ADVERTISEMENT

പ്രതിസന്ധികളെ പൊരുതി തോൽപ്പിച്ച് സ്വതന്ത്ര സംഗീതവുമായി ആദർശ് നായർ നന്ദനം. ആദർശ് ഈണം നൽകി പിന്നണിഗായകൻ ഹരിചരൺ ആലപിച്ച ‘പ്രയാണം’ എന്ന ഗാനം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു. 12 വയസ്സുള്ളപ്പോഴാണ് ആദർശിന്റെ കാഴ്ചശക്തി പൂർണമായും നഷ്ടപ്പെട്ടത്. പ്രതിസന്ധികളെ മറികടക്കാൻ സംഗീതത്തെ കൂട്ടുപിടിച്ചു. അത് മനസ്സിനു മരുന്നായി. സമൂഹമാധ്യമങ്ങളിൽ നിന്ന് ഒരുപാട് പിന്തുണ ലഭിച്ചുവെന്നും പുതിയ കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നും ആദർശ് പറയുന്നു. നിരവധി ഹ്രസ്വചിത്രങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിട്ടുള്ള ആദർശിന്റെ ആദ്യത്തെ സ്വതന്ത്ര സംഗീതമാണ് ‘പ്രയാണം’. ഹരിചരൺ ഉൾപ്പടെ പ്രമുഖരായ സംഗീതജ്ഞർ ഒരുമിച്ചു പ്രവർത്തിച്ച ഗാനം തന്റെ ഏറെ കാലമായുള്ള സ്വപ്നമായിരുന്നുവെന്ന് ആദർശ് പറയുന്നു. മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ ആദർശ് നായർ പാട്ടുവിശേഷങ്ങൾ പങ്കുവയ്ക്കുന്നു. 

ഇരുട്ടിൽ കൂട്ടായി സംഗീതം 

പന്തളമാണ് എന്റെ സ്വദേശം. റെറ്റിന ഡിറ്റാച്ച്‌ ചെയ്യുന്ന രോഗാവസ്ഥയെത്തുടർന്ന് 12ാം വയസ്സിൽ കാഴ്ചശക്തി നഷ്ടമായി. ചെറുപ്പം മുതൽ അസുഖകാര്യം അറിയാമായിരുന്നു. പതിയെ പതിയെ കാഴ്ച കുറഞ്ഞു വന്ന് ഒടുവിൽ പൂർണമായും പോയി. ചെറുപ്പത്തിലേ സംഗീതം ഇഷ്ടമായിരുന്നു. എന്നാൽ കാഴ്ച പോയതിനു ശേഷമാണ് സംഗീതത്തെ ഗൗരവമായി എടുത്തത്. ഇരുട്ടിന്റെ ലോകത്ത് ഒറ്റപ്പെട്ടുപോയ എന്നെ സംഗീതം വേദനകളെല്ലാം മറക്കാൻ സഹായിച്ചു. ഡിഗ്രിക്ക് പന്തളം എൻഎസ്എസ് കോളജിലും പിജിക്ക് കാര്യവട്ടത്തുമാണ് ഞാൻ പഠിച്ചത്. ഇപ്പോൾ പൂർണമായും സംഗീതത്തിൽ അഭയം കണ്ടെത്തുകയാണ്.

