നെല്ലാം ഫോണിൽ സംസാരിച്ചു. അത് വലിയ സന്തോഷമായിരുന്നു.
പിന്നെ, ആദ്യമായി പുറത്തിറങ്ങിയ സിനിമാപ്പാട്ടിൽ ലാൽ സാറിനെ പോലെ വലിയൊരാളിന്റെ കൂടെ പാടാനായത് വലിയ സന്തോഷമായി.
ലിഡിയൻ എന്ന സുഹൃത്ത്
ഈ പാട്ട് കേട്ട് ഒരുപാടുപേർ അഭിനന്ദിച്ചു. എനിക്ക് വലിയ സന്തോഷമായി. ഈ പാട്ടിന്റെ സൃഷ്ടാവ് ലിഡിയനാണ്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ്. സംഗീതജ്ഞൻ എന്ന നിലയിൽ മാത്രമായിരുന്നു എനിക്ക് അദ്ദേഹത്തെ പരിചയം. ഇപ്പോൾ നല്ല കൂട്ടുകാരനുമായി.
ചിത്രാമ്മയുടെ സ്നേഹം
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ചിത്രാമ്മയുടെ കൂടെ സ്റ്റേജ് പരിപാടികളിൽ പാടാറുണ്ട്. അവർ തന്ന സ്നേഹവും വാത്സല്യവും എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതുപോലെ ഗുരുസ്ഥാനീയനാണ് ശരത് സർ. ഇരുവരുടെയും അനുഗ്രഹം ഉള്ളതുകൊണ്ട് എനിക്ക് ഇനിയും ശോഭിക്കാനാവുമെന്നാണ് കരുതുന്നത്.