ആദ്യത്തെ പ്രയാണം 

പ്ലസ്‌വണ്ണിന് പഠിക്കുമ്പോഴാണ് ഹ്രസ്വചിത്രങ്ങൾക്കു വേണ്ടി പാട്ടുകൾ കംപോസ് ചെയ്തു തുടങ്ങിയത്. പ്രയാണത്തിലൂടെ സ്വതന്ത്ര സംഗീതസംവിധായകനായി. ഈ പാട്ടിനു വേണ്ടിയുള്ള പ്രവർത്തനം തുടങ്ങിയിട്ട് കുറേ നാളായി. സംഗീത ലോകത്തെ പ്രഗത്ഭരോടൊപ്പം പ്രവർത്തിക്കണം എന്നത് എന്റെ ആഗ്രഹമായിരുന്നു. പ്രയാണം എന്ന പാട്ടിനു വേണ്ടി വർക്ക് ചെയ്‌തത്‌ മൂന്ന് പതിറ്റാണ്ടോളമായി സംഗീത മേഖലയിലുള്ള കലാകാരന്മാരാണ്. ഫ്ലൂട്ട് ചെയ്തത് ജോസി ആലപ്പുഴ, പാട്ട് പാടിയത് ഹരിചരൺ, ധന്യ സുരേഷ് വരികൾ കുറിച്ചു. ഗിറ്റാർ: അഭയ് നയമ്പള്ളി. എന്റെ സ്വതന്ത്ര സംഗീതസംരംഭത്തിന് എല്ലാവരും വലിയ പിന്തുണയാണ് നൽകിയത്. പാട്ടിനൊപ്പം പ്രവർത്തിച്ച എല്ലാവരോടും നന്ദി പറയുന്നു. 

സമൂഹമാധ്യമങ്ങൾ തുണയായി 

കാഴ്ച പോയതിനു ശേഷം ഞാൻ സമൂഹമാധ്യമങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തി. ഒരുപാട് സംഗീതജ്ഞരെ പരിചയപ്പെടുകയും അവരിൽ നിന്ന് അറിവ് ആർജിക്കുകയും ചെയ്തു. ഞാൻ ഇപ്പോൾ ഉപയോഗിച്ചിരിക്കുന്ന സോഫ്റ്റ്‌വെയർ റീപ്പർ ആണ് അത് ചെയ്യുന്നവർ ഇവിടെ അധികമില്ല.  തനിയെ ഒരുപാട് പഠിച്ചാണ് അത് ഉപയോഗിച്ചത്. 8 വർഷമായി സ്വന്തമായി സംഗീതം പ്രൊഡക്‌ഷൻ ചെയ്യുന്നുണ്ട്. വീട്ടിൽ ചെറിയൊരു സ്റ്റുഡിയോ ഉണ്ട്. കുടുംബാംഗങ്ങളിൽ നിന്നും വലിയ പിന്തുണയാണ് കിട്ടുന്നത്. എന്റെ സ്വന്തം ഇഷ്ടത്തിൽ സ്വതന്ത്രമായി ചെയ്ത വർക്ക് ആണ് പ്രയാണം. എല്ലാവരും പാട്ട് കേട്ടിട്ട് വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. ഒരുപാട് സന്തോഷം. 

കഠിനാധ്വാനത്തിലൂടെ പരിമിതികളെ മറികടക്കാം  

ഇനിയും സംഗീതത്തിൽ പുതിയ പരീക്ഷണങ്ങൾ ചെയ്യണം എന്നാണ് ആഗ്രഹം. എന്റെ യൂട്യൂബ് ചാനലിൽ ഞാൻ ഇതുവരെ കവർ വിഡിയോകൾ ആണ് ചെയ്‌തിരുന്നത്‌. ഇനി എന്റെ സ്വന്തം പാട്ടുകൾ കൂടുതൽ ചെയ്തു പോസ്റ്റ് ചെയ്യണം എന്നാണ് ആഗ്രഹം. വഴിമുട്ടിപോയ ഒരു അവസ്ഥയിൽ നിന്നാണ് ഞാൻ ഇവിടെ വരെ എത്തിയത്. വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ഒതുങ്ങിപ്പോകേണ്ട ഞാൻ കഠിനാധ്വാനം കൊണ്ടും ഒരുപാടുപേരുടെ പിന്തുണ കൊണ്ടുമാണ് ഇവിടെവരെ എത്തിയത്. ഇനിയും ഒപ്പം പ്രവർത്തിക്കണമെന്ന് ആഗ്രഹമുള്ള ഒരുപാട് സംഗീതജ്ഞർ ഉണ്ട്. എല്ലാ ആഗ്രഹങ്ങളും സാധിക്കുമെന്നു കരുതുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